വിഖ്യാത ചൈനീസ് തത്ത്വചിന്തകൻ ലാവോത്സുവിെൻറ കാലത്ത് നടന്നതായി കരുതുന്ന ഒരു സംഭവമുണ്ട്. ലാവോത്സുവിെൻറ ശിഷ്യരിലൊരാൾ ന്യായാധിപനായി. അദ്ദേഹത്തിനു മുന്നിൽ വിചിത്രമായ ഒരു മോഷണക്കേസ് വന്നു. ബോധപൂർവമാണ് കളവ് നടത്തിയതെന്നും എന്നാലത് തനിക്ക് വേണ്ടിയായിരുന്നില്ലെന്നും മോഷ്ടാവ് തുറന്നുപറഞ്ഞു. ഒരു നേരത്തെ ആഹാരം പോലുമില്ലാതെ കഷ്ടപ്പെടുന്ന പട്ടിണിപ്പാവങ്ങൾക്ക് വേണ്ടിയായിരുന്നു മോഷ്ടിച്ചതെന്നും അഹങ്കാരിയായ വാദി സ്വത്ത് കുന്നുകൂട്ടിവെച്ചിരിക്കുന്നത് അനീതിയാണെന്നും അയാൾ വിശദീകരിച്ചു. വിചാരണക്കുശേഷം ന്യായാധിപൻ കള്ളനെ കുറ്റമുക്തനാക്കിയെന്നു മാത്രമല്ല ഹരജിക്കാരനായ ധനാഢ്യന്റെ സമ്പാദ്യത്തിെൻറ പകുതി പിഴയായി ഈടാക്കാനും ഉത്തരവിട്ടു. പിഴയായി വാങ്ങിയ പണം മുഴുവൻ പാവങ്ങൾക്കായി വിതരണം ചെയ്തുവെന്നാണ് കഥ. ലാവോത്സു ശിഷ്യനായ ആ പഴയ ന്യായാധിപന്റെ നിരീക്ഷണത്തെ ശരിവെക്കുന്ന ഒന്ന് പിൽക്കാലത്ത് കേരളത്തിൽ സംഭവിച്ചു. പതിവ് കള്ളൻ സങ്കൽപങ്ങളെ തിരുത്തിയ സാക്ഷാൽ കായംകുളം കൊച്ചുണ്ണിയായിരുന്നു അത്. ഭരണാധികാരികളുടെ ഉറക്കംകെടുത്തി വർഷങ്ങളോളം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ അതിസമർഥനായ മോഷ്ടാവ് കൊച്ചുണ്ണിയെ (1818-1859) കുറിച്ചുള്ള ബൃഹദ് ജീവചരിത്രം അണിയറയിൽ തയാറാവുകയാണ്. ഇത്തരമൊരു രചനക്കുപിന്നിൽ ആരാണ് എന്നുള്ളിടത്താണ് കൗതുകം. എന്നും എവിടെയും കള്ളന്മാർക്ക് എതിരെ നിൽക്കുന്നവരാണ് പൊലീസുകാർ. ആ പതിവിന് തിരുത്തലായി 'വെറുമൊരു മോഷ്ടാവ്' അല്ലാത്ത കൊച്ചുണ്ണിയെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തിയത് കേരള പൊലീസിലെ എസ്.പി റാങ്കിലുള്ള ഡോക്ടർ എ. നസീമാണ്.

കൊച്ചുണ്ണി ഒളിവിൽ കഴിഞ്ഞുവെന്ന് പറയുന്ന കരുനാഗപ്പള്ളിക്കടുത്ത വവ്വാക്കാവിൽ ജനിച്ച നസീമിനെ സംബന്ധിച്ചിടത്തോളം ചെറുപ്പം മുതൽ കേട്ടുപോന്ന കൊച്ചുണ്ണിയെ കുറിച്ചുള്ള കഥകൾ മനസ്സിൽ രൂഢമൂലമായിരുന്നു. പൊലീസിൽ എത്തിയതോടെ കൊച്ചുണ്ണിയുടെ ജീവിതകഥ രചിക്കുന്നത് ഒരേസമയം നിമിത്തവും നിയോഗവുമായി മാറുകയായിരുന്നു. 200 വർഷത്തിനിപ്പുറവും ഒരു കള്ളൻ ജനമനസ്സുകളിൽ നിലകൊള്ളണമെങ്കിൽ നിശ്ചയമായും അതിനുപിന്നിൽ നന്മയും ചില സത്യവുമൊക്കെ ഉണ്ടാകുമെന്നാണ് ഡോ.നസീം പറയുന്നത്.

