കഴിഞ്ഞവർഷം ജൂലൈ എട്ടിനായിരുന്നു ബുർഹാൻ വാനി സൈനികരാൽ കൊല്ലപ്പെട്ടത്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡറായിരുന്ന ആ യുവാവിെൻറ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങിയിട്ടില്ല. ക്ഷുഭിത യൗവനങ്ങളുടെ ഹൃദയങ്ങളിൽ തീപ്പൊരിപടർത്തിയ ആ മരണം ഉണർത്തിവിട്ട പ്രക്ഷോഭങ്ങളും അവ അടിച്ചമർത്താൻ അധികൃതർ കൈക്കൊണ്ട നടപടികളും ഇപ്പോഴും കശ്മീർ ജനതയുടെ സ്വാസ്ഥ്യം കവർന്നുകൊണ്ടിരിക്കുന്നു. ബുർഹാൻ വാനിയുടെ പേര് രേഖകളിൽനിന്ന് നീക്കം ചെയ്യാനാണ് ഇപ്പോഴത്തെ നീക്കങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രി ഉദ്യോഗസ്ഥർക്ക് അത്തരമൊരു നിർദേശം നൽകിക്കഴിഞ്ഞു. ഒൗദ്യോഗിക വിനിമയങ്ങളിൽനിന്ന് ആ നാമം ഒഴിവാക്കാനാണ് നിർദേശം. കശ്മീർപ്രശ്നം പരാമർശിക്കുേമ്പാൾ ആ നാമം കടന്നുവരരുത് എന്നാണ് അധികൃതരുടെ ആഗ്രഹം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് തവണ പരാമർശിക്കെപ്പട്ട ആ പേര് കൂടുതൽ മഹത്വവത്കരിക്കപ്പെടുമോ എന്ന ആശങ്കയും ഇത്തരമൊരു നീക്കത്തിെൻറ കാരണമായി കരുതപ്പെടുന്നു. ബ്രിട്ടനിലെ കശ്മീരി പ്രവാസികൾ ബുർഹാെൻറ പോസ്റ്ററുകൾ ലണ്ടനിലെ തെരുവുകളിൽ പതിച്ച് റാലി സംഘടിപ്പിച്ചത് ഇൗയിടെയായിരുന്നു.
ബുർഹാെൻറ പേരു കുറിച്ച ചുവരെഴുത്തുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഒാരോ തെരുവിൽനിന്നും മായ്ക്കുന്നതിൽ വ്യാപൃതരാണ് കശ്മീരിലെ നിയമപാലകർ. എന്നാൽ ആ നാമം അത്ര എളുപ്പം ജനഹൃദയങ്ങളിൽനിന്ന് അസ്തമിക്കാനിടയില്ല. കശ്മീരിലെ സംഭവപരമ്പരകളുടെ ദിശ തിരുത്തിക്കുറിച്ച നിർണായക സംഭവമായിരുന്നു ബുർഹാൻവധം. ബുർഹാൻ കൊല്ലപ്പെട്ടതോടെ ഇന്ത്യവിരുദ്ധർക്കും ഇന്ത്യ അനുകൂലികൾക്കും ഇടയിലെ അതിർത്തി രേഖകൾ മുമ്പില്ലാത്തവിധം സ്പഷ്ടമാവുകയുണ്ടായി. സംഭവം മുഖ്യമന്ത്രി മഹബൂബ മുഫ്തി നേതൃത്വം നൽകുന്ന പി.ഡി.പി-ബി.ജെ.പി സഖ്യസർക്കാറിന് ഏൽപിച്ച ആഘാതം കനത്തതായിരുന്നു. മുഖ്യമന്ത്രിപദത്തിൽ 100 ദിവസം തികക്കാൻ നാലു ദിവസം ബാക്കിയിരിക്കെയായിരുന്നു ബുർഹാൻ വധിക്കപ്പെട്ടത്. ആഭ്യന്തരവകുപ്പിെൻറ ചുമതലകൂടി ഉണ്ടായിരിക്കുമെന്ന് മഹ്ബൂബ വിവാദ സൈനിക ഒാപറേഷനെ സംബന്ധിച്ച് അറിഞ്ഞില്ലെന്ന മട്ടിൽ തുടക്കത്തിൽ പ്രതികരിച്ചെങ്കിലും ജനങ്ങൾ ആ അഭിനയം തിരിച്ചറിഞ്ഞതോടെ അവർ അടവുമാറ്റി.
