സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വഷളായ സാമ്പത്തിക പ്രതിസന്ധിയുടെ ഇരുൾത്തുരങ്കത്തിലേക്ക് ഇന്ത്യ പ്രവേശിച്ചുകഴിഞ്ഞുവെന്ന യാഥാർഥ്യം ഒട്ടനവധി ലക്ഷണങ്ങളിലൂടെ രാജ്യം തിരിച്ചറിഞ്ഞ ഘട്ടത്തിലാണ് ബാങ്ക് ലയനപ്രഖ്യാപനം വന്നിരിക്കുന്നത്. സാമ്പത്തികമാന്ദ്യം നേരിടാനുള്ള നടപടികളുടെ ഭാഗമെന്ന ധ്വനി നൽകിയാണ് ധനമന്ത്രി പ്രസ്തുത പ്രഖ്യാപനം നടത്തിയിരിക്കുന്നതും. എങ്ങനെയാണ് ഈ നടപടി സാമ്പത്തികമാന്ദ്യത്തിൽനിന്ന് രാജ്യത്തെ കരകയറ്റുകയെന്ന് ആലോചിക്കുമ്പോഴാണ്, പ്രതിസന്ധിയുടെ മറപിടിച്ച് ബാങ്കിങ് മേഖലയിൽ ആഗോളീകരണ അജണ്ട നടപ്പാക്കുന്ന ധനമന്ത്രിയുടെ കുറുക്കൻ ബുദ്ധി തിരിച്ചറിയുക. ബാങ്കുകളെ തമ്മിൽ ലയിപ്പിക്കുന്നതിെൻറ രാഷ്ട്രീയമോ സാമ്പത്തികമോ ഭരണപരമോ ആയ തലങ്ങളെല്ലാം മാറ്റിവെച്ച് ചിന്തിച്ചാലും, ഈ നടപടി പ്രതിസന്ധിക്ക് ആക്കം കൂട്ടാനേ സഹായകമാവൂ എന്നതാണ് വസ്തുത.
അതെന്തുകൊണ്ടെന്നു വിശദീകരിക്കാം. ഇപ്പോഴത്തെ ലയനപ്രക്രിയയോടുകൂടി ആറു പ്രമുഖ ബാങ്കുകൾ ഇന്ത്യയുടെ ബാങ്കിങ് ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമാവുകയാണ്. ഈ ബാങ്കുകൾക്ക് ലയനം പ്രഖ്യാപിച്ചതോടെ ഇടപാടുകാർക്ക് വായ്പ നൽകാൻ കഴിയാത്ത സ്ഥിതിവരും. നിക്ഷേപകരാകട്ടെ ഇനി ഈ ബാങ്കുകളിൽ പണം ഏൽപിക്കുകയുമില്ല. ലയനം പൂർത്തിയാകുന്നതുവരെ അതുമായി ബന്ധപ്പെട്ട നിരവധി തയാറെടുപ്പുകളിലേക്ക് ശ്രദ്ധയൂന്നേണ്ടിവരും. ലയനം കഴിഞ്ഞാലോ, ആ പ്രക്രിയ പൂർത്തിയായി വരാൻ മാസങ്ങളോ, ചിലപ്പോൾ വർഷങ്ങളോ വേണ്ടിവരുകയും ചെയ്യും. ചുരുക്കത്തിൽ, സമസ്ത ബാങ്കുകളും സജീവമായി സമ്പദ്വ്യവസ്ഥയിൽ ഇടപെടേണ്ട നിർണായക ഘട്ടത്തിൽ, ആറു മുൻനിര പൊതുമേഖല ബാങ്കുകളെ ഷണ്ഡീകരിക്കുന്ന പണിയാണ് നിർമല സീതാരാമൻ ചെയ്തുവെച്ചിരിക്കുന്നത്. പ്രതിസന്ധി തരണം ചെയ്യാനുള്ള ഉത്തേജക നടപടിയല്ല ബാങ്ക് ലയനമെന്ന് ഇതിൽനിന്ന് വ്യക്തം.
