ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഗോപാലകൃഷ്ണ ഗാന്ധിയെ നാമനിർദേശം ചെയ്യാനുള്ള പ്രതിപക്ഷ തീരുമാനം ആഹ്ലാദത്തോടെയും നെടുവീർപ്പോടെയുമാണ് ഞാൻ ശ്രവിച്ചത്. നയതന്ത്രജ്ഞൻ, െഎ.എ.എസ് ഒാഫിസർ, അക്കാദമിക്, കോളമിസ്റ്റ്, ഗ്രന്ഥകാരൻ എന്നീ നിലകളിൽ വിശ്രുതനായ അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്തേക്കുതന്നെ നാമനിർദേശം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. ഏതായാലും വൈകി വിവേകമുദിച്ച പ്രതിപക്ഷ പാർട്ടികൾക്ക് മഹാത്മജിയുടെ പൗത്രനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി നാമനിർേദശം ചെയ്യാൻ ഇപ്പോഴെങ്കിലും സാധ്യമായ സമവായം ശുഭസൂചനയായി കണക്കാക്കാം. സിവിൽ സർവിസിൽനിന്ന് 1992ൽ സ്വയം വിരമിച്ച ഗോപാലകൃഷ്ണ ഗാന്ധി ലണ്ടനിലെ നെഹ്റു സെൻററിൽ ഡയറക്ടറായി നിയോഗിക്കപ്പെടുകയുണ്ടായി. പിന്നീട് ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നോർവേ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധിയായും നിയമിക്കപ്പെട്ടു.
‘ദാര ശുകോഹ്’ എന്ന അദ്ദേഹത്തിെൻറ നാടകം പ്രകാശനംചെയ്ത ഘട്ടത്തിൽ അദ്ദേഹവുമായി അഭിമുഖ സംഭാഷണം നടത്താൻ എനിക്ക് അവസരം ലഭിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച കാഴ്ചപ്പാടുകൾ പങ്കുവെക്കുന്ന പ്രസ്തുത അഭിമുഖസംഭാഷണത്തിെല പ്രസക്ത ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം:
നയതന്ത്രജ്ഞൻ എന്ന നിലയിലും െഎ.എ.എസ് ഒാഫിസറെന്ന നിലയിലും വിഖ്യാതനായ താങ്കൾ പശ്ചിമ ബംഗാളിൽ ഗവർണർ പദവിയിലെത്തി. കോളമിസ്റ്റ്, എഴുത്തുകാരൻ എന്നീ നിലകളിലും താങ്കൾ പ്രാഗല്ഭ്യം തെളിയിച്ചിരിക്കുന്നു. ഇൗ അനേകം ദൗത്യങ്ങൾക്കിടയിൽ ഏതു മണ്ഡലത്തെയാണ് താങ്കൾ സുപ്രധാനമായി കണക്കാക്കിയിരുന്നത്?
ഒാരോന്നും ഒന്നിനൊന്ന് വ്യത്യസ്തമാണെന്ന് ഞാൻ കരുതുന്നു. നയതന്ത്രജ്ഞനെന്ന നിലയിൽ പ്രിേട്ടാറിയയിലും ലണ്ടനിലുമെല്ലാം വ്യത്യസ്ത അനുഭവങ്ങളെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ആ അനുഭവങ്ങൾ എെൻറ ജ്ഞാനവും ഉൾക്കാഴ്ചയും വർധിപ്പിക്കുകയും ചെയ്തു. രാഷ്ട്രപതി കെ.ആർ. നാരായണെൻറ പ്രൈവറ്റ് സെക്രട്ടറി, ബംഗാൾ ഗവർണർ എന്നീ പദവികളിലെ സേവനങ്ങളെ ഞാൻ അമൂല്യമായി കരുതുന്നു. ജനാധിപത്യവുമായി ബന്ധപ്പെട്ട വിലപ്പെട്ട പാഠങ്ങളാണ് പ്രസ്തുത ഘട്ടങ്ങളിൽ എനിക്ക് അഭ്യസിക്കാൻ സാധിച്ചത്.
◆എഴുത്തുജീവിതത്തെക്കുറിച്ച് വിശദീകരിക്കാമോ?
ചിട്ടയായി എഴുതുന്ന വ്യക്തിയല്ല ഞാൻ. വായനക്കാരോട് പ്രത്യേകമായി പങ്കുവെക്കാൻ ഒന്നുമില്ല. സ്വന്തം ജീവിതത്തിെൻറ കയ്പും മധുരവും രസഹീനതകളുമാണ് ഞാൻ ആവിഷ്കരിക്കാറുള്ളത്. ഒരുപക്ഷേ, ഇതെല്ലാം ഏതൊരു മനുഷ്യെൻറയും അനുഭവങ്ങൾതന്നെയാകും.
