ഇക്കഴിഞ്ഞ മാർച്ചിൽ ഇന്ത്യ ടുഡേ കോൺക്ലേവിൽ പെങ്കടുത്ത് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു: ‘‘ഇന്ത്യാചരിത്രം നമ്മെ പഠിപ്പിക്കുന്നത്, ഒന്നിച്ചാൽ നിലനിൽക്കാമെന്നും ഭിന്നിച്ചാൽ ശിഥിലമാകുമെന്നുമാണ്. െഎക്യത്തോടെ നിൽക്കാനാവാതിരുന്നപ്പോഴൊക്കെ എങ്ങെന നാം തകർന്നുെവന്നും ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ എങ്ങനെ നാം അത്ഭുതങ്ങൾ നേടിയെടുത്തുവെന്നും ഭൂതകാലം പറഞ്ഞുതരുന്നുണ്ട്. 1942ൽ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി, അഞ്ചുവർഷത്തിനകം, ബ്രിട്ടീഷുകാർ നമുക്ക് സ്വാതന്ത്ര്യം നൽകാൻ നിർബന്ധിതരായി എന്നോർക്കുക... മതത്തിെൻറ, ജാതിയുടെ, രാഷ്ട്രീയത്തിെൻറ പേരിൽ നമ്മൾ നാട്ടുകാർ തമ്മിലടിച്ചാൽ ആഗ്രഹിക്കുന്ന പുരോഗതി കൈവരിക്കുക അസാധ്യമായിരിക്കും.’’
ഇന്ത്യൻ രാഷ്ട്രീയത്തിലെ പരിണതപ്രജ്ഞനായ നേതാവിെൻറ ശബ്ദംകൂടിയായിരുന്നു അത്. ഏതെങ്കിലും ഒരു പാർട്ടിയുടെ നോമിനിയായോ പിന്തുണയോടുകൂടിയോ ആണ് രാഷ്ട്രപതി തെരഞ്ഞെടുക്കെപ്പടുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം രാജ്യത്തിെൻറ പൗരസഞ്ചയത്തിനു മുന്നിൽ ഒന്നാമനായി നടക്കേണ്ടതാണ്. രാജ്യം നിർണായക സന്ധിയിലൂടെ കടന്നുപോകുേമ്പാൾ, സന്ദിഗ്ധതകളിൽ വഴിമുട്ടി നിൽക്കുേമ്പാൾ റെയ്സിന കുന്നിലെ ശബ്ദത്തിന്, ചലനത്തിന് എല്ലാവരും കണ്ണും കാതുമയക്കാറുണ്ട്. നരേന്ദ്ര മോദിയുടെ ഭരണകാലത്തും സംഘ്പരിവാറിെൻറ ആൾക്കൂട്ട തല്ലിക്കൊലകൾ ആവർത്തിക്കുകയാണെന്നു വന്നപ്പോൾ രാഷ്ട്രപതി ആവർത്തിച്ചു നൽകിയ മുന്നറിയിപ്പുകൾ ഉദാഹരണം. ഇങ്ങനെ നിയമനം നൽകുന്നവരുടെ റബർസ്റ്റാമ്പായി മാറാതെ, ഇരിക്കുന്ന സ്ഥാനത്തെ മാനിച്ച് രാജ്യത്തിന് ആശ്വാസവും ആത്മവിശ്വാസവും നൽകാൻ രാഷ്ട്രീയമണ്ഡലത്തിലെ പ്രവൃത്തിപരിചയം ഏറെ ഉതകും. പ്രതിഭ പേരിൽ മാത്രമൊതുങ്ങിയ മുൻഗാമിക്കുശേഷം വന്ന പ്രണബിൽ ഇതാവോളം ഉണ്ടായിരുന്നു. സംഭവബഹുലമായ കഴിഞ്ഞ അഞ്ചുവർഷ കാലയളവിലെ പ്രണബ് മുഖർജിയുടെ പ്രവർത്തനത്തെക്കുറിച്ച് അഭിപ്രായഭിന്നതയുള്ളവർപോലും ആ പദവിയിലെ അദ്ദേഹത്തിെൻറ ചേർച്ച അംഗീകരിക്കും.
51 വർഷത്തെ പൊതുജീവിതത്തിൽ ദേശീയരാഷ്ട്രീയത്തിെൻറ കർമമണ്ഡലങ്ങളിലെല്ലാം ഒരു കൈ നോക്കിയാണ് പ്രണബ് പ്രഥമപൗരെൻറ പദത്തിലെത്തുന്നത്. 37 വർഷം പാർലമെൻറ് അംഗമായി, അതിൽ 22 കൊല്ലവും ഒമ്പതു മാസവും കേന്ദ്രമന്ത്രിയായി വിരാജിച്ചു. നാലു പ്രധാനമന്ത്രിമാരുടെ കൂടെ പ്രവർത്തിച്ചു. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടപ്പോൾ കോൺഗ്രസ് നേതാക്കൾ മുതൽ അണികൾ വരെ കണ്ടുവെച്ച ആദ്യപേര് പ്രണബിേൻറതായിരുന്നു എന്നതു വെറും ശ്രുതിയല്ല. അന്നു രാജീവിെൻറ വിസ്മയോദയമുണ്ടായിരുന്നില്ലെങ്കിൽ പ്രണബിെൻറ, കോൺഗ്രസിെൻറ, ഇന്ത്യയുടെതന്നെ ചരിത്രം മറ്റൊരു ദിശയിൽ നീങ്ങിയേനെ. നാഴികക്കല്ലെന്നു പറയാവുന്ന പ്രകടനമൊന്നുമില്ലെങ്കിലും പ്രസിഡൻറ് പദത്തിെൻറ മർമമറിഞ്ഞു പ്രവർത്തിക്കുന്നതിൽ ദേശീയരാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള ഇൗ നേതാവ് വിജയിച്ചുവെന്നു പറയാം. രാഷ്ട്രീയത്തിലെ ദീർഘകാല പരിചയം അദ്ദേഹത്തിന് പ്രതിപക്ഷ പാർട്ടികളിൽപോലും പ്രീതി നേടിക്കൊടുത്തു. 2012ലെ രാഷ്ട്രപതി െതരഞ്ഞെടുപ്പിൽ എൻ.ഡി.എക്കാരുടെ ക്രോസ് വോട്ടുകൾ അദ്ദേഹം നേടിയത് ഇൗ സൗഹൃദത്തിലൂടെയായിരുന്നു. ഭരണനിർവഹണസ്ഥാപനങ്ങളുടെ അകവും പുറവും നന്നായറിയാവുന്ന, പാരമ്പര്യത്തിൽ മേൽതട്ടിൽ നിൽക്കുേമ്പാഴും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും അടിത്തട്ടിലെയും അടിയൊഴുക്കറിയാവുന്ന നേതാവായതിെൻറ മികവ് പ്രണബിന് കാലെടുത്തുവെച്ച പദവിയിലൊക്കെ തുണയായിട്ടുണ്ട്. രാജ്യത്ത് വ്യാപകമാകുന്ന അസഹിഷ്ണുതക്കെതിരെ, പാർലമെൻറിെൻറ സ്തംഭനാവസ്ഥക്കെതിരെ, ബഹുസ്വര ജനാധിപത്യത്തിെൻറ സംരക്ഷണത്തിനു വേണ്ടിയൊക്കെ ഉള്ളിലുള്ളതു തുറന്നുപറയാൻ രാഷ്ട്രപതിക്ക് കരുത്ത് ലഭിച്ചത് നെടുനാളത്തെ ഇൗ പാരമ്പര്യത്തിൽനിന്നു തന്നെ.