ചിത്രീകരണം: വിനീത് എസ്. പിള്ള

കേരളീയരുടെ റോബിൻഹുഡ്

കൊച്ചുണ്ണിക്ക് കേരളത്തിെൻറ റോബിൻഹുഡ് എന്ന മറ്റൊരു വിശേഷണമുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയും അതിനെ അടിസ്ഥാനമാക്കി പുറത്തുവന്നതും വരാനിരിക്കുന്നതുമായ ചലച്ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും നാടകങ്ങളിലൂടെയും ലഭിച്ച വിവരങ്ങളാണ് മലയാളികളുടെ മനസ്സിലുള്ളത്. എന്നാൽ എങ്ങനെയാണ് കൊച്ചുണ്ണി മറ്റുള്ളവരിൽനിന്ന് വ്യതിരിക്തനായതെന്നും മരിച്ച് 163 വർഷമായിട്ടും ജനപ്രിയനായി തുടരാൻ ഒരു മോഷ്ടാവിന് കഴിയുന്നത് എങ്ങനെയാണെന്നുമുള്ള അന്വേഷണത്തിെൻറ അവസാന ഘട്ടത്തിലാണ് 27 വർഷമായി കേരള പൊലീസിൽ പ്രവർത്തിക്കുന്ന ഡോ.എ. നസീം. കൊച്ചുണ്ണിയെക്കുറിച്ച് അര വ്യാഴവട്ടക്കാലമായി തുടരുന്ന ഗവേഷണാത്മക അന്വേഷണം സിനിമ തിരക്കഥയിലെ കേവലം കള്ളനും പൊലീസും കളിയല്ല. കൃത്യമായ പൊലീസിങ്ങ് അടക്കമുള്ള ശാസ്ത്രീയ കുറ്റാന്വേഷണ രീതികളിൽ അധിഷ്ഠിതമായ ഗൗരവപൂർണമായ പഠനം കൂടിയാണ്. 'കായംകുളം കൊച്ചുണ്ണി: ഒരു ഓടനാടൻ വീരഗാഥ' എന്ന 600ഓളം പേജുകൾ വരുന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥത്തിെൻറ അവസാന മിനുക്കുപണികളിലാണ് തിരുവനന്തപുരം സിറ്റി പൊലീസിലെ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമീഷണറായ ഡോ.നസീം, അദ്ദേഹം പറയുന്നു:

കുപ്രസിദ്ധ തസ്ക്കരനെ മഹത്ത്വവൽക്കരിക്കുന്നോ?

''അത്തരമൊരു ലക്ഷ്യം ഒരിക്കലും എന്റെ മുന്നിലുണ്ടായിരുന്നില്ല. കൊച്ചുണ്ണിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഒരു ചിത്രമുണ്ട്. ക്രൂരമായ മൂന്ന് കൊലപാതകങ്ങളും ഒട്ടനവധി മോഷണങ്ങളും ഉൾപ്പെടെ കൊച്ചുണ്ണിക്ക് എതിരെ ഗുരുതരമായ പല കുറ്റങ്ങളും ചാർത്തപ്പെട്ടിരുന്നു. എന്നിരുന്നാലും, നാട്ടുകാർക്കിടയിൽ ഒരു വീരപുരുഷന്റെ പരിവേഷമായിരുന്നു നിലനിന്നിരുന്നത്. ഒരിക്കൽ പോലും വ്യക്തിപരമായുള്ള ധനസമ്പാദനത്തിനായി കൊച്ചുണ്ണി മോഷണം നടത്തിയിരുന്നില്ല. നടത്തിയ കളവുകളും മോഷണരീതികളും പരിശോധിച്ചപ്പോൾ അത് ബോധ്യമായി. നിർധനർക്കുവേണ്ടി നിലകൊണ്ട കൊച്ചുണ്ണിയെ തികഞ്ഞ ഒരു സോഷ്യലിസ്റ്റായി മാത്രമേ വിശേഷിപ്പിക്കാനാവൂ.

