പുൽവാമയും പെരിയയും നമ്മെ നടുക്കിയ നാളുകളാണല്ലോ കടന്നു പോയിക്കൊ ണ്ടിരിക്കുന്നത്. കൊലപാതകങ്ങൾ എവിടെ, എപ്പോൾ നടന്നാലും മനുഷ്യർക ്ക് അസ്വസ്ഥജനകമാണ്. എല്ലാ കൊലപാതകങ്ങളും വ്യത്യസ്തങ്ങളാണ് എന്നി രിക്കെത്തന്നെ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ രാജ്യ-രാജ്യാന്ത ര പ്രശ്നങ്ങളിലുണ്ടാകുന്ന കൊലകളിൽനിന്ന് വ്യത്യസ്തമാകുന്നു. രീതി കൊണ്ടും കാരണങ്ങൾകൊണ്ടും തീർത്തും വേറിട്ട് കാണേണ്ടവയാണ് അവ. ഒരു സാമ ൂഹികപ്രശ്നം എന്ന നിലക്ക് പെരിയയിലേതുപോലുള്ള കൊലപാതകങ്ങൾ ആശ യപരമായിത്തന്നെ അടിമുടി അവലോകനം ചെയ്യേണ്ടതുണ്ട്. സമാധാനം കെടുത ്തുന്നതും ഭീതി ജനിപ്പിക്കുന്നതുമായ ഈ പ്രതിഭാസം കേരളസമൂഹത്തിൽനിന്ന് തുടച്ചുമാറ്റുന്നതിന് അത് അനിവാര്യമാണ്. അക്രമരാഷ്ട്രീയം, കൊലപാതക രാഷ്ട്രീയം എന്നിങ്ങനെ അപലപിക്കപ്പെടുന്ന ഇത്തരം കേസുകളിൽ അപ്പപ്പോഴത്തെ കുറ്റവാളികളെ കണ്ടുപിടിച്ചു ശിക്ഷിച്ചാൽ തീരാവുന്നതല്ല ഈ പ്രശ്നം.
കേരളത്തിൽ കൂടുതലുള്ള പ്രതിഭാസമാണ് പെരിയയിലേതുപോലുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ. നിരായുധരായ മനുഷ്യരെ അവരറിയാതെ പിന്തുടർന്നു തടുത്തുനിർത്തി കണ്ണിൽച്ചോരയില്ലാതെ വെട്ടിയും കുത്തിയും കൊല്ലുക എന്നത് മനുഷ്യത്വമുള്ളവർക്ക് സാധിക്കുന്നതെങ്ങനെ? നമ്മുടെ രാഷ്ട്രീയക്കാരുടെയിടയിൽ ഇത് പൗരുഷത്തിെൻറ അടയാളമായാണ് കാണപ്പെടുന്നത് എന്നതാണ് അത്ഭുതകരം. അങ്ങനെയെങ്കിൽ പൗരുഷമെന്നത് മനുഷ്യത്വമില്ലായ്മയാണെന്നു അനുമാനിക്കേണ്ടിവരും. ഒരു വണ്ടിയിൽ ബോംബ് വെക്കുന്നതോ സ്വന്തം ശരീരത്തിൽ ബോംബ് ഒളിച്ചുവെച്ച് ആൾക്കൂട്ടത്തിൽ ചെന്ന് പൊട്ടിത്തെറിക്കുന്നതോ പോലെയല്ല ഈ വെട്ടിക്കൊലകൾ. തീർത്തും കൈയൂക്കിെൻറ ആണത്തരാഷ്ട്രീയമാണിത് എന്നാണ് ഒരു സ്ത്രീപക്ഷ നോട്ടത്തിനു എടുത്തുപറയാനുള്ളത്. രാഷ്ട്രീയമെന്നത് ആണത്തം മൂത്തു കൈയൂക്ക് കാണിക്കലല്ല എന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ, നമ്മുടെ നാടിെൻറ പൊതുബോധംതന്നെ രാഷ്ട്രീയം എന്നാൽ അക്രമവും വെട്ടും കുത്തുമാണ് എന്നായി മാറിയിരിക്കുന്നു. ഇതിനു കാരണം ഇത്തരം അക്രമസംഭവങ്ങൾ പെരുകുന്നതുതന്നെയാണ്.
