ഭരണഘടനയുടെ 340ാം അനുച്ഛേദ പ്രകാരം ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ (അദർ ബാക്ക് വേർഡ് കമ്യൂണിറ്റീസ്) അവസ്ഥയെയും പ്രാതിനിധ്യത്തെയും പറ്റി വിലയിരുത്താൻ 1953ൽ കേന്ദ്ര സർക്കാർ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അതിലുള്ള നിഗമനങ്ങളോട് സർക്കാറിനുള്ള വിയോജിപ്പുമൂലം തള്ളിക്കളയുകയാണുണ്ടായത്.
പിന്നീട് വിവിധ തലങ്ങളിൽനിന്നുമുണ്ടായ സമ്മർദഫലമായി 1979ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി മേൽപറഞ്ഞ വിഷയത്തെത്തന്നെ ആധാരമാക്കി പുതിയൊരു റിപ്പോർട്ട് സമർപ്പിക്കാൻ ബി.പി. മണ്ഡലിനെ നിയമിച്ചു. 1980 ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടെങ്കിലും ഒന്നരപ്പതിറ്റാണ്ടോളം അതിന്മേൽ നടപടിയൊന്നുമുണ്ടായില്ല.
ഇതേസമയം, 1980കളോടെ ഇന്ത്യയിൽ പുതു ദലിത്-പിന്നാക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശക്തിപ്രാപിക്കാൻ തുടങ്ങി. പ്രത്യേകിച്ച് പശുമേഖലകൾ എന്നറിയപ്പെടുന്ന ബിഹാറിലും ഉത്തർപ്രദേശിലും സമീപസ്ഥലങ്ങളായ പഞ്ചാബിലും ഡൽഹിയിലും ഇവ വലിയ ബഹുജന പ്രക്ഷോഭ മുന്നണികളായി മാറി. കാൻഷിറാം, ലാലുപ്രസാദ് യാദവ്, മുലായംസിങ് യാദവ്, മായാവതി, രാംവിലാസ് പസ്വാൻ, ശരദ് യാദവ് മുതലായ നേതാക്കളും അവർ നേതൃത്വം കൊടുത്ത പ്രസ്ഥാനങ്ങളും മുഖ്യധാര രാഷ്ട്രീയ കക്ഷികൾക്കൊപ്പം സവർണാധികാര ശക്തികൾക്കും കടുത്ത പരിഭ്രാന്തിയാണുളവാക്കിയത്.
ജാതി ‘തിരിച്ചുകൊണ്ടുവരുന്നു’ ‘രാഷ്ട്രത്തെ വീണ്ടും വിഭജിക്കുന്നു’ ‘അഖണ്ഡതയെ അപകടപ്പെടുത്തുന്നു’ ‘ഹിന്ദുക്കളെ തമ്മിലടിപ്പിക്കുന്നു’ എന്നിങ്ങനെയുള്ള കടുത്ത എതിർപ്രചാരണം ഈ രാഷ്ട്രീയത്തിനെതിരെ ഉന്നയിക്കപ്പെട്ടു. രാജ്യത്തെ ദേശീയ-പ്രാദേശിക മാധ്യമങ്ങളും നാഗരിക മധ്യവർഗവും വൻകിട മുതലാളിത്ത ശക്തികളും ഉദ്യോഗസ്ഥ മേധാവിത്വവും കോടതികളുമടങ്ങുന്ന സവർണ ആഭിജാത്യ വിഭാഗങ്ങൾ മേൽപറഞ്ഞ പുതുരാഷ്ട്രീയ രൂപവത്കരണങ്ങളെ പിശാചുവത്കരിക്കാൻ മുന്നിട്ടിറങ്ങി.
മണ്ഡൽ കമീഷൻ റിപ്പോർട്ടിനോട് സമൂഹത്തിലെ വ്യവസ്ഥാപിത സംഘടിത ശക്തികൾക്ക് കടുത്ത അസംതൃപ്തി ഉണ്ടാകാൻ സവിശേഷമായ കാരണമുണ്ട്. ഈ റിപ്പോർട്ടിന്റെ ഏറ്റവും പ്രധാന വശം അത് കേവലമായി പരിരക്ഷകൾ മുന്നോട്ടുവെക്കുന്നതിനുപകരം, സമൂഹത്തിന്റെ പരിവർത്തനാത്മകമായ ദിശയിലേക്ക് നോട്ടംപായിച്ചു എന്നതാണ്. തൊഴിൽ സംവരണത്തിനുപരി ഭൂപരിഷ്കരണം, വ്യാവസായിക വികാസം, പ്രാതിനിധ്യ ജനാധിപത്യത്തിലെ കീഴാളരുടെ പങ്കാളിത്തം തുടങ്ങിയ ഭാവനകളും ഉന്നയിച്ചു.
