മുത്തലാഖ് നിരോധന ബിൽ പാസാക്കാൻ കഴിയാതെ പാർലമെൻറിെൻറ ശീതകാല സമ്മേളനം അവസാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയൊരു തിരിച്ചടിയാണ്. കഴിഞ്ഞ മൂന്നര വർഷമായി ബി.ജെ.പി നയിക്കുന്ന ഭരണമുന്നണിയായ എൻ.ഡി.എ സഖ്യത്തിൽനിന്ന് കേട്ടുവന്ന പൊട്ടലും ചീറ്റലും ശിവസേനയുടെ വകയായിരുന്നു. മറ്റെല്ലാ സഖ്യകക്ഷികളും അടങ്ങിക്കഴിഞ്ഞു. എന്നാൽ, മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ പാർലമെൻറിൽ എത്തിയപ്പോൾ സഖ്യകക്ഷികളായ തെലുഗുദേശവും അകാലിദളും ബി.ജെ.പി സമീപനത്തിന് വിരുദ്ധമായി പരസ്യനിലപാട് സ്വീകരിച്ചു. ബി.ജെ.പിയോട് മമത കാട്ടുന്ന എ.െഎ.എ.ഡി.എം.കെയും മുത്തലാഖ് ബില്ലിനെ തുറന്നെതിർത്തു. ലോക്സഭയിൽ ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള ബി.ജെ.പി ഒറ്റയിരിപ്പിൽ മണിക്കൂറുകൾക്കകം ശബ്ദവോേട്ടാടെ പാസാക്കിയ ബിൽ രാജ്യസഭയിൽ മൂന്നുദിവസം പരിഗണന ലിസ്റ്റിൽ കാത്തുകിടന്നിട്ടും, പാസാക്കാൻ സർക്കാറിനായില്ല. കോൺഗ്രസും ഇടതും തൃണമൂൽ കോൺഗ്രസുമൊക്കെ ഉയർത്തിയ എതിർപ്പാണ്, രാജ്യസഭയിൽ സർക്കാർ ന്യൂനപക്ഷമാണ് എന്നതൊക്കെ അതിന് കാരണംതന്നെ. എന്നാൽ, ബില്ലിനെ എതിർക്കുന്ന സഖ്യകക്ഷികളാണ് സർക്കാറിനെ ഭയപ്പെടുത്തിയത്. ശീതകാല സമ്മേളനത്തിൽ രാജ്യസഭയിൽ ബിൽ മരവിച്ചു പോകാൻ പ്രധാന കാരണം അതുതന്നെ.
പ്രതിപക്ഷത്തിെൻറ എതിർപ്പ് മുൻകൂട്ടി കാണാതെയല്ല മുത്തലാഖ് പോലൊരു വിവാദ ബിൽ മോദി സർക്കാർ തിരക്കിട്ട് പാർലമെൻറിൽ കൊണ്ടുവന്നത്. അതിെന തുറന്നെതിർക്കാൻ പല കാരണങ്ങളാൽ കഴിയാത്ത പ്രതിപക്ഷത്തെ വെട്ടിലാക്കി ബിൽ രാജ്യസഭയും കടത്തിവിടാം എന്നാണ് സർക്കാർ കണക്കുകൂട്ടിയത്. ലോക്സഭയിൽ വോെട്ടടുപ്പ് ആവശ്യപ്പെടാതിരുന്ന കോൺഗ്രസിന് രാജ്യസഭയിൽ കടുംപിടിത്തം കാട്ടാൻ കഴിയില്ലെന്ന് സർക്കാർ മുൻകൂട്ടി കണ്ടു. എന്നാൽ, കാണാതെപോയത് എൻ.ഡി.എ സഖ്യകക്ഷികളുടെ നിലപാടാണ്. ബില്ലിെൻറ നീക്കം താളം തെറ്റിച്ചതും അതുതന്നെ. സഖ്യത്തിലെ വിള്ളൽ സഭയിൽ കൂടുതൽ പ്രകടമാകുന്നതിന് ഇടവരുത്താതെ സർക്കാർ പിൻവാങ്ങി. ഏപ്രിൽ എത്തുേമ്പാൾ രാജ്യസഭയിലും സർക്കാറിന് ഭൂരിപക്ഷമാകുന്ന സ്ഥിതി വരും. അതുകൊണ്ട് മുത്തലാഖ് ബിൽ സർക്കാർ കൈവിട്ടതായി കരുതാനും വയ്യ.
