ജാതിവ്യവസ്ഥയുടെ പ്രധാനപ്പെട്ട സവിശേഷതയായി ഡോ. ബി.ആർ. അംബേദ്കർ ചൂണ്ടിക്കാട്ടുന്നത് ‘പുറന്തള്ളലിനെ’യാണ് (Exclusion). കേരളത്തിൽ നടന്ന പൗരസമത്വ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ സഹോദരൻ അയ്യപ്പനാണ് ‘സമുദായം’ എന്ന സങ്കൽപം മുന്നോട്ടുവെച്ചത്. ജാതിവ്യവസ്ഥ പോകാനും പൗരസമത്വം നടപ്പാക്കാനും സമുദായങ്ങൾ തമ്മിലുള്ള ഉയർച്ചതാഴ്ചകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം വാദിച്ചു. മേൽപറഞ്ഞ രണ്ട് വിചാരങ്ങളിൽനിന്നാണ് കേരളത്തിലും ഇന്ത്യയിലും മിക്ക ദലിത് മൂവ്മെൻറുകളും ഉണ്ടായത്.
അതേസമയം ‘വിഭവാധികാരം’ എന്ന പദം രൂപപ്പെട്ടത് അരികുവത്കരിക്കപ്പെട്ടവരെ ‘ഇല്ലായ്മകളി’ലൂടെ കാണുന്ന സവർണ ലിബറൽ പൊതുബോധത്തിൽനിന്നാണ്. ഡോ. എം. കുഞ്ഞാമനെപ്പോലുള്ള ഇടതുപക്ഷ സഹയാത്രികരായ അക്കാദമിക് പണ്ഡിതർ, തൊണ്ണൂറുകളിലെ ദലിത് മൂവ്മെൻറുകളോട് വിയോജിച്ചതിെൻറ ഭാഗമായാണ് ഈ പദം ഉന്നയിച്ചത്. അദ്ദേഹത്തിെൻറ അഭിപ്രായത്തിൽ ‘ദരിദ്രർ, ഭൂരഹിതർ, നിരക്ഷരർ’ മുതലായ ‘ഇല്ലായ്മ’കളാൽ പ്രതിനിധാനം ചെയ്യപ്പെടുന്നവരാണ് ദലിതർ. ഇവരുടെ അടിസ്ഥാനതല വിമോചനം സാധ്യമാക്കുന്ന കാർഷിക സമരങ്ങളിലേക്ക് നയിക്കാതെ, പ്രതീകാത്മക സമരങ്ങളിൽ തളച്ചിടുന്നു എന്നതായിരുന്നു അദ്ദേഹം ദലിത് മൂവ്മെൻറുകൾെക്കതിരെവെച്ച വിയോജിപ്പ്.
രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിൽ ‘ആദിപാപം’ എന്ന പ്രയോഗം നിലനിൽക്കുന്നത്, ചില സാമൂഹിക വിഭാഗങ്ങളെ രാഷ്ട്രീയമായി നിർവചിക്കാതെ അവരെ നിതാന്തമായ പിന്നാക്കാവസ്ഥയിലും വാർപ്പുമാതൃകകളിലും കാണുന്നതിെൻറ ഫലമായാണ്. യൂറോപ്പിലെ പഴയ വേലക്കാർ, സന്മാർഗത്തിൽനിന്ന് വ്യതിചലിക്കുകയും കരുതലില്ലാതെ ജീവിക്കുകയും ചെയ്യുന്നതിലൂടെ ‘ആദിപാപ’ത്തിന് വിധേയരായി എന്നാണ് വരേണ്യർ കരുതിയിരുന്നത്. എന്നാൽ, അദ്ധ്വാനത്തെയും മൂലധനത്തെയും നിർവചിച്ച് തൊഴിലാളി സംഘടനകളും അവരുടെ പ്രത്യയശാസ്ത്ര മണ്ഡലങ്ങളും വികസിച്ചുവന്നതോടെ ‘ആദിപാപം’ എന്ന സങ്കൽപം ഉപേക്ഷിക്കേണ്ടതായി വന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം; ബ്രാഹ്മണിസത്തെ പ്രശ്നവത്കരിക്കാതെയും ജാതിവിരുദ്ധ സമരങ്ങളുടെ ഭാഗമായ സമുദായ രൂപവത്കരണത്തെ അംഗീകരിക്കാതെയും പൗരസമത്വ പ്രക്ഷോഭങ്ങളിലും ലിബറൽ ജനാധിപത്യത്തിലുമുള്ള കീഴാള ഇടപെടലുകളെ പരിഗണിക്കാതെയും ‘കാർഷിക വിപ്ലവം’ എന്ന മാർക്സിസ്റ്റ് ഒറ്റമൂലി നിർദേശിക്കുന്നവർ, ദലിതരുടെ ‘ദാരിദ്യ്രം, ഭൂരാഹിത്യം, നിരക്ഷരത’ എന്നിവയെ ആദിപാപം പോലെ അവതരിപ്പിക്കുകയാണ് എന്നതാണ് വസ്തുത. ദലിതർ അടക്കമുള്ള കീഴാളവിഭാഗങ്ങളെ ‘ഇല്ലായ്മ’ക്കാരും ‘വല്ലായ്മ’ക്കാരുമായി ചിത്രീകരിക്കുന്നതിനൊപ്പം അവരെ ദുർമാർഗികൾ, മദ്യപാനികൾ, നന്ദികെട്ടവർ, വർഗബോധമില്ലാത്തവർ, സ്വത്വവാദികൾ മുതലായ നിന്ദാസ്ഥാനങ്ങളിൽ ഒതുക്കിനിർത്തുമ്പോഴുമാണല്ലോ സവർണ/ഇടതുപക്ഷ പൊതുബോധം ആശ്വസിക്കുന്നത്.
ഏതായാലും, കേരളത്തിലും ഇന്ത്യയിലും നടന്ന നിരവധി ജാതിവിരുദ്ധ സമരങ്ങളെയും കീഴാള മുന്നേറ്റങ്ങളെയും മുൻനിർത്തി ഡോ. കുഞ്ഞാമൻ അടക്കമുള്ളവരുടെ ലിബറൽ- മാർക്സിസ്റ്റ് യാന്ത്രികവാദങ്ങളെ കെ.കെ. കൊച്ച് ഖണ്ഡിക്കുകയുണ്ടായി. ഇപ്രകാരം കെട്ടടങ്ങിയ ‘വിഭവാധികാര രാഷ്ട്രീ’യത്തെ പിന്നീട് ഏറ്റെടുത്തത് കേരളത്തിലെ സവർണ ബദൽ മൂവ്മെൻറുകളാണ്. ജാതിവ്യവസ്ഥയിലെ സവിശേഷ സമുദായങ്ങളായി ആദിവാസികളെയും ദലിതരെയും കാണുന്നതിനു പകരം, സാമ്രാജ്യത്വ കടന്നുകയറ്റത്തിെൻറ ഫലമായി വിഭവ മേഖലയിൽനിന്നു പറിച്ചെറിയപ്പെടുന്നവരായും വികസനത്തിെൻറ ഇരകളായും അവരെ ചിത്രീകരിക്കുന്നു എന്നതാണ് ബദൽ മൂവ്മെൻറുകൾവെച്ച രാഷ്ട്രീയം.
