വർഷങ്ങൾക്കുമുമ്പ് ഒരു റമദാനിൽ രാവിലെ വീട്ടിെൻറ പൂമുഖത്തിരുന്ന് പത്രം വായിക്കുേമ്പാൾ മാതൃഭൂമിയിൽനിന്നാണെന്ന് തോന്നുന്നു ഒരു ടെലിഫോൺ കാൾ: ‘വീരേന്ദ്രകുമാർ സാറിന് താങ്കളെ ഒന്നു കാണണം. വീട്ടിലുണ്ടാവുമോ, എപ്പോഴാണ് സൗകര്യം?’ ‘അയ്യോ, അതു വേണ്ട. ഞാൻ അദ്ദേഹത്തെ കോഴിക്കോട് ‘മാതൃഭൂമി’യിലോ മറ്റു സൗകര്യപ്പെടുന്ന സ്ഥലത്തോ ചെന്നു കണ്ടുകൊള്ളാം. അദ്ദേഹത്തിന് സൗകര്യം എപ്പോഴാെണന്ന് അന്വേഷിച്ചാൽ മതി’. ഞാൻ പ്രതികരിച്ചു. ‘അത് പറ്റില്ല. താങ്കളെ വീട്ടിൽതന്നെ വന്നു കാണണമെന്ന് സാർ നിർബന്ധം പറയുന്നു’ ‘എങ്കിൽ ഞാൻ ഉച്ചവരെ വീട്ടിലുണ്ടാവും. സാർ വരട്ടെ’. ഒന്നോ രണ്ടോ മണിക്കൂറിനകം വീരൻജി ചേന്ദമംഗല്ലൂർ പുൽപറമ്പിലെ എെൻറ വീട്ടിലെത്തി. കൂടെ ഏതാനും പാർട്ടി പ്രവർത്തകരുമുണ്ട്.
അന്ന് അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ അംഗമാണ് എന്നോർമ. അതിനാൽ പൊലീസ് വണ്ടിയുമുണ്ടായിരുന്നു അകമ്പടിക്ക്. വന്നു, ഞാൻ സ്വീകരിച്ചു, ഒറ്റക്ക് സംസാരിക്കണമെന്നാവശ്യെപ്പട്ടപ്പോൾ വീടിെൻറ മുകളിലത്തെ വരാന്തയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വരാന്തയിലിരുന്ന് നോക്കിയാൽ കാണുന്ന മുന്നിലെ നെൽവയലുകളും വയൽവക്കിലെ മരങ്ങളുമെല്ലാം ചേർന്ന പ്രകൃതിദൃശ്യം അദ്ദേഹത്തെ ഹഠാദാകർഷിച്ചതായി തോന്നി. കണ്ടപാടെ അദ്ദേഹം പറഞ്ഞു: ‘ എനിക്ക് കുറച്ചുദിവസം ഇവിടെ താമസിക്കണം. മനസ്സിലുള്ളത് കുത്തിയിരുന്ന് എഴുതാൻ പറ്റിയ ഒന്നാംതരം സ്ഥലം.’ ‘ആൾവേയ്സ് വെൽകം’- ഞാൻ പറഞ്ഞു. ഒരു ലോക്സഭ ഇലക്ഷൻ ആസന്നമായ സമയമായിരുന്നു അത്. അദ്ദേഹം കോഴിക്കോടുനിന്ന് മത്സരിച്ചാലുള്ള സാധ്യതകളെക്കുറിച്ചാണ് അന്വേഷിച്ചത്. കൂട്ടത്തിൽ പിന്തുണ അഭ്യർഥിക്കുകയും ചെയ്തു.
കാതലുള്ള രാഷ്ട്രീയനേതാവും സെക്കുലർ സോഷ്യലിസ്റ്റും വശ്യവും നർമമധുരവുമായ ശൈലിയുടെ ഉടമസ്ഥനും കഴമ്പുള്ള തൂലികക്കാരനും പരിസ്ഥിതി സംരക്ഷണത്തിെൻറ ഊർജസ്വലനായ വക്താവും പ്രഗല്ഭനായ പാർലമെേൻററിയനുമെന്ന നിലയിൽ വ്യതിരിക്ത വ്യക്തിത്വമായിരുന്നു വയനാടിെൻറ ഈ പ്രതിഭാധനനായ പുത്രേൻറത്. വീരേന്ദ്രകുമാറുമായുള്ള ചിരകാല സൗഹൃദം പ്രായത്തിൽ എട്ട് സംവത്സരങ്ങൾമാത്രം പിന്നിലായ എനിക്ക് വിലപ്പെട്ട അനുഭവങ്ങളാണ് സമ്മാനിച്ചത്. വിശിഷ്യ 1987ൽ ‘മാധ്യമം’ പ്രസിദ്ധീകരണം ആരംഭിച്ചതുമുതൽ അദ്ദേഹവുമായി പല വേദികളും പങ്കിടാനും സുദീർഘമായ ആശയവിനിമയം നടത്താനും നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.