അനുമതിയില്ലാതെ ഒരാളുടെ സാധനങ്ങൾ കവരുന്നത് തീർച്ചയായും മോഷണം തന്നെയാണ്. പ​േക്ഷ, തനിക്കു വേണ്ടിയല്ലാതെ മോഷണം നടത്തിയ കൊച്ചുണ്ണിയെ ഒരിക്കലും കള്ളനെന്ന് മുദ്രകുത്താൻ പാടില്ല. കായംകുളം പ്രദേശത്തെ പുതിയ തലമുറയിൽപെട്ടവർ പോലും ഇന്നും കൊച്ചുണ്ണിയെ തികഞ്ഞ ആദരവോടെ 'അദ്ദേഹം' എന്ന് മാത്രം വിശേഷിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ഗവേഷണത്തിെൻറ ഭാഗമായി ലഭിച്ച പല പഴയകാല ഗ്രന്ഥങ്ങളിലും വിവിധ മതങ്ങളിൽപെട്ട നിരവധി കുടുംബ ചരിത്ര സ്മരണികകളിലും ഒന്നിൽപോലും കൊച്ചുണ്ണിയെ കുറ്റപ്പെടുത്തുന്ന ഒരു വരി പോലുമുണ്ടായിരുന്നില്ല. അതേസമയം, അദ്ദേഹത്തിെൻറ വീര സാഹസിക കഥകൾ സവിസ്തരം വിശദീകരിക്കുന്നുമുണ്ട്. മിക്കവാറും പാവങ്ങൾക്ക് നൽകാനായി അരിയും നെല്ലുമാണ് കൊച്ചുണ്ണി മോഷ്ടിച്ചിരുന്നത്. ദരിദ്രനായി ജനിച്ച് അങ്ങനെത്തന്നെ ജീവിച്ച കൊച്ചുണ്ണി മരിക്കുേമ്പാഴും അതേ അവസ്ഥയിലായിരുന്നു. ഞാനായി കൊച്ചുണ്ണിയെ ബോധപൂർവം വിശുദ്ധനാക്കി മാറ്റാൻ ശ്രമിക്കുന്നേയില്ല. കള്ളനാണെങ്കിലും നേരും നെറിയുമുള്ള ഒരാളായിരുന്നു കൊച്ചുണ്ണിയെന്നാണ് അന്വേഷണത്തിെൻറ എല്ലാ ഘട്ടത്തിലും ലഭിച്ച വിവരങ്ങൾ. എന്തിനേറെ, പത്തനംതിട്ടയിലെ കോഴഞ്ചേരിക്ക് അടുത്തുള്ള ഏടപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്നായ കായംകുളം കൊച്ചുണ്ണി ജാതിമതഭേദ​െമന്യേയാണ് ആരാധിക്കപ്പെടുന്നത്. കുപ്രസിദ്ധനായിരുന്ന കൊച്ചുണ്ണിയുടെ പേരിനൊപ്പം ചേർക്കപ്പെട്ട കായംകുളം പിൽക്കാലത്ത് ആരുടെയും മനസ്സിൽ കടന്നുവരുേമ്പാളൊക്കൊ അതേ ആൾ തന്നെയാണ് സ്മരിക്കപ്പെടുന്നത്.

