അസാധുവാക്കപ്പെടുന്ന ഉറപ്പുകൾ

മുംബൈയിലെ ഗോവണ്ടിയിൽ തെൻറ  കുഞ്ഞ് ചില്ലറക്ഷാമം മൂലം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ട് മരണത്തിനു കീഴടങ്ങുമ്പോൾ ജഗദീഷ് ശർമയുടെ വിയർപ്പൊട്ടിയ ദേഹത്ത്  നിർജീവമായ അഞ്ഞൂറ് രൂപയുടെ നോട്ട് ഒട്ടിച്ചേർന്നുണ്ടായിരുന്നു. ആ നോട്ടിനടിയിലായി രാജ്യത്തെ പരമോന്നത സാമ്പത്തികസ്​ഥാപനത്തിെൻറ തലവൻ ഒപ്പിട്ട ഒരുറപ്പുണ്ടായിരുന്നു. ‘തുകയുടെ തുല്യം സേവനം ഉറപ്പ്’ എന്ന്. ആ ഉറപ്പാണ് ജഗദീഷ് ശർമയടക്കം 133 കോടി ജനങ്ങളുടെ ഉറക്കം കെടുത്തി അർധരാത്രിയിൽ പിൻവലിച്ച് പ്രധാനമന്ത്രി ജപ്പാനിലേക്ക് വിമാനം കയറിയത്.

റിസർവ് ബാങ്കിെൻറ ഏറ്റവും പുതിയ കണക്കു പ്രകാരം രാജ്യത്ത് ഇപ്പോൾ സജീവചംക്രമണത്തിലുള്ള മൊത്തം കറൻസിയുടെ മൂല്യത്തിെൻറ (16.42 ലക്ഷം കോടി) 80 ശതമാനത്തോളം മൂല്യം പേറുന്ന (മൊത്തം നോട്ടുകളുടെ എണ്ണത്തിെൻറ 24 ശതമാനം) കറൻസികളിലെ മൂല്യമുള്ള സേവനങ്ങളുടെ ഉറപ്പാണ് തികച്ചും അസാധാരണമായ  അഭിസംബോധനയിലൂടെ പ്രധാനമന്ത്രി റദ്ദ് ചെയ്തത്.
ഇത്തരം ഉറപ്പുകളുടെ അസാധുവാക്കൽ ഭരണഘടനയുടെ സത്തക്ക് വിരുദ്ധമാണ്. ജീവിക്കാനുള്ള അവകാശം പൗരെൻറ മൗലികാവകാശമായ രാജ്യത്ത് അത് സാധ്യമാക്കുന്നത് തിരുത്തുകളിലൂടെയും സംവാദങ്ങളിലൂടെയും വേണ്ടത്ര അവധാനതയോടെ നാം രൂപവത്കരിച്ച ജനാധിപത്യത്തിെൻറ ഘടനാ രൂപങ്ങളിലൂടെയാണ്.

ഓരോ കറൻസിയും  ഓരോ പ്രമാണമാണ്, സേവനങ്ങളുടെയും ചരക്കുകളുടേയും മൂല്യം അടയാളപ്പെടുത്തിയ രേഖയാണത്. ഈ പ്രമാണരേഖയുടെ ഉറപ്പുനൽകിയത് ധനമന്ത്രിയോ പ്രസിഡേൻറാ അല്ല. അവയുടെ വിനിമയമൂല്യം നിശ്ചയിക്കേണ്ടത് പാർട്ടിയുടെ രാഷ്ട്രീയലാഭങ്ങളുടെ കണക്കെടുപ്പിലല്ല. സ്വതന്ത്ര വിപണി അവലോകനങ്ങളിലൂടെ, ക്രയവിക്രയ ശേഷിയുടെ കണക്കെടുപ്പുകളിലൂടെ,  ആസ്​തികളുടെയും സ്​ഥിരമായ നിക്ഷേപക റിസർവുകളുടെയും മൂല്യനിശ്ചയത്തിലൂടെ, വിനിമയമൂല്യങ്ങളുടെ സ്വതന്ത്രവും ആഴത്തിലുമുള്ള ഗവേഷണങ്ങളിലൂടെയാണ് അത്  സാധ്യമാകുന്നത്.

