ലോകമെമ്പാടും മനുഷ്യാവകാശ പ്രവർത്തകർ, പത്രപ്രവർത്തകർ, അഭിഭാഷകർ, വിമതർ, പ്രതിപക്ഷ നേതാക്കൾ, ന്യായാധിപർ എന്നിങ്ങനെ പലരെയും ഇസ്രായേൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈബർ സുരക്ഷ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ് വിൽക്കുന്ന പെഗസസ് എന്ന ഹാക്കിങ് ക്രമീകരണം ഉപയോഗിച്ച് സ്വേച്ഛാധിപത്യഭരണകൂടങ്ങൾ രാപ്പകൽ നിരീക്ഷണത്തിൽ ആക്കി വേട്ടയാടുന്നു. ഇതു വെറും സോഫ്റ്റ്വെയർ അല്ല മറിച്ച്, സൈനിക ഗ്രേഡ് സൈബർ ആയുധ സംവിധാനമാണ്. പാരിസിലെ സ്വതന്ത്ര മാധ്യമസ്ഥാപനമായ ഫോർബിഡൻ സ്റ്റോറീസും ആംനെസ്റ്റി ഇൻറർനാഷനലും നിരീക്ഷിക്കപ്പെടുന്നവരുടെയും നിരീക്ഷണത്തിന് ഇരയാവാൻ സാധ്യതയുള്ളവരുടെയും ഒരു പട്ടിക കരസ്ഥമാക്കി. അത് എങ്ങനെ സാധിച്ചു എന്നത് അത്ര പ്രസക്തമല്ല; ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യവുമില്ല.
ഇസ്രായേൽ ഭരണകൂടത്തിന്റെ വിദേശ, സൈനിക, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പരിശോധനക്കുശേഷം വിദേശ സർക്കാർ ഏജൻസികൾക്ക് മാത്രമാണ് പെഗസസ് വിൽക്കുന്നത്. ഭീകര സംഘടനകളെ നിരീക്ഷിക്കാൻ എന്നു പറഞ്ഞാണ് ഭരണകൂടങ്ങൾ ഇതു വാങ്ങുന്നത്. എന്നാൽ, മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും പത്രപ്രവർത്തകരെയും മറ്റും വകവരുത്താൻ വ്യാപകമായി ഉപയോഗിക്കുന്നു. ഇസ്രായേൽ സർക്കാർ പലപ്പോഴും ഇതിനെല്ലാം അറിഞ്ഞുകൊണ്ട് കൂട്ടുനിൽക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഫലസ്തീൻ ജനനേതാക്കളെയും ഇത്തരം സൈബർ ചാര ക്രമീകരണങ്ങൾ ഉപയോഗിച്ചതാണ് ഇസ്രായേൽ വേട്ടയാടുന്നത്. ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ഹാക്കിങ് ഇന്ത്യൻ ജനാധിപത്യത്തിന് മാരക ഭീഷണിയാണ്; ജനാധിപത്യപരമായ എല്ലാ പ്രവർത്തനങ്ങളെയും അടിമുടി തകർക്കുന്ന ഭരണകൂട ഭീകരത.
ലോകമെമ്പാടും ഈ സൈബർ ആയുധം ഉപയോഗിക്കപ്പെട്ടുവെന്ന് വ്യക്തമായെങ്കിലും ഏറ്റവും മാരകമായി പ്രയോഗിക്കപ്പെട്ടത് ഇന്ത്യയിലാണ്. ഇതുവഴി ഏകാധിപത്യഭരണം ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനകളെയും ജനാധിപത്യ വ്യവസ്ഥയുടെ എല്ലാ അടിസ്ഥാന ഘടകങ്ങളെയും ദുർബലപ്പെടുത്തുകയും അവയുടെ സ്വതന്ത്രപ്രവർത്തനം അസാധ്യമാക്കുകയുമാണ്. ഇന്ത്യയിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ അർഹിക്കുന്ന ഗൗരവത്തോടെ ഇതിനോട് പ്രതികരിച്ചിട്ടില്ല. അധികാര ദുർവിനിയോഗം അവസാനിപ്പിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും താൽക്കാലികമായെങ്കിലും ഒത്തുചേർന്നു പ്രവർത്തിക്കണം.