മേൽപറഞ്ഞ നിർവചനങ്ങളെ ഒന്നുകൂടി വിശദീകരിക്കാം. ജാതിവ്യവസ്ഥയിൽ സമുദായ നിർമിതി നടത്തുകയും, സ്വയം ശാക്തീകരിക്കുകയും, വ്യത്യസ്ത ജനവിഭാഗങ്ങളുമായി ഐക്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതിനൊപ്പം, ലിബറൽ ജനാധിപത്യത്തിൽ ഇടപെടാൻ ശ്രമിച്ച് ഘടനാപരമായ മാറ്റങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവയാണ് ദലിത്--പിന്നാക്ക -ന്യൂനപക്ഷ പ്രസ്ഥാനങ്ങൾ. ബ്രാഹ്മണിസത്തിെൻറ എക്സ്ക്ലൂഷനെ പ്രശ്നവത്കരിക്കുന്നതിനൊപ്പം ഹിന്ദുത്വം, സവർണാധിപത്യം, അഖണ്ഡ ദേശീയത മുതലായവയോട് സംഘർഷപ്പെടുന്നു എന്നതാണ് ഇവയുടെ സവിശേഷതയായി പറയാവുന്നത്. ഇതേസമയം, ജാതിവ്യവസ്ഥയിലെ സമുദായങ്ങളുടെ രൂപവത്കരണത്തെയും അതിെൻറ ഉയർച്ചതാഴ്ചകളെയും പരിഗണിക്കാതെ, മുതലാളിത്ത വികസനത്തിെൻറ ഇരകളായി പാർശ്വവത്കൃതരെ കാണുകയും വിഭവമേഖല അവർക്ക് കൈമാറുകയും ചെയ്യുക എന്ന കാഴ്ചപ്പാടാണ് വിഭവരാഷ്ട്രീയം മുന്നോട്ടുവെക്കുന്നത്. ഇത് കീഴാളരുടെ ഇല്ലായ്മയെയാണ് പ്രമേയമാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ‘പുറന്തള്ളൽ’ ‘ഇല്ലായ്മ’ എന്നിവ വ്യത്യസ്തമായ രാഷ്ട്രീയഭൂമികകളെ പ്രതിനിധാനം ചെയ്യുന്ന രണ്ട് കാഴ്ചപ്പാടുകളാണ്.
കുടിൽ കെട്ടി സമരം
2002-ൽ തിരുവനന്തപുരത്ത് നടന്ന കുടിൽ കെട്ടൽ സമരകാലത്താണ് വിഭവരാഷ്ട്രീയം, ദലിത്-ആദിവാസി വിഷയമായി അവതരിക്കപ്പെട്ടത്. അക്കാലത്ത് കുടിയേറ്റക്കാരും കൈയേറ്റക്കാരുമായ ഒരു ചെറു ന്യൂനപക്ഷം, ആദിവാസികളുടെ ഭൂമി തട്ടിയെടുത്തത് തിരികെ നൽകണമെന്ന് നിർദേശിച്ചുള്ള കോടതിവിധികൾ തുടരെയുണ്ടായി. ഇതേ ആവശ്യം മുൻനിർത്തി വിവിധ ആദിവാസി സംഘടനകൾ സമരരംഗത്ത് വരുകയും ചെയ്തു. അന്യാധീനപ്പെട്ട ഭൂമി ആദിവാസികൾക്ക് തിരികെ നൽകണമെന്ന ഭരണഘടന ബാധ്യത നിറവേറ്റുന്നതിൽ വീഴ്ചവരുത്തിയതിലൂടെ പ്രതിസന്ധിയിലായ ഭരണകൂടത്തെ രക്ഷിക്കാനായി ‘പകരംഭൂമി’ എന്ന ആവശ്യമുന്നയിച്ച് നടന്ന അട്ടിമറി സമരമായാണ് കെ.എം. സലിം കുമാറിനെ പോലുള്ളവർ കുടിൽ കെട്ടൽ സമരത്തെ വിലയിരുത്തിയത്. അതിൽ ‘സമുദായം’ എന്ന ചരിത്രപരമായ രൂപവത്കരണത്തെ നിരാകരിക്കുകയും ദലിതരെയും ആദിവാസികളെയും ‘ഇല്ലാത്തവരായി’ ചിത്രീകരിക്കുകയും ചെയ്യുന്ന വിഭവരാഷ്ട്രീയത്തെ ‘സവർണ ഗൂഢാലോചന’ എന്നാണ് വിശദീകരിച്ചത്.
സമാനമായ നിലപാട് സ്വീകരിച്ച കെ.കെ. കൊച്ച് 1975-ലെ ആദിവാസി നിയമത്തെ റദ്ദുചെയ്യുന്നതിനു ഭരണകൂടത്തിന് ഒത്താശചെയ്യുന്നതാണ് കുടിൽകെട്ടൽ സമരമെന്നു വിലയിരുത്തിയതിനൊപ്പം, ആദിവാസികളെ പട്ടിണിപ്പാവങ്ങളു’മായി ചിത്രീകരിക്കുന്ന കക്ഷിരാഷ്ട്രീയ/പ്രാദേശിക സവർണ മേധാവിത്വ പദ്ധതിയുടെ ഭാഗമാണ് വിഭവരാഷ്ട്രീയമെന്നും പ്രതികരിച്ചു.
