വംശീയത യൂറോപ്പിനെ വേട്ടയാടുന്നു

ഷ്യയും യുക്രെയ്​നും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. ബെലറൂസിൽ നടന്ന, മൂന്നാംവട്ട ചര്‍ച്ചയിൽ റഷ്യ ഉന്നയിച്ച ആവശ്യങ്ങൾ യുക്രെയ്​ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി നിരാകരിക്കുകയുണ്ടായി. യുക്രെയ്നിന്റെ ഭരണഘടന ഭേദഗതി ചെയ്ത് 'നാറ്റോ' സൈനിക സഖ്യത്തിൽ അംഗമാവില്ലെന്ന് ഉറപ്പാക്കണമെന്നതായിരുന്നു പുടിന്‍റെ പ്രധാന ആവശ്യം. ക്രിമിയയെ റഷ്യയുടെ ഭാഗമായി അംഗീകരിക്കുക, ലുഹാൻസ്ക്, ഡോണോടിസ്ക് പ്രവിശ്യകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുക എന്നീ ആവശ്യങ്ങളും റഷ്യൻ പ്രതിനിധി ദിമിത്രി പെസ്കോവ് മുന്നോട്ടുവെച്ചു. സമാധാന സംരംഭങ്ങൾക്ക് ചൈന മുൻകൈയെടുക്കുമെന്നുവന്നതോടെ പ്രസിഡന്റ് സെലൻസ്കി ഒരുപടി താഴോട്ടിറങ്ങിയതായും അനുരഞ്ജനത്തിന് സാധ്യത ഉളവായതായും തോന്നുന്നു. റഷ്യയുമായി സുരക്ഷ ഉടമ്പടി ഉണ്ടാകുന്ന പക്ഷം 'നാറ്റോ' അംഗത്വം അടുത്ത 15 വർഷത്തേക്ക് നിർത്തിവെക്കാമെന്നാണ് സെലൻസ്കി ഇപ്പോൾ പറയുന്നത്. റഷ്യയുമായി സംഭാഷണം തുടരാമെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ലതുതന്നെ.

യുദ്ധം ആർക്കു വേണ്ടിയാണ്? റഷ്യക്കോ അതോ അമേരിക്കക്കോ അത് ഗുണം ചെയ്യുക? അമേരിക്കയുടെ ഏകധ്രുവ മേൽക്കോയ്മ അവസാനിപ്പിക്കുക എന്ന പുടിന്‍റെ ഉദ്ദേശ്യം സാക്ഷാത്കരിക്കപ്പെട്ടെന്നുവരാം. എന്നാൽ, അതിനുവേണ്ടി യൂറോപ്പിലെ ലക്ഷക്കണക്കിനു മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന കഷ്ട-നഷ്ടങ്ങൾ ആരെയാണ് തൃപ്തിപ്പെടുത്തുക? അമേരിക്കൻ മേൽക്കോയ്മയുടെ ഏകധ്രുവത്തിനുപകരം ബഹുധ്രുവ സങ്കൽപങ്ങൾ രൂപപ്പെടുത്തി റഷ്യയുടെ സോവിയറ്റ് കാലഘട്ടത്തിലെ പ്രതാപം വീണ്ടെടുക്കാനാണത്രേ പ്രസിഡന്റ് പുടിൻ ലക്ഷ്യമിടുന്നത്! ഇതിനുവേണ്ടി മനുഷ്യസമൂഹം ചിരകാലമായി ഒരുക്കൂട്ടിയ വിഭവങ്ങളും ശാസ്ത്ര-സാങ്കേതിക ജ്ഞാന സങ്കൽപങ്ങളും ഒറ്റയടിക്ക് ചുട്ടുചാമ്പലാക്കുന്നതിൽ അഭിരമിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്താണ്! ശീതസമര കാലഘട്ടത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. അമേരിക്കയും സഖ്യകക്ഷികളും മുതലാളിത്ത വ്യവസ്ഥയെ പുൽകിയപ്പോൾ, സോവിയറ്റ് റഷ്യയും ചൈനയും കമ്യൂണിസ്റ്റ് തത്ത്വചിന്തയിൽ ഉറച്ചുനിന്നു. എന്നാൽ, 1988ൽ ബർലിൻ മതിൽ നിലംപതിക്കുകയും 1990ഓടെ സോവിയറ്റ് റഷ്യ അരങ്ങൊഴിയുകയും ചെയ്തതോടെ കമ്യൂണിസം അതിന്‍റെ ക്ഷേമ വാഗ്ദത്തങ്ങൾ അവസാനിപ്പിച്ചു. റഷ്യ തന്നെയും മുതലാളിത്തത്തെ പുണർന്നു. 1991ൽ 'വാഴ്സോ ഉടമ്പടി' ഇല്ലാതായതോടെ റഷ്യയുടെ അന്താരാഷ്ട്ര ശാക്തിക സാന്നിധ്യവും നാമമാത്രമായി. എന്നാൽ, 2000ാം ആണ്ടിൽ പുടിൻ പ്രസിഡന്റായതോടെ റഷ്യ അതിന്റെ അന്തർദേശീയ സാന്നിധ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആക്കംകൂട്ടി. ജോർജിയയിലും ക്രിമിയയിലും സിറിയയിലുമൊക്കെ അവരത് പരീക്ഷിച്ചു. സൈനികമായി റഷ്യ അന്താരാഷ്ട്ര തലത്തിൽതന്നെ അംഗീകരിക്കപ്പെടുന്നൊരു ശക്തിയാണെന്ന് തെളിഞ്ഞുവന്നു. അമേരിക്ക അഫ്ഗാനിസ്താനിൽനിന്ന് പരാജയപ്പെട്ട് പിൻവാങ്ങിയതും ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് വിട്ടുപോകുന്നതുമൊക്കെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന പുടിൻ ഇതുതന്നെയാണ് തന്‍റെ മേൽക്കോയ്മ തെളിയിക്കേണ്ട അവസരമെന്നു കരുതുന്നു. നേരത്തേ ബ്രിട്ടനും ഫ്രാൻസും പിന്നീട് അമേരിക്കയും ചെയ്തുവരുന്നതെന്തോ അതുതന്നെയാണ് റഷ്യയും ചെയ്തത്!