രാഷ്ട്രീയ ചിന്തയുടെ പുനർവിചിന്തനം
അക്രമം, കൊലപാതകം, രാഷ്ട്രീയം എന്നിവ കൂട്ടിച്ചേർത്ത് സന്ധി സമാസത്തിനു പറ്റിയ വാക്കുകളേയല്ല എന്ന് ജനം തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയമെന്നത് ആശയങ്ങളുടെയും ആദർശങ്ങളുടെയും പയറ്റലാണ്. അതിെൻറ അടിസ്ഥാനത്തിലായിരിക്കണം രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടത്. കക്ഷിരാഷ്ട്രീയക്കാരുടെയിടയിൽ ആശയവ്യക്തതയോ ആദർശങ്ങളോ ഒന്നുമില്ലാതായിരിക്കുന്ന കേരളത്തിൽ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്ത പുനരുജ്ജീവിച്ചാൽ മാത്രമേ പൗരുഷപ്രകടനങ്ങളുടെ അക്രമം അവസാനിക്കുകയുള്ളൂ. ഇത്തരം പുനർവിചിന്തനങ്ങൾ കേരളത്തിൽ കാമ്പസ് രാഷ്ട്രീയത്തിൽനിന്ന് തുടങ്ങണം. കലാലയ രാഷ്ട്രീയത്തിെൻറ പേരിൽ ശീലിക്കുന്ന വ്യക്തിവൈരാഗ്യപരമായ തല്ലും കൂത്തും കൊലയുമാണ് ഭാവിയിലും പുരുഷന്മാരായ പാർട്ടി അണികളെ നിർണയിക്കുന്നത്. കലാലയങ്ങളിൽനിന്ന് ഉണ്ടായിവരുന്ന പാർട്ടിബോധം കൂടുതലും ആൺകുട്ടികളിൽ മാത്രം തുടരുന്നു വെന്നത് ശ്രദ്ധേയമാണ്. അവർ പിന്നീടും ജീവിതത്തിൽ നേരമ്പോക്കിന് എന്നപോലെ പാർട്ടിക്കാരായി തുടരുകയും തല്ലാനും കൊല്ലാനും മടിയില്ലാത്ത അണികളായി മാറുകയും ചെയ്യുന്നു. രാഷ്ട്രീയവും താത്ത്വികാടിത്തറയും ശാസ്ത്രീയമായി പഠിക്കുന്നവർപോലും കലാലയങ്ങളിൽ നിസ്സാരമായ ആണത്ത അഹംബോധങ്ങൾക്കു മുകളിൽ അടിപിടി അക്രമങ്ങൾ നടത്തുന്നവരാകുന്നു. ഇത്തരം ലിംഗപദവി ബോധമില്ലായ്മ (െജൻഡർ ഇൻസെൻസിറ്റിവിറ്റി) എന്ന പ്രശ്നം തന്നെയാണ് അവരെ സ്വന്തം ജീവിതത്തിൽ ഭാര്യയെത്തല്ലിയും അമ്മയെത്തല്ലിയും വരെ ആക്കിത്തീർക്കുന്നതും. പെൺകുട്ടികൾക്കു രാഷ്ട്രീയം ഉണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ ചേർന്നാലും അവർ തല്ലിനും വെട്ടിനും പോകാതെയാണല്ലോ പ്രവർത്തിക്കുന്നത്. ഇത് രാഷ്ട്രീയപ്രവർത്തനമായി കണക്കാനാവില്ലെന്നാണോ നമ്മുടെ കേരളരാഷ്ട്രീയം/ജനത കരുതുന്നത്! ഇങ്ങനെ ചിന്തിച്ചാൽ രാഷ്ട്രീയപ്രവർത്തനത്തിലെ ലിംഗപദവി ചർച്ചചെയ്യാതെ പറ്റില്ല എന്നത് വ്യക്തമാവും. പാർട്ടികളിൽ െജൻഡർ സെൻസിറ്റൈസേഷൻ പരിപാടികൾ സംഘടിപ്പിക്കുക അനിവാര്യമാണ്. അതിെൻറ അടിസ്ഥാനത്തിലാണ് ഇനിയുള്ള കാലഘട്ടത്തിെൻറ മാറ്റങ്ങൾ നമ്മുടെ സമൂഹത്തിലുണ്ടാവുക.
സ്ത്രീകളുടെ പ്രാതിനിധ്യം രാഷ്ട്രീയത്തിലും പാർട്ടികളിലും അൽപമെങ്കിലും ഉണ്ടായിരിക്കുന്നു എന്നത് ഒരു സ്ത്രീപക്ഷ വിശകലനത്തിൽ ഇന്നത്തെ കാലത്തു തൃപ്തികരമാണെന്നു പറയാൻ പറ്റില്ല. എണ്ണത്തിൽ അവർ വളരെക്കുറവായിരിക്കുകയും പ്രധാന അധികാരസ്ഥാനങ്ങളിൽ ഇല്ലാതിരിക്കുകയും ചെയ്യുന്നത് വിമർശിക്കപ്പെടേണ്ടതാണ്. ഇതിനു മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആണത്തത്തിെൻറ കപടമുഖമായ അക്രമിയെ ചോദ്യംചെയ്യാൻ കഴിവുള്ള സ്ത്രീകൾ വർധിക്കും തോറും പാർട്ടികളിലെ അക്രമവാസന കുറയും. ലിംഗപദവി പ്രശ്നങ്ങൾ നിത്യ രാഷ്ട്രീയ പ്രവർത്തനത്തിൽതന്നെ ചർച്ചചെയ്യപ്പെട്ടാൽ പൗരുഷപ്രകടനങ്ങളുടെ അക്രമരാഷ്ട്രീയം കുറഞ്ഞുവന്നേക്കും. രാഷ്ട്രീയകൊലപാതകങ്ങൾ സ്ത്രീകളെ വഴിയാധാരമാക്കുന്നു, കുടുംബത്തിെൻറ താങ്ങും തണലും പോകുന്നു എന്നിങ്ങനെയുള്ള വേവലാതി ഇനി നമ്മൾ നിർത്തണം. നിലനിൽക്കുന്ന പുരുഷകേന്ദ്രിത കുടുംബവ്യവസ്ഥയിൽ അങ്ങനെ സംഭവിക്കും; അതാർക്കും അറിയാത്തതല്ലല്ലോ. സാമൂഹികപ്രശ്നങ്ങളെ ലിംഗപദവിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി പോംവഴികൾക്കായുള്ള ചർച്ചകൾ വരണം.
ആധുനികതയുടെ കാലത്തു പാശ്ചാത്യലോകത്ത് അക്രമം വിതച്ച യുദ്ധങ്ങൾ രാഷ്ട്രീയത്തിെൻറ പേരിലുണ്ടായതുതന്നെയാണ്. അധികാരത്തിെൻറ പേരിലും യുദ്ധങ്ങളുണ്ടായിട്ടുണ്ട് ചരിത്രത്തിൽ. പക്ഷേ, അതെല്ലാം യുദ്ധം പ്രഖ്യാപിച്ചു പരസ്പരം നേർക്കുനേരുള്ള മത്സരമായിരുന്നു. ഇപ്പോൾ കേരളത്തിൽ കണ്ടുവരുന്നപോലെ ഒരു നിരായുധനെ കുത്തിക്കൊല ചെയ്യുന്നതിന് ഒരിക്കലും ഒരു രാഷ്ട്രീയന്യായവും കാണാനാവില്ല. ആണത്തത്തിെൻറ ഹീനവും ലജ്ജാകരവുമായ നടത്തിപ്പാണത് എന്നു പറയാം. രാഷ്ട്രീയത്തിെൻറയും അധികാരത്തിെൻറയും പേരു പറഞ്ഞു നടത്തുന്ന കൊലപാതകങ്ങൾ ഏറ്റവും മ്ലേച്ഛമായ പൗരുഷചിന്തയാണ് വെളിവാക്കുന്നത്.
ഒരു പാർട്ടിക്കാർ മറ്റു പാർട്ടിയിലുള്ളവരെ ഏതെങ്കിലും അഭിപ്രായവ്യത്യാസത്തിെൻറയോ ദേഷ്യത്തിെൻറയോ പേരിൽ പിന്തുടർന്ന് തരം കിട്ടുമ്പോൾ വെട്ടിനുറുക്കിയിടുക! പലപ്പോഴും അത് അണികൾക്കിടയിലാരെങ്കിലും തമ്മിലുള്ള വ്യക്തിവൈരാഗ്യങ്ങളോ കൊടിപറിച്ചിട്ടതുപോലുള്ള നിസ്സാര കാര്യങ്ങളോ കാരണമാകാം! വിശാലമായ ആശയങ്ങൾ അടിത്തറയായുള്ള കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇങ്ങനെയുള്ള ഭീകരമുഖം വന്നുചേർന്നത് ഖേദകരംതന്നെ. പെരിയയിൽ അന്നാട്ടിലെ ഇടതുപക്ഷ മന്ത്രി ഇ. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കോൺഗ്രസുകാരുടെ വീട്ടിൽ പോയി ഖേദം പ്രകടിപ്പിക്കുകയും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇനിയിങ്ങനെ അക്രമം അനുവദിക്കില്ലെന്നു പ്രഖ്യാപിക്കുകയും, കുറ്റവാളികളായ പാർട്ടിക്കാർ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. മുന്പില്ലാത്ത വിധം നടപടികളും നല്ല ആത്മാവലോകനങ്ങളും രാഷ്ട്രീയപാർട്ടികൾ ചെയ്യുന്നത് ആശാവഹമാണ്. പക്ഷേ, അതുകൊണ്ടൊന്നും ഈ അറുകൊലകൾക്ക് അറുതിവരുമെന്ന് കരുതാൻ കഴിയില്ല. കാലഘട്ടത്തിനനുസരിച്ച മാറ്റങ്ങൾ രാഷ്ട്രീയപാർട്ടികളുടെ ഘടനയിലും അതിലെ അധികാര ശ്രേണീബന്ധത്തിലും വന്നേ മതിയാകൂ. സ്ത്രീകളായ അണികളെ കാപ്പിയുണ്ടാക്കാനും ചോറുണ്ടാക്കാനും ഫയലുകൾ/ കടലാസുകൾ കൊണ്ടുനടക്കാനും പറ്റിയ അണികളായി നിൽക്കാനും മാത്രം കണ്ടു പെരുമാറുന്ന ശീലം പൂർണമായും മാറ്റിയെടുക്കേണ്ടതുണ്ട്. അതുപോലെതന്നെ പുരുഷന്മാരായ അണികളെ ജാഥനയിക്കാനും കൊല്ലിനും കൊലക്കുമുള്ള ഉപകരണമാക്കുന്ന രീതിയും മാറേണ്ടതുണ്ട്. സ്ത്രീത്വത്തെക്കുറിച്ചും പൗരുഷത്തെക്കുറിച്ചും സമൂഹത്തിൽ രൂഢമൂലമായ ഈ സാംസ്കാരികാശയങ്ങൾ പുരോഗമനരാഷ്ട്രീയക്കാരും പിന്തുടരുന്നത് ശ രിയല്ലല്ലോ. ഇതിനാണ് ലിംഗപദവി പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് സ്ത്രീപക്ഷ രാഷ്ട്രീയം ആഹ്വാനം ചെയ്യുന്നത്.
ബോധവത്കരണത്തിെൻറ ആവശ്യകത
സ്ത്രീപക്ഷ സിദ്ധാന്തവും രാഷ്ട്രീയവും പാശ്ചാത്യമാണെന്നു തള്ളിക്കളയുന്ന രീതി നാട്ടിൽ പ്രചാരത്തിലുണ്ട്. എന്നാൽ, ഇതേ പാശ്ചാത്യലോകത്തെ ചിന്തകരാണ് നാട്ടിൽ പുരോഗമനരാഷ്ട്രീയത്തെ നയിക്കുന്നതും എന്നതാണ് വിരോധാഭാസം. മാർക്സിനും മുമ്പ് 18ാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായ ജ്ഞാനോദയം അവിടത്തെ രാഷ്ട്രീയത്തെയും സാമൂഹികജീവിതത്തെയും പാടെ മാറ്റിമറിച്ചു. തത്ത്വചിന്തകരായ രാഷ്ട്രമീമാംസകരുടെ അഭിപ്രായങ്ങൾ ഓരോ മനുഷ്യനും ശ്രദ്ധിക്കുന്ന സാഹചര്യത്തിലാണ് അതുണ്ടായത്. 18ാം നൂറ്റാണ്ടിലെ നവോത്ഥാനം എന്നറിയപ്പെടുന്ന ഈ കാലയളവിൽ യാഥാസ്ഥികത്വങ്ങളെ മറികടന്ന് യുക്തിയുടെ അടിസ്ഥാനത്തിൽ ജീവിതം നയിക്കാൻ മനുഷ്യർ തയാറാവുന്നത് താത്ത്വികരുടെ ആശയങ്ങൾക്കനുസൃതമായി രാഷ്ട്രീയം മെനഞ്ഞിട്ടാണ്. മാർക്സിനും ലോകയുദ്ധങ്ങക്കും ശേഷം സമൂഹം വീണ്ടും മാറിമറിഞ്ഞെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ അണികൾ പരസ്പരം വെട്ടിക്കൊല്ലുന്ന രീതി അത്തരം പരിഷ്കൃത സമൂഹത്തിൽ കാണാനാവില്ല. ഏതെങ്കിലും ഒരാൾ മറ്റൊരാളെ, അല്ലെങ്കിൽ ഒരു ജനക്കൂട്ടത്തിനെതിരെ നിറയൊഴിക്കുക, അതുമല്ലെങ്കിൽ സ്വയം വെടിവെക്കുക എന്നത് ആ സമൂഹത്തിൽ വീണ്ടുമൊരു ചർച്ചക്ക് വെക്കുന്നതായി കാണില്ല. അത് ചെയ്യുന്നവരെ ശിക്ഷിക്കുകയോ മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയോ ആണ് ചെയ്യുക. കൊലപാതകിയുടെ പ്രവൃത്തി രാഷ്ട്രീയവുമായോ രാഷ്ട്രീയ പാർട്ടിയുമായോ കൂട്ടിക്കെട്ടാൻപോലും ആരും താൽപര്യം കാണിക്കില്ല. അങ്ങനെയുള്ള വാർത്തകൾ ദൃശ്യ-ശ്രാവ്യമാധ്യമങ്ങളിൽ തിരിച്ചും മറിച്ചും ചർച്ചയിൽ വരാതിരിക്കാൻ പോലും അവർ ശ്രദ്ധിക്കും. പരിഷ്കൃതസമൂഹം രാഷ്ട്രീയപ്രവർത്തനത്തിന്/വോട്ടുനേടുന്നതിനു വൈയക്തിക കൊലപാതകങ്ങളെ ഉപയോഗിക്കുകയില്ല. അത്തരം സാംസ്കാരിക രാഷ്ട്രീയബോധ്യങ്ങൾ ഉണ്ടാക്കുന്നതിനുള്ള ചർച്ചകൾ നമ്മുടെ നാട്ടിൽ വളർന്നുവരേണ്ടതാണ്. അതോടൊപ്പം രാഷ്ട്രീയകൊലപാതകത്തിലെയും രാഷ്ട്രീയപ്രവർത്തനത്തിലെതന്നെയും പൗരുഷപ്രശ്നം നമ്മുടെ നാട്ടിൽ പ്രത്യേകം ചർച്ചചെയ്യേണ്ടിവരുന്നത്, പാശ്ചാത്യ ഫെമിനിസത്തിെൻറ അനുരണനങ്ങൾ ഇന്ത്യയിൽ, ഒരു നൂറ്റാണ്ടോളം വൈകിയാണ് എത്തുന്നത് എന്നുള്ളതിനാലാണ്. ഇക്കാര്യത്തിൽ താരതമ്യത്തിനു വയ്യാത്ത വിധം പിറകിൽ നടക്കുന്ന കേരളത്തിനു പരിഷ്കൃതസമൂഹമായിരിക്കുന്നതിനുവേണ്ട ലിംഗപദവി ബോധവത്കരണം ഇനിയും ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.
(തൃശൂർ കേരളവർമ കോളജിൽ
അസി. പ്രഫസറാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.