പിന്നെയെന്താണ് ഈ നടപടിയുടെ ഉദ്ദേശ്യം? 2007ൽ ചിദംബരം ധനമന്ത്രിയായ കാലം മുതൽ ഇന്ത്യൻ ബാങ്കിങ്ങിെൻറ പുനഃസംഘടന കേൾക്കുന്നതാണ്. അന്തർദേശീയ നാണ്യനിധിയുടെയും നിയോലിബറൽ മുതലാളിത്ത നയങ്ങളുടെ കാര്യസ്ഥന്മാരായ അന്തർദേശീയ കൺസൽട്ടൻസി സ്ഥാപനങ്ങളുടെയും ബുദ്ധിയിൽ വിരിഞ്ഞ തന്ത്രമാണ് ഈ പുനഃസംഘടന. ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളെ അഞ്ചോ ആറോ അന്തർദേശീയ ബാങ്കുകളും ഏതാനും ദേശീയ ബാങ്കുകളും അവശേഷിക്കുന്നവയെ പ്രാദേശിക ബാങ്കുകളുമായി പുനഃസംഘടിപ്പിക്കണമെന്നായിരുന്നു അന്നത്തെ നിർദേശം. ബാങ്കുകളുടെ ലയനം വഴിയാണ് പുനഃസംഘടന നിർദേശിക്കപ്പെട്ടത്. വളരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ താൽപര്യങ്ങൾ നിറവേറ്റാൻ അന്തർദേശീയ നിലവാരമുള്ള ബാങ്കുകൾ അനുപേക്ഷണീയമാണെന്നായിരുന്നു അവരുടെ വാദം. എന്നാൽ, ഇന്ത്യയുടെ അന്താരാഷ്ട്ര സാമ്പത്തികവിനിമയം ആഗോള സാമ്പത്തിക ഇടപാടുകളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്ന കാര്യം അവർ സൗകര്യപൂർവം മറച്ചുവെച്ചു. ഈ ഒരു ശതമാനം ഇടപാടുകൾക്കുവേണ്ടി ഏതാനും ബാങ്കുകളെ അന്താരാഷ്ട്ര ബാങ്കുകളാക്കുന്നതെന്തിനെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടിയുണ്ടായില്ല. അന്താരാഷ്ട്ര ബാങ്കുകളായി രൂപാന്തരപ്പെടുന്ന ബാങ്കുകളുടെ സേവനം ഇന്ത്യയിലെ സാധാരണക്കാർക്ക് നഷ്ടമാകുമെന്ന വിമർശനവും ചെവിക്കൊണ്ടില്ല.
യഥാർഥത്തിൽ, ഇന്ത്യൻവിപണിയിലെ നിക്ഷേപങ്ങളെ അന്തർദേശീയ വിപണിയിലെത്തിക്കാനുള്ള ആഗോളീകരണ അജണ്ടയായിരുന്നു ഈ നിർദേശം. അന്തർദേശീയ വിപണിയിൽ, വിശേഷിച്ചും റിസ്ക് കൂടുതലുള്ള ഡെറിവേറ്റീവ് വിപണിയിലും മറ്റും ഇടപെടാൻ കഴിയണമെങ്കിൽ ശക്തമായ ബാലൻസ് ഷീറ്റും കരുത്തുറ്റ മൂലധനാടിത്തറയും പ്രധാന മുന്നുപാധികളാണ്. ഇന്ത്യയിലെ ബാങ്കുകളെ സംയോജിപ്പിക്കുന്നതുവഴി നിയോലിബറൽ വിപണിയുടെ മാനദണ്ഡങ്ങൾ പാലിക്കാമെന്ന കണക്കുകൂട്ടലായിരുന്നു യഥാർഥത്തിൽ 2007ലെ പുനഃസംഘടന നിർദേശത്തിനു പിന്നിൽ. അന്നുമുതൽ ആഗോള വിപണി അക്ഷമയോടെ കാത്തിരുന്ന ഒന്നായിരുന്നു ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിെൻറ പുനഃസംഘടന.
ബാങ്ക് ലയനങ്ങളെ സാധൂകരിക്കാൻ നിരത്തുന്ന കാരണങ്ങളെല്ലാം പൊള്ളയാണ്. അന്തർദേശീയ വിപണിയിലെ മത്സരത്തിൽ പങ്കുപറ്റുന്നതിെൻറ കാര്യമെടുക്കുക. സഹോദര ബാങ്കുകളെയെല്ലാം ഏറ്റെടുത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോഴും ആഗോള ബാങ്കുകളിൽ വലുപ്പത്തിൽ 50ാമത് മാത്രമാണ്. മൂലധനത്തിെൻറ കാര്യത്തിൽ ആദ്യത്തെ 25 ബാങ്കുകളുടെ ഏഴയലത്തുപോലും വരില്ല. ലയനശേഷം അന്തർദേശീയ വിപണിയിൽ ഏതെങ്കിലും രൂപത്തിൽ ആ ബാങ്ക് കരുത്തുകാട്ടിയതായി അറിവില്ല. മറിച്ച്, കിട്ടാക്കടങ്ങളുടെ ഭാരത്തിനു കീഴിൽ ഞെരിഞ്ഞമരുന്ന സ്ഥാപനമായാണ് സ്റ്റേറ്റ് ബാങ്ക് ഇന്ന് അറിയപ്പെടുന്നത്. ലയനത്തിലൂടെ ഉൽപന്നങ്ങളുടെയും ബിസിനസിെൻറയും സാങ്കേതികവിദ്യയുടെയും പ്രവർത്തന ചെലവിെൻറയും കാര്യത്തിൽ മെച്ചപ്പെട്ട കാര്യക്ഷമത ഉറപ്പുവരുത്താമെന്നതാണ് ലയനവക്താക്കൾ ഉയർത്തുന്ന മറ്റൊരു വാദം. ഇവിടെ ഓർക്കേണ്ട കാര്യം, 2008ലെ സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമുണ്ടായ ബാങ്ക് പ്രതിസന്ധിയാണ്.
