നമ്മുടെ ജീവിതങ്ങളിൽനിന്ന് വെളിച്ചം നിഷ്ക്രമിച്ച് എങ്ങും ഇരുട്ട് പരന്നിരിക്കുന്നു. നിങ്ങളോട് എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും അറിയാതെ ഞാൻ കുഴയുന്നു. ബാപ്പുവെന്ന് നാം വിളിച്ച നമ്മുടെ പ്രിയപ്പെട്ട നേതാവായ രാഷ്ട്രപിതാവ് ഇതാ വിടപറഞ്ഞുപോയിരിക്കുന്നു.
അങ്ങനെ പറയാമോയെന്നറിയില്ല. എന്നാലും, ഇത്രയും വർഷങ്ങൾ നാം അടുത്തു ദർശിച്ചപോലെ ഇനിയൊരിക്കൽ അദ്ദേഹത്തെ കാണുകില്ല. ഉപദേശം തേടി അദ്ദേഹത്തിനരികിൽ എത്തില്ല. സാന്ത്വനം തേടാനാകില്ല. എനിക്കു മാത്രമല്ല, രാജ്യത്തെ ദശലക്ഷക്കണക്കിന് മാനുഷർക്കെല്ലാം അപരിഹാര്യമായ ആഘാതമാണത്. ഞാനോ മറ്റാരെങ്കിലുമോ നൽകുന്ന ഏത് ഉപദേശത്തിനും പകരമാവാത്ത നഷ്ടം.
വെളിച്ചം അണഞ്ഞുപോയെന്ന് ഞാൻ പറഞ്ഞു. ശരിയല്ല അത്. കാരണം, ഈ രാജ്യത്ത് ഇതുവരെയും തെളിഞ്ഞുകത്തിയത് സാധാരണ വെളിച്ചമായിരുന്നില്ല. ഇത്രയും വർഷങ്ങൾ രാജ്യത്തിന് വെളിച്ചമായ ആ പ്രകാശം ഇനിയുമേറെ വർഷങ്ങൾ, അല്ല സഹസ്രം വർഷങ്ങൾ കഴിഞ്ഞും വഴിവെട്ടമായുണ്ടാകും.
എണ്ണമറ്റ ഹൃദയങ്ങൾക്ക് സാന്ത്വനം പകരും. പിന്നിട്ടുകടന്ന ഗതകാലത്തേക്കു മാത്രമായിരുന്നില്ല ആ വെളിച്ചം. ഇപ്പോഴുമുള്ള, ഇനിയും അനശ്വരകാലങ്ങളിലേക്കുള്ള സത്യങ്ങളെയാണ് അത് പ്രതിനിധാനം ചെയ്തത്. നേർവഴിയാണ് അത് കാണിച്ചുനൽകിയത്; തിന്മകളിൽനിന്നാണ് അകറ്റിനിർത്തിയത്. പൗരാണികതയുടെ പൈതൃകമുള്ള ഈ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് അതാണ് വഴിനടത്തിയത്.
അദ്ദേഹത്തിന് അധികമൊന്നും ചെയ്യാനാകാത്ത സമയത്തും കാലത്തുമാണ് ഇത്രയും സംഭവിച്ചത്. ആ ദൗത്യം പൂർത്തിയായെന്നോ ഇനി അദ്ദേഹത്തെ ആവശ്യമില്ലെന്നോ നമുക്ക് ചിന്തിക്കാനാകില്ല. ഒരുപാടൊരുപാട് പ്രതിസന്ധികൾ മുന്നിൽവന്നു നിൽക്കുന്ന ഈ ഘട്ടത്തിൽ മഹാത്മാവ് കൂടെയില്ലെന്നത് വലിയ ആഘാതം തന്നെയാണ്.
ഒരു ഭ്രാന്തൻ ആ ജീവന് തിരശ്ശീല വീഴ്ത്തിയിരിക്കുന്നു. കൃത്യം നടത്തിയവനെ ഭ്രാന്തനെന്നല്ലാതെ വിളിക്കാൻ എനിക്കാകില്ല. കഴിഞ്ഞ വർഷങ്ങളിലും മാസങ്ങളിലും രാജ്യത്ത് വിഷം വല്ലാതെ പടർന്നുകഴിഞ്ഞിട്ടുണ്ട്. അവ ജനമനസ്സുകളെ മലിനമാക്കിയിട്ടുമുണ്ട്. ഈ വിഷം നാം കൈകാര്യംചെയ്തേ പറ്റൂ. അത് നമ്മിൽ വേരാഴ്ത്തിയ എല്ലാ അപായമുനകളെയും നേരിടുകയും ചെയ്തേപറ്റൂ. ചെയ്തതിന് പകരം ചോദിക്കേണ്ടത് ഭ്രാന്തമായല്ല, ദുരുപദിഷ്ടവുമായല്ല. പകരം, നമ്മുടെ പ്രിയഗുരുനാഥൻ നമുക്ക് ദിശതെളിച്ചുതന്ന അതേ മാർഗത്തിലാകണം.