കുടിൽ കെട്ടൽ സമരത്തിനു കിട്ടിയ വമ്പിച്ച മാധ്യമ പിന്തുണയുടെയും കൗതുക കാഴ്ചയെന്ന നിലയിൽ പൊതുബോധത്തിലുണ്ടായ സ്വീകാര്യതയുടെയും പശ്ചാത്തലത്തിൽ, മേൽപറഞ്ഞ തരത്തിലുള്ള വിമർശനങ്ങൾ വനരോദനങ്ങളായി മാറി. മാത്രമല്ല, വിമർശകർ ദുഷ്ടലാക്കുള്ളവരും ആദിവാസികൾക്കൊപ്പം നിൽക്കാതെ തങ്ങളുടെ താൻപോരിമയെ മുറുകെ പിടിക്കുന്ന കർശന സ്വഭാവമുള്ളവരുമാണെന്നു വരുത്താനുള്ള നീക്കങ്ങളും നടന്നു. ഏതായാലും, അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളെ അട്ടിമറിച്ചു എന്നതിനൊപ്പം മറ്റു ചില സവിശേഷതകളും കുടിൽകെട്ടൽ സമരത്തിനുണ്ട്. അതേവരെയുള്ള കീഴാള മൂവ്മെൻറുകളെല്ലാം ദലിത്- പിന്നാക്ക -ന്യൂനപക്ഷ ഐക്യമെന്ന അംബേദ്കറൈറ്റ് പ്ലാറ്റ്ഫോമിലേക്കാണ് നടത്തിവന്നത്. ആ നിലപാടുതറയെ നിഷേധിച്ച് ലിബറൽ രക്ഷാകർത്താക്കളുടെ കടാക്ഷത്തിലേക്ക് ആദിവാസി-ദലിത് സമരങ്ങളെ വഴിമാറ്റി എന്നതാണ് ഇതിൽ മുഖ്യം. മറ്റൊന്ന് കേരളത്തിലെ പൊതുമണ്ഡലത്തിൽ കുത്തക സ്ഥാപിച്ചിരുന്ന സവർണ/മധ്യവർഗ ഭാവുകത്വത്തെ വെല്ലുവിളിച്ചും അതിെൻറ സാംസ്കാരിക ചിഹ്നവ്യവസ്ഥയെ അപനിർമിച്ചും ദലിതരിൽനിന്ന് ഒരു വൈജ്ഞാനിക സമൂഹം അക്കാലത്ത് ഉയർന്നുവന്നിരുന്നു. അവരുടെ സാന്നിധ്യമുണ്ടാക്കിയ അലോസരങ്ങളെ ഗതിമാറ്റി വിടാനുള്ള ഏറ്റവും നല്ല ചാലായിരുന്നു ‘നിരക്ഷര’യായ ഒരു ആദിവാസി സ്ത്രീയുടെ നേതൃത്വത്തിെൻറ ‘ജൈവികത’യെപ്പറ്റിയുള്ള ഉട്ടോപ്യകൾ. ഇപ്രകാരം ‘പുറംതള്ളലി’നെ വിസ്മരിച്ച് ‘ഇല്ലായ്മ’യെ പുനരാനയിച്ചതിെൻറ ഫലമായാണ് കുടിൽകെട്ടൽ സമരത്തെ ആദിവാസി വിമോചനത്തിൻറ നാഴികക്കല്ലായി പലരും സ്മരിക്കുന്നത്.