അതിെൻറ മൂല്യം നിശ്ചയിച്ച് ഉറപ്പുകൾ ഒപ്പുവെച്ച് നൽകിയാൽ അവയിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിന് ചില വ്യവസ്​ഥകളില്ലേ? നമുക്ക് അത്ര പരിചിതമല്ലാത്ത  മിനി സാമ്പത്തിക അടിയന്തരാവസ്​ഥയുടെ ശൈലിയിലുള്ള  പ്രഖ്യാപനം തുടക്കത്തിലുള്ള കൈയടി വിട്ട് ആൻറി ക്ലൈമാക്സിലേക്കടുക്കുന്നു എന്നാണ് ഒടുവിലത്തെ വാർത്തകൾ. ഈ ബുദ്ധിമുട്ടുകൾ ഏതാനും  ദിവസങ്ങൾക്കുള്ളിൽ അഞ്ഞൂറിെൻറ  നോട്ടുകൾ എത്തുന്നതോടെ പരിഹരിക്കപ്പെട്ടേക്കാം. ജനജീവിതം ഒരു കുടഞ്ഞെറിയലിനുശേഷം സാധാരണ നിലയിൽ എത്തുകയും ചെയ്യുമായിരിക്കും.
ഡീമോണിറ്റൈസേഷൻ അഥവാ നോട്ടസാധുവാക്കലിന്് 1978ലും സ്വതന്ത്രപൂർവ ഇന്ത്യയിൽ 1946ലും സമാന അനുഭവങ്ങളുണ്ട്. എന്നാൽ, മുൻകാലങ്ങളിൽനിന്നു വ്യത്യസ്​തങ്ങളായ ചില മാനങ്ങളുണ്ട് ഈ പ്രഖ്യാപനത്തിന്.

1946 ജനുവരി 12ന് രണ്ടാം ലോക യുദ്ധാനന്തര കെടുതികൾക്കിടയിലെ കള്ളപ്പണം തടയാൻ നെഹ്റുവിെൻറ  ഇടക്കാല ഗവൺമെൻറ് രാജേന്ദ്രപ്രസാദിെൻറ വിയോജനക്കുറിപ്പോടെ വൈസ്രോയിയുടെ കൈയൊപ്പിട്ട് ഓർഡിനൻസായിട്ടാണ്  ആയിരം, പതിനായിരം കറൻസികൾ അസാധുവാക്കി പ്രഖ്യാപിച്ചത്. 1935ലെ ഗവൺമെൻറ് ഓഫ്  ഇന്ത്യ ആക്ട് പ്രകാരം നിലവിൽ വന്ന റിസർവ്ബാങ്കിന് അന്ന് പൂർണാധികാരം ഉണ്ടായിരുന്നത് കേവലം 11 പ്രവിശ്യകളിൽ മാത്രമാണ്. ഭൂരിപക്ഷം ജീവിക്കുന്ന നാട്ടുരാജ്യങ്ങളിലും അന്നത്തെ ഓർഡിനൻസ്​ കാര്യമായ ചലനം ഉണ്ടാക്കിയില്ല. കേവലം പത്തു ശതമാനത്തിൽ താഴെ മാത്രമാണ് പതിനായിരം നോട്ടുകൾ  ബാങ്കുകളിലെത്തിയത്. എങ്കിലും ആ പ്രഖ്യാപനത്തിന് രാഷ്ട്രീയമാന്യത ഉണ്ടായിരുന്നു. ഒരു  ബാങ്കിലും കോൺഗ്രസിനുവേണ്ടി കോടികൾ അതിനു മുമ്പ് നിക്ഷേപിക്കപ്പെട്ടിരുന്നില്ല. മാത്രവുമല്ല, അന്നത്തെ നിരക്കിൽ ആയിരം രൂപ കൈവശമുള്ള ഒരു ജനക്കൂട്ടം ഏറക്കുറെ അസാധ്യവുമായിരുന്നു. 1978 ൽ മൊറാർജി  ദേശായി ഗവൺമെൻറ് പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കിയ ഹൈഡിനോമിനേഷൻ ബാങ്ക് നോട്ട് ആക്ടിലൂടെയാണ് ആയിരം, അയ്യായിരം, പതിനായിരം നോട്ടുകൾ പിൻവലിച്ചത്.