മൊഴി ചൊല്ലുന്ന ഭർത്താവിനെ മൂന്നു വർഷം ജയിലിലിടാൻ വ്യവസ്ഥ ചെയ്യുന്ന മുത്തലാഖ് ബില്ലിനെ തുറന്നെതിർക്കുന്ന സഖ്യകക്ഷികൾക്ക് ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളോട് വലിയ വിയോജിപ്പാണ് എന്നൊന്നും ഇതിനർഥമില്ല. ഗുജറാത്ത് കലാപത്തിെൻറ കാലത്തുപോലും ബി.ജെ.പിക്കൊപ്പം അനങ്ങാപ്പാറയായി നിന്നവരാണ് തെലുഗുദേശവും അകാലിദളുമൊക്കെ. ബി.ജെ.പിയോടുള്ള ചങ്ങാത്തത്തിൽ വിള്ളൽ വീഴിക്കാൻ ദേശീയ രാഷ്ട്രീയ സമവാക്യങ്ങളൊന്നും അവരെ അനുവദിക്കുന്നുമില്ല. എന്നാൽ, വിഷയാധിഷ്ഠിത പിന്തുണയാണ് നൽകുന്നതെന്ന സന്ദേശം ബി.ജെ.പിക്ക് കൈമാറുകയാണ് ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും മറ്റും ചെയ്യുന്നത്. മൂന്നര വർഷമായി ബി.ജെ.പിക്കൊപ്പം നിൽക്കുന്ന തെലുഗുദേശത്തിന് രണ്ടു കേന്ദ്രമന്ത്രിമാരുണ്ട്. എന്നാൽ, സഖ്യകക്ഷികൾക്കു നൽകേണ്ട പരിഗണനയും മാന്യതയും നരേന്ദ്ര മോദി -അമിത് ഷാ -അരുൺ ജെയ്റ്റ്ലി ത്രയം വകവെച്ചുകൊടുക്കുന്നില്ലെന്ന യാഥാർഥ്യമാണ് ശിവസേന പല ഘട്ടങ്ങളിലായി വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. മറ്റു സഖ്യകക്ഷികളുടെ സങ്കടവും മറ്റൊന്നല്ല.
സഖ്യകക്ഷികളുടെ എതിർപ്പ്
ആന്ധ്രപ്രദേശ് വിഭജിച്ച് പുതിയ സംസ്ഥാനമുണ്ടാക്കിയ ശേഷം ബി.ജെ.പിക്കൊപ്പം കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരം പങ്കിടുന്ന ടി.ഡി.പി മോദിസർക്കാറിൽനിന്ന് കൈയയച്ചു സഹായങ്ങൾ പ്രതീക്ഷിച്ചിരുന്നു. കാലിയായ ഖജനാവും വലിയ വികസന ഭാരവുമാണ് പുതിയ സംസ്ഥാനത്തെ നയിക്കുന്ന ചന്ദ്രബാബു നായിഡുവിനു മുന്നിലെ വെല്ലുവിളി. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിക്കൊണ്ട് ആനുകൂല്യങ്ങളും കൂടുതൽ പണവും നൽകാമെന്ന വാഗ്ദാനം പാലിക്കപ്പെടുന്നില്ല. ഇത് സംസ്ഥാനത്ത് ടി.ഡി.പിയുടെ നില പരുങ്ങലിലാക്കുന്നുണ്ട്. സംസ്ഥാനെത്ത ന്യൂനപക്ഷങ്ങൾ കാവി കലർന്ന പാർട്ടിയോട് അകലം പാലിക്കുന്നത് മറ്റൊരു വിഷയം. ദലിത് രോഷം ഗുജറാത്തും യു.പിയും പിന്നിട്ട് മഹാരാഷ്ട്രയിൽ എത്തിയിരിക്കുന്നു. പിന്നാക്ക വോട്ട്ബാങ്കിൽ അതുണ്ടാക്കുന്ന വിള്ളലിനെക്കുറിച്ച ഉൾഭയം മറ്റൊരു വശത്ത്. തങ്ങളുടെ പിന്തുണയും സഹകരണവും നിരുപാധികമല്ല, നിവൃത്തികേടു കൊണ്ടല്ല എന്ന സന്ദേശം നൽകാൻ അവസരം കാത്തു കഴിയുന്ന സഖ്യകക്ഷികളുടെ എതിർപ്പുകളാണ് മുത്തലാഖ് നിരോധന ബില്ലിെൻറ കാര്യത്തിൽ തെളിഞ്ഞുകണ്ടത്.