കുടിൽ കെട്ടൽ സമരകാലത്ത്, ആദിവാസികൾ സമം പട്ടിണിക്കാർ സമം ഭൂരഹിതർ എന്ന സമവാക്യമാണ് ഉയർത്തിയത്. അക്കാലത്ത് ആദിവാസി മേഖലയിലുണ്ടായ ചില പട്ടിണിമരണങ്ങെള സംബന്ധിച്ച പത്ര റിപ്പോർട്ടുകളുടെ പശ്ചാത്തലവും ഈ പൊതുബോധ നിർമിതിയെ സഹായിച്ചു. ഇതേസമയം, ദലിത്- ന്യൂനപക്ഷ -പിന്നാക്ക മൂവ്മെൻറുകൾ ഭരണഘടനാപരമായി സവിശേഷ പദവിയുള്ള ജനവിഭാഗമായാണ് ആദിവാസികളെ കണ്ടിരുന്നത്. അവരുടെ സവിശേഷ പദവി സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട സർക്കാറിനെയും കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളെയുമാണ് കീഴാള മൂവ്മെൻറുകൾ പ്രതിസ്ഥാനത്തു നിർത്തിയത്.
സാമ്പത്തികമാത്രവാദ സമരം എന്ന കെണി
ഭരണഘടന അനുശാസിക്കുന്ന സവിശേഷ പദവിയുള്ള ഒരു ജനവിഭാഗത്തെ പട്ടിണിയുടെ പേരിൽ, വെറും സാമ്പത്തികമാത്ര വാദസമരങ്ങളുടെ കെണിയിലേക്ക് തള്ളിവീഴ്ത്തുന്നത് ഉദാരത മൂലമാണെങ്കിൽപോലും ഹൃദയഭേദകമായ, വംശനാശത്തിലേക്ക് നയിക്കുന്ന ഇടപാടാണെന്നു പറയാതെ വയ്യ. മാത്രമല്ല, 1975-ലെ നിയമം നടപ്പാക്കാൻ വേണ്ടിയുള്ള പ്രക്ഷോഭം ഉണ്ടാക്കിയ സംഘർഷങ്ങളും നിർമിതികളും അളവറ്റതാണ്. ഇതിന് മുന്നോടിയായി വിവിധ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ആചാര പരിഷ്കരണം നടക്കുകയും അവരിൽനിന്ന് ആധുനിക വിദ്യാഭ്യാസം നേടിയ ചെറിയൊരു ന്യൂനപക്ഷം ഉയർന്നുവരുകയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളും പുത്തൻ സാമുദായിക- സാമൂഹിക മുന്നേറ്റങ്ങളും ഉണ്ടായത്. ഇത്തരം മൊബിലിറ്റിയുടെ അനന്തരഫലമെന്നത്, ആദിവാസികളും കുടിയേറ്റക്കാരും തമ്മിലുള്ള സാമൂഹികബന്ധങ്ങളിൽ മാറ്റമുണ്ടാവുകയും, ആദിവാസികളുടെ ഭരണഘടനാപരമായ സവിശേഷപദവിയെ അംഗീകരിച്ചേ മതിയാകൂ എന്ന സ്ഥിതിയുളവായതുമാണ്. ഈ മൊബിലിറ്റിയെ പുറന്തള്ളിയും അദൃശീകരിച്ചുമാണ് ആദിവാസികൾ സമം പട്ടിണിക്കാർ എന്ന ‘ലാക്കി’നെ ആദിപാപംപോലെ ഉയർത്തിയതെന്നു പറയാം. ഇത് യാദൃച്ഛികമായി സംഭവിച്ചതല്ല.