നാടകത്തിലെയും സിനിമയിലെയും കൊച്ചുണ്ണി

രണ്ടോ മൂന്നോ മണിക്കൂർ നീളുന്ന ചലച്ചിത്രത്തിലോ നാടകത്തിലോ എന്തിന് ഒന്നോ രണ്ടോ വർഷം വരെ നീട്ടിക്കൊണ്ടുപോകാൻ കഴിയുന്ന ടെലിവിഷൻ പരമ്പരയിലോ പോലും കൊച്ചുണ്ണിയുടെ യഥാർഥ ചിത്രം വരച്ചുകാണിക്കാൻ കഴിയില്ല. 1966ൽ സത്യനും 2018ൽ നിവിൻ പോളിയും കൊച്ചുണ്ണിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ആറാട്ടുപുഴ വേലായുധപ്പണിക്കരെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത പുറത്തിറങ്ങാനിരിക്കുന്ന 'പത്തൊമ്പതാം നൂറ്റാണ്ടി'ലും കൊച്ചുണ്ണി കടന്നുവരുന്നുണ്ട്. അതിൽ ചെമ്പൻ വിനോദാണ് കൊച്ചുണ്ണിയുടെ വേഷം കൈകാര്യം ചെയ്തത്. യുവനടൻ മണിക്കുട്ടനാണ് കായംകുളം കൊച്ചുണ്ണിയായി സീരിയലിൽ വേഷമിട്ടത്. രണ്ടാം ഭാഗമെന്ന നിലയിൽ 'കായംകുളം കൊച്ചുണ്ണിയുടെ മകൻ' എന്നൊരു സീരിയലും ചാനലിൽ വന്നു. ഇതിനൊക്കെ വളരെ മുമ്പ് നൂറുകണക്കിന് വേദികളിൽ വിജയകരമായി അവതരിപ്പിച്ച നാടകത്തിൽ പ്രമുഖ നടൻ അരവിന്ദാക്ഷ മേനോനാണ് കൊച്ചുണ്ണിയെ അനശ്വരമാക്കിത്. സാക്ഷാൽ സത്യൻ, കായംകുളം കൊച്ചുണ്ണിയുടെ വേഷമിട്ടെങ്കിലും പലരുടെയും മനസ്സിലുള്ള കൊച്ചുണ്ണിയുടെ രൂപം അരവിന്ദാക്ഷ മേനോേൻറതാണ്.നാടകത്തിലെ കഥാപാത്രമായ അരവിന്ദാക്ഷമേനോെൻറ ചിത്രമാണ് പലപ്പോഴും കൊച്ചുണ്ണിയുടേതായി മിക്കയിടത്തും ആധികാരികമായി പ്രസിദ്ധീകരിച്ച് വരുന്നത്. വാസ്തവത്തിൽ കൊച്ചുണ്ണിയുടെ കാലശേഷമാണ് വിദേശത്തു പോലും ഫോട്ടോഗ്രഫി പ്രചാരത്തിലെത്തുന്നത്.

ഡി.സി.പി ഡോ.  എ. നസീം (photo: പി.ബി. ബിജു)

കാഴ്ചയിലും പെരുമാറ്റത്തിലും സുന്ദരൻ

ആറടി പൊക്കത്തിൽ അതീവ സുന്ദരനായ വ്യക്തിയായിരുന്നു കൊച്ചുണ്ണി. ആജാന ബാഹുവായ കൊച്ചുണ്ണിയുടെ ആകാരവടിവും മുഖസൗന്ദര്യവും ശബ്ദസൗകുമാര്യവും ആകർഷണീയമായിരുന്നു. വെളുത്ത് ചുവന്നു തുടുത്ത നിറവും നീണ്ട കണ്ണുകളും വളഞ്ഞ് ഇരുണ്ട പുരികക്കൊടികളുമായി അദ്ദേഹത്തിന് വശ്യമായ ശരീരമായിരുന്നു. വിവിധ ആയോധനകലകൾ സ്വായത്തമാക്കിയ തികഞ്ഞ അഭ്യാസികൂടിയായിരുന്ന കൊച്ചുണ്ണിയുടെ വിരിഞ്ഞമാറും ഒതുങ്ങിയ അരക്കെട്ടും ആരെയും ആകർഷിക്കാൻ പോന്നതായിരുന്നു. ഇതിനെല്ലാംപുറമെ, സൗമ്യവും മധുരവുമായ പെരുമാറ്റത്തിലൂടെ ഏതൊരാളെയും വശത്താക്കാനും കൊച്ചുണ്ണിക്ക് പ്രത്യേക വൈഭവവുമുണ്ടായിരുന്നു. അത്തരമൊരു കള്ളൻ അതിനു മുമ്പും പിമ്പും ജീവിച്ചിരുന്നില്ലെന്നുതന്നെ പറയണം. ഏഴുമുതൽ 21 വയസ്സുവരെ എല്ലാ ആയോധന കലകളും അഭ്യസിച്ച കൊച്ചുണ്ണി ഒരിക്കൽപോലും പിതാവിെൻറ വഴിയിൽ മോഷ്ടാവായി മാറാൻ ആഗ്രഹിച്ചിരുന്നയാളല്ല. പ​േക്ഷ, ജീവിത സാഹചര്യങ്ങൾ അതിലേക്ക് എത്തിക്കുകയായിരുന്നു.