തികച്ചും വ്യത്യസ്​തമായി ഒരു ഓർഡിനൻസും ആക്ടും വേണ്ടത്ര മുന്നൊരുക്കങ്ങളുമില്ലാതെയാണ് രാജ്യത്തെ നടുക്കിയ പ്രഖ്യാപനവുമായി രാത്രിവെളിച്ചത്തിൽ ടെലിവിഷൻ സ്​ക്രീനിൽ പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടത്. ഞെട്ടിക്കുക എന്നത് ജനാധിപത്യത്തെക്കാൾ നന്നായി ഇണങ്ങുന്നത് ഫാഷിസത്തിനാണ്. ഇനാമുകൾ പ്രഖ്യാപിക്കുന്നതും യുദ്ധം പ്രഖ്യാപിക്കുന്നതും അടിയന്തരാവസ്​ഥ പ്രഖ്യാപിക്കുന്നതും ഇതേ ശൈലിയിലാണ്. അതുകൊണ്ട് തന്നെയാണ് സ്വാതന്ത്ര്യവും അതു നിഷേധിച്ച അടിയന്തരാവസ്​ഥയും അതിെൻറ ചെറുപതിപ്പായി ഈ നോട്ടു നിരോധനവും അർധരാത്രിയിൽ നടന്നതിനെ ട്രോളിക്കൊണ്ട് ഒരാൾ പോസ്​റ്റിട്ടത്.

ജനാധിപത്യം ഒരിക്കലും ഇത്തരം ഞെട്ടിത്തരിക്കലുകൾക്ക് ഇട നൽകുന്നില്ല എന്നതാണ് സത്യം . പാർലമെൻറിൽ പാസാക്കപ്പെടുന്ന നിയമങ്ങൾ നമ്മളെ ഞെട്ടിക്കുകയല്ല ചെയ്യുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളിലൂടെ തികഞ്ഞ സംവാദസാധ്യതയുള്ള വായനകളിലൂടെ വേണ്ടിവന്നാൽ പൊതു അഭിപ്രായ രൂപവത്കരണത്തിലൂടെ, കമ്മിറ്റികളുടെ സൂക്ഷ്മാവലോകനത്തിലൂടെ ഒക്കെയാണ് ഒരു  തീരുമാനം നിയമസാധുതയുള്ള ഉറപ്പായി മാറുന്നത്.

വരാൻപോകുന്ന പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കുന്ന ഹൈ ഡിനോമിനേഷൻ പിൻവലിക്കൽ നിയമമായി നടപ്പിൽ വന്നിരുന്നെങ്കിൽ ഈ ഞെട്ടൽ ഒഴിവാകുമായിരുന്നു. പക്ഷേ, ഈ ഞെട്ടിക്കൽ പരിപാടിക്ക് ഒരു രാഷ്ട്രീയ മൂല്യമുണ്ട്. അത് ഒരു പ്രതിച്ഛായ നിർമിതിയുടെ അവശ്യഘടകമാണ്. ആദ്യദിനം നമ്മൾ കണ്ട അനുകൂലികളുടെ ചിന്തകളിൽ ഇത് ഫലപ്രദമായി നിറവേറ്റപ്പെട്ടിട്ടുണ്ട്. ഈ ഞെട്ടിക്കലിെൻറ ആൻറി ക്ലൈമാക്സ്​ അല്ല ഗോവയിലെ വൈകാരിക പ്രസംഗം; അതൊരു തുടർച്ചയാണ്. എല്ലാ നടനസാധ്യതകളും സാഹചര്യങ്ങളുമായി ഒത്തിണങ്ങുമ്പോഴാണ് വീരപുരുഷന്മാർ പിറക്കുന്നത്. നിഷേധിക്കപ്പെട്ട അടിസ്​ഥാന ഉറപ്പുകൾക്കു മേൽ വൈകാരികതയുടെ പ്രസാരണം ഒരു ഹ്രസ്വകാല പദ്ധതിയാണ്.

എന്തുകൊണ്ടാണ്  കഴിഞ്ഞ രണ്ടു  തവണത്തെ കുറഞ്ഞ ഫലം കാണൽ (1946ൽ  പത്തു ശതമാനം, 1978ൽ 15 ശതമാനം) പാഠങ്ങളിൽ നിന്നു നമ്മൾ പഠിക്കാതെ പോയത്? നോട്ട് അസാധുവാക്കൽ അടിസ്​ഥാനമായി  വ്യാജ കറൻസിയുടെ മേലുള്ള വേട്ടയാണ്. ആ അർഥത്തിൽ അത് ഒരു സർജിക്കൽ ഓപറേഷനാണ്. എന്നാൽ, കള്ളപ്പണമാണ് ലക്ഷ്യമെങ്കിൽ അസാധുവാക്കൽ പതിനഞ്ചു ശതമാനത്തിൽ താഴെ മാത്രം വിജയശതമാനമുള്ള ഇല്ലം ചുടലാണ്.

