ആണധികാരത്തി​െൻറ പ്രതികാരവാഞ്​ഛ


അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാട്ടിൽ സ്ത്രീകൾ പുരുഷനെ തല്ലുമ്പോൾ (അയാൾ സാമൂഹികവിരുദ്ധനാണെങ്കിൽപോലും) രണ്ടു പക്ഷമുണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ല. ഏതു വിഷയം കൈയിലെടുത്താലും അതിൽ ഒരു യു.ഡി.എഫ് പക്ഷത്തെയും ഒരു എൽ.ഡി.എഫ് പക്ഷത്തെയും സൃഷ്​ടിക്കാനുള്ള വിരുത് മലയാള മാധ്യമങ്ങൾക്കുണ്ട്. ഒരു ചെറിയ പ്രകടനത്തിലൂടെ അവരെ തോൽപിച്ചുകൊണ്ട്​ സമൂഹത്തെ ഏറക്കുറെ സ്ത്രീവിരുദ്ധർ ഒരുവശത്തും സ്ത്രീവിരുദ്ധത അംഗീകരിക്കാത്തവർ മറുവശത്തും എന്ന നിലയിൽ വിഭജിക്കാൻ ആക്ടിവിസ്​റ്റുകളായ ഭാഗ്യലക്ഷ്മിക്കും ദിയ സനക്കും ശ്രീലക്ഷ്മി അറയ്ക്കലിനും കഴിഞ്ഞു.

സമൂഹത്തി​െൻറ ഗതി മാറ്റാനാവുന്ന ഒരു സംഭവമായാണ് ഞാൻ അതിനെ കാണുന്നത്. അങ്ങനെയൊരു ഗതിമാറ്റം പുരുഷാധിപത്യ ഭരണകൂടം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് പൊലീസ് ആ സ്ത്രീകൾക്കെതിരെ ഉടനടി ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേ​െസടുത്തത്. അവർ കൈകാര്യം ചെയ്ത വിജയ്‌ നായർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അയാളുടെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഭാഗ്യലക്ഷ്മിയുൾപ്പെടെ പലരും പൊലീസിന് നേര​േത്ത പരാതി നൽകിയിരുന്നു. ആ പരാതികളിൽ പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ ഭാഗ്യലക്ഷ്മിക്കും സംഘത്തിനും അവരുടെ മേൽ പൊലീസ് ആരോപിച്ച കുറ്റങ്ങൾക്ക് കാരണമായ ഇടപെടൽ നടത്തേണ്ടിവരില്ലായിരുന്നു. ഇക്കാര്യത്തിൽ പൊലീസി​െൻറ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചക്ക് മറയിടാനാണ് വനിത ആക്ടിവിസ്​റ്റുകൾക്കെതിരെ കേ​െസടുത്തിട്ടുള്ളത്.

പിണറായി വിജയൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശേഷം പതിവായി കേൾക്കുന്ന വാക്കുകളാണ് 'വീഴ്ച പറ്റി' എന്നത്. ഡി.ജി.പി തലത്തിൽ ഒന്നിലധികം പേർ സംസ്ഥാനത്തുണ്ട്. അത് പോരാഞ്ഞിട്ട് ഉപദേശം നൽകാനായി അടുത്തൂൺ പറ്റിയ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുമുണ്ട്. പ​േക്ഷ, വീഴ്ച തുടർക്കഥയായിരിക്കുന്നു.

വിജയ് നായരെയും ഭാഗ്യലക്ഷ്മിയെ യും സംഘത്തെയും ഒരുപോലെ കണക്കാക്കിക്കൊണ്ടാണ് കേസുകൾ എടുത്തിട്ടുള്ളത്. ഇത് ഒരു ചോദ്യം ഉയർത്തുന്നു: പൊലീസിന് വേട്ടക്കാരനെയും ഇരകളെയും തിരിച്ചറിയാൻ കഴിയുന്നില്ലേ? രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇരുവിഭാഗത്തിൽ പെട്ടവർക്കുമെതിരെ പൊലീസ് കേസെടുക്കാറുണ്ട്. അതിൽ ഒരു നിഷ്പക്ഷത പ്രഖ്യാപനം അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമല്ല തിരുവനന്തപുരത്ത് നടന്നത്.

സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ നടത്തുന്ന അശ്ലീല അപവാദ പ്രചാരണത്തെക്കുറിച്ച് ചോദിക്കാനാണ് തങ്ങൾ ചെന്നതെന്നും ആക്രമണോദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിട്ടുണ്ട്. നിയമത്തിനു പുല്ലുവില കൽപിച്ചുകൊണ്ട് സ്ത്രീകളെ ആക്രമിക്കുന്ന ഒരു സാമൂഹികവിരുദ്ധനെ ശാരീരികമായി നേരിടാൻ മുൻകൂട്ടി പദ്ധതിയിട്ടാണ് അവർ പോയതെങ്കിൽ ആക്രമിക്കാനും പ്രത്യാക്രമണമുണ്ടായാൽ പ്രതിരോധിക്കാനും ആവശ്യമായ ആയുധങ്ങൾ കൈയിൽ കരുതുമായിരുന്നില്ലേ? മഷിയും (ഇനി കരി ഓയിലാണെങ്കിൽ അതും) മൊബൈൽ ഫോണും ആ ഗണത്തിൽ പെടുന്നില്ല. ആ നിലക്ക്​ അയാൾ തെറിവിളിക്കുകയും ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തപ്പോൾ തങ്ങൾ പ്രതികരിക്കുകയായിരുന്നു എന്ന ഭാഗ്യലക്ഷ്മിയുടെ ഭാഷ്യം വിശ്വസനീയമാണ്. നിയമം കൈയിലെടുത്തതി​െൻറ പേരിൽ ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ പല പുരുഷന്മാരും ഉറഞ്ഞുതുള്ളുന്നത് കണ്ടു. സ്ത്രീകൾ ഉപയോഗിക്കാത്ത, അഥവാ ഉപയോഗിച്ചുകൂടാത്ത, തെറിവാക്കുകൾ അവർ ഉപയോഗിച്ചു എന്നൊരാക്ഷേപം അവർ ഉയർത്തിയിട്ടുണ്ട്. അവരെ അലോസരപ്പെടുത്തുന്നത് തെറിവാക്കുകളല്ല, സ്ത്രീമുഖത്തുനിന്ന് ഒരു പുരുഷൻ അവ കേൾക്കേണ്ടിവന്നതാണ്. അതിനെ അവർ ആണധികാരത്തിനു നേരെയുള്ള വെല്ലുവിളിയായി കാണുന്നു. അത് ശരിയാണുതാനും.

പൊലീസി​െൻറ കടുത്ത നടപടിയിലും സമൂഹമാധ്യമങ്ങളിലെ ധാർമികരോഷ പ്രകടനത്തിലും പ്രതിഫലിക്കുന്നത് മുറിവേറ്റ ആണധികാരത്തി​െൻറ പ്രതികാരവാഞ്​ഛയാണ്. അത് ഇനിയും പല വേദികളിലും പല രൂപത്തിലും പ്രത്യക്ഷപ്പെടാനിടയുണ്ട്. ഭരണഘടനയിൽ തുല്യതയും തുല്യാവകാശങ്ങളും എഴുതിവെച്ചിട്ടുണ്ടാകാം. പക്ഷേ, തങ്ങൾ കൽപിച്ച് അനുവദിക്കുന്നതുവരെ അതൊക്കെ പ്രായോഗികമാക്കാമെന്ന പൂതി വേണ്ടെന്ന സന്ദേശമാണ് ജാതിമത-രാഷ്​ട്രീയ ആൺകോയ്മ നൽകുന്നത്.

യാഥാർഥ്യബോധത്തോടെ ഈ വിഷയത്തെ സമീപിക്കുമ്പോൾ വ്യാപകമായ ഇൻറർനെറ്റ് ദുരുപയോഗവും അടിക്കടി അവതരിക്കുന്ന രാഷ്​ട്രീയപ്രേരിതവും അല്ലാത്തതുമായ സദാചാരസംഘങ്ങളുടെ പ്രവർത്തനവും അവഗണിക്കാനാവില്ല. സാങ്കേതികവിദ്യ ലോകത്തെ എല്ലാ അറിവും വിരൽത്തുമ്പിൽ എത്തിച്ചിട്ടുണ്ട്. പക്ഷേ, അറിയാനുള്ളതെല്ലാം മതാചാര്യന്മാരും രാഷ്​ട്രീയാചാര്യന്മാരും പറഞ്ഞുകഴിഞ്ഞെന്നു വിശ്വസിക്കുന്നവർ എന്ത് അറിവ് തേടാനാണ്? ഇൻറർനെറ്റിനെ മലീമസമാക്കുന്നത് വ്യക്തികളും സംഘങ്ങളും മാത്രമല്ല, അപഥസഞ്ചാരം നടത്തുന്ന മാധ്യമസ്ഥാപനങ്ങളും അക്കൂട്ടത്തിലുണ്ട്.

പൊതുരംഗം സംശുദ്ധമാണെന്ന് ഉറപ്പാക്കാനുള്ള ചുമതല പൂർണമായും സർക്കാറിനും പൊലീസിനും വിട്ടുകൊടുക്കേണ്ട ഒന്നല്ല. ഓരോ സംഘടിത വിഭാഗത്തിനും സ്വന്തം കൂട്ടത്തെ നേർവഴിക്കു നയിക്കാനാകണം.

Tags:    
News Summary - Patriarchy Society in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.