ജീവിതയാത്രയിലെ ദൃശ്യങ്ങൾ ഒരു വഴിപോക്കനെപ്പോലെ ചിത്രീകരിക്കുന്നു. ഏതെങ്കിലും ചില സഹയാത്രികർ ആ അനുഭവങ്ങൾ തങ്ങളുടേതുകൂടിയാണെന്ന് തിരിച്ചറിയുകയും അവയിൽ സായുജ്യം കണ്ടെത്തുകയും ചെയ്തേക്കാം. നിരവധി ചിന്തകൾ പ്രഭാഷണങ്ങളിലൂടെ പങ്കുവെക്കാൻ എനിക്ക് അവസരം ലഭിക്കുകയുണ്ടായി.
എഴുത്തിനെ ബദൽ ആവിഷ്കാര സേങ്കതമായി സ്വീകരിക്കാനുള്ള പ്രേരണകൾ ഒരു പക്ഷേ, ഇൗ പ്രഭാഷണങ്ങളിൽനിന്നുതന്നെയാകണം എന്നിൽ നാമ്പിട്ടത്.
◆നമുക്ക് ധാരാളം എഴുത്തുകാരുണ്ട്. എന്നാൽ, പ്രേംചന്ദിനെപ്പോലെ ജനകീയതയും ലാളിത്യവുമുള്ള എഴുത്തുകാരെ കാണാനില്ല. ഇൗ വിമർശനം ശരിയാണോ?
സമൂഹത്തിെൻറ ബഹിർസ്ഥലങ്ങളിൽ നിൽക്കുന്നവരാകരുത് എഴുത്തുകാർ. മുൻഷിയുടെ കാലത്തിൽനിന്ന് വ്യത്യസ്തമായി ഭാഷയിലേക്ക് ലാളിത്യത്തെ ആനയിച്ച നിരവധി എഴുത്തുകാർ ഇപ്പോഴുണ്ട്. അവർ ധീരമായി തുറന്നെഴുതുന്നു. മുമ്പില്ലാത്തവിധം തേൻറടത്തോടെയും സത്യസന്ധതയോടെയും.
◆ദാരസുകോഹ് എഴുതാനുള്ള പ്രേരണ?
അവെൻറ (ഹിസ്) കഥ(സ്റ്റോറി)യാണ് എപ്പോഴും ഹിസ്റ്ററി ആയിത്തീരുന്നത്. ചില പരാജയങ്ങൾ വിജയങ്ങളെ നിഷ്പ്രഭമാക്കുന്നതായി ചരിത്രത്തിൽ നമുക്ക് വായിക്കാനാകും. ഷാജഹാൻ ചക്രവർത്തിയുടെ മൂത്ത മകൻ ദാര അധികാര മത്സരത്തിനിടെ വധിക്കപ്പെടുന്നതാണ് ഇൗ നാടകത്തിലെ പ്രമേയം. പരാജിതെൻറ വിജയഗാഥയെന്ന് നമുക്കതിനെ വിശേഷിപ്പിക്കാം.
◆ഒൗദ്യോഗിക ജീവിതം താങ്കളിലെ എഴുത്തുകാരനെ ശ്വാസംമുട്ടിച്ചു എന്നു കരുതാമോ?
ഒരു പ്രത്യേക ഗണം മനുഷ്യരായി ഉദ്യോഗസ്ഥരെ കണക്കാക്കുന്നത് ശരിയല്ല. അവരും മനുഷ്യർതന്നെ. തിരക്കുകളിൽ ജീവിക്കുന്നവർ. സർവകാര്യങ്ങളുടെയും തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥനായിരുന്നില്ലേ ഞാൻ. കൂടുതൽ കൃതികൾ രചിക്കണമെന്ന ആഗ്രഹം ഇപ്പോഴുണ്ട്. എന്നാൽ, വ്യക്തമായൊരു ആസൂത്രണം ഇല്ലെന്നു തീർത്തുപറയാം.
◆മഹാത്മ ഗാന്ധിയുടെ ഒാർമകൾ സൂക്ഷിക്കുന്നുണ്ടോ? അദ്ദേഹത്തിെൻറ പൗത്രന്മാർ സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കാതിരിക്കുന്നതിെൻറ കാരണം പറയാമോ?
