തുല്യതക്കായുള്ള പോരാട്ടങ്ങളിൽ രാജ്യത്തെ മറ്റു പ്രദേശങ്ങളെക്കാൾ മുേമ്പ നടന്ന നാടാണ് കേരളം. പിന്നാക്ക വിഭാഗക്കാരെ മനുഷ്യരായിപ്പോലും പരിഗണിക്കാതിരുന്ന വ്യവസ്ഥിതിക്കെതിരെ നിരന്തരം പൊരുതിയ നാട്. അവർണന് കിട്ടിയ ഓരോ അവകാശത്തിനു പിന്നിലും കത്തിജ്വലിച്ച അനേകം പ്രക്ഷോഭങ്ങളുണ്ട്. ഇത്തരത്തിൽ കേരളചരിത്രത്തിലെ ഏറ്റവും നിർണായക സമരമായിരുന്നു നിവർത്തന പ്രക്ഷോഭം. അതിെൻറ അമരക്കാരൻ സി. കേശവെൻറ 130ാം ജന്മവാർഷികമാണ് ഇന്ന്.
സി. കേശവൻ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്നു. കേരളത്തിൽ സുപ്രധാനമായ അധികാരസ്ഥാനം ലഭിച്ച ആദ്യ പിന്നാക്കവിഭാഗക്കാരൻ അദ്ദേഹമായിരിക്കാം. എസ്.എൻ.ഡി.പി യോഗത്തിെൻറ ജനറൽ സെക്രട്ടറിയായിരുന്നു. ജാതിവ്യവസ്ഥയുടെ ഭാഗമായി നിലനിന്നിരുന്ന ഒട്ടനേകം അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തി. അധികാരസ്ഥാനങ്ങളിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ട് ഈഴവ, മുസ്ലിം, ൈക്രസ്തവ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ അദ്ദേഹം സംഘടിപ്പിച്ച നിവർത്തനപ്രക്ഷോഭത്തിന് ഇന്നും കവിഞ്ഞ പ്രസക്തിയുണ്ട്. ആ സമരത്തിലൂടെ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് ഭേദപ്പെട്ട പങ്കാളിത്തം ലഭിച്ചു. പക്ഷേ, അന്ന് തിരുവിതാംകൂറിലെ ജനസംഖ്യയിൽ ഏറ്റവും മുന്നിലായിരുന്ന ഈഴവ വിഭാഗത്തിന് കാര്യമായ നേട്ടം ഉണ്ടായില്ല. സമാന അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു. പണ്ട് രാജാവും ഒപ്പമുള്ള സവർണ കിങ്കരന്മാരുമാണ് പിന്നാക്കക്കാരെ അധികാരസ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ സവർണ, ന്യൂനപക്ഷ ലോബി ഈഴവർക്കു മുന്നിൽ അധികാര വാതിലുകൾ കൊട്ടിയടക്കുകയാണ്. അതുകൊണ്ട് അധികാരത്തിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം യാഥാർഥ്യമാകുന്നില്ല.
കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയപ്രസ്ഥാനത്തിലും ഈഴവർക്ക് അർഹമായ പ്രാതിനിധ്യമില്ല. ഏറ്റവും വലിയ അവഗണന കോൺഗ്രസിലാണ്. ആർ. ശങ്കർ മുഖ്യസ്ഥാനം ഒഴിഞ്ഞിട്ട് 57 വർഷമാകുന്നു. അതിനു ശേഷം പലതവണ കോൺഗ്രസ് മന്ത്രിസഭകൾ വന്നു. പക്ഷേ, ഒരിക്കൽപോലും ഈഴവ വിഭാഗത്തിൽനിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കിയില്ല. ശങ്കറിനെ അധികാരത്തിൽ നിന്ന് ഇറക്കിയവർ ആ സ്ഥാനത്തേക്ക് മറ്റൊരു പിന്നാക്കക്കാരൻ കടന്നുവരാതിരിക്കാൻ നിരന്തരം പരിശ്രമിക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിെൻറയും നിയമസഭ െതരഞ്ഞെടുപ്പിെൻറയും സ്ഥാനാർഥിനിർണയത്തിൽ ഈഴവരോടും മറ്റു പിന്നാക്ക വിഭാഗങ്ങളോടുമുള്ള കോൺഗ്രസിെൻറ സമീപനം കണ്ടതാണ്. അതിനുള്ള തിരിച്ചടി അവർക്ക് ലഭിച്ചു. കേരള ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ട ഗതികേടിലേക്ക് അവരെ പിന്നാക്ക വിഭാഗങ്ങൾ സംഘടിതമായി തള്ളിയിട്ടു. എന്നിട്ടും അവർ പാഠം പഠിക്കുന്നില്ല. ഇവിടത്തെ പിന്നാക്ക ജനവിഭാഗങ്ങളിൽ വലിയൊരു വിഭാഗം ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരാണ്. പക്ഷേ, ഇവിടെ ജനാധിപത്യ ഭരണം നിലവിൽവന്ന് അഞ്ചര പതിറ്റാണ്ട് കഴിഞ്ഞാണ് വി.എസ്. അച്യുതാനന്ദനിലൂടെ ഈഴവവിഭാഗത്തിൽ നിന്ന് ഒരാളെ ഇടതുപക്ഷം മുഖ്യമന്ത്രിയാക്കിയത്. ഇപ്പോൾ തുടർച്ചയായി രണ്ടാംതവണ പിണറായി വിജയൻ മുഖ്യമന്ത്രിയായത് പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മാർഥമായ പിന്തുണ കൊണ്ടുകൂടിയാണെന്ന് ഇടതുപക്ഷം മറക്കരുത്.
നൂറ്റാണ്ടുകളായി അവർണർ അനുഭവിച്ചുവരുന്ന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടിയാണ് തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണം ഏർപ്പെടുത്തിയത്. ജനാധിപത്യവേദികളിൽ പട്ടികജാതി/വർഗ വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തി. സംവരണാനുകൂല്യത്തിൽ വലിയൊരു വിഭാഗം പിന്നാക്കക്കാർ തൊഴിലും വിദ്യാഭ്യാസവും നേടി. സമാനമായി പിന്നാക്കപ്രാതിനിധ്യം ഭരണതലത്തിലും ഉണ്ടാകണം. അതിന് രാഷ്ട്രീയ പാർട്ടികളുടെ നേതൃസ്ഥാനങ്ങളിൽ കൂടുതൽ പിന്നാക്കക്കാർ കടന്നുവരണം. അങ്ങനെ വരുമ്പോൾ ഭരണസ്ഥാനങ്ങളിലും പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കും. അതോടെ ഭരണതലത്തിൽ പിന്നാക്കക്കാർക്ക് അനുകൂലമായ നിലപാടുകളും തീരുമാനങ്ങളും ഉണ്ടാകും.
അധികാരം നിലനിർത്താനും പിടിച്ചെടുക്കാനും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളെയും സവർണരെയും തങ്ങളിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നു. പാർട്ടി കമ്മിറ്റികളിലും നേതൃത്വത്തിലും ഇക്കൂട്ടർക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നു. അപ്പോൾ തഴയപ്പെടുന്നത് ഈഴവർ അടക്കമുള്ള പിന്നാക്കവിഭാഗക്കാരാണ്. ഇതിനെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ശബ്ദമുയരണം. അല്ലെങ്കിൽ കേരളത്തിൽ സംഭവിക്കുക ദുരന്തസമാനമായ തിരിച്ചുപോക്കായിരിക്കും.
നിവർത്തന പ്രക്ഷോഭത്തിനിടയിൽ ഒരിക്കൽ സി. കേശവൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. 'നമ്മുടെ ജനസംഖ്യ അനുസരിച്ച് കിട്ടേണ്ട സ്ഥാനങ്ങൾ കൂടുതൽ കൈവശമിരിക്കുന്നവരോട് പിടിച്ചുവാങ്ങുകയല്ലാതെ അവർ സൽബുദ്ധി തോന്നി കുെറ തരുമെന്ന് ആരും അര നിമിഷം വിശ്വസിക്കേണ്ട'. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈഴവ, പിന്നാക്കവിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്ത സാഹചര്യത്തിൽ പിടിച്ചെടുക്കൽ തന്നെയാണ് നമുക്കു മുന്നിലുള്ള പോംവഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.