ഈ സമയം നാം ഓർക്കേണ്ട പ്രഥമ വസ്തുത, അദ്ദേഹം അരിശപ്പെട്ടിട്ടുണ്ടാകാമെന്നതിന്റെ പേരിൽ നാമും മോശമായി പെരുമാറരുത്. ധീരമായി, ഇച്ഛാശക്തിയോടെയാകണം നമ്മുടെ രീതികൾ. നമ്മെ മൂടിനിൽക്കുന്ന എല്ലാ അപകടങ്ങളും നേരിടാനുള്ള ഉറപ്പോടെ. മഹാനായ ഗുരുവും അധ്യാപകനും കൈമാറിയ അധികാരപത്രം നടപ്പാക്കുമെന്ന ഇച്ഛയോടെ. അദ്ദേഹത്തിന്റെ ആത്മാവിന് അഹിതമായി തോന്നുന്ന പെരുമാറ്റ ദൂഷ്യമോ അതിക്രമമോ നമ്മിൽനിന്ന് സംഭവിക്കില്ലെന്ന ബോധ്യത്തോടെ.
ഹിംസ നമ്മിൽനിന്നു സംഭവിക്കരുത്. എന്നുവെച്ച് നാം ദുർബലരാവുകയല്ല പകരം, മുന്നിൽ തുറിച്ചുനോക്കുന്ന ഏതേതു പ്രതിസന്ധിയെയും കരുത്തോടെ, ഒരുമയോടെനിന്ന് നേരിടണം. ഈ മഹാദുരന്തം ജീവിതത്തിൽ കാത്തിരിക്കുന്ന വലിയ കാര്യങ്ങളെ ഓർമിപ്പിക്കുന്നതാണ്. നാം വെറുതെ ആലോചിച്ചുകൊണ്ടിരിക്കുന്ന ചെറിയ കാര്യങ്ങൾ മറക്കാനുള്ളതെന്നു പറയുന്നതും. മരണം കൊണ്ട് ജീവിതത്തിലെ വലിയ പാഠങ്ങളാണ് അദ്ദേഹം പകർന്നുതന്നിരിക്കുന്നത്. എന്നെന്നും പുലരുന്ന സത്യത്തെയും. അതു നാം സ്മരിച്ചുകൊണ്ടിരുന്നാൽ ഇന്ത്യക്കു ഗുണകരമാകും.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അന്ത്യോപചാരം അർപ്പിക്കാൻ അവസരമെന്നോണം മഹാത്മജിയുടെ ശരീരം കുറെ നാളുകൾ എംബാം ചെയ്തു സൂക്ഷിക്കണമെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞിരുന്നു. എന്നാൽ, അങ്ങനെയുണ്ടാകരുതെന്ന് പലതവണയായി അദ്ദേഹം ഒസ്യത്ത് ചെയ്തതാണ്. ശരീരം എംബാം ചെയ്യുന്നതിന് അദ്ദേഹം എതിരായിരുന്നു. ഈ വിഷയത്തിൽ മറ്റുള്ളവർക്കുപകരം അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാനാണ് നമ്മുടെ തീരുമാനം.
സംസ്കാരം ഡൽഹി പട്ടണത്തിൽ യമുന നദിക്കരയിൽ ശനിയാഴ്ചയാണ് നടത്തുക. ശനിയാഴ്ച ഉച്ചക്കുമുമ്പ് 11.30ഓടെ ബിർള മന്ദിരത്തിൽനിന്ന് ശവമഞ്ചം യാത്ര പുറപ്പെടും. നിർദിഷ്ട പാതയിലൂടെ യമുന നദി ലക്ഷ്യമാക്കിയാകും യാത്ര. വൈകീട്ട് നാലു മണിയോടെ സംസ്കാരം നടക്കും. റേഡിയോയിലൂടെയും മാധ്യമങ്ങളിലും സ്ഥലവും റൂട്ടും അറിയിക്കും.
മഹാത്മാവിന് അന്ത്യോപചാരമർപ്പിക്കണമെന്നുള്ള ഡൽഹിക്കാർ ഈ റൂട്ടിന്റെ ഇരുവശങ്ങളിലുമായി നിൽക്കണം. കൂടുതൽ പേർ ബിർള മന്ദിരത്തിലേക്ക് വരണമെന്ന് ഞാൻ ഉപദേശിക്കില്ല. പകരം, ബിർള മന്ദിരത്തിൽനിന്ന് യമുന നദിയിലേക്കുള്ള വഴിയിൽ നിൽക്കുന്നതാണ് നല്ലത്. പ്രകടനങ്ങളൊന്നുമില്ലാതെ നിശ്ശബ്ദതയോടെ നിൽക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. ഈ മഹാമനുഷ്യന് അന്ത്യയാത്ര നൽകാൻ അതാണ് ഉചിതവും പഥ്യവുമായ വഴി. ശനിയാഴ്ച നമുക്കെല്ലാം വ്രതത്തിന്റെയും പ്രാർഥനയുടെയും ദിനമാകണം.
ഡൽഹിക്ക് പുറത്ത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരും അന്ത്യോപചാരത്തിന് അവസാനമായി പറഞ്ഞതിൽ പങ്കാളികളാകണം. അവർക്കും ഈ നാൾ വ്രതത്തിന്റെയും പ്രാർഥനയുടേയുമാകട്ടെ. സംസ്കാരത്തിനായി നിശ്ചയിച്ച നാലു മണി സമയത്ത് ആളുകൾ പുഴയിലോ കടലിലോ പോയി അവിടെ പ്രാർഥനകളിലേർപ്പെടണം. പ്രാർഥനകളിൽ ഏറ്റവും മികച്ചത് നാം സത്യത്തിനായും മഹാത്മാവ് ജീവിച്ചുമരിച്ച ലക്ഷ്യത്തിനായും സമർപ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കലാണ്. ഇന്ത്യക്കും നമുക്കുതന്നെയുമായി നിർവഹിക്കാനുള്ള ഏറ്റവും മികച്ച പ്രാർഥനയും അതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.