ആദിവാസികളെ ആധുനികതക്ക് പുറത്തുനിർത്തിയ, അവരെ ഏദൻതോട്ടത്തിൽ സർപ്പം കയറുന്നതിനു മുമ്പത്തെ ആദിമ നിഷ്കളങ്കരും ചത്തുവീഴുമ്പോൾ സംസ്കരിക്കപ്പെടാൻപോലും കഴിയാത്ത ‘പാവം മൃഗങ്ങളു’മായി ചിത്രീകരിച്ച കെ.ജെ. ബേബിയുടെ, ‘മാവേലി മൻറം’ എന്ന നോവലായിരുന്നു കേരളത്തിലെ സവർണ ബദൽ മൂവ്മെൻറുകളുടെ മാനിഫെസ്റ്റോ. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം ദലിതരെ അപരവത്കരിച്ചതിന് സമാനമായ വിധത്തിൽ, ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിച്ച് പുരോഗമന -നക്സൽവാദികൾക്ക് സ്ഥലജലവിഭ്രാന്തിയുണ്ടാക്കിയ ആധുനികതാ വിരുദ്ധ ഭാഷണമായിരുന്നു ബേബിതന്നെ രചിച്ച ‘നാടുഗദ്ദിക’ എന്ന നാടകം. കുടിൽകെട്ടൽ സമരത്തിലൂടെ ഉണ്ടായ ‘ഗോത്രമഹാസഭ’ എന്ന പ്രസ്ഥാനം ബദൽ വാദികളുടെ കണ്ണും കാതും കുളിർപ്പിക്കുന്നതായിരുന്നു. ആധുനികതയിൽനിന്നു പിൻവലിഞ്ഞ്, ഗോത്രത്തിലേക്ക് മടങ്ങുകയാണല്ലോ അവർ ആഗ്രഹിക്കുന്ന ആദിവാസി വിമോചനവും വിഭവാധികാരത്തിെൻറ കൈയെത്തിപ്പിടിക്കലും മറ്റും. ഈ പ്രസ്ഥാനത്തെ മുൻനിർത്തി ഉണ്ടാക്കിയ കരാർ നടപ്പാക്കാൻ ഭരണകൂടം വിസമ്മതിച്ചു. മാത്രമല്ല, മുത്തങ്ങയിലെ ഭരണകൂട ഇടപെടലിനെയും ആറളത്തെ മാർക്സിസ്റ്റ്-ബി.ജെ.പി താൻപോരിമയെയും അതിജീവിക്കാനും ഈ പ്രസ്ഥാനത്തിനായില്ല. അത് സാധ്യവുമല്ല. കാരണം, ഗോത്രമഹാസഭപോലെ ചരിത്രത്തിനു പിന്നിൽ നിൽക്കുന്ന സ്ഥാപനങ്ങൾക്ക് ആദിവാസികളുടെ സാമുദായിക കർത്തൃത്വത്തെയോ അവരിലെ വിദ്യാഭ്യാസമുള്ളവരുടെയും ഇടത്തരക്കാരുടെയും മൊബിലിറ്റിയെയോ ആകർഷിക്കാൻ പറ്റുകയില്ല.
ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ ഉൗനയിൽ നടന്ന പ്രക്ഷോഭത്തെ കേരളത്തിലെ ഇടതു ലിബറലുകൾ സ്വീകരിച്ചത് ദലിതരുടെ സാമുദായിക കർതൃത്വത്തെ നിഷേധിക്കുക എന്ന താൽപര്യത്തോടെയാണ്. മുമ്പ്, വർഗബോധത്തിെൻറ കുറവാണ് കീഴാളരിൽ അവർ കണ്ട കുറ്റമെങ്കിൽ, ഇപ്പോൾ സ്വത്വബോധത്തിെൻറ അധികമാണേത്ര കുഴപ്പം. ഈ അധികത്തെ ഇല്ലായ്മചെയ്യാനുള്ള രാഷ്ട്രീയ നീക്കമാണ് ‘ചലോ തിരുവനന്തപുരം’ പരിപാടിയിലുള്ളതെന്ന് ദലിതർ തിരിച്ചറിഞ്ഞതിലൂടെ ആ പദ്ധതി ഗർഭത്തിൽവെച്ചുതന്നെ അലസിപ്പോവുകയാണുണ്ടായത്.
ഇതിനർഥം ദലിതരുടെ പാർശ്വവത്കരണം അവസാനിച്ചു എന്നോ അവരുടെ ഭൂ അവകാശ സമരങ്ങളും കോളനികളിൽനിന്ന് വിമോചിക്കപ്പെടാനുള്ള അഭിലാഷങ്ങളും ആവശ്യമില്ലെന്നോ അല്ല. മറിച്ച്, സവർണബദൽ/ഇടതു ലിബറൽ ഒറ്റമൂലികൾക്ക് ഉപരി സാമൂഹികനീതി നടപ്പാക്കാനും സാമുദായിക പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ജനാധിപത്യസമരങ്ങളായി അവ തുടർന്നുകൊണ്ടിരുന്നു എന്നതാണ് നേർക്കാഴ്ച.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.