അന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ സിറ്റി ബാങ്ക് മുതൽ ബാങ്ക് ഓഫ് അമേരിക്ക അടക്കം എത്രയോ വമ്പൻ ബാങ്കുകളാണ് ആടിയുലഞ്ഞത്. അമേരിക്കൻ സർക്കാർ നേരിട്ട് മൂലധനം നൽകിയാണ് അന്ന് ആ ബാങ്കുകളെ കരകയറ്റിയത്. തുടർന്ന് വമ്പൻ ബാങ്കുകളെ നിയന്ത്രിക്കാൻ അമേരിക്കൻ ഭരണകൂടം പല നിയമങ്ങളും കൊണ്ടുവന്നെങ്കിലും അതൊന്നും ഫലപ്രദമായില്ല. വലുപ്പമാണ് കാര്യക്ഷമതയുടെ ഗാരൻറി എന്ന വാദം അന്നേ പൊളിഞ്ഞതാണെന്നതാണ് വസ്തുത. ഇതൊക്കെ മറച്ചുവെച്ചാണ് ഇന്ത്യയിൽ വമ്പൻ ബാങ്കുകളെ സൃഷ്ടിക്കാൻ മോദി സർക്കാർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. നിക്ഷേപങ്ങൾ സമാഹരിക്കലും വായ്പകൾ നൽകലുമാണ് ബാങ്കുകളുടെ അടിസ്ഥാന ധർമം. അത് കേവലം ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തിൽ മാത്രം അധിഷ്ഠിതമല്ല. സമ്പദ്വ്യവസ്ഥയുടെ സന്തുലിതവും സമഗ്രവുമായ വികസനം സാധ്യമാക്കുന്നതിനുള്ള ഇടനിലക്കാരെൻറ ദൗത്യമാണത്. എന്നാൽ, ഇന്ത്യയിലെ നിക്ഷേപങ്ങളെ ആഗോള വിപണിയിലേക്കെത്തിക്കുന്നതിനുള്ള ചാലുകളായിട്ടാണ് ആഗോളീകരണത്തിെൻറ കാര്യസ്ഥന്മാർ ബാങ്കുകളെ കാണുന്നത്. അവരുടെ അജണ്ട നടപ്പായാൽ ബാങ്കുകളുടെ അടിസ്ഥാനധർമം റദ്ദാക്കപ്പെടുമെന്നതിൽ സംശയമില്ല.
അത്തരമൊരു സാഹചര്യത്തിൽ വഴിയാധാരമാക്കപ്പെടുന്നത് ഇന്ത്യയിലെ സാധാരണ ജനങ്ങളായിരിക്കും. കൃഷിയും വ്യാപാരവും വ്യവസായവും കൈത്തൊഴിലും ഉൾപ്പെടെയുള്ള ഗ്രാമീണ–ചെറുകിട മേഖലകളിലേക്ക് വായ്പ കൊടുക്കുന്നതിൽ ബാങ്കുകൾ ആഗോളീകരണ നയങ്ങളുടെ ആരംഭകാലം മുതൽതന്നെ വിമുഖത കാണിച്ചിരുന്നു. ലയനപ്രക്രിയയിലൂടെ വലുപ്പംവെക്കുന്ന ബാങ്കുകൾ ശാഖകളെ നിക്ഷേപ സമാഹരണ കേന്ദ്രങ്ങളാക്കുകയും വായ്പകൾ കോർപറേറ്റ് മേഖലകളിലേക്ക് കേന്ദ്രീകരിക്കുകയുമാണ് ചെയ്യുക. ലയനശേഷം സ്റ്റേറ്റ് ബാങ്കിെൻറ കേരളത്തിലെ വായ്പാ നിക്ഷേപ അനുപാതത്തിൽ വന്ന ഭീമമായ ഇടിവ് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. ഇൻഷുറൻസും മ്യൂച്വൽ ഫണ്ടുംപോലെ ഓഹരിക്കമ്പോളവുമായി ബന്ധിപ്പിച്ചിട്ടുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതിൽ ബാങ്കുകൾ പ്രദർശിപ്പിക്കുന്ന അത്യുത്സാഹം ബാങ്കിങ്ങിെൻറ അടിസ്ഥാന ദൗത്യത്തിൽ വന്ന അസ്വീകാര്യമായ വ്യതിയാനത്തിെൻറ പ്രത്യക്ഷ അടയാളമാണ്. ഓഹരിക്കമ്പോളമാണ് ആഗോളമൂലധനത്തിെൻറ കളിത്തട്ടെന്ന കാര്യം ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്.
