നിപ ഭീതിയുടെ മറവിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് തൽപരകക്ഷികൾ മുതലെടുക്കാൻ ശ്രമിക്കുന്നു. സർക്കാറിനോ അച്ചടി-ദൃശ്യ മാധ്യമങ്ങൾക്കോ പോലും പെെട്ടന്ന് തിരിച്ചറിയാൻപറ്റാത്ത വിധത്തിലാണ് വർഗീയ ലക്ഷ്യങ്ങളോടെയുള്ള ഇവരുടെ കള്ളപ്രചാരണങ്ങൾ. ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശിെൻറ ഇൗത്തപ്പഴ കയറ്റുമതിയെക്കുറിച്ച് വാട്സ്ആപ്പിൽ വ്യാപകമായി പ്രചരിച്ചു വോയ്സ് ടെക്സ്റ്റ് മെസേജുകൾ.രണ്ടു വോയ്സ് മെസേജുകളാണ് ഇൗ വ്യാജ സന്ദേശത്തിെൻറ ഉറവിടം എന്നാണ് മനസ്സിലാകുന്നത്. അവയുടെ ഉള്ളടക്കം ഇപ്രകാരം ചുരുക്കിപ്പറയാം. ‘നിപ വൈറസുകൾ പരത്തുന്ന രോഗം നാം അറിഞ്ഞതിനേക്കാളും എത്രയോ ഇരട്ടി ആപൽക്കരമാണ്. ജനങ്ങൾ പരിഭ്രാന്തരായിത്തീരും എന്നതുകൊണ്ട് ആരോഗ്യവകുപ്പ് യാഥാർഥ്യം മറച്ചുവെക്കുകയാണ്. കേരളത്തിൽ നൂറുകണക്കിന് മരണങ്ങൾ സംഭവിക്കാൻ ഇടയുണ്ടെന്നാണ് ഡോക്ടർമാരിൽനിന്ന് അറിയാൻ സാധിച്ചത്. അതിനാൽ നാം വളരെയധികം ജാഗരൂകരായിരിക്കണം. ബംഗ്ലാദേശ് വഴിയാണ് ഇന്ത്യയിൽ നിപ വൈറസുകൾ കടന്നുവന്നത്. പഴംതീനികളായ വവ്വാലുകളാണ് ഇവയുടെ വാഹകൾ എന്ന് നമുക്കറിയാം. അതിനാൽ വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. വവ്വാലുകൾ രാത്രികാലങ്ങളിൽ എല്ലാ പഴങ്ങളിലും ചെന്നിരിക്കും. ഇൗ പഴങ്ങളിൽ ഏറ്റവുമധികം രോഗംപരത്താൻ സാധ്യതയുള്ളത് ഇൗത്തപ്പഴങ്ങളാണ്. കാരണം, ഇൗത്തപ്പഴങ്ങൾക്ക് ദീർഘകാലം നിപ വൈറസുകളെ കൊണ്ടുനടക്കാൻ സാധിക്കും. മറ്റു പഴങ്ങൾക്കൊന്നും ഇൗ കഴിവില്ല. ഇന്ത്യയിലേക്ക് ഏറ്റവുമധികം ഇൗത്തപ്പഴം കയറ്റിയയക്കുന്ന രാജ്യങ്ങളിലൊന്ന് ബംഗ്ലാദേശ് ആണ്. അതിനാൽ ഇൗ നോമ്പുകാലത്ത് നമ്മൾ ഇൗത്തപ്പഴം ഭക്ഷിക്കുന്നത് ഒഴിവാക്കണം.’
രണ്ടു മെസേജുകളും ആരംഭിക്കുന്നത് അസ്സലാമു അലൈക്കും എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. സ്വന്തം സമുദായാംഗങ്ങൾക്ക് ഗുണകാംക്ഷപൂർവം നൽകുന്ന ഉപദേശത്തിെൻറ സ്വരവും ഭാവവുമാണ് അതിലുള്ളത്. മെസേജിെൻറ അവസാനഭാഗത്ത് ആട്, മാട്, കോഴി എന്നിവയുടെ ഇറച്ചി കഴിക്കരുതെന്ന ഉപദേശവും കൂടിയുണ്ട്.