പ്രണബിെൻറ പ്രവൃത്തിപരിചയവുമായി പിൻഗാമി താരതമ്യം അർഹിക്കുന്നില്ലെന്നുതന്നെ പറയാം. പ്രതിഭയെയോ പ്രണബിനെയോ ആരെയാകും പ്രസിഡൻറ് പദത്തിൽ രാം നാഥ് കോവിന്ദ് പിന്തുടരുകയെന്ന് രാഷ്ട്രീയനിരീക്ഷകർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. മതേതര രാജ്യത്തിെൻറ അമരക്കാരെനന്ന ഭരണഘടനാദത്തമായ അധികാരത്തിലും തുടർപ്രവർത്തനത്തിലുമായിരിക്കുമോ അദ്ദേഹം തുടരുക, അതോ ആർ.എസ്.എസ് അംഗത്വവുമായി കാവിപ്പടയാളിയായി എത്തുന്ന അദ്ദേഹം സംഘ്പരിവാറിെൻറ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കുമോ എന്നാണ് അവർ ഉറ്റുനോക്കുന്നത്. സംഘക്കൂറ് അദ്ദേഹം തുറന്നു പറയുകയും ബിഹാർ ഗവർണറായിരിക്കെ അത് തെളിയിച്ചുകൊടുക്കുകയും ചെയ്ത മുന്നനുഭവത്തിൽനിന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ കാവിവത്കരിക്കാനുള്ള ഉദ്യമത്തിനുള്ള ഒത്താശ പ്രസിഡൻറിൽനിന്ന് ഭരണകക്ഷി പ്രതീക്ഷിക്കാതിരിക്കില്ല. കുടിയിരുത്തിയവരോടുള്ള കൂറ് പ്രകടിപ്പിക്കാൻതന്നെയാവും അേതക്കുറിച്ച് അഭിമാനപൂർവം സംസാരിച്ചിട്ടുള്ള അദ്ദേഹം തയാറാകുക. അങ്ങനെ വരുേമ്പാൾ പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട്, കർണാടക എന്നിങ്ങനെ ചുരുങ്ങിവരുന്ന ബി.ജെ.പിയിതര ഭരണകൂടങ്ങൾക്ക് കേന്ദ്രഭീഷണിയുടെ ഉറക്കമൊഴിയാത്ത നാളുകളായിരിക്കുമെന്ന രാഷ്ട്രീയപ്രവചനത്തെ മോദികാല ഇന്ത്യൻ അനുഭവംവെച്ച് തള്ളിക്കളയാനാവില്ല. രാഷ്ട്രപതിഭവെൻറ മതേതരമൂല്യങ്ങൾ ഏതുകാലത്തും സംരക്ഷിക്കപ്പെട്ടുപോന്നതാണ്. എന്നാൽ, ഇന്ത്യൻ ബഹുസ്വരതയെ താങ്ങിനിർത്താനുള്ള ബാധ്യതയൊന്നും അധികാരകേന്ദ്രങ്ങൾക്കില്ലെന്ന ധാർഷ്ട്യമാണ് സംഘ്പരിവാർ ഇപ്പോൾ പ്രകടിപ്പിച്ചുപോരുന്നത്. ഇക്കഴിഞ്ഞ ഇഫ്താറിന് രാഷ്ട്രപതിഭവനിൽ വിരുന്നൊരുക്കി കാത്തിരുന്ന പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയും മന്ത്രിമാരും മുതിർന്ന ബി.െജ.പി നേതാക്കളും നിരാശപ്പെടുത്തിയത് ഭാവിയിലേക്കുള്ള വ്യക്തമായ സൂചനയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങളോട്, അവരുടെ ആഘോഷങ്ങളോട്, ആവലാതികളോട് രാഷ്ട്രപതി ഭവെൻറ സമീപനത്തിൽ സാരഥിയുടെ മാറ്റത്തോടെ വന്നുചേരുന്നതെന്താവും എന്നത് നിരീക്ഷകരുടെ കൗതുകവിഷയമാണ്.
സംഘ്പരിവാറിെൻറ ആൾക്കൂട്ട അതിക്രമങ്ങൾ സ്വന്തം പ്രധാനമന്ത്രിയെതന്നെ ലോകത്തിനു മുന്നിൽ നാണംകെടുത്തുന്ന നാളുകളാണ് മോദി ഭരണകാലത്തു കണ്ടത്. മോദിക്കുതന്നെ ഇതിനെതിരെ മൂന്നു വട്ടം വെടിയുതിർക്കേണ്ടിവന്നു. രാഷ്ട്രപതിയിൽനിന്നും ഇക്കാര്യത്തിൽ അസ്വാസ്ഥ്യത്തിൽനിന്നുളവായ മുന്നറിയിപ്പിെൻറ പ്രസ്താവനകൾ വന്നു. ബി.ജെ.പിയുടെ ഹിന്ദുരാഷ്ട്ര സ്വപ്നങ്ങളിൽ സന്ദേഹമൊന്നുമില്ലാത്തയാളാണെന്ന് കോവിന്ദ് നേരത്തേതന്നെ വ്യക്തമാക്കിയതാണ്. എന്നിരിക്കെ, പുതിയ സാഹചര്യത്തിൽ സംഘ്പരിവാർ അനുദിനം വഷളാക്കിക്കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ വർഗീയ, ധ്രുവീകരണ നിലപാടുകൾക്കെതിരെ രാഷ്ട്രപതിഭവനിൽനിന്നു വല്ലതും പ്രതീക്ഷിക്കാനാവുമോ? പശുഭീകരതയുടെയും വർഗീയതയുടെയും പേരിൽ സാധാരണക്കാരും പൊതുപ്രവർത്തകരുമടക്കം ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെയും ഭരണകൂടത്തെയും മറികടന്ന്, അല്ലെങ്കിൽ അവരെ ഉണർത്തുന്നൊരു വിരലോ വാക്കോ പ്രസിഡൻറിൽനിന്നുയരുമോ എന്ന് ഇനി രാജ്യവും ലോകവും ഉറ്റുനോക്കും.