ബുർഹാെൻറ സംസ്കാര ചടങ്ങിൽ തടിച്ചുകൂടിയ വൻ ജനാവലി ഭാവി പ്രക്ഷോഭങ്ങളിലേക്കുള്ള സൂചന കൂടിയായിരുന്നു. അഭൂതപൂർവമായ ജനകീയ പ്രക്ഷോഭ പരമ്പരകൾക്കാണ് തുടർന്ന് സംസ്ഥാനം സാക്ഷിയായത്. മഹ്ബൂബയും പിതാവ് മുഫ്തി മുഹമ്മദും ചേർന്ന് കെട്ടിപ്പടുത്ത പി.ഡി.പിക്ക് ലഭിച്ച രാഷ്ട്രീയ തിരിച്ചടി കൂടിയായിരുന്നു ഇൗ സംഭവം. ഫാറൂഖ് അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസിനുള്ള മികച്ച ബദലായി രംഗപ്രവേശം ചെയ്ത പി.ഡി.പി ദക്ഷിണ കശ്മീരിൽ വ്യാപക പിന്തുണ സ്വായത്തമാക്കിയിരുന്നു. എന്നാൽ, ബുർഹാൻ വധത്തോടെ പി.ഡി.പി നേതാക്കളും അണികളും മേഖലയിലെ അനഭിമത വ്യക്തികളുമായി പരിണമിച്ചു. പി.ഡി.പി സാമാജികനായ ഖലീൽ ബന്ദിനെ ജനക്കൂട്ടം തല്ലിച്ചതച്ചു.
ഫയാസ് ലാമൈ എന്ന പാർലമെൻറംഗത്തിെൻറ വീടിനുനേരെ ആക്രമണമുണ്ടായി. അവിടെ കാവൽനിന്ന പാറാവുകാരെ ജനക്കൂട്ടം നിരായുധരാക്കി. മേഖലയിൽ പര്യടനം നടത്താനെത്തിയ മഹ്ബൂബയുടെ വാഹനവ്യൂഹത്തിനു നേർക്ക് ജനക്കൂട്ടം കല്ലേറ് നടത്തി. ത്രാളിലെ സാമാജികൻ മുഷ്താഖ്ഷാക്ക് എട്ടുമാസത്തേക്ക് സ്വന്തം വീട്ടിൽ പോകാൻ പറ്റാത്ത സ്ഥിതിവിശേഷമുണ്ടായി. ഇത്തരം തീവ്ര പ്രതികരണങ്ങൾക്ക് പിന്നിൽ പ്രധാനമായി രണ്ടു കാരണങ്ങളാണ് നിരീക്ഷകർ കണ്ടെത്തുന്നത്. പി.ഡി.പി നേതൃനിരയുടെ നയവ്യതിയാനമാണ് പ്രഥമ കാരണം. ബി.ജെ.പിയെ അകറ്റിനിർത്തുമെന്ന വാഗ്ദാനത്തോടെ വോട്ടുപിടിച്ച പി.ഡി.പി ഒടുവിൽ ഭരണാധികാരം ഭദ്രമാക്കാൻ ബി.ജെ.പിയുമായി മുന്നണിബന്ധം സ്ഥാപിച്ചത് ജനങ്ങളിൽ സ്വാഭാവികമായും രോഷം വിതച്ചു. പി.ഡി.പിയുടെ ജനപ്രീതിയിൽ വൻ ഇടിവ് സംഭവിച്ചു.
മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സദാ വാചകക്കസർത്തുകൾ നടത്താറുള്ള മഹ്ബൂബക്ക് പല തടവുകാരെയും ജയിൽമുക്തി നൽകുമെന്ന വാഗ്ദാനം പാലിക്കാൻ സാധിച്ചില്ല. ഒരിക്കൽ മോചിപ്പിച്ച മാരാറത്ത് ആലമിനെ ബി.ജെ.പിയുടെ സമ്മർദം മൂലം വീണ്ടും തുറുങ്കിലടക്കേണ്ടതായും വന്നു. സൈന്യം കുട്ടികളെ വെടിവെച്ച് കൊന്നതിനെപോലും അവർ ന്യായീകരിച്ചു. പ്രതിഷേധകർക്കുനേരെ നടന്ന ബലപ്രേയാഗങ്ങളെയും അവർ സാധൂകരിച്ചു. രണ്ടാമതായി ബുർഹാൻവാനി ജനങ്ങൾക്കിടയിൽ പുലർത്തുന്ന അസാമാന്യ സ്വാധീനം. ബുർഹാൻ തെൻറ അവസാന വിഡിയോയിൽ നൽകിയ മുന്നറിയിപ്പ് ശ്രദ്ധേയമായിരുന്നു.
തീവ്രവാദികളെയും അവരുടെ അനുഭാവികളെയും തെരഞ്ഞെടുത്തു കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കാത്തപക്ഷം പൊലീസിനെ ഉന്നമിടുന്ന ആക്രമണങ്ങൾ നടത്താൻ മടിക്കില്ലെന്നായിരുന്നു ബുർഹാെൻറ മുന്നറിയിപ്പ്. അയാൾ വധിക്കപ്പെട്ടതോടെ നിയമപാലകരെ ലക്ഷ്യമിടുന്ന ആക്രമണങ്ങളാണ് വ്യാപകമായത്. പൊലീസിനെ ജനക്കൂട്ടം അടിച്ചുകൊന്ന സംഭവം അരങ്ങേറിയിട്ടും പ്രശ്നപരിഹാരത്തിന് ഉതകുന്ന നടപടികൾ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി സന്നദ്ധമാകുന്നില്ല. ബുർഹാൻവാനിയുടെ പിൻഗാമി സബ്സാർഭട്ട് കൂടി കൊല്ലപ്പെട്ടതോടെ കശ്മീരിെല അശാന്തി പതിന്മടങ്ങായി വർധിക്കുകയുണ്ടായി. തീവ്രവാദികളെ കൊലപ്പെടുത്തുന്നതും അവരുടെ വീടുകൾ ചാമ്പലാക്കുന്നതും മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം വികൃതമാക്കുന്നതും സൈന്യം തുടരുേമ്പാഴും തെരുവിലിറങ്ങുന്ന ജനക്കൂട്ടങ്ങളുടെ ബാഹുല്യം വർധിച്ചുവരുന്നു.
ഇൗ ഒരുവർഷക്കാലത്തിനിടെ ആശയവിനിമയങ്ങൾക്കും ജനങ്ങളുടെ പരസ്പര സമ്പർക്കങ്ങൾക്കും തടയിടാൻ മഹ്ബൂബ കടുത്ത നിയന്ത്രണങ്ങൾ സ്വീകരിക്കുകയുണ്ടായി. ദിനപത്രങ്ങൾ മുതൽ ഇൻറർനെറ്റ്, മൊബൈൽ ഫോൺ സൗകര്യങ്ങൾ വരെ നിരോധിക്കപ്പെട്ടു. ‘കശ്മീർ റീഡറിന്’ അധികൃതർ മൂന്നുമാസത്തെ വിലക്കാണ് പ്രഖ്യാപിച്ചത്. വാർത്ത വിനിമയോപാധികളുടെ വിലക്ക് സമീപഭാവിയിൽ അവസാനിക്കില്ലെന്നാണ് ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകൾ.
തെൻറ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികളാകും ഒരുപക്ഷേ, മഹ്ബൂബ അഭിമുഖീകരിച്ചുവരുന്നത്. പ്രതിസന്ധി സ്വന്തം കാൽക്കീഴിലെ മണ്ണ് നീങ്ങിപ്പോകുന്നവിധം ശക്തിപ്പെട്ടിരിക്കെ സമാധാനത്തിന് ഒരവസരം കൂടി നൽകാൻ അവർ ജനങ്ങളോട് അഭ്യർഥിക്കുന്നു. ഒരുപക്ഷേ, വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.