ആദ്യ കസ്റ്റഡി മരണം

കേരളമായിരുന്നില്ലെങ്കിലും പണ്ടത്തെ 'കേരളത്തിലെ' രേഖപ്പെടുത്തപ്പെട്ട ആദ്യ കസ്റ്റഡി മരണം തീർച്ചയായും കായംകുളം കൊച്ചുണ്ണിയുടേതാണ്. ഒരുപ​േക്ഷ, രാജ്യത്തെ തന്നെയും രേഖപ്പെടുത്തപ്പെട്ട ആദ്യ കസ്റ്റഡി മരണം അത് തന്നെയാകാനാണ് സാധ്യത. നിരവധി പേർ പൊലീസ് കസ്റ്റഡിയിൽ മരിച്ചിട്ടുണ്ടാകാമെങ്കിലും അതൊന്നുംതന്നെ രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. ക്രൂരമായ ലോക്കപ്പ് മർദനത്തിനിരയായി തിരുവനന്തപുരം പന്തിരു ഠാണാവിൽ(സെൻട്രൽ ജയിൽ) വെച്ച് മരിച്ച കൊച്ചുണ്ണിയെ തിരുവനന്തപുരത്തെ പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്. കിഴക്കേ കോട്ടയിലെ ഇന്നത്തെ സംസ്ഥാന പുരാരേഖ (ആർക്കൈവ്സ്) സ്ഥിതിചെയ്യുന്ന സ്ഥലമാണ് പന്തിരു ഠാണാവ്. അവിടെനിന്നു തന്നെ കൊച്ചുണ്ണിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു എന്നത് മറ്റൊരു അപൂർവതയാണ്.

കൊച്ചുണ്ണിയുടെ ജീവിതം

കായംകുളം കൊച്ചുണ്ണിക്ക് നാലുമക്കളായിരുന്നു. അദ്ദേഹത്തിെൻറ പൂർവികരെയും പിൻതലമുറയിലെ പലരുടെയും ചിത്രങ്ങളും ഉൾപ്പെടുത്തി ഒരു വംശാവലിയും തയാറാക്കുന്നുണ്ട്. കൊച്ചുണ്ണിയെ ഖബറടക്കിയ ഇടം എന്നതുപോലെ അദ്ദേഹം പിറന്നുവീണ സ്ഥലവും കളരിയഭ്യസിച്ച പാഠശാലയും പിടികൂടപ്പെട്ട സ്ഥലവുമൊക്കെ കണ്ടെത്താനായി. പഴയ രേഖകളിൽ കൊച്ചുണ്ണിയുടെ ചരിത്രം തിരയുന്നതിനിടയിൽ അക്കാലത്തെ പല കുപ്രസിദ്ധ തസ്ക്കരവീരന്മാരെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ഇത്തരക്കാർ നടത്തിയ പല മോഷണങ്ങളും കൊച്ചുണ്ണിയുടെ തലയിൽ ചാർത്തിക്കൊടുക്കപ്പെട്ടുവെന്ന വിവരങ്ങളും ബോധ്യമായി. ആർക്കൈവ്സിൽ നിന്ന് ലഭിച്ച രേഖകളിൽ പല ആധികാരിക വിവരങ്ങളും പുസ്തക രചനയിൽ ഏറെ സഹായകമായി. അതിൽ കൗതുകമായ ഒന്ന് കൊച്ചുണ്ണിയെ പിടികൂടുന്നതിനായി പഴയ മലയാള ഭാഷയിൽ സർക്കാർ തയാറാക്കിയ പരസ്യ നോട്ടീസാണ്.