സംഭവബഹുലമായ പാർലമെൻറിെൻറ മൺസൂൺ സെഷൻ കാലത്താണ് രാഷ്ട്രപതിയുടെ അരങ്ങേറ്റം. ഇൗ സെഷനിലും വർഷാവസാനത്തെ ശീതകാല സമ്മേളനത്തിലുമായി രാജ്യത്തിെൻറ ഗതി നിർണയിച്ചേക്കാവുന്ന സുപ്രധാനമായ ബില്ലുകൾ വരുന്നുണ്ട്. രാജ്യത്തിെൻറ സാമ്പത്തിക, സാമൂഹിക മേഖലകളിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കിയ കാലിക്കശാപ്പ് നിയന്ത്രണനിയമം നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തിൽ കൂടുതൽ പഠനത്തിനുശേഷം പരിഷ്കരിച്ച വിജ്ഞാപനത്തിന് കേന്ദ്രം സമയം ചോദിച്ചിട്ടുണ്ട്. ഇതടക്കമുള്ള പുതിയ നിയമനിർമാണങ്ങൾക്കുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ആധാറുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കൂടുതൽ വ്യക്തതയുള്ള നിയമങ്ങളും ചട്ടങ്ങളും ആവിഷ്കരിക്കേണ്ടതുണ്ട്. രാജ്യത്തെ പുരാതന ചരിത്രസ്മാരകങ്ങളെയും പുരാവസ്തുകേന്ദ്രങ്ങളെയും സംബന്ധിച്ച നിയമഭേദഗതിക്കൊരുങ്ങുകയാണ് മൺസൂൺ സെഷനിൽ ഗവൺമെൻറ്. മുസ്ലിം, ക്രൈസ്തവ ചരിത്രശേഷിപ്പുകളെ മാറ്റി നിർത്തി, ഹിന്ദുസ്മാരകങ്ങളുടെയും ക്ഷേത്രങ്ങളുടെയും സംരക്ഷണത്തിന് ഉൗന്നൽ നൽകുന്നതായിരിക്കും ഇതെന്ന് സൂചനകൾ വന്നുകഴിഞ്ഞു. താജ്മഹലിെന തഴഞ്ഞുകൊണ്ടുള്ള യു.പി നിയമസഭയുടെ ബജറ്റ് ബി.ജെ.പിയുടെ ഭാവിപരിപാടിയിലേക്ക് വിരൽചൂണ്ടുന്നുണ്ട്. ഇങ്ങനെ നിരവധി ബില്ലുകളും നിയമനിർമാണങ്ങളും അടുത്ത രണ്ടു വർഷത്തിനകം ചുെട്ടടുക്കാനുള്ള നെേട്ടാട്ടത്തിൽ കേന്ദ്രത്തെ സഹായിക്കാനുള്ള മുഖ്യബാധ്യത രാഷ്ട്രപതിഭവനുണ്ട്. സംവാദങ്ങൾക്കും ചർച്ചകൾക്കും മുൻഗണന നൽകുന്ന മുൻഗാമിയുടെ രീതി കോവിന്ദിെൻറ ഇതുവരെയുള്ള പ്രകടനം വെച്ച് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നില്ല.