2012 ലെ കള്ളപ്പണത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ട് നൽകിയ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ്​ ഇത് വ്യക്തമാക്കുന്നുണ്ട്. 200 ശതമാനം പിഴ ഏറ്റുവാങ്ങാൻ കള്ളപ്പണക്കാർ ബാങ്കിൽ വരി നിൽക്കുമെന്നത് വ്യാമോഹം മാത്രം. കള്ളപ്പണത്തിെൻറ ഉറവിടമായിരുന്നു ലക്ഷ്യമെങ്കിൽ അതിെൻറ ഓപറേഷൻ രീതി ഇതായിരുന്നില്ല. കള്ളപ്പണത്തെക്കുറിച്ച്  അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച സ്​പെഷൽ ഇൻവെസ്​റ്റിഗേഷൻ ടീമുകളുടെ നിർദേശങ്ങളിൽ ഒന്നു പോലും ഇതുവരെ പാർലമെൻറിൽ ചർച്ചക്കു വെച്ചിട്ടില്ല എന്നതാണ് കൗതുകകരം.

മൂന്നു ലക്ഷത്തിൽ കൂടുതലുള്ള ട്രാൻസാക്ഷനുകൾ എല്ലാം കടലാസ്​ രഹിത വിനിമയങ്ങളാക്കണം എന്ന നിർദേശത്തിനു കടക വിരുദ്ധമാണ് ഉയർന്ന ഡിനോമിനേഷൻ നോട്ടിറക്കിയ നടപടി. ഉയർന്ന മൂല്യമുള്ള നോട്ടുകൾക്ക് താഴെ മൂല്യമുള്ള നോട്ടുകൾ സ്വാഭാവികമായും പുറത്തിറക്കേണ്ടി വരും. ഇത്  ന്യായമായും പേപ്പർ കറൻസിയുടെ ഉയർന്ന ഉപയോഗത്തിനു കാരണമാകും. ഇന്നത്തെ പ്രധാന പ്രശ്നം 2000 രൂപയുടെ ഉപയോഗം കൂടുതൽ 500 രൂപാ നോട്ടുകൾ ആവശ്യപ്പെടുന്നു എന്നതാണ്. ഇതും കൃത്യമായ ഒരു സാമ്പത്തിക അജണ്ടയുടെ സ്വാഭാവികമായ പരിണതിയെന്ന് സംശയത്തിനിട നൽകുന്നു. ഇതാകട്ടെ, ഏറ്റവും അധികം സഹായിച്ചത് മോദിയെ ബ്രാൻഡിട്ട റിലയൻസ്​ ഫ്രഷ്, പേ ടി.എം, ബിഗ് ബസാർ തുടങ്ങിയ വൻകിടക്കാരെയാണ്. ഇടനോട്ടുകളുടെ അഭാവത്തിൽ കൂടുതൽ  നഷ്ടവും യാതനയും ഇടത്തരം ചെറുകിട കച്ചവടക്കാർക്കും സാധാരണ ജനങ്ങൾക്കും .

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിെൻറ  പഠനമനുസരിച്ച് കള്ളപ്പണത്തിനെതിരെയുള്ള വേട്ടകൾക്ക് ഏറ്റവും വലിയ പ്രതിബന്ധം പാർട്ടികളുടെ വെളിപ്പെടുത്താനാകാത്ത  വരുമാന സ്രോതസ്സുകളാണ്. 2004–12 കാലയളവിൽ മാത്രം മൊത്തം ദേശീയപാർട്ടികൾ 3675 കോടി രൂപയുടെ  ഉറവിടങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 2014ൽ വെളിപ്പെടുത്തിയ സംഭാവനകളിൽ ഏറ്റവും അധികം തുക ബി.ജെ.പിയുടെ അക്കൗണ്ടിൽ (111 കോടി) നിക്ഷേപിച്ചത് ആറു കോർപറേറ്റുകളാണ്. ഇവയിൽ പലതും വിദേശത്ത് മൂലധന നിക്ഷേപമുള്ളവരും പാർട്ടിസിപ്പേറ്ററി നോട്ടുകളിലൂടെ വിദേശത്തുനിന്നു സെബി നിയമങ്ങളുടെ ഗ്രീൻ ചാനൽ സൗകര്യം ഉപയോഗപ്പെടുത്തുന്നവരാണ്. സ്​പെഷൽ ഇൻവെസ്​റ്റിഗേഷൻ ടീമിെൻറ 2015ൽ സമർപ്പിച്ച മൂന്നാമത്തെ റിപ്പോർട്ടിൽ 7981പേജുകളിൽ ഇത്തരം ഓഫ് ഷോർ ഡെറിവേറ്റിവ് ഇൻസ്​ട്രുമെൻറ്സ്​ വരിക്കാരുടെ വിവരങ്ങൾ ഒന്നും സെബിയുടെ പക്കലില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