2018 മോദിക്ക് നൽകുന്ന സന്ദേശവും അതുതന്നെ. ഇക്കൊല്ലം എട്ടു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുണ്ട്. അടുത്ത കൊല്ലം ലോക്സഭ തെരഞ്ഞെടുപ്പ്. എല്ലാറ്റിലും അജയ്യത ഉറപ്പിച്ചുനിന്ന കാലം മാറിയിരിക്കുന്നു. മോദി ചോദ്യംചെയ്യപ്പെടേണ്ട നേതാവാണെന്ന തിരിച്ചറിവ് ഒപ്പം നിൽക്കുന്ന സഖ്യകക്ഷികളിലേക്കും പടർന്നുപിടിച്ചിരിക്കുന്നു. സ്വന്തം തട്ടകമായ ഗുജറാത്തിൽ ബി.ജെ.പി ഏഴെട്ടു സീറ്റിെൻറ ബലത്തിൽ വീണ്ടും അധികാരത്തിൽ വന്നെങ്കിലും മോദി വിയർത്തത്, കുറെക്കൂടി യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കണമെന്ന ചിന്ത പല പാർട്ടികളിലും ഉണ്ടാക്കിയിട്ടുണ്ട്. രാഹുൽ കോൺഗ്രസിെൻറ അധ്യക്ഷനായത് ഇൗ ഘട്ടത്തിലാണെങ്കിലും, മോദിയുടെ അജയ്യത ചോദ്യംചെയ്യപ്പെടുന്നത് കോൺഗ്രസിന് ഗുണകരമായി മാറാൻ നിലം പാകപ്പെട്ടിട്ടില്ല എന്നതു വേറെ കാര്യം. എൻ.ഡി.എ സഖ്യത്തിലെ കക്ഷികൾ മോദിയെന്ന നേതാവിനു പിന്നിൽ അപ്രസക്തനായി നിന്ന കാലം കടന്നുപോകുന്നത് 2019ൽ ശാക്തിക ചേരിതിരിവുകൾക്ക് കാരണമാകാം.
ആശങ്ക പകരുന്ന സാമ്പത്തികമാന്ദ്യം
മോദിയെ അന്ധമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തവർക്കിടയിലും ചിന്താഗതിയിൽ മാറ്റം വരുകയാണ്. അച്ഛേ ദിൻ വാഗ്ദാനം ചെയ്ത നേതാവിനു കീഴിൽ തൊഴിലവസരങ്ങളും കൃഷിയും വ്യവസായവും കയറ്റുമതിയുമെല്ലാം ഒരുപോലെ മുരടിക്കുന്നുവെന്ന കണക്കുകളാണ് മാസാമാസം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മൂന്നര വർഷമായി മോദിയും സംഘവും നടത്തിവരുന്ന അധരവ്യായാമം കേട്ടതിനപ്പുറം, പ്രായോഗിക തലത്തിൽ ഇന്ത്യയിൽ ഗുണപരമായ എന്തു മാറ്റമുണ്ടായി എന്ന ചോദ്യം കൂടുതൽ ഉച്ചത്തിലായി. കുതിക്കുന്ന ഇന്ത്യയെന്നൊക്കെ പറഞ്ഞത് ആവിയായി. മൊത്ത ആഭ്യന്തര ഉൽപാദന നിരക്ക് എട്ടിൽനിന്ന് 7.1 ആയത് നടപ്പുവർഷം 6.5 ശതമാനത്തിലേക്ക് ഇടിയുന്നു എന്നാണ് പുതിയ കണക്കുകൾ. മാന്ദ്യത്തിെൻറ ഗുരുതരമായ സന്ദേശമാണ് അതു നൽകുന്നത്.