ഇത്തരം സൈബർ ചാര ആക്രമണങ്ങൾ ഭരണകൂടം നടത്തുണ്ട് എന്ന് നമ്മളിൽ പലരും ഏറെ നാളായി സംശയിച്ചിരുന്നു. ആശങ്കകൾ സ്ഥിരീകരിക്കുന്ന നിഗമനങ്ങളും അന്വേഷണ ഫലങ്ങളുമാണ് കാനഡയിലെ ടൊറേൻറാ സർവകലാശാലയിൽ പ്രവർത്തിക്കുന്ന സിറ്റിസൺ ലാബ് നടത്തിയ പഠനത്തിലും ആഗോളതലത്തിൽ സൈബർ സുരക്ഷ മേഖലയിൽ മുന്നിൽനിൽക്കുന്ന അമേരിക്കയിലെ ആഴ്സനൽ കൺസൾട്ടിങ് നിർവഹിച്ച ഫോറൻസിക് പരിശോധനയിലും നാം കണ്ടത്.
ഇപ്പോൾ ഭീമ കൊറേഗാവ് കേസിൽ, യു.എ.പി.എ നിയമത്തിൽ കുടുക്കി, വിചാരണ കാത്ത് ജയിലിൽകഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരുടെയും വിമത ബുദ്ധിജീവികളുടെയും മറ്റും ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഗുരുതരമായ കുറ്റങ്ങൾ ചുമത്താൻവേണ്ടി, രേഖകളും ഇ-മെയിൽ സന്ദേശങ്ങളും ഹാക്ക് ചെയ്ത് കുത്തിത്തിരുകി എന്നാണ് ഈ സൂക്ഷ്മപരിശോധനകൾ അസന്ദിഗ്ധമായി കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിൽവെച്ച് 'കൊല്ലപ്പട്ട' ഫാ. സ്റ്റാൻ സ്വാമിയും ഇതിൽ ഉൾപ്പെടും.
വളരെ സങ്കീർണമായ നവസാങ്കേതിക വിദ്യ ഒരുഭാഗത്തുള്ളപ്പോൾ, മറുഭാഗത്ത് തികച്ചും പ്രാകൃതമായ കാര്യങ്ങൾ ആണ് നടക്കുന്നത്. നുഴഞ്ഞുകയറിയ ഫോണിലും കമ്പ്യൂട്ടറിലും ടാബ്ലെറ്റിലും നിന്നുമൊക്ക കിട്ടുന്ന വിവരങ്ങൾ റെക്കോഡ് ചെയ്ത് സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നു. ഒരുപാട് ആളുകളുടെ സ്വകാര്യത ലംഘിച്ച്, അവരുടെയും അവരുമായി ബന്ധം പുലർത്തുന്നവരുടെയും വാക്കുകളും പ്രവൃത്തികളും രാപ്പകൽ (24x7) തത്സമയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് അതിഭീമമായസംരംഭം തന്നെയാണ്. ഇതു നേരത്തേ എഡ്വേഡ് സ്നോഡെൻ പറഞ്ഞ മെറ്റാേഡറ്റ (metadata) ക്രോഡീകരിച്ച് പരിശോധിക്കുന്നതുപോലെ അല്ല, മറിച്ച് തൽക്ഷണ ഡേറ്റ നിരീക്ഷണവും സംഭരണവുമാണ്.
മെറ്റാേഡറ്റ ശേഖരണം, സംഭരണം, വിശകലനം എന്നിവക്ക് മോദി സർക്കാർ വൻ തുക ചെലവഴിച്ചിട്ടുണ്ട് . ആധാർ േഡറ്റബേസ് കൂടാതെ പര്യവേക്ഷണത്തിനായി ബൃഹത്തായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായൊഴുക്കിയ കോടികൾ ദേശസുരക്ഷയുടെ ചെലവിലാണെഴുതിയത്. മെറ്റാേഡറ്റ ശേഖരണം പ്രധാനമായും കമ്പ്യൂട്ടർ വഴിയാണ്. മെറ്റാഡേറ്റ എന്നാൽ യഥാർഥ സംഭാഷണങ്ങൾ, വിഡിയോ, മറ്റു വിവരങ്ങൾ എന്നിവയല്ല, പകരം ഫോൺ വിളി ഏതു നമ്പറിൽ നിന്ന് അവിടേക്ക് എപ്പോൾ വിളിച്ചു, ഇടപാടുകൾ ആരെല്ലാം തമ്മിൽ എപ്രകാരം നടത്തി തുടങ്ങിയവയാണ്.