നോമ്പുകാലത്ത് മുസ്ലിംകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യ വിഭവങ്ങളാണല്ലോ ഇൗത്തപ്പഴവും ഇറച്ചികളും. അവക്കെതിരിൽ തികച്ചും വർഗീയലാക്കോടെ പോസ്റ്റ് ചെയ്തതാണ് ഇൗ രണ്ടു മെസേജുകളും എന്ന് സൂക്ഷ്മനോട്ടത്തിൽ ആർക്കും ബോധ്യപ്പെടുന്നതാണ്. പ്രസ്തുത രണ്ട് വോയ്സ് മെസേജുകൾക്ക് പുറമെ, അവയുടെ സംക്ഷിപ്തരൂപം ടെക്സ്റ്റ് മെസേജായും വാട്സ്ആപ്പിൽ ഒഴുകിനടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. തികച്ചും അടിസ്ഥാനരഹിതമണ് ഇൗ വാട്സ്ആപ് പോസ്റ്റുകളിലെ സന്ദേശം എന്ന് കാണാൻ പ്രയാസമില്ല. ബംഗ്ലാദേശ് ഇന്ത്യയിലേക്കെന്നല്ല, ഒരു രാജ്യത്തേക്കും ഇൗത്തപ്പഴം കയറ്റിയയക്കുന്നില്ല. തങ്ങളുടെ ആഭ്യന്തര ആവശ്യത്തിനുള്ള ഇൗത്തപ്പഴംതന്നെ ഗൾഫ് രാജ്യങ്ങളിൽനിന്നും പാകിസ്താനിൽനിന്നും ഇറക്കുമതി ചെയ്യുകയാണ് അവർ. ഇൗത്തപ്പഴത്തിെൻറ ഡിമാൻഡ് പതിന്മടങ്ങ് വർധിക്കുന്ന നോമ്പുകാലത്ത് കോടിക്കണക്കിന് ഡോളറുകളാണ് ഇതിനായി ചെലവഴിക്കുന്നത്.
ബംഗ്ലാദേശ് ഇൗത്തപ്പഴം കയറ്റിയയക്കുന്നില്ലെന്ന് മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിൽ ഇൗത്തപ്പന കൃഷി അവിടെ ആരംഭിച്ചിട്ടുപോലുമില്ല എന്നതാണ് വാസ്തവം. 2001ൽ സൗദി അറേബ്യയിൽനിന്ന് മടങ്ങിയെത്തിയ മുഹമ്മദ് അബ്ദുൽ മുത്തലിബ് എന്ന ചെറുപ്പക്കാരനാണ് ബംഗ്ലാദേശിൽ ഇൗത്തപ്പന കൃഷിക്ക് തുടക്കംകുറിച്ചത്. മദീനയിലെ ഒരു ഇൗത്തപ്പന തോട്ടത്തിൽ ജോലിക്കാരനായിരുന്ന അദ്ദേഹം നാട്ടിലേക്ക് മടങ്ങുേമ്പാൾ ഇൗത്തപ്പഴങ്ങളുടെ കൂട്ടത്തിൽ അതിവിശിഷ്ടമായ അജ്വ കാരക്കയുടെ ഏതാനും വിത്തുകൾ കൊണ്ടുവന്ന് തെൻറ തോട്ടത്തിൽ കൃഷിചെയ്തു. 2006ൽ അവ കായ്ച്ചപ്പോൾ പത്രമാധ്യമങ്ങളും ടി.വി ചാനലുകളും അതിന് നല്ല കവറേജ് നൽകി. ഇത് മറ്റു ചിലർക്ക് പ്രചോദനമേകുകയും അവർ ഹജ്ജിന് പോയ സന്ദർഭത്തിൽ ഇൗത്തപ്പഴങ്ങളുടെ വിത്തുകൾ കൊണ്ടുവന്ന് കൃഷിചെയ്യുകയും ചെയ്തു. ഇപ്പോൾ കൃഷിമന്ത്രാലയവും ഇൗത്തപ്പന കൃഷിയിൽ സ്വന്തമായ ചില സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്. 2017ൽ യു.എ.ഇയിൽനിന്ന് ടിഷ്യൂകൾച്ചർ ചെയ്ത 601 വിത്തുകൾെകാണ്ടുവന്ന് കൃഷിമന്ത്രാലയത്തിെൻറ ഹോർട്ടികൾച്ചർ ഡിപ്പാർട്മെൻറ് അവ പരീക്ഷണാർഥം തങ്ങളുടെ ഫാമുകളിൽ കൃഷിചെയ്യുകയും അവയിൽനിന്ന് 101 എണ്ണം ഒരു സ്വകാര്യവ്യക്തിക്ക് കൃഷിചെയ്യാനായി വിൽക്കുകയും ചെയ്തു. ബംഗ്ലാദേശ് റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇൗത്തപ്പന കൃഷിയിൽ സ്വന്തമായ സംരംഭങ്ങൾ നടത്തുന്ന മറ്റൊരു സർക്കാർ സ്ഥാപനം. ഇവയെല്ലാം പരീക്ഷണഘട്ടം തരണംചെയ്തിട്ടില്ലെന്നതാണ് യാഥാർഥ്യം.