കൊച്ചുണ്ണിയെ പിടിച്ചാൽ 50 ഉറുപ്പിക

'കുല, കവർച്ച വലിയ കുറ്റങ്ങളിൽ ഉൾപ്പെട്ടിട്ടും തടവിൽ നിന്നും ചാടിപ്പോയിട്ടും ഉള്ള കായംകുളത്തു കൂടെത്ത് ജൊനകൻ കൊച്ചുണ്ണി എന്നവനെ പിടിച്ച് ഏൽപ്പിക്കുന്നവന് 50 രൂപ ഇനാം കൊടുപ്പിക്കുമെന്ന് മുമ്പിൽ വിളംബരം പ്രസിദ്ധപ്പെടുത്തിയിട്ടും പിടികിട്ടിയില്ലാത്തതിനാലും അവൻ ഇപ്പഴും കായംകുളം ഉൾപ്പെട്ട പ്രദേശങ്ങളിൽ തന്നെ സഞ്ചരിച്ച് ഓരോ കുറ്റങ്ങൾ നടത്തിവരുന്നതായും കണ്ടു. കൊച്ചുണ്ണി എന്നവനെ തൂപ്പ വെച്ച് പിടിക്കുന്നവർക്ക് ഇനാമും പ്രാപ്തിക്ക് തക്കതായ ജീവനവും കൊടുപ്പിക്കുമെന്ന് നിഷ്കർഷയായിട്ട് എഴുത്ത് കൊടുത്ത് അയച്ചിരുന്നതിൻമണ്ണം തിരക്കിയതിൽ ഇവനെ നേരെ പിടിക്കുന്നത് പ്രയാസകരമായിട്ട് കാണുകയാൽ കീരിക്കാട്ട് കണക്ക് കൊച്ചുപിള്ള മുതൽപേരോട് ഇതുമായി ചട്ടംകെട്ടി കൊച്ചുണ്ണി എന്നവനെ 20ന് രാത്രിയിൽ അമ്പിയിൽ എന്ന ഒരു വീട്ടിൽ വെച്ച് പിടിച്ച് ഠാണാവിലാക്കിയതല്ലാതെയും 22ന് കൂടി അയക്കുന്നതിന് വെളിയിൽ ഇറക്കിയതിെൻറ ശേഷം ഇവനെ പിടികിട്ടി കാണുന്നതിലുള്ള സന്തോഷത്തിൻ പേരിൽ അധികമായിട്ട് ആൾക്കൂട്ടം ഒന്നാകയും തഹശീൽ ദാരും കൂടെ വന്ന് അതിർത്തി കടത്തി കരുനാഗപ്പള്ളിയിൽ തഹശീൽദാരെ ഏൽപ്പിച്ച് കൂട്ടി അയയ്ക്കയും ചെയ്തിരിക്കുന്നു എന്നും കാർത്തികപ്പള്ളിയിൽ തഹശീൽദാരും എഴുതിയ സാധനം വന്നിരിക്കുന്നു.'

കൊച്ചുണ്ണിയെ പിടികൂടിയത് ആറാട്ടുപുഴ വേലായുധപ്പണിക്കരോ?