മോദിമന്ത്രിസഭയുടെ ഒടുവിലത്തെ സമ്പൂർണ ബജറ്റാണ് അടുത്ത ഫെബ്രുവരി ഒന്നിന് പാർലമെൻറിൽ അവതരിപ്പിക്കാനിരിക്കുന്നത്. അഞ്ചു കൊല്ലം ഭരിക്കുന്ന ഒരു സർക്കാറിനെ സംബന്ധിച്ചിടത്തോളം, ഏറ്റവും നല്ല ബജറ്റ് മുന്നോട്ടുവെക്കാവുന്നത് രണ്ടും മൂന്നും വർഷങ്ങളിലാണ്. അതിലാണ് ഒരു സർക്കാറിെൻറ കാര്യശേഷി തെളിയേണ്ടത്. അതുണ്ടായില്ല. അവസാനത്തെ സമ്പൂർണ ബജറ്റിൽ ദീർഘകാല പദ്ധതികൾ പ്രഖ്യാപിച്ചാൽ അതു നടപ്പാക്കാൻ സമയമില്ല എന്നതാണ് യാഥാർഥ്യം. ധനക്കമ്മി വർധിക്കുകയും മാന്ദ്യം മുറുകുകയും ചെയ്തിരിക്കുന്ന ഘട്ടവുമാണ്. ഇതിനെല്ലാമിടയിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പറ്റിയ മെച്ചപ്പെട്ട പ്രഖ്യാപനങ്ങളും സംരംഭങ്ങളും മുന്നോട്ടുവെക്കാൻ ഇൗ ബജറ്റിൽ സർക്കാറിന് കഴിഞ്ഞെന്നു വരില്ല. ഇൗ നൂറ്റാണ്ടിൽ പിറന്ന് 18 തികഞ്ഞവർ ആദ്യമായി വോട്ടുചെയ്യുന്ന പൊതുതെരഞ്ഞെടുപ്പാണ് 2019ൽ വരാനിരിക്കുന്നത്. ഏറ്റവും കൂടുതൽ യുവാക്കൾ വോട്ടുചെയ്യാൻ പോകുന്ന തെരഞ്ഞെടുപ്പ്. അവരെ വർഗീയമായും മോഹങ്ങൾ വിറ്റും സ്വാധീനിക്കാൻ മോദി ശ്രമിക്കുന്നുണ്ടായിരിക്കാം. ജി.എസ്.ടിയും നോട്ട് അസാധുവാക്കലും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പു വിഷയമാകണമെന്നുമില്ല. എന്നാൽ, അതു സൃഷ്ടിച്ച കെടുതികൾ ബി.ജെ.പിയെ വേട്ടയാടും; അഭിലാഷം മരവിക്കുന്ന യുവാക്കളെ സ്വാധീനിക്കും.
രോഷം പേറുന്ന നിശ്ശബ്ദ വോട്ടർമാരുടെ എണ്ണം വർധിച്ചുവെന്നാണ് എല്ലാ കണക്കെടുപ്പുകളും ചൂണ്ടിക്കാട്ടുന്നത്. അത് പ്രാദേശിക പാർട്ടികൾ കൂടുതൽ കരുത്ത് നേടുന്നതിലേക്കാണ് കാര്യങ്ങൾ എത്തിക്കുക. അതുകൊണ്ട് മറ്റൊന്നുകൂടി കാണേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പിനു മുമ്പത്തെ ഒരു വർഷം ബി.ജെ.പി വർഗീയതയുടെ വിളവെടുപ്പിന് വീണ്ടും വിത്തെറിയും. അതിെൻറ പലവിധ രൂപങ്ങൾ ആറു മാസത്തിനുള്ളിൽ ശക്തമായി തുടങ്ങും. അന്നേരം മുത്തലാഖ് ബിൽ എന്ന രാഷ്ട്രീയ ബിൽ ബി.ജെ.പിയുടെ കൈയിലെ ചെറിയൊരിനം മാത്രമായി അനുഭവപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.