എന്തുകൊണ്ടാണ് ഒന്നര വർഷത്തിലേറെയായി അമേരിക്കൻ പ്രതിനിധികളും ഇറാനും തമ്മിൽ, മറ്റു വൻശക്തികളുടെ സാന്നിധ്യത്തിൽ നടന്ന, ആണവ ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടിയത്? അഞ്ചംഗ വൻശക്തി കൂട്ടായ്മ (P-5)യും ജർമനിയും ചര്‍ച്ചകൾ നിര്‍ണായകഘട്ടം കടന്നതായും, തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന ഡ്രാഫ്റ്റുകൾ തയാറായതായും പ്രഖ്യാപിക്കപ്പെട്ടശേഷവും കരാറിൽ ഒപ്പുവെക്കാതെ ചര്‍ച്ച നീട്ടിവെക്കേണ്ടി വന്നിരിക്കുന്നു! അമേരിക്കയുടെമേൽ ഇസ്രായേൽ നടത്തുന്ന സമ്മർദ തന്ത്രങ്ങളിൽ P-5 രാഷ്ട്രങ്ങളെല്ലാം വീണുപോയോ? ഇസ്രായേൽ പ്രധാനമന്ത്രി യാർ ലാപിഡ് പ്രഖ്യാപിച്ചിരിക്കുന്നു: 2015ലെ ആണവ കരാർ പുനഃസ്ഥാപിക്കുന്നത് ഒരു 'അപരിഹാര്യമായ തെറ്റായിരിക്കും!' ഡിസംബർ മാസത്തിൽ ചര്‍ച്ച പുനരാരംഭിക്കുമെന്ന് വൻശക്തികൾ സൂചന നൽകിയിട്ടുള്ളതിനാൽ അനുരഞ്ജനം പരാജയപ്പെട്ടിട്ടില്ലെന്നു പ്രത്യാശിക്കാം!
ചർച്ചക്ക് ആര് തുടക്കമിടുമെന്നത് അമേരിക്കക്കും ഇറാനുമിടയിൽ നിലനിന്നിരുന്ന 'ഈഗോ' പ്രശ്നമായിരുന്നു. അമേരിക്കൻ നിർദേശങ്ങൾക്ക് വഴങ്ങി 2015ലെ 'സംയുക്ത സംഗ്റഹ ആണവ കരാർ' (JCPOA) അതേപടി അംഗീകരിക്കാൻ മുന്നുപാധികളില്ലാതെ ഇറാൻ മുന്നോട്ടു വരണമെന്നതായിരുന്നു അമേരിക്കയുടെ ആവശ്യം. അനുരഞ്ജനത്തിന് തുടക്കം കുറിക്കുന്നതിനു മുമ്പുതന്നെ തങ്ങളുടെ മേലുള്ള ഉപരോധം പൂര്‍ണമായും പിൻവലിക്കണമെന്ന് ഇറാനും ശഠിച്ചു. അവസാനം ഇറാന്റെ ചിരപരിചിതനായ നയതന്ത്ര വിദഗ്ധൻ ജാവേദ് ശരീഫ് അഭിപ്രായപ്പെട്ടതുപോലെ യൂറോപ്യൻ യൂനിയന്റെ മേൽനോട്ടത്തിലുണ്ടായ നീക്കുപോക്കുകൾ അംഗീകരിച്ച്, ഇരുഭാഗവും സൗഹൃദം നടിച്ചു മുന്നോട്ടുപോകാൻ സന്നദ്ധമാവുകയാണുണ്ടായത്. ചര്‍ച്ചയിൽ വൻശക്തികളായ അഞ്ചു രാഷ്ട്രങ്ങളും ജർമനിയുമല്ലാതെ പുതിയ ആരുടെയും സാന്നിധ്യം പാടില്ല എന്നതായിരുന്നു ഇറാൻ അന്തിമമായി മുന്നോട്ടുവെച്ച ആവശ്യം. അത് ഇസ്രായേലിന് സ്വീകാര്യമല്ലാത്ത വ്യവസ്ഥയാണ്. അവർ ഇതിനെതിരെ ബൈഡൻ ഭരണകൂടത്തോട് ആവലാതിപ്പെട്ടു.