2015ൽ ‘സെബി’ തന്നെ വ്യക്തമാക്കിയ കണക്കുപ്രകാരം ഇന്ത്യൻ മണ്ണിലെ പ്രച്ഛന്ന വിദേശനിക്ഷേപം 2.72 ലക്ഷം കോടിയാണ്. ഇവയുടെ വിദേശ മൂലധന ഉറവിടങ്ങൾ പ്രധാനമായും അഞ്ചു രാജ്യങ്ങളിലാണ്. ഇവ യഥാക്രമം  കെയ്മാൻ ദ്വീപുകൾ (31. 31 ശതമാനം) ,   യുനൈറ്റഡ് സ്​റ്റേറ്റ്സ്​ (14.20 ശതമാനം), യു.കെ  (13.49 ശതമാനം),   മൊറീഷ്യസ്​ (9.91 ശതമാനം), ബർമുഡ (9.10) എന്നിവയാണ്. ഇത്തരം പേ നോട്ട് കള്ളപ്പണത്തെ  തൊടാതെ നോട്ട് നിരോധിക്കുന്നതുകൊണ്ട് തൊലിപ്പുറത്തെ  ലേപന ചികിത്സ മാത്രമായി ഇത് പരിണമിക്കും. അതാകട്ടെ, മണിക്കൂറുകളുടെ അധ്വാനമൂല്യം ഉപേക്ഷിച്ച് ബാങ്കുകൾക്ക് മുന്നിൽ  കാത്തിരുന്ന സാധാരണക്കാരെൻറ  ചെലവിലും.

ഇത്തരം നടപടിക്കു പിന്നിൽ ഒരു പക്ഷേ, ദീർഘകാല സാമ്പത്തികവീക്ഷണം  കാണില്ലെങ്കിലും അഭിശപ്തമായ ഒരു ദീർഘ കാല രാഷ്ട്രീയമോഹമുണ്ട്. ഈ നടപടിയിലൂടെ ഇടത്തരം മധ്യവർഗത്തിെൻറയും ഉപരി മധ്യവർഗത്തിെൻറയും (സേവനദാതാക്കൾ, റിയൽ എസ്​റ്റേറ്റ് നിക്ഷേപകർ, സ്വകാര്യബാങ്കർമാർ, ജ്വല്ലറി ഉടമകൾ, വിദ്യാഭ്യാസ കച്ചവടക്കാർ, ഓഹരി ഉടമകൾ തുടങ്ങിയവർ) മതിയായ നികുതി രേഖകളില്ലാത്ത കള്ളപ്പണം  പിഴ ഭയം കാരണം സർക്കുലേഷനിൽ നിന്നു പുറത്ത് പോകുന്നു എങ്കിൽ അത് റിസർവ്ബാങ്കിെൻറ ബാലൻസ്​ഷീറ്റിൽ നിന്ന് കുറവ് ചെയ്യപ്പെടുകയും ധനമന്ത്രാലയത്തിെൻറ കണക്കുകളിലെ ബജറ്റ് കമ്മി കുറക്കാൻ സഹായിക്കുകയും ചെയ്യും. ഈ തുകയുടെ മൂല്യം ബജറ്റ് കമ്മിയുടെ പകുതിയാണെങ്കിൽപ്പോലും വരുന്ന രണ്ടു വർഷംകൊണ്ട് ജനപ്രിയ വികസനത്തിന് മുതൽ മുടക്കുകയും അത് റിലയൻസ്​, അദാനി, സത്യം, ഷെൽ തുടങ്ങിയ വൻ നിക്ഷേപകരുടെ ആസ്​തിയായി പരിണമിക്കുകയും ചെയ്യും .