ഇന്ത്യൻ മുഖ്യധാര രാഷ്ട്രീയത്തെ ദൂരവ്യാപകമായ തരത്തിൽ സംഘർഷത്തിൽ പെടുത്തിയ പുതുകീഴാള പ്രസ്ഥാനങ്ങളാണ് ഇരുട്ടുമുറിയിൽ പൂട്ടിവെച്ചിരുന്ന മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചത്.
ഇതിൽ എടുത്തുപറയേണ്ടത് കാൻഷിറാമിന്റെ പേരാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർണാടകയിലും ആന്ധ്രാപ്രദേശിലും ആയിരക്കണക്കിന് കിലോമീറ്ററുകൾ സൈക്കിൾ പ്രചാരണം നടത്തിയും പതിനായിരങ്ങൾ പങ്കെടുത്ത നൂറുകണക്കിന് മഹാറാലികൾ സംഘടിപ്പിച്ചും മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്ന ആവശ്യത്തെ അദ്ദേഹം ഒരു ബഹുജന പ്രക്ഷോഭതലത്തിലേക്ക് ഉയർത്തിയെടുത്തു.
ഉത്തരേന്ത്യയിൽ ഉയർന്നുവന്ന ഇത്തരം ബഹുജന രാഷ്ട്രീയ മുന്നേറ്റങ്ങൾക്കൊപ്പം കോൺഗ്രസിന്റെ ഭരണനഷ്ടവും നിരന്തരമായ രാഷ്ട്രീയ അനിശ്ചിതത്വവുമാണ് ദേശീയരംഗത്ത് രൂപപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് 1996 ആഗസ്റ്റ് ഏഴാം തീയതി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ് മണ്ഡൽ കമീഷൻ റിപ്പോർട്ട് ഭാഗികമായി നടപ്പിലാക്കാൻ തീരുമാനിച്ചത്.
ഇതിനെതിരെ ഇന്ത്യയിലെ വൻനഗരങ്ങളെ കേന്ദ്രീകരിച്ച് സവർണ മധ്യവർഗം തുടങ്ങിയ പ്രതിവിപ്ലവത്തിന്റെ ഫലമായി വി.പി. സിങ് സർക്കാർ നിലംപതിച്ചു. ഈ പ്രതിലോമശക്തികൾക്കൊപ്പം മുഖ്യധാര രാഷ്ട്രീയ കക്ഷികൾ തെളിവിലും വ്യവസ്ഥാപിത ഇടതുപക്ഷം മറവിലും നിലയുറപ്പിച്ചു. ഇത്തരം വിള്ളലുകളെ തങ്ങൾക്ക് അനുകൂലമാക്കിമാറ്റിയാണ് ഹിന്ദുത്വശക്തികൾ ശക്തിപ്രാപിച്ചത്.
ദേശീയതലത്തിൽ കേന്ദ്രസ്ഥാനത്തിലേക്ക് പ്രവേശിച്ച ഇവർ രഥയാത്ര നടത്തിയും ബാബരി മസ്ജിദ് തകർത്തും ഗുജറാത്തിൽ കൂട്ടക്കൊല നടത്തിയും ഹിന്ദുക്കളെ വംശീയമായി ഏകീകരിച്ചു. മാത്രമല്ല, കീഴാള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കാലുമാറ്റങ്ങളിലൂടെയും പുതിയ തരത്തിലുള്ള കാസ്റ്റ് എൻജിനീയറിങ്ങിലൂടെയും ശിഥിലീകരിച്ച് നിർവീര്യമാക്കി.
ഇപ്രകാരം അട്ടിമറികളിലൂടെയും വംശഹത്യകളിലൂടെയും ഭരണനിർവഹകരായി മാറിയവർ ഇന്ത്യയെ ഒരു ‘ലിഞ്ചിങ്’ രാഷ്ട്രമാക്കി പരിവർത്തനപ്പെടുത്തുകയാണ് ചെയ്തത്. എല്ലാതരത്തിലുമുള്ള പിന്നോട്ടടിയിലൂടെ ഇതേ ഘട്ടത്തിൽ ദക്ഷിണേന്ത്യയിലെ ദ്രാവിഡ രാഷ്ട്രീയവും ഉത്തരേന്ത്യയിലെ കീഴാള രാഷ്ട്രീയവും ശൈഥില്യങ്ങളെ അതിജീവിക്കാനും ഹിന്ദുത്വത്തിന്റെ ഭരണകൂട ഭീഷണിയെ നേർക്കുനേർ അഭിമുഖീകരിക്കാനും സന്നദ്ധമായി എന്നതാണ് ദേശീയ രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവായത്.
ഇതേ അവസരത്തിലാണ് ബിഹാറിലെ നിതീഷ് കുമാർ സർക്കാർ പുറത്തുവിട്ട ജാതി സെൻസസിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ വിലയിരുത്തേണ്ടത്.
എന്തുകൊണ്ടാണ് ജാതി സെൻസസ്, മണ്ഡൽ കമീഷൻ റിപ്പോർട്ടിന് സമാനമായ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്നും രാഷ്ട്രീയരംഗത്തും വൈജ്ഞാനിക മേഖലകളിലും അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നത്?