ചുരുക്കത്തിൽ, നിർദിഷ്ട ബാങ്ക് ലയനങ്ങൾ പ്രതിസന്ധി അണക്കാനുള്ള തെളിനീരല്ല, എരിതീയിൽ ഒഴിക്കുന്ന എണ്ണയാണ്. ഇപ്പോൾതന്നെ നമ്മുടെ ബാങ്കിങ്വ്യവസ്ഥയിൽ പുതുതലമുറ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും മൈേക്രാ ഫിനാൻസ് സ്ഥാപനങ്ങളും ഫിൻടെക് കമ്പനികളും വലിയ പങ്ക് കൈയടക്കിക്കഴിഞ്ഞു. കഴുത്തറുപ്പൻ പലിശയും അധോലോക ഗുണ്ടായിസവുമാണ് ഈ സ്ഥാപനങ്ങളുടെയെല്ലാം മുഖമുദ്ര. നിലവിലുള്ള ഏതാനും ബാങ്കുകൾകൂടി അപ്രത്യക്ഷമാവുകയും, മറ്റു ചിലവ ഭീമാകാരം പ്രാപിക്കുകയും ചെയ്യുന്നതോടെ ഇന്ത്യൻ ബാങ്കിങ്ങിൽ വട്ടിപ്പലിശക്കാരുടെ പുത്തൻ അവതാരങ്ങൾ പിടിമുറുക്കാനുള്ള സാധ്യതയേറുകയാണ്.
യൂറോപ്യൻ യൂനിയനുമായി ഒപ്പിടാനിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറിെൻറ ഭാഗമായി ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ യൂറോപ്യൻ ധനകാര്യസ്ഥാപനങ്ങൾക്ക് യഥേഷ്ടം പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന നിർദേശമുണ്ടേത്ര. ആ കരാർ ഏതാണ്ട് സാക്ഷാത്കാര ഘട്ടത്തിലാണെന്നുകേൾക്കുന്നു. അതുകൂടിയായാൽ ഒട്ടനവധി ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും ഫിൻടെക് കമ്പനികളും കൂടി ഇന്ത്യൻവിപണിയിലേക്ക് കടന്നുകയറും. നമ്മുടെ ബാങ്കുകൾ ഇന്ത്യയിലെ ആഭ്യന്തരനിക്ഷേപങ്ങൾ ആഗോളവിപണിയിലേക്കെത്തിക്കുമ്പോൾ വിദേശിയും സ്വദേശിയുമായ പുത്തൻ ധനകാര്യ സ്ഥാപനങ്ങൾ കൊള്ളപ്പലിശയുമായി ഇന്ത്യൻ വിപണിയിൽ അരങ്ങുവാഴുന്ന ഒരു കെട്ടകാലത്തിലേക്കാണ് മോദിഭരണം രാജ്യത്തെ നയിക്കുന്നത്. സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്തോറും കൂടുതൽ കൂടുതൽ ജനവിഭാഗങ്ങൾ തൊഴിൽരഹിതരും നിരാധാരരും ആയിത്തീരുന്ന ആസന്ന സാഹചര്യത്തിൽ, ഇവിടത്തെ നിക്ഷേപങ്ങളെ പുറത്തേക്കു കടത്തുകയും ഉൽപാദന മേഖലകളെ കൈയൊഴിയുകയും ചെയ്യുന്ന ധനമന്ത്രിയുടെ ലയന പ്രഖ്യാപനം ഇന്ത്യൻ ജനതയോടുള്ള വെല്ലുവിളി തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.