ഒരിക്കലുമല്ല. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരും(1825-1874) കൊച്ചുണ്ണിയും(1818-1859) സമകാലികരും അടുത്തടുത്തുള്ള പ്രദേശത്തുകാരുമായിരുന്നുവെന്നത് വാസ്തവമാണ്. അതിനാൽ മാത്രം ചിലരുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ ചരിത്ര വസ്തുതകളെന്ന മട്ടിൽ പടച്ചുവിടുകയായിരുന്നു എന്നുവേണം കരുതാൻ. ആയില്യം തിരുനാൾ മഹാരാജാവിെൻറ കാലത്ത് ഭരണകൂടത്തിന് കൊച്ചുണ്ണിയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ ആ ചുമതല ആൾബലമുള്ള പണിക്കരെ ദിവാൻ സർ ടി. മാധവരായർ ഏൽപ്പിച്ചു എന്നൊരു ഭാഷ്യം പ്രചാരത്തിലുണ്ട്. അങ്ങനെ കൊച്ചുണ്ണിയെ പിടികൂടിയതിന് മഹാരാജാവ് പണിക്കർക്ക് പട്ടും വളയും നൽകി ആദരിച്ചുവെന്നും അടുത്തിടെപോലും പലയിടത്തും പരാമർശിക്കപ്പെട്ടു കണ്ടു. അത്തരമൊരു സംഭവം ഒരു കാരണവശാലും നടന്നുകാണാനിടയില്ല. അക്കാലത്തെ സാമൂഹിക ചരിത്രത്തിൽ സാമാന്യധാരണയുള്ള ഒരാൾക്കും അങ്ങനെ കരുതാനും കഴിയുകയില്ല. കാരണം അധഃസ്ഥിത ജനവിഭാഗത്തിനെതിരെയുള്ള സവർണശക്തികളുടെ ദുഷ്ടപ്രവൃത്തികൾക്കെതിരെ സാമ്പത്തികമായും കായികമായും ഇടപെടൽ നടത്തിവന്ന വേലായുധപ്പണിക്കർ അധികാര കേന്ദ്രങ്ങളുടെ കണ്ണിലെ കരടായിരുന്നു. അതിനാൽത്തന്നെ, അത്തരമൊരു ചുമതല രാജാവ് ഒരുകാരണവശാലും വേലായുധപ്പണിക്കരെ ഏൽപ്പിക്കാനിടയില്ല. ദുർവ്യാഖ്യാനങ്ങളോടെ ചരിത്രത്തെ വളച്ചൊടിക്കാനായി നടക്കുന്ന ശ്രമങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ പുസ്തകത്തിന് കഴിയും. ആറാട്ടുപുഴ വേലായുധപ്പണിക്കരല്ല അതിനു പിന്നിലെന്ന് സ്ഥാപിക്കാൻ കഴിയുന്ന കണ്ടെത്തലുകൾ പുസ്തകത്തിലുണ്ട്. തിരുവനന്തപുരത്ത് പന്തിരുഠാണാവിൽ നായർ പട്ടാളത്തിെൻറ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങിയാണ് 91ാം ദിവസം കൊച്ചുണ്ണി മരണമടയുന്നത്. പൊലീസി​െൻറയും ജയിലി​െൻറയും ചുമതല അന്ന് ഔദ്യോഗിക രേഖകളിൽ നായർ ബ്രിഗേഡ് എന്ന് കാണുന്ന നായർ പട്ടാളത്തിെൻറ കൈകളിലായിരുന്നു. ഒപ്പം യഥാർഥത്തിൽ ഒറ്റുകൊടുത്ത മറ്റു പലരുടെയും പേരുവിവരങ്ങളും ഉണ്ടാകും. അവരിലൊരാളായ സുഹൃത്തായിരുന്ന വടക്കടത്ത് കൊച്ചുപിള്ള കുറ്റബോധത്താലായിരുന്നിരിക്കണം പിന്നീട് ആത്മഹത്യചെയ്തു.

കൊച്ചുണ്ണിയുടെ കസ്റ്റഡി മരണവും ഗവേഷണവും

1956 മുതൽ 2016 വരെയുള്ള കസ്റ്റഡി മരണങ്ങളെ ആസ്പദമാക്കിയുള്ള ഗവേഷണം മുൻനിർത്തിയാണ് ഭാരതിയാർ സർവകലാശാലയിൽ നിന്നും പബ്ലിക്ക് അഡ്മിനിസ്ട്രേഷനിൽ പിഎച്ച്.ഡി ലഭിച്ചത്. കൊച്ചുണ്ണിയെ കുറിച്ച് പഠിച്ച് ആധികാരികമായ ഒരു ഗ്രന്ഥം എഴുതണം എന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ഗ്രന്ഥരചന അവസാന ഘട്ടത്തിലാണ്. ഏറെ വിയോജിപ്പുകൾ ഉന്നയിക്കാമെങ്കിലും കായംകുളത്തുകാരുടെ ഹൃദയത്തിൽ ഇന്നും കൊച്ചുണ്ണി ജീവിക്കുകയാണ്. കാലാന്തരത്തിൽ അതൊരു മിത്തായി മാറിയേക്കാം.സമൂഹത്തിൽ നിലനിന്ന അനീതി​െക്കതിരെ വേറിട്ട മാർഗത്തിലൂടെ പോരാടിയ കൊച്ചുണ്ണി വാസ്തവത്തിൽ ജാതിവെറിയുടെ ഇരയായി മാറുകയായിരുന്നു. പുസ്തകത്തിലൂടെ കടന്നുപോകുന്ന വായനക്കാരന് മിത്തിന് അപ്പുറം കൊച്ചുണ്ണിയുടെ യഥാർഥ വ്യക്തിത്വം കൃത്യമായി ബോധ്യപ്പെടും. ചുരുക്കത്തിൽ The end justifies the means എന്ന തത്ത്വം കായംകുളം കൊച്ചുണ്ണിക്കു മുന്നിൽ അന്വർഥമായി മാറുന്നുവെന്നിടത്താണ് ഞാൻ പുസ്തകം അവസാനിപ്പിക്കുന്നത്.

Tags:    
News Summary - Police officer writing biography of Kayamkulam Kochunni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.