യുക്രെയ്നിൽ മരിച്ചുകൊണ്ടിരിക്കുന്നത് യൂറോപ്യരാണ്- ആ മരണങ്ങൾ യൂറോപ്യൻ രാഷ്ട്രങ്ങളെ ഒന്നടങ്കം അസ്വസ്ഥമാക്കുന്നു. ഭൂമി കൈയേറുന്നതും നിരപരാധികളെ കൊന്നൊടുക്കുന്നതും പ്രതിഷേധാർഹമാണോ? എങ്കിൽ എന്തുകൊണ്ടാണ് ഇതേ വികാരം ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കുനേരെ നടക്കുന്ന ഇസ്രായേലിന്‍റെ മൃഗീയമായ ആക്രമണങ്ങൾക്കുനേരെ പ്രകടമാകാത്തതെന്ന് അന്താരാഷ്ട്ര ഏജന്‍സികൾ തന്നെ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. ഇറാഖിലും സിറിയയിലും അഫ്ഗാനിസ്താനിലും അമേരിക്കയും സഖ്യകക്ഷികളും ചെയ്തുവന്നതെന്താണ്? ഇപ്പോഴും ആഫ്രിക്കൻ രാജ്യങ്ങളിൽ അവർ നടത്തുന്ന നരമേധം മനുഷ്യ മനസ്സിനെ ലജ്ജിപ്പിക്കുന്നതാണ്.

യുദ്ധത്തിൽ അമേരിക്ക നേരിട്ടിടപെടില്ലെന്ന് ബൈഡൻ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. റഷ്യയും ചൈനയും ഒരുപക്ഷത്തും അമേരിക്ക മറുവശത്തുമാകുമ്പോൾ അതൊരു ആഗോള യുദ്ധമായി മാറിയേക്കാനുള്ള സാധ്യത ഏറെയാണ്. എങ്കിലും, റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട് അമേരിക്ക. റഷ്യയുമായി അതിർത്തി പങ്കിടുന്ന ലാത് വിയ, എസ്തോണിയ, റുമേനിയ, ലിത്വേനിയ എന്നിവിടങ്ങളിൽ 12000 സൈനികരെ വിന്യസിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നു. അതിനാൽ, യുക്രെയ്നെതിരായ യുദ്ധത്തിൽ വ്ലാദ്മിർ പുടിന് വിജയം സാധ്യമാകില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. വാഷിങ്ടൺ സാമ്പത്തിക ഉപരോധത്തിലൂടെ റഷ്യയെ കീഴ്പ്പെടുത്താമെന്നാണ് കണക്കുകൂട്ടിയത്. അങ്ങനെയാണ് പെട്ടെന്നുതന്നെ ബൈഡൻ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെച്ചത്. എന്നാൽ, വാണിജ്യ രംഗത്തെ വിശകലന വിദഗ്ധരായ കെപ്ലർ ഏജന്‍സി വിലയിരുത്തുന്നത് റഷ്യയെ വല്ലാതെയൊന്നും ഇത് ബാധിക്കില്ലെന്നാണ്. അമേരിക്കയുടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെറും എട്ടു ശതമാനം മാത്രമാണത്രെ! എന്നാൽ, ഇത് കൂടുതലും ​പ്രശ്നത്തിലാക്കുക അമേരിക്കയുടെ സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങളെ തന്നെയായിരിക്കും. റഷ്യയിൽനിന്ന് വന്നുകൊണ്ടിരിക്കുന്ന