ബംഗ്ലാദേശിെൻറ മുഖ്യ കൃഷി നെല്ലാണ്. എന്നാൽ, കടുത്ത വരൾച്ചമൂലം നെൽകൃഷിക്ക് ആവശ്യമായ വെള്ളം കിട്ടാത്തതും നെൽപാടങ്ങളിൽ പലതും തരിശുനിലങ്ങളായി മാറിക്കൊണ്ടിരിക്കുന്നതുംമൂലം പകരം മറ്റേതെങ്കിലും ഭക്ഷ്യവിഭവങ്ങളുടെ കൃഷിയെക്കുറിച്ച് ആലോചിക്കാൻ കർഷകരും സർക്കാറും നിർബന്ധിതരാണ്. അറബ് നാടുകളിൽ മുഖ്യ ഭക്ഷണമായി ഉപയോഗിക്കുന്ന ഇൗത്തപ്പഴം ഇതിന് നല്ലൊരു ബദലായി വിലയിരുത്തപ്പെടുന്നു. ബംഗ്ലാദേശിൽ ഇൗത്തപ്പനകൃഷിക്ക് മികച്ച സാധ്യതകൾ ഉണ്ടെന്നതിന് പല തെളിവുകളുണ്ട്. ഇന്ത്യൻ ഷുഗർപാം എന്നറിയപ്പെടുന്ന ഒരുതരം ഇൗത്തപ്പനകൾ രാജ്യത്ത് ധാരാളമായി വളരുന്നുണ്ട് എന്നതാണ് അതിലൊന്ന്. സിൽവർപാം, വൈൽഡ് പാം തുടങ്ങിയ പല പേരുകളിൽ അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം ............phoenix sylvestris എന്നാണ്. വീഞ്ഞ്, ജെല്ലി, കള്ള്, ചക്കര തുടങ്ങിയവ നിർമിക്കുവാനാണ് ഇവ ഉപയോഗിക്കാറുള്ളത്. phoenix .........dactylifera എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അേറബ്യൻ ഇൗത്തപ്പനകളുടെ കുടുംബത്തിൽപെട്ടതുതന്നെയാണ് ഇവയും. ഗുജറാത്തിലെ കച്ച് ജില്ലയിലുണ്ടായ വൻ ഭൂകമ്പത്തിന് ശേഷം അവിടത്തെ ഗ്രാമീണ കർഷകർ ഇൗത്തപ്പന കൃഷിയിലേക്ക് തിരിഞ്ഞതാണ് ബംഗ്ലാേദശിലെ കർഷകർക്ക് പ്രചോദനം നൽകുന്ന മറ്റൊരു പ്രധാന ഘടകം. 2012ലെ കണക്കനുസരിച്ച് 1.2 ലക്ഷം ടൺ ഇൗത്തപ്പഴം ഉൽപാദിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇൗത്തപ്പഴം ഉൽപാദിപ്പിക്കുന്ന പ്രദേശമായി കച്ച് മാറിയിട്ടുണ്ട്.
വസ്തുത ഇതെല്ലാമായിരിക്കെ ഇന്ത്യയിലേക്ക് ഏറ്റവുമധികം ഇൗത്തപ്പഴം വരുന്നത് ബംഗ്ലാദേശിൽനിന്നാണെന്ന ദുഷ്പ്രചാരണം ദുരുപദിഷ്ടവും വർഗീയ ലാക്കോടെ ഉള്ളതുമാണെന്ന സത്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. കേരളത്തിലെ ഇൗത്തപ്പഴ കച്ചവടക്കാരിൽ മഹാഭൂരിഭാഗവും മുസ്ലിംകളാണ്. നോമ്പുകാലത്താണ് ഇവർക്ക് ഏറ്റവുംകൂടുതൽ കച്ചവടം ലഭിക്കുന്നത്. ഇൗ നോമ്പുകാല ഇൗത്തപ്പഴ വിപണി തകർക്കുകയാണ് ഇത്തരം വാട്സ്ആപ് മെസേജുകൾ പടച്ചുവിടുന്നതിെൻറ ലക്ഷ്യം. ഇതിലവർ വിജയിച്ചുവെന്ന് തന്നെയാണ് മനസ്സിലാകുന്നത്. റമദാൻ തുടക്കത്തിൽ ഏെറ സജീവമായിരുന്ന ഇൗത്തപ്പഴ വിപണി പിന്നീട് പൂർണമായും ഉറക്കത്തിലായതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ആരാണ് ഇത്തരം കള്ളപ്രചാരണങ്ങളുടെ പിന്നിലെന്ന് കണ്ടെത്തേണ്ട ചുമതല സർക്കാറിനുണ്ട്. ഇൗത്തപ്പഴ വ്യാപാരികളും വ്യാപാരി വ്യവസായി ഏകോപനസമിതി പോലുള്ള സംഘടനകളും ശക്തമായ സമ്മർദം ഗവൺമെൻറിൽ ചെലുത്തിയാലേ സർക്കാറിൽനിന്ന് എന്തെങ്കിലും നടപടികൾ പ്രതീക്ഷിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.