െഎ.എൻ.എസ് മീറ്റിങ്ങുകളിൽ കണ്ടുമുട്ടുേമ്പാൾ പത്ര വ്യവസായം നേരിടുന്ന പ്രതിസന്ധികളെയും പ്രയാസങ്ങളെയും കുറിച്ചാണ് ഏറെയും സംസാരിക്കുക. സർക്കാറുകളുടെ അനുഭാവരഹിതമായ സമീപനങ്ങൾ ഇന്ത്യയിലെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിൽ ഉത്കണ്ഠാകുലനായിരുന്നു അദ്ദേഹം. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ ദേശീയാധ്യക്ഷനും പി.ടി.െഎയുടെ ചെയർമാനുമായിരുന്നിട്ടുണ്ട്. പത്രപ്രവർത്തകരും അല്ലാത്തവരുമായ ജീവനക്കാർക്ക് സാമാന്യം തൃപ്തികരമായ വേതനവും സൗകര്യങ്ങളും അനുവദിച്ചു വന്ന ഇന്ത്യയിലെ ഒന്നാംനിര ഭാഷാ പത്രങ്ങളിലൊന്നാണ് ‘മാതൃഭൂമി’ എന്നാണ് സാമാന്യധാരണ. മനസ്സിലാക്കുന്നിടത്തോളം അത് ശരിയുമാണ്. എന്നാൽ, മജീതിയ വേജ്ബോർഡ് ശിപാർശകൾ നടപ്പാക്കണമെന്ന പത്രജീവനക്കാരുെട ആവശ്യം ശക്തമായപ്പോൾ അതപ്പടി അംഗീകരിക്കാനാവില്ലെന്ന സമീപനമാണ് ഐ.എൻ.എസ് സ്വീകരിച്ചത്.
പ്രശ്നം മുന്നിൽ വന്നപ്പോൾ സുപ്രീംകോടതി പത്രജീവനക്കാർക്ക് അനുകൂലമായി വിധി പറഞ്ഞു. പ്രമുഖ ദേശീയ പ്രാദേശിക പത്രങ്ങളെ ഇത് പ്രയാസത്തിലാക്കിയ സന്ദർഭത്തിലാണ് എെൻറ ഇളയ മകളുടെ നിക്കാഹിന് വീരൻജിയെ ക്ഷണിക്കുന്നത്. കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം കൺവെൻഷൻ ഹാളിലായിരുന്നു ചടങ്ങ്. പ്രതീക്ഷിച്ചതിലും നേരത്തേ അദ്ദേഹം ഹാളിലെത്തി എന്നോടൊപ്പമിരുന്നു വിഷയത്തിലേക്ക് കടന്നു. ‘നിങ്ങൾ എന്തു കണ്ടിട്ടാണ് മജീതിയ വേജ് ബോർഡിെൻറ ശിപാർശകളെ അപ്പടി അംഗീകരിച്ചത്? രാജ്യത്ത് ആദ്യമായി കമീഷൻ ശിപാർശകൾ അംഗീകരിച്ചു നടത്തിയ പത്രം ‘മാധ്യമ’മാണല്ലോ. അത് കോടതിയിലും പരാമർശിക്കപ്പെട്ടു. അതിെൻറ വരുംവരായ്കകൾ നിങ്ങൾ വേണ്ടത്ര പഠിച്ചിട്ടുേണ്ടാ? പത്രപ്രവർത്തകർക്ക് മാന്യമായ വേതനം നൽകേണ്ടതില്ല എന്ന അഭിപ്രായം എനിക്കില്ല. ഞങ്ങളുടെ പത്രം അത് നൽകുന്നുമുണ്ട്. എന്നാൽ, ജേണലിസ്റ്റിതര ജീവനക്കാർക്കും വൻ വേതന വർധന കമീഷൻ ശിപാർശ ചെയ്തത് വേണ്ടവിധം പഠിക്കാതെയാണ്.
പത്രങ്ങളെ അത് പ്രതിസന്ധിയിലാക്കും’- ഇതായിരുന്നു അദ്ദേഹം പറഞ്ഞതിെൻറ ചുരുക്കം. ‘താങ്കൾക്കറിയാമേല്ലാ ഞങ്ങൾ നേരിടുന്ന പ്രതിസന്ധി. ജേണലിസ്റ്റുകളെ റിക്രൂട്ട് ചെയ്ത് മതിയായ പരിശീലനം നൽകി അവരിൽ കൊള്ളാവുന്നവർക്ക് സ്ഥിര നിയമനം നൽകേണ്ട താമസം അവർ താങ്കളുടേത് പോലുള്ള പത്രങ്ങളിലേക്ക് ചേക്കേറും. മെച്ചപ്പെട്ട വേതനമാണല്ലോ അവർക്ക് വേണ്ടത്. ഞങ്ങളുടേത് ഫലത്തിൽ ഒരു നഴ്സറിയാവുകയാണ്. ഇതെത്രകാലം തുടരാനാകും? അതിനാൽ രണ്ടും കൽപിച്ച് ഞങ്ങൾ ഉയർന്ന വേതന വ്യവസ്ഥ നടപ്പാക്കേണ്ടി വന്നു. ഇതിെൻറ ഭവിഷ്യത്ത് ഒരുപക്ഷേ, താങ്കൾ പറഞ്ഞതാവാം.’ ഞാൻ മറുപടി പറഞ്ഞു. ചാനലുകളുടെയും സമൂഹമാധ്യമങ്ങളുടെയും തള്ളിക്കയറ്റം അച്ചടി മാധ്യമങ്ങൾക്കു നേരെ ഉയർത്തുന്ന വെല്ലുവിളികളും സ്വദേശിവത്കരണ ഫലമായുള്ള ഗൾഫ് പ്രവാസികളുടെ തിരിച്ചുവരവും ഒടുവിൽ പ്രളയങ്ങളും കോവിഡ്കാല വിപണി അടച്ചുപൂട്ടലുമൊക്കെയായപ്പോൾ ഐ.എൻ.എസ് മുൻ മേധാവിയുടെ ആശങ്കകളിൽ ശരിയുണ്ടായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും.
മാധ്യമരംഗത്തിനപ്പുറത്ത് സാമൂഹിക രാഷ്ട്രീയ മേഖലകളിലെ സജീവ ഇടപെടലുകളാണ് വീരൻജിയെ കൂടുതൽ ശ്രദ്ധേയനാക്കിയത്. സോഷ്യലിസ്റ്റായ വൻ ജന്മിയും എസ്റ്റേറ്റ് ഉടമയുമായിരുന്ന പത്മപ്രഭ ഗൗഡറുടെ പുത്രനായ വീരേന്ദ്രകുമാർ വിദ്യാർഥി ജീവിതത്തിലേ സോഷ്യലിസ്റ്റായിരുന്നു. ജയപ്രകാശ് നാരായൺ, അശോക് മേത്ത, ആചാര്യ കൃപലാനി, രാം മനോഹർ ലോഹ്യ, രാജ്നാരായൺ, ജോർജ് ഫെർണാണ്ടസ്, പീറ്റർ അൽവാരിസ്, എൻ.ജി. ഗോറെ, മധുലിമായെ, എച്ച്.വി. കമ്മത്ത്, കർപ്പൂരി ഠാകുർ തുടങ്ങിയ പ്രഗത്ഭരുടെ ഒരു വൻനിര തന്നെ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ് ബ്ലോക് രാജ്യത്തെ ഏറ്റവും ശക്തമായ പ്രതിപക്ഷവും ബദലുമായി ഉയരേണ്ടതായിരുന്നു. അതിലെന്തുകൊണ്ടും നിർണായക പക് വഹിക്കാൻ യോഗ്യനുമായിരുന്നു വീരൻജി.
ഇടക്കാലത്ത് എം.പിയും കേന്ദ്രമന്ത്രിയുമൊക്കെയായി അദ്ദേഹം തെൻറ അർഹത തെളിയിക്കുകയും ചെയ്തു. പേക്ഷ, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഗ്രൂപ്പിസവും ശൈഥില്യവും ശത്രുക്കളുടെ ഉപജാപങ്ങളുമെല്ലാം ചേർന്ന് ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ തകർത്തുകളഞ്ഞു. ഇതേപ്പറ്റി സംസാരിക്കുേമ്പാഴൊക്കെ വീരേന്ദ്ര കുമാർ സോഷ്യലിസ്റ്റ് പുനരേകീകരണ സ്വപ്നം എന്നോട് പങ്കുവെക്കുമായിരുന്നു. യു.പിയിലെ മുലായമും, ബിഹാറിലെ ലാലുവും പാസ്വാനും ഒഡിഷയിലെ പട്നായിക്കും കർണാടകയിലെ ദേവഗൗഡയുമെല്ലാം സെക്കുലർ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്ഷ്യത്തിനുവേണ്ടി കൈകോർക്കുകയെന്ന സ്വപ്നം ബാക്കിവെച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്.
മതനിരേപക്ഷത വീരേന്ദ്രകുമാറിന് പുറംപൂച്ചോ ന്യൂനപക്ഷവോട്ടിൽ കണ്ണുനട്ടുള്ള കപടതന്ത്രങ്ങളോ ആയിരുന്നില്ല. ഭരണഘടനതത്ത്വങ്ങളെ അദ്ദേഹം ജീവിതത്തിെൻറയും രാഷ്ട്രീയത്തിെൻറയും ആധാരശിലകളായിത്തെന്ന കൊണ്ടുനടന്നു. അതുകൊണ്ടാണ് ഭരണകൂട ഭീകരതയെയും ഫാഷിസത്തെയും വംശീയാക്രമണങ്ങളെയും അദ്ദേഹം തുറന്നെതിർത്തത്. ‘രാമെൻറ ദുഃഖം’ വസ്തുനിഷ്ഠമായി അവതരിപ്പിച്ച വീരേന്ദ്രകുമാർ 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ആ നടപടിയെ ശക്തമായി അപലപിച്ച അപൂർവം രാഷ്ട്രീയനേതാക്കളിലൊരാളാണ്. ദേശീതയുടെ കപടവേഷം ധരിച്ച ഭൂരിപക്ഷ വർഗീയതയെ എതിർക്കണമെങ്കിൽ ന്യൂനപക്ഷത്തിലും ഒരു സമാന്തരം കണ്ടെത്താൻ സാഹസപ്പെടുന്ന മതേതര പാർട്ടികളുടെയും ബുദ്ധിജീവികളുടെയും ഭീരുത്വം അദ്ദേഹത്തെ പിടികൂടിയിരുന്നില്ല.
വർഗീയത ആരുടേതാണെങ്കിലും എതിർക്കപ്പെടേണ്ടതാണെന്നത് ശരിയായിരിക്കെ കൃത്രിമമായ സമീകരണം നിർമിച്ചെടുക്കുക ഒരാവശ്യമായി അദ്ദേഹം കരുതിയില്ല. അതുകൊണ്ടുതന്നെ അന്യായമായും അനവസരത്തിലും പ്രതിക്കൂട്ടിൽ കയറ്റപ്പെടാറുള്ള ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിക്കാൻ തെൻറ നാവോ പേനയോ ഉപയോഗിക്കാതിരുന്ന വീരേന്ദ്ര കുമാർ പലപ്പോഴും ആ പ്രസ്ഥാനത്തിെൻറ ക്രിയാത്മക സംഭാവനകളെ തുറന്ന് പ്രശംസിക്കുകയും വേദികൾ പങ്കിടുകയും ചെയ്തു. രാഷ്ട്രവിഭജനത്തെ എതിർത്ത രണ്ടേ രണ്ട് മതപണ്ഡിതന്മാർ മൗലാന അബുൽ കലാം ആസാദും സയ്യിദ് അബുൽ അഅ്ലാ മൗദൂദിയും ആയിരുന്നെന്ന് പലതവണ തുറന്നുപറഞ്ഞു. അനിവാര്യമായ പ്രകൃതി നിയമത്തിന് വിധേയനായി നമ്മെ വിട്ടുപിരിഞ്ഞ എം.പി. വീരേന്ദ്രകുമാർ എന്ന ബഹുമുഖ പ്രതിഭയുടെ സംഭവബഹുലമായ ജീവിതം എല്ലാ അർഥത്തിലും ധന്യമായിരുന്നു എന്നുതന്നെ വിലയിരുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.