എന്തിനാവും പുതിയ പാർലമെൻറ് പണിയാൻ സർക്കാർ സഹസ്രകോടി ചെലവിട്ടത്?നിലവിലെ മന്ദിരം 96 വർഷം മുമ്പ് പണിതതാണ് എന്നാണ് കാരണമായി പറയുന്നത്. പക്ഷേ കെട്ടിടത്തിന്റെ പഴക്കം ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമല്ലല്ലോ. ബ്രിട്ടീഷ് പാർലമെൻറ് മന്ദിരത്തിന് ആയിരം കൊല്ലം പഴക്കമുണ്ട്, ജർമനി, ഹംഗറി, യു.എസ് തുടങ്ങി വികസിത രാജ്യങ്ങളുടെ പാർലമെൻറ് മന്ദിരങ്ങളെല്ലാം നമ്മുടേത് നിർമിക്കുന്നതിന് നൂറുകണക്കിന് കൊല്ലം മുമ്പ് ഉയർന്നുവന്നവയാണ്, എന്നിട്ടും അവർ ആ പ്രതാപം നിലനിർത്തുകയാണ് ചെയ്തത്
മേയ് മാസം 28ന് രാജ്യത്തിന് പുതിയൊരു പാർലമെന്റ് മന്ദിരം ലഭിക്കുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ആയിരം കോടിയോളം രൂപ ചെലവിട്ടാണ് നാലുനിലയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മന്ദിരം പണിതീർത്തിരിക്കുന്നത്.
ഏതൊരു ജനാധിപത്യ സംവിധാനത്തിലും സാധാരണ ജനങ്ങളുടെ ശബ്ദത്തിന് ഇടം നൽകുന്ന കെട്ടിടം അതിന്റേതായ പാരമ്പര്യവും ചരിത്രപരമായ പ്രാധാന്യവും പേറുന്നു. ഇന്ത്യക്ക് ഇപ്പോൾ തന്നെ ഗംഭീരമായ ഒരു പാർലമെന്റ് മന്ദിരമുണ്ട് എന്നിരിക്കെ ആളുകൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും വിഭവങ്ങളും എന്തിനാണ് പുതിയതിനു വേണ്ടി ചെലവഴിച്ചത്?
ബ്രിട്ടീഷ് കാലത്ത് ഡൽഹിയെ ഭരണസിരാകേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ആറു വർഷം (1921-1927)കൊണ്ട് പൂർത്തീകരിച്ചതാണ് നിലവിലെ പാർലമെൻറ് മന്ദിരം. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അത് ഇന്ത്യയുടെ പാർലമെൻറായി മാറി. ലോകത്തെ തന്നെ ഏറ്റവും മികച്ച നിയമനിർമാണ കേന്ദ്രങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ കെട്ടിടം വാസ്തുശിൽപ നിർമിതിയുടെ മികവാർന്ന ഒരുദാഹരണമാണ്. രൂപകൽപന ചെയ്തത് വിദേശികളാണെങ്കിലും ഇന്ത്യൻ ഉൽപന്നങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ തൊഴിലാളികളാണ് ഇതിന്റെ നിർമാണം നിർവഹിച്ചത്. അതുകൊണ്ട് തന്നെയാണ് ഈ വാസ്തുവിദ്യക്ക് ഇന്ത്യൻ പാരമ്പര്യങ്ങളുടെ ആഴത്തിലുള്ള ചേർപ്പുണ്ടായത്. സെൻട്രൽ ഹാളിന്റെ താഴികക്കുടം ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നായി കണക്കാക്കപ്പെടുന്നു.
ഇന്ത്യൻ ഭരണഘടന അസംബ്ലിയുടെ ആദ്യയോഗം ചേർന്നത് ഇവിടെ വെച്ചായിരുന്നു. 1947ൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് ജനകീയ ഇന്ത്യയിലേക്കുള്ള ചരിത്രപരമായ അധികാരക്കൈമാറ്റം നടന്നതും ഇതിനുള്ളിലായിരുന്നു. ധീരവിപ്ലവകാരികളായ ഭഗത് സിങും ബടുകേശ്വർ ദത്തും ബോംബെറിഞ്ഞ് ബ്രിട്ടീഷ് സർക്കാറിന്റെ ബധിരകർണങ്ങളെ തുറപ്പിക്കാൻ ശ്രമിച്ചതും ഈ കെട്ടിടത്തിൽവെച്ചായിരുന്നു. സ്വാതന്ത്ര്യം പുലരുന്ന അർധരാത്രിയിൽ നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു രാജ്യത്തെ ഐതിഹാസികമായി അഭിസംബോധന ചെയ്ത വേദിയും ഇതുതന്നെ. പുതിയൊരു കെട്ടിടം പണിതുയർത്തിയതുകൊണ്ട് ആ ഓർമകളെയെല്ലാം മായ്ച്ചുകളയാമെന്ന് കരുതരുതാരും.