സവർണ ഹിന്ദുക്കൾക്കും നവ ആഭിജാത വിഭാഗങ്ങൾക്കുമുള്ള നെടുനായകത്വം തകർന്നടിയും എന്നതാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യാഘാതം.
ഹിന്ദുക്കൾ എന്നത് അവ്യക്തവും അമൂർത്തവുമായ ഒരു ഗണമായിരിക്കുമ്പോൾ സ്വാഭാവികമായും അതിന്റെ നായകസ്ഥാനം ഈ അധീശത്വ ശക്തികൾക്കായിരിക്കും.
ജാതി സെൻസസ് ഹിന്ദുക്കളെ പിന്നാക്കക്കാരും അതിപിന്നാക്കക്കാരുമായി വിഭജിക്കുന്നതിലൂടെ സവർണ ഹിന്ദുക്കളുടെ ജനസംഖ്യാപരമായ ന്യൂനസ്ഥാനം ഒരു മൂർത്ത യാഥാർഥ്യമാകുന്നതിനൊപ്പം, വസ്തുനിഷ്ഠമായ രേഖയായി മാറുകയാണ് ചെയ്യുന്നത്. അവർ അനർഹമായി കൈയടക്കിയിട്ടുള്ള അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടും, കൃത്രിമമായി കൽപിച്ചിട്ടുള്ള പ്രാതിനിധ്യത്തിൽ ഇടിവുപറ്റും.
രണ്ടാമത്തെ കാര്യം, പിന്നാക്ക സമുദായങ്ങൾ പൊതുവേ സവർണവത്കരണത്തിന്റെ പ്രലോഭനത്തിന് കൂടുതൽ വിധേയരാണെന്നതാണ്. ജാതി സെൻസസിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ സവർണ ഹിന്ദുക്കളുടെ നായകസ്ഥാനം നഷ്ടമാകുന്നതിലൂടെ മേൽപറഞ്ഞ പ്രലോഭനം ഗതിമാറാനാണ് സാധ്യതയുള്ളത്.
അവർ കൂടുതലായി ദലിത്-പിന്നാക്ക-ന്യൂനപക്ഷ സഹവർത്തിത്വ രാഷ്ട്രീയത്തിലേക്കും അതിന്റെ സാഹോദര്യ സമത്വചിന്തകളിലേക്കും ചേർന്നുനിൽക്കാൻ താൽപര്യപ്പെട്ടേക്കാം.
മൂന്നാമതായി, ഇന്ത്യയിലെ കോൺഗ്രസ് മുതലുള്ള മുഖ്യധാര കക്ഷികൾക്കും ഇടതുപക്ഷ പാർട്ടികൾക്കും ജാതിസെൻസസ് വെളിപ്പെടുത്തുന്ന സാമൂഹിക യാഥാർഥ്യങ്ങളെ അവഗണിക്കാൻ കഴിയാതെ വരുമെന്നതാണ്.
ഇത്തരത്തിലുള്ള പ്രത്യാഘാതങ്ങളെ കണക്കിലെടുക്കുന്നതിനൊപ്പം ശ്രദ്ധേിക്കേണ്ടതായ മറ്റൊരു പ്രധാന വിഷയമുണ്ട്. 1911ലെ സെൻസസിൽ ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിലെ ജാതിവ്യവസ്ഥയെ സംബന്ധിച്ച ചില സൂചനകളും നിർദേശങ്ങളും ഉൾക്കൊള്ളിച്ചിരുന്നു.
ആ സൂചനകൾ ഉന്നയിക്കപ്പെട്ടാൽ ജാതിഹിന്ദുക്കളുടെ സ്വയംകൽപിതമായ കർതൃത്വപദവി അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞ ലാല ലജ്പത്റായി അടക്കമുള്ള ദേശീയ പ്രസ്ഥാന നേതാക്കൾ വമ്പിച്ച പ്രക്ഷോഭം നടത്തി ബ്രിട്ടീഷ് അധികാരികളെ പിന്തിരിപ്പിക്കുകയാണ് ചെയ്തത്.
സമാനമായ സാഹചര്യം ഇപ്പോഴുമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ ഭൂരിപക്ഷം ബ്രാഹ്മണരുടെയും സവർണരുടെയും കൈപ്പിടിയിലാണ്. ഭരണകൂടത്തിലുള്ള അവരുടെ സ്വാധീനവും അധീശത്വവും ഉപയോഗിച്ച് ജാതി സെൻസസിൽ കൃത്രിമം കാട്ടാനോ കേവലം സാമ്പിൾ സർവേകൾ നടത്തി അതിനെ ഉപരിപ്ലവമാക്കി മാറ്റാനോ സാധ്യത വളരെയധികമാണ്. ഇങ്ങനെയുള്ള അട്ടിമറികൾക്ക് എതിരെയുള്ള ജാഗ്രതയും സമ്മർദവും കൂടെ കീഴാളപക്ഷത്തുനിന്ന് ഉയർന്നുവരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.