മഹാത്മജിയെക്കുറിച്ച് നേരിയ ഒാർമകൾ പോലുമില്ല. അതൊരു മഹാനഷ്ടമായി കരുതുന്നു. അദ്ദേഹത്തിെൻറ പൗത്രന്മാർ രാഷ്ട്രീയ മണ്ഡലം ഉപേക്ഷിച്ചു എന്ന വാദം ശരിയല്ല. ഗാന്ധിജിയുടെ ഏറ്റവും പ്രായമുള്ള പൗത്രി സുമിത്ര കുൽക്കർണി ദീർഘകാലം രാജ്യസഭാംഗമായിരുന്നു. എെൻറ ജ്യേഷ്ഠൻ രാജ്മോഹൻ ഗാന്ധി ജനതാദൾ ടിക്കറ്റിൽ രാജ്യസഭയിൽ എത്തുകയുണ്ടായി.
◆ഒരെഴുത്തുകാരൻ എന്ന നിലയിൽ താങ്കളെ വ്യാകുലപ്പെടുത്തുന്നതാണോ സമകാലികാനുഭവങ്ങൾ?
എന്നെ എഴുത്തുകാരെൻറ കള്ളിയിലോ മറ്റേതെങ്കിലും ശ്രേണിയിലോ ബന്ധിച്ചു നിർത്തുന്നതിനോട് യോജിക്കുന്നില്ല. ഇൗ മനുഷ്യമഹാസാഗരത്തിലെ ഒരു ജല ബിന്ദുവായാണ് ഞാൻ എന്നെ കാണാറുള്ളത്. ഞാൻ നിരാശപ്പെടാറുണ്ട്, ആഘോഷിക്കാറുമുണ്ട്. ഞാൻ നോവനുഭവിക്കുന്നു, പ്രാർഥിക്കുന്നു, ദൈവത്തിനു നന്ദിപറയുന്നു. ഞാൻ ആകുലപ്പെടാറുണ്ട്, ആഹ്ലാദപൂർവം ചിരിച്ചുല്ലസിക്കാറുമുണ്ട്. ഒരുപക്ഷേ, ഇത്തരം വിരുദ്ധവാസനകളാൽ, പൂരകങ്ങളല്ലാത്ത ലവണങ്ങളാൽ എന്തിനു മനുഷ്യസൃഷ്ടി നടത്തി എന്ന് ഞാൻ ഇൗശ്വരനോട് ആരായുകയുണ്ടായി. എനിക്ക് ഉത്തരം ലഭ്യമായില്ല.
● ● ●
ജയിലനുഭവങ്ങൾ നിഷ്ഠുരമാണെന്ന് തടവുകാർ. എന്നാൽ, തടവുപുള്ളികളുടെ പ്രശ്നങ്ങൾ നാം സൗകര്യപൂർവം വിസ്മരിക്കുന്നു. അന്തേവാസികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് ജയിൽ അധികൃതരുടെ ബാധ്യത അല്ലെന്നോ? ജയിൽപ്പുള്ളികൾ ആർക്കുമുന്നിൽ പരാതി ബോധിപ്പിക്കും? ജയിലിലെ ദയനീയ സാഹചര്യങ്ങൾ അവരുടെ ശാരീരിക -മാനസിക നിലകൾ തകർക്കാൻ നിമിത്തമാകരുത്.
‘തുറന്ന ജയിൽ’ എന്ന സങ്കൽപം പ്രാവർത്തികമാക്കാൻ സമയമായെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞമാസം മുംബൈയിലെ ബൈക്കുള ജയിലിലെ ഒരു തടവുകാരി െകാല്ലപ്പെട്ടത് വാർഡൻ സ്വകാര്യ ഭാഗങ്ങളിൽ കമ്പികൊണ്ട് ഇടിച്ചതുമൂലമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുകയുണ്ടായി.
വനിത പൊലീസുകാരായിരുന്നു ഇൗ മർദന മുറ പരീക്ഷിച്ചത്. പൊലീസിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കുന്നതോടെ എല്ലാം ശുഭമാകുമെന്ന ധാരണ തിരുത്താൻ സമയമായി. ജയിലിലെ സാഹചര്യങ്ങൾ സ്വീകരിക്കുക എന്നതുമാത്രമാണ് പോംവഴി. മൃഗങ്ങളെപ്പോലെ മനുഷ്യരെ കൂട്ടിലടക്കുന്ന സമ്പ്രദായം ഉപേക്ഷിക്കുകയും അവരെ മനുഷ്യരായി തുടരാൻ അനുവദിക്കുകയും ചെയ്യുന്ന സമൂല പരിവർത്തനം ഇന്ത്യയിൽ സാധ്യമാകുമോ എന്ന് ആരായേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.