തുടർന്ന്, അമേരിക്കക്ക് ചര്‍ച്ചക്ക് തയാറാകാൻ സഹകക്ഷികളുമായി ആലോചിക്കേണ്ടതുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ പ്രസ്താവിച്ചു. മിസൈൽ പദ്ധതികൾ നിർത്തിവെക്കാനും, ഇറാഖ്, ലബനാൻ, യമൻ, ഗസ്സ എന്നിവിടങ്ങളിലെ അർധസൈനിക സംഘങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കാനുമുള്ള ആവശ്യത്തിന് ഇറാൻ വഴങ്ങിയില്ലെന്നു മാത്രമല്ല, വീണ്ടുമൊരു വലതുപക്ഷ ഭരണാധികാരി ഉപരോധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചാൽ 'ഞങ്ങൾ എന്തു ചെയ്യു'മെന്നവർ ബ്ലിങ്കനോട് തിരിച്ചു ചോദിച്ചു!
2018ൽ പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപ് സ്വന്തം നിലപാടനുസരിച്ചാണ് ആണവ കരാറിൽനിന്ന് പിൻവാങ്ങിയത്. ഇതോടെ ഇറാൻ കരാറുകൾ ലംഘിക്കാനും യുറേനിയം സമ്പുഷ്ടീകരിക്കാനുമാരംഭിച്ചു. ഇൗ പശ്ചാത്തലത്തിലാണ് 'സംയുക്ത സംഗ്റഹ ആണവ കരാറി' (JCPOA)ലേക്ക് തിരിച്ചുനടക്കുന്നതിന് അമേരിക്ക സന്നദ്ധമായത്. അങ്ങനെയാണ് ഒന്നര വർഷം നീണ്ട ആണവ ചര്‍ച്ചകളും സംവാദങ്ങളുമുരുത്തിരിഞ്ഞത്.
ആണവ വ്യാപനത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് വേണ്ടപോലെ അറിവുള്ള ധിഷണാശാലികളും നയതന്ത്രജ്ഞരും തലപുകഞ്ഞാലോചിച്ചു കരാറിനൊരു കരടു രൂപമുണ്ടാക്കി. ഏതു നിമിഷവും അതൊപ്പുവെക്കാനുള്ള സാധ്യതയുള്ളതായി ബന്ധപ്പെട്ടവർ പ്രസ്താവനയിറക്കി. കരടുരേഖയിൽ ഇറാന്റെ മേലുണ്ടായിരുന്ന പല ഉപരോധങ്ങളും ഇളവുചെയ്യപ്പെട്ടതായി നിരീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ, പിന്നീടുണ്ടായത് എല്ലാം തകിടംമറിയുന്ന കാഴ്ചയാണ്. ഇറാന് ക്രൂഡ് ഓയിൽ കയറ്റിയയക്കാനുള്ള അനുമതിപോലും നിഷേധിക്കപ്പെട്ടു! വിയനയിൽ യോഗം ചേര്‍ന്ന അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ വക്താക്കളൊക്കെയും അവരവരുടെ നാടുകളിലേക്ക് മടങ്ങി. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പും, ഇസ്രായേലിലെ നിയമസഭ തെരഞ്ഞെടുപ്പും കഴിഞ്ഞശേഷം അവർ വീണ്ടും ചര്‍ച്ച തുടരുമത്രേ!
കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ യൂറോപ്യൻ യൂനിയന്റെ വിദേശ നയങ്ങളുടെ അധ്യക്ഷൻ ജോസഫ് ബോറൽ JCPOA യുടെ അന്തിമ കരടു രൂപം അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തത് ഓര്‍മയിൽവരുന്നു. 2022 ആഗസ്റ്റ് എട്ടാം തീയതി അദ്ദേഹം ട്വീറ്റ് ചെയ്തു:
'ചര്‍ച്ചനടത്തി പരിഹരിക്കാവുന്നതൊക്കെയും പരിഹരിച്ചിട്ടുണ്ട്. ഇനി, അമേരിക്കയും ഇറാനും ഉദ്ദേശിക്കുന്നപക്ഷം കരാർ ഒപ്പുവെക്കാവുന്നതേയുള്ളൂ'. അതൊപ്പുവെക്കുന്നതിലൂടെ ലോകം സംഘര്‍ഷരഹിതവും സമാധാന പൂര്‍ണവുമായ ഒരവസ്ഥയിലേക്ക് കരകയറുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. അങ്ങനെയിരിക്കെയാണ് ചര്‍ച്ചയിൽ ഒരുനിലക്കും കക്ഷിയല്ലാത്ത ഇസ്രായേൽ രംഗത്തിറങ്ങിയത് നാം കാണുന്നത്!
ആണവ ചര്‍ച്ചയിൽനിന്ന് വൻശക്തികൾ പിന്മാറണമെന്നതായിരുന്നു അവരുടെ ആവശ്യം. ആണവ കരാർ പുനഃസ്ഥാപിക്കപ്പെട്ടാൽ അത് മിഡിലീസ്റ്റിൽ അശാന്തിയും അസ്ഥിരതയുമുണ്ടാക്കുമെന്ന് യാർ ലാപിഡ് നിരീക്ഷിച്ചപ്പോൾ ആണവ കരാർ പുനഃസ്ഥാപനം ഒരു 'നയതന്ത്ര ദുരന്ത' മായിരിക്കുമെന്നാണ് ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബർണിയ വിശേഷിപ്പിച്ചത്. അതിനെ നേരിടുന്നതിന് ഇസ്രായേൽ സൈനിക സജ്ജീകരണങ്ങൾ നടത്തുന്നതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ താമസംവിനാ ബോംബ് കൈവശപ്പെടുത്തുമെന്നും ഉപരോധം പിൻവലിക്കുന്നതിലൂടെ അവർക്ക് ലഭിക്കുന്ന 'മരവിപ്പിച്ച പണം' ഉപയോഗിച്ച് അവർ മിഡിലീസ്റ്റിൽ അവരുടെ 'പ്രോക്സി'കളായ മിലീഷ്യകളെ വളർത്തുമെന്ന് ഡേവിഡ് ബർണിയ അഭിപ്രായപ്പെടുന്നു.
ആഗസ്റ്റിൽ നടന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ഉന്നയിച്ച പ്രധാന ആവശ്യം, ഇറാൻ ബോംബ് നിര്‍മിക്കുന്നതിനെ അന്താരാഷ്ട്ര സമൂഹം സസൂക്ഷ്മം നിരീക്ഷിക്കണമെന്നും വേണ്ടിവന്നാൽ അതിനെ സൈനിക നടപടികളിലൂടെ നേരിടുന്നതിന് തയാറെടുക്കണമെന്നുമായിരുന്നു!
ഇതിനായി യൂറോപ്യൻ രാഷ്ട്രങ്ങളെ- പ്രത്യേകിച്ചും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവ- കേന്ദ്രമാക്കി വമ്പിച്ച നയതന്ത്ര നീക്കങ്ങൾ തന്നെ അവർ നടത്തുകയുണ്ടായി! അങ്ങനെയാണ്, എന്തുതന്നെയായാലും തുടർനടപടികളും ചര്‍ച്ചകളും അമേരിക്കയിലെയും ഇസ്രായേലിലെയും തെരഞ്ഞെടുപ്പുകൾക്കുശേഷം ഡിസംബർ മാസത്തോടെയേ പുനരാരംഭിക്കുകയുള്ളൂവെന്ന് തീരുമാനമായത്. യാർ ലാപിഡിന്റെ അഭിപ്രായത്തിൽ പാശ്ചാത്യശക്തികൾ ഇറാനോട് സൗമ്യ സമീപനമാണ് സ്വീകരിക്കുന്നത്. അതുമാറ്റി ശക്തമായ നിലപാടെടുക്കുകയും സൈനിക നടപടികൾക്ക് സന്നദ്ധമാവുകയും ചെയ്താലേ തെഹ്റാൻ ബോംബ് നിർമാണത്തിന് മുതിരാതിരിക്കുകയുള്ളൂ!