പിന്നെ എന്തിനാവും പുതിയ പാർലമെൻറ് പണിയാൻ സർക്കാർ സഹസ്രകോടി ചെലവിട്ടത്?നിലവിലെ മന്ദിരം 96 വർഷം മുമ്പ് പണിതതാണ് എന്നാണ് കാരണമായി പറയുന്നത്. പക്ഷേ കെട്ടിടത്തിന്റെ പഴക്കം ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമല്ലല്ലോ. ബ്രിട്ടീഷ് പാർലമെൻറ് മന്ദിരത്തിന് ആയിരം കൊല്ലം പഴക്കമുണ്ട്, ജർമനി, ഹംഗറി, യു.എസ് തുടങ്ങി വികസിത രാജ്യങ്ങളുടെ പാർലമെൻറ് മന്ദിരങ്ങളെല്ലാം നമ്മുടേത് നിർമിക്കുന്നതിന് നൂറുകണക്കിന് കൊല്ലം മുമ്പ് ഉയർന്നുവന്നവയാണ്, എന്നിട്ടും അവർ ആ പ്രതാപം നിലനിർത്തുകയാണ് ചെയ്തത്. ബ്രിട്ടീഷ് രാജിനും വൈദേശിക അധിനിവേശങ്ങൾക്കുമെതിരായ പോരാട്ടത്തിന്റെയും വിജയത്തിന്റെയും ചിഹ്നമായ മന്ദിരത്തിനു പകരം പുതിയതൊന്ന് നിർമിച്ചതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ സർക്കാറിന് മാത്രമെ സാധിക്കൂ.
ഇപ്പോൾ പുതിയൊരു വിവാദം കൂടി ഉയർന്നിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെ കോൺഗ്രസ് ഉൾപ്പെടെ ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളും എതിർക്കുന്നു. പാർലമെൻററി പാരമ്പര്യത്തിന് വിരുദ്ധമാണിതെന്നാണ് അവരുടെ വാദം. ഇന്ത്യൻ രാഷ്ട്രപതിക്ക് മാത്രമെ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ അധികാരമുള്ളൂ. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരഗാന്ധി പാർലമെൻറ് അനക്സ് മന്ദിരം ഉദ്ഘാടനം ചെയ്തുവെന്നും രാജീവ് ഗാന്ധി പാർലമെൻറ് ലൈബ്രറിക്ക് ശിലയിട്ടുവെന്നുമുള്ള ബാലിശ വാദവുമായി സർക്കാറിനെ പ്രതിരോധിക്കാൻ കേന്ദ്രമന്ത്രി ഹർദീപ് പുരി രംഗത്തിറങ്ങിയിട്ടുണ്ട്.
1975 ഒക്ടോബർ 24നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പാർലമെൻറ് മന്ദിരത്തിന്റെ അനക്സ് ഉദ്ഘാടനം ചെയ്തത്. 1987 ആഗസ്റ്റ് 15ന് രാജീവ് ഗാന്ധി പാർലമെൻറ് ലൈബ്രറിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. പക്ഷേ, അവ രണ്ടും പഴയ പാർലമെൻറ് മന്ദിരത്തിന്റെ ഭാഗങ്ങൾ മാത്രമായിരുന്നു. അല്ലാതെ ഇപ്പോൾ നിർമിച്ചതു പോലെ സമ്പൂർണമായും പുതിയ ഒരു കെട്ടിടമായിരുന്നില്ല. ഏറ്റവും വലിയ ദേശീയ പാർട്ടിയെന്നവകാശപ്പെടുന്ന ബി.ജെ.പി ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളൊന്നും ശ്രദ്ധിക്കാതെ അനാവശ്യ ചെലവുകൾ വരുത്തുന്നതാണ് രാജ്യപുരോഗതിയുടെ അടയാളം എന്ന് ധരിച്ചുവശായിരിക്കുന്നത് കഷ്ടം തന്നെയാണ്.
സമകാല രാഷ്ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ പല വികസന സൂചികകളിലും നമ്മൾ പിറകിലാണ്. എന്നിട്ടും ജനങ്ങളുടെ ചെലവിൽ അനാവശ്യ കെട്ടിടങ്ങൾ പണിത്, അതിനെ മഹത്വവത്കരിക്കുന്ന തിരക്കിലാണ് സർക്കാർ. ലോകത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള, ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ഭയാനകരമായ സ്ഥിതിവിശേഷമാണ്.
(മുൻ രാജ്യസഭാംഗമായ ലേഖകൻ
ദ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയത് )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.