മികച്ച അടിസ്​ഥാന സൗകര്യ വികസനത്തിെൻറ വളർച്ച കണക്കുകളിലാവും 2019ലെ പൊതുതെരഞ്ഞെടുപ്പിനെ മോദി നേരിടുക. ഗുജറാത്ത് മാതൃകയുടെ സ്​ഥൂല രൂപമാകും അത്. പക്ഷേ, ഇത് സാധ്യമാകണമെങ്കിൽ ചുരുങ്ങിയത് രണ്ടര ലക്ഷം കോടിയെങ്കിലും കള്ളപ്പണം ചംക്രമണത്തിനു പുറത്ത് പോകണം. നിലവിലെ ബ്ലാക്ക് ആക്ടിവിസ്​റ്റുകൾ ഡിസംബർ 31നു മുമ്പ് ഇത് വിവിധ മാധ്യമങ്ങളിലൂടെ വിപണിയിലെത്തിക്കാനുള്ള സാധ്യത ഏറെയാണ്.

ഈ പ്രഖ്യാപനം ചുരുക്കത്തിൽ കള്ളപ്പണം ഉന്നം പിടിക്കലല്ല ആസന്നമായ യു.പി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കറൻസി കൈവശമുള്ള ഏക കളിക്കാരെൻറ പ്രകടനം ഉറപ്പാക്കാനുള്ള ലക്ഷണമൊത്ത ചാണക്യതന്ത്രമായിരുന്നു. സെക്യൂരിറ്റി നൂലില്ലാത്ത മുപ്പതിനായിരം കോടി രൂപ മൂല്യമുള്ള ആയിരം രൂപ കറൻസികൾ പിൻവലിക്കാൻ ഇതല്ലാതെ എന്തുമാർഗമെന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല.

ഒന്നര ലക്ഷം കോടി മൂലധനച്ചെലവ് കാട്ടി ജിയോ വെളുപ്പിച്ചില്ലേ എന്നതിനും ഉത്തരമില്ല. ബംഗാളിൽ പ്രഖ്യാപനത്തലേന്ന് ഒരു കോടി രൂപയുടെ മൂല്യമുള്ള അഞ്ഞൂറ്, ആയിരം കറൻസികൾ ബി.ജെ.പി അക്കൗണ്ടിൽ എങ്ങനെ വന്നു എന്നതിനും ഉത്തരമില്ല. ക്രിക്കറ്റ്–പൊളിറ്റിക്സ്​–ബിസിനസ്​ ത്രയത്തിലെ പ്രമോട്ടർ പേ ടി.എം എന്തിനു ദേശീയ മാധ്യമങ്ങളിൽ മോദിയെ ബ്രാൻഡു ചെയ്ത് കവർ  പേജടിച്ചു എന്ന ചോദ്യവും ബാക്കിയാണ്. സർപ്രൈസ്​ ഓപറേഷനുകൾ ഫാഷിസ്​റ്റ് ശൈലിയാണ്. മുതലാളിത്തത്തിെൻറ നീതിവത്കരണമാണ് ഫാഷിസത്തിെൻറ കടമയെന്ന് ഓർമപ്പെടുത്തിയത് മുസ്സോളിനിയാണ്.  ഒരു റൊട്ടി പോലും കനിയാത്ത പഴയ ലൂയി പതിനാലാമെൻറ ഭാര്യയുടെ സ്വരമാണ് നോട്ടില്ലെങ്കിലെന്താ കാർഡില്ലേ എന്ന ചോദ്യത്തിന്.


വാൽക്കഷണം: ഇനി  മഷിയിട്ട് നോട്ടം! ഹസ്​തരേഖ പോരെന്ന് പ്രജാപതി.
വരിയുടക്കുന്നെങ്കിൽ
അതിങ്ങനെതന്നെ വേണം.
വരിനിർത്തി വരച്ച വരപോലെ
നോട്ട് വാങ്ങാൻ മഷിപുരട്ടി നിൽക്കുന്നു ഗാന്ധി
അരികെ കൂറ്റൻ മാളിൽ കയറി കാർഡുരസി നീങ്ങുന്നു ഗോദ്സെ !

 

Tags:    
News Summary - nuproved promices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.