കെ.ആർ. നാരായണനുശേഷം രാഷ്ട്രപതിസ്ഥാനമേറുന്ന രണ്ടാമത്തെ ദലിതനാണ് രാം നാഥ് കോവിന്ദ്. പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കി മുതലെടുക്കാൻ മോദി^അമിത് ഷാ കൂട്ടുകെട്ട് ആഘോഷപൂർവം അദ്ദേഹത്തിെൻറ ദലിത്സ്വത്വം കൊണ്ടാടിയിട്ടുമുണ്ട്. രാഷ്ട്രപതിസ്ഥാനത്ത് സമുദായവും ജാതിയുമൊക്കെ നോക്കി നിയമനം നടത്തിയതുകൊണ്ട് ബന്ധപ്പെട്ട സമുദായത്തിനോ ജാതിക്കോ നേട്ടമൊന്നുമുണ്ടായിട്ടില്ലെന്നും ആ കരുക്കളൊന്നും പിന്നീടുള്ള തെരഞ്ഞെടുപ്പിൽ േകന്ദ്രം ഭരിക്കുന്നവർക്ക് ഉപകാരപ്പെട്ടില്ലെന്നും മുൻ രാഷ്ട്രപതിമാരുടെ അനുഭവങ്ങൾ വ്യക്തമാക്കിത്തരുന്നുണ്ട്. അതൊക്കെ മറച്ചുവെച്ചായിരുന്നു ബി.ജെ.പിയുടെ ദലിത് രാഷ്ട്രപതി സ്ഥാനാർഥി കൊണ്ടാട്ടം. ദലിതുകളും മുസ്ലിംകളടക്കമുള്ള പിന്നാക്ക സമുദായങ്ങളും ആഴത്തിൽ മുറിപ്പെട്ടു നിൽക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ രണ്ടാം ദലിത് രാഷ്ട്രപതിയുടെ വരവ്. ഗുജറാത്തിൽ ജിഗ്നേഷ് മേവാനിയും ഉത്തർപ്രദേശിൽ ചന്ദ്രശേഖർ ആസാദും ഉയർത്തിയ ദലിത് വിമോചനസന്ദേശങ്ങൾ രാജ്യത്തിെൻറ ഉള്ളുണർത്തുന്ന നാളുകളാണിത്. അതിനുമുേമ്പ രോഹിത് വെമുലയുടെ രക്തസാക്ഷ്യവും മുഹമ്മദ് നജീബിെൻറ തിരോധാനവും പിറകിൽ രാജ്യത്ത് തുടർച്ചയായി നടന്ന ഗോരക്ഷക ഗുണ്ടകളുടെ മുസ്ലിം, ദലിത് ഉന്മൂലന നീക്കങ്ങളും പുതിയൊരു പിന്നാക്ക^ദലിത് മുന്നേറ്റത്തിനുള്ള ഉണർവുകളിലേക്ക് ബന്ധപ്പെട്ട വിഭാഗങ്ങെള നയിച്ചുകൊണ്ടിക്കുന്ന പുതിയ സാമൂഹികാന്തരീക്ഷമാണ് ഇന്ത്യയിലുള്ളത്. അതിനെ നേരിടാൻ സ്റ്റേറ്റ് സുസജ്ജതയുടെ വഴികൾ തേടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇക്കണ്ട വിഷയങ്ങളിൽ അവസാനം രാജ്യം ഉറ്റുനോക്കുന്ന കേന്ദ്രങ്ങളിലൊന്ന് രാഷ്ട്രപതി ഭവൻ തന്നെ. അപ്പോൾ ദലിത്സ്വത്വത്തിെൻറ മികവിൽ മികച്ച ഭൂരിപക്ഷം നേടിയ പ്രഥമപൗരൻ ആർക്കൊപ്പം നിൽക്കും എന്നത് ആകാംക്ഷയുയർത്തുന്നുണ്ട്.
ഇങ്ങനെ ജനാധിപത്യ, മതനിരപേക്ഷ, ബഹുസ്വര ഇന്ത്യ നേരിടുന്ന ആപത്കരമായ പരീക്ഷണങ്ങളുടെ കാറ്റിലും കോളിലുമാണ് രാം നാഥ് കോവിന്ദിെൻറ വരവ്. ഇതിനൊക്കെ പരിഹാരമെന്ന ബാധ്യതയുടെ ഭാരം അദ്ദേഹം ഏറ്റെടുക്കുമോ അതോ, ഭരണകൂടം ഏൽപിച്ച പ്രാഥമികബാധ്യതയിൽ അദ്ദേഹം സമാശ്വാസമടയുമോ എന്നാണ് ഇനിയറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.