ഇതെല്ലാം യാന്ത്രികമായി (automated) കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് നടത്തുന്നത്, മിക്കവാറും വ്യക്തികൾ ആരാണെന്ന് വിശ്ലേഷണം നടത്തുന്ന സമയത്ത് അതു ചെയ്യുന്ന ജീവനക്കാരൻ അറിഞ്ഞിരിക്കണമെന്നില്ലതാനും. ഇതിൽ നിന്ന് വ്യത്യസ്തമായി, തത്സമയ േഡറ്റ ശ്രദ്ധിക്കാനും പ്രോസസ് ചെയ്യാനും മനുഷ്യഇടനിലക്കാർ ആവശ്യമാണ്.
പെഗസസ് വിലയേറിയ ഡിജിറ്റൽ ചാര ക്രമീകരണമാണ്. ഓരോ ഇരയെ നിരീക്ഷിക്കുന്നതിനും ലക്ഷങ്ങൾ ചെലവുണ്ട്. അജിത് ഡോവൽ നയിക്കുന്ന ദേശീയ സുരക്ഷാ സമിതി സെക്രട്ടേറിയറ്റിന് (എൻ.എസ്.സി.എസ്) 2017ലെ കേന്ദ്ര ബഡ്ജറ്റിൽ നീക്കിവെച്ച തുക മുൻവർഷത്തിലെ 81 കോടി രൂപയിൽ നിന്ന് കുത്തനെ 333 കോടിയാക്കി അതായത്, 311 ശതമാനം കൂട്ടി. 2018-19ൽ ഇവരുടെ യഥാർഥ ചെലവ് 812 കോടി രൂപ ആയി വർധിച്ചുവെന്ന് പെഗസസ് ചാരപ്രവർത്തനത്തെ സംബന്ധിച്ച് പ്രതികരിക്കവെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടികാണിക്കുന്നു.
ഒരു ഇസ്രായേലി കമ്പനി നിർമിക്കുന്ന ചാരപ്പണിക്കോപ്പുകൾ ഉപയോഗിച്ച് നിരീക്ഷണവിധേയരാക്കപ്പെട്ടവരുടെ ഭാഗികമായ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവ്വിധം പ്രവർത്തിക്കാൻ മടികാണിക്കാത്ത ഭരണകൂടത്തിന് ഇത്ര കുറച്ച് ആളുകളെ നിരീക്ഷിച്ചാൽ മതിയാവില്ലതന്നെ. മറ്റനേകം ആക്ടിവിസ്റ്റുകളെയും നേതാക്കളെയും മാധ്യമപ്രവർത്തകരെയും അക്കാദമീഷ്യന്മാരെയും നിരീക്ഷിക്കാനും വേട്ടയാടാനും ഉപയോഗിച്ച സംവിധാനമേതെന്ന് മറ്റൊരു ഘട്ടത്തിൽ മാധ്യമ-മനുഷ്യാവകാശ കൂട്ടായ്മകളാരെങ്കിലും വെളിപ്പെടുത്തുേമ്പാൾ മാത്രമാവും നമ്മളറിയുക.
മൊത്തത്തിൽ നോക്കിയാൽ, സംഭാഷണങ്ങൾ കേൾക്കാനും വ്യക്തികളെ പിന്തുടരാനും രാപ്പകൽ നിരീക്ഷിക്കാനും ശേഖരിക്കുന്ന രഹസ്യവിവരങ്ങൾ ഒന്നിലധികം ഏജൻസികളുമായി പങ്കിടാനും ഗണ്യമായ മാനവ വിഭവശേഷി വിന്യസിക്കുന്നുണ്ട്. എം.പിമാരും പാർട്ടികളും മാധ്യമങ്ങളും ജനകീയ സംഘടനകളും പെഗസസ്ഹാക്കിങ്ങിനു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുക തന്നെവേണം. നമ്മുടെ ജനങ്ങൾക്കു നേരെ ചാരപ്പണി നടത്തിയതാരെല്ലാമെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
(സെൻറർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെൻറൽ സ്റ്റഡീസ് വിസിറ്റിങ് ഫെലോയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.