എന്നാൽ, ചര്‍ച്ചകൾ പൂർത്തിയായ നിലക്ക് അതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ഇബ്രാഹീം റഈസ് ബൈഡനെ ഓര്‍മിപ്പിക്കുന്നു. മാത്രമല്ല, കരാർ പാലിക്കപ്പെടുമെന്ന് ഉത്തരവാദപ്പെട്ടവർ ഉറപ്പുനൽകുന്നതും ആവശ്യമാണെന്നും ഇറാൻ നിഷ്കർഷിക്കുന്നു.
ഇറാനുമായി ഒരു യുദ്ധത്തിലേർപ്പെടുന്നതിന് അമേരിക്കക്ക് തൽക്കാലം താൽപര്യമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 2030 വരെ നീട്ടിക്കൊണ്ടുപോകാവുന്ന ഒരു പദ്ധതിക്ക് രൂപം നൽകാൻ സയണിസ്റ്റ് ഭരണകൂടം ശഠിക്കുന്നത്. ഈ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മുൻ ഇസ്രായേലി സൈനിക
ഇൻറലിജൻസ് മേധാവി താമിർ ഹൈമൻ 'ഇസ്രായേൽ ടുഡേ' യിൽ എഴുതുകയുണ്ടായി. ഇതനുസരിച്ച് 2015ന്റേതിൽനിന്ന് വ്യത്യസ്തമായ ഒരു കരാറിന് അമേരിക്കയെ നിർബന്ധിക്കാൻ സാധിക്കുമെന്നാണ് തെൽഅവീവ് കണക്കുകൂട്ടുന്നത്. 'യദിയൂത് അഹർ നോത്' പത്രത്തിന്റെ സൈനിക അനലിസ്റ്റ് ബെൻ ഇസാഹി എഴുതുന്നത് പുതിയ കരാറിൽ നാലു കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ടെന്നാണ്. ഒന്നാമത്തേത് ഇറാന്റെ ആണവ പരീക്ഷണം അമേരിക്കയുടെ കണിശമായ ഇൻറലിജൻസ് നിയന്ത്രണത്തിലായിരിക്കണം.
അതിലൂടെ, ഇറാൻ അവരുടെ യുറേനിയം 60 ശതമാനത്തിലേറെ സമ്പുഷ്ടിവരുത്തില്ലെന്ന് ഉറപ്പുവരുത്തണം. രണ്ടാമതായി, ആണവ പരീക്ഷണങ്ങൾ നിരീക്ഷിച്ച ശേഷം, വേണ്ടിവന്നാൽ എതിർനടപടികളെടുക്കാൻ അമേരിക്ക സന്നദ്ധമാകണം. മൂന്നാമത്തെ ആവശ്യമനുസരിച്ചു ഇസ്രായേൽ കൂടി അമേരിക്കയുടെ കൂടെ ചേര്‍ന്ന് ഇറാൻ കരാർ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള രേഖകൾ തയാറാക്കണം, നാലാമത്തെ ആവശ്യം ഇറാൻ വല്ലവിധേനയും ബോംബ് കൈവശപ്പെടുത്തുകയാണെങ്കിൽ അതിന് ഇസ്രായേൽ ഒറ്റക്കോ അമേരിക്കയുമായി ചേര്‍ന്നോ എങ്ങനെ നടപടിയെടുക്കുമെന്നത് നേരത്തേ തന്നെ തീരുമാനിച്ചിരിക്കണമെന്നതാണ്!
ഇതെല്ലാം വിലയിരുത്തുന്ന നിരീക്ഷകർ ആണവകരാറിന്റെ പുനഃസ്ഥാപനം അത്ര എളുപ്പമല്ലെന്നാണ് വ്യക്തമാക്കുന്നത്.●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.