എതിർ ശബ്ദങ്ങളെ നിരാകരിക്കാനും അടിച്ചമർത്താനുമുള്ള വ്യഗ്രത ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇപ്പോഴും തയാറല്ല. ഇത്തരം പ്രതിലോമ രീതികൾ പ്രത്യാഘാതജനകമാണെന്ന മുന്നറിയിപ്പും അവഗണിക്കപ്പെടുന്നു. കൊറിയ രണ്ടായി വിഭജിക്കപ്പെട്ട കാലം. അന്ന് ഉത്തര കൊറിയയായിരുന്നു സാമ്പത്തികാഭിവൃദ്ധിയിൽ ഏറെ മുന്നിൽ. പക്ഷേ, സ്വേച്ഛാപ്രമത്തരായ ഭരണകർത്താക്കൾ ആ സൗഭാഗ്യങ്ങൾ നശിപ്പിച്ചു. ജനാധിപത്യ വ്യവസ്ഥിതി നടപ്പാക്കിയ ദക്ഷിണ കൊറിയയാകെട്ട, ഉത്തര കൊറിയയെ മറികടക്കുന്ന സാമ്പത്തിക പുരോഗതി കൈവരിച്ച് ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്തു. മസാചൂസറ്റ്സ് സർവകലാശാല നടത്തിയ പഠന ഗവേഷണങ്ങളിലാണ് ഇൗ കണ്ടെത്തൽ. ഭരണകൂടത്തിന് സംഭവിക്കുന്ന വീഴ്ചകൾ തിരുത്താൻ പ്രതിപക്ഷ വിമർശങ്ങൾ പ്രാപ്തമാെണന്ന വസ്തുത അംഗീകരിക്കാൻ മോദി സർക്കാർ ഇപ്പോഴും തയാറല്ല എന്നതാണ് നമ്മുടെ പ്രധാന ദുേര്യാഗം.
ലോക്സഭയിൽ ഒരു പ്രതിപക്ഷ നേതാവിനെ അംഗീകരിക്കാൻ സർക്കാർ സന്നദ്ധമാകാത്തത് കേവലം സാേങ്കതിക പ്രശ്നങ്ങൾ ചൂണ്ടിക്കൊണ്ടായിരുന്നു. കുറഞ്ഞപക്ഷം 55 അംഗങ്ങളുടെ പിന്തുണ ആവശ്യമാണെന്ന ഇൗ സാേങ്കതികത ഉപേക്ഷിച്ച് വലിയ ഒറ്റക്കക്ഷിയെ പ്രതിപക്ഷ നേതൃപദവിയിലേക്ക് അവരോധിക്കുന്നത് സൃഷ്ടിക്കുന്ന സൗഹൃദഭാവം മുൻകൂട്ടി കാണാൻ സർക്കാറിന് കഴിഞ്ഞില്ല. ചൈനയിൽനിന്ന് പാഠം സ്വീകരിക്കാനും സർക്കാറിന് ഉദ്ദേശ്യമില്ല. ഏകകക്ഷി ഭരണമാണ് ചൈന അനുവർത്തിച്ചുവരുന്നതെങ്കിലും ഉൾപ്പാർട്ടി ചർച്ചകൾക്ക് ബെയ്ജിങ് ഇടം അനുവദിക്കുന്നത് സൃഷ്ടിപരമാണ്. ആ രീതിയുടെ സദ്ഫലമാണ് ചൈനയിൽ ഇന്ന് കാണുന്ന സാമ്പത്തിക സുസ്ഥിതിയുടെ അടിത്തറയെന്ന് ബ്രൂകിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. നേർവിപരീത ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മോദി സർക്കാർ സർവാധികാരങ്ങളും പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക് കേന്ദ്രീകരിച്ച് തെറ്റായ കീഴ്വഴക്കം കാഴ്ചവെക്കുന്നു.
നമ്മുടെ റിസർവ് ബാങ്ക് ഇപ്പോൾ എത്തിച്ചേർന്ന പരിതാപകരമായ അവസ്ഥ കേന്ദ്ര സർക്കാറിെൻറ തെറ്റായ ഇടപെടലിെൻറ മകുടോദാഹരണംതന്നെ. സെൻട്രൽ ബാങ്കുകൾ സ്വതന്ത്രമായി പ്രവർത്തിക്കേണ്ടതിെൻറ പ്രാധാന്യം വിശദീകരിക്കുന്ന പഠന റിപ്പോർട്ടുകൾ ബ്രൂകിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് നേരത്തേ പുറത്തുവിടുകയുണ്ടായി. സർക്കാർ സ്വീകരിക്കുന്ന തെറ്റായ സാമ്പത്തിക നയങ്ങളെ തിരുത്തി വീഴ്ചകളിൽനിന്ന് സമ്പദ്ഘടനയെ സംരക്ഷിക്കാൻ സ്വതന്ത്ര സെൻട്രൽ ബാങ്കുകളുടെ സമയോചിത തന്ത്രങ്ങൾക്ക് കഴിയുമെന്ന വസ്തുതയിലേക്കാണ് പഠനങ്ങൾ വിരൽചൂണ്ടുന്നത്. എന്നാൽ, റിസർവ് ബാങ്കിനെ സ്വന്തംവരുതിയിൽ നിർത്തുന്ന പ്രതിലോമ രീതി മോദി ഭരണകൂടത്തിെൻറ സവിശേഷ സംഭാവനയായി മാറിയിരിക്കുന്നു! മോദി രൂപംനൽകിയ മോണിറ്ററി പോളിസി കമ്മിറ്റിയിൽ റിസർവ് ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് മാത്രമാണ് പ്രാതിനിധ്യം ലഭിച്ചത്. മറ്റ് മൂന്നുപേർ സർക്കാർ നോമിനികൾ. റിസർവ് ബാങ്കിെൻറ സ്വാതന്ത്ര്യത്തിന് ഇതോടെ വിലങ്ങുവീണു എന്നുസാരം.
ജനാധിപത്യ വ്യവസ്ഥിതിയിൽ സ്വതന്ത്ര ജുഡീഷ്യറിയുടെ സ്ഥാനം സുവിദിതമാണ്. എന്നാൽ, മോദി സർക്കാർ സ്വതന്ത്ര ജുഡീഷ്യറിയുടെ നിലനിൽപിനെ ബാധിക്കുന്ന ഇടപെടലുകൾ വർധിപ്പിച്ചുകൊണ്ട് ജനാധിപത്യ വിശ്വാസികളിൽ ആശങ്കകളാണ് വിതക്കുന്നത്. ഒരു ഭരണകൂടത്തിന് സ്വന്തം തീരുമാനങ്ങൾ വീഴ്ചകൂടാതെ പ്രാവർത്തികമാക്കാൻ സ്വതന്ത്ര ജുഡീഷ്യറിയുടെ നിലനിൽപ് അനുപേക്ഷ്യമാണ്. ഭരണകർത്താക്കളെ വീഴ്ചകളിൽനിന്ന് രക്ഷിക്കാനും ജുഡീഷ്യറി തുണയാകും. എന്നാൽ, ഹൈകോടതിയിൽ മാത്രമല്ല, സുപ്രീംകോടതിയിലും ന്യായാധിപന്മാരെ നിയോഗിക്കുന്നതിൽ പ്രത്യേക റോൾ ലഭിക്കുന്നതിനുള്ള ചരടുവലികൾക്കാണ് മോദിയുഗത്തിൽ നാം സാക്ഷിയാകുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതിന് സർക്കാറിന് അധികാരം നൽകുന്ന ജുഡീഷ്യൽ അപോയിൻമെൻറ് കമീഷൻ ആക്ട് എന്ന ചട്ടം മോദി സർക്കാർ ആവിഷ്കരിച്ചതിനു പിന്നിലെ ലക്ഷ്യം എടുത്തുകാേട്ടണ്ടതില്ല. ഇൗ ചട്ടം സുപ്രീംകോടതി തള്ളിയത് ശുഭസൂചനയായി കരുതാം.
നൂറുശതമാനം സൂക്ഷ്മതയോടെയാകണം ന്യായാധിപ നിയമനങ്ങൾ. ബാർ കൗൺസിൽ, മെഡിക്കൽ കൗൺസിൽ, ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ വേദികളിലെ പ്രഗല്ഭരെ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന സമിതി ന്യായാധിപ നിയമനങ്ങൾ നടത്തുന്നതാകും അഭികാമ്യമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ വൻകിട കുത്തകകളുമായി ചങ്ങാത്തം പുലർത്താനുള്ള പ്രവണതയായിരുന്നു സാമ്പത്തിക ആഘാതത്തിെൻറ മറ്റൊരു കാരണം. ജനങ്ങൾക്കും ഭരണകൂടത്തിനുമിടയിലെ സഹകരണ ബന്ധങ്ങളിലൂടെയാകണം രാഷ്ട്രങ്ങൾ അഭിവൃദ്ധി പ്രാപിക്കേണ്ടതെന്ന് ലോക സാമ്പത്തിക ഫോറം നിരവധി സന്ദർഭങ്ങളിൽ ഒാർമിപ്പിക്കുകയുണ്ടായി. സ്വന്തം പൗരജനങ്ങളെ വഞ്ചകരായി കാണുന്ന ഭരണകർത്താക്കൾക്ക് ക്ഷേമരാഷ്ട്ര സങ്കൽപം യാഥാർഥ്യമാക്കാൻ സാധിക്കുന്നതെങ്ങനെ?
ജനങ്ങൾ കള്ളപ്പണത്തിെൻറ വമ്പൻ ഭാണ്ഡങ്ങൾ സൂക്ഷിക്കുന്നുവെന്ന മുൻവിധിയായിരുന്നു നോട്ടുനിരോധനത്തിനു പിന്നിലെ പ്രധാന പ്രേരണ. നോട്ടുനിരോധനം വന്നതോടെ കള്ളപ്പണക്കാരെക്കാൾ വെള്ളപ്പണക്കാർ വെട്ടിലാകുന്ന ദുരവസ്ഥ ഉടലെടുത്തു. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കേണ്ട ജി.എസ്.ടി നികത്താനാകാത്ത ദുരന്തമായി കലാശിച്ചു. പ്രത്യാഘാത ഭയമില്ലാതെ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കിയതിെൻറ ദുഷ്പരിണതി മാത്രമാണ് രാഷ്ട്രം ഇപ്പോൾ അഭിമുഖീകരിക്കുന്ന മാന്ദ്യം.
(ബംഗളൂരു െഎ.െഎ.എമ്മിലെ സാമ്പത്തിക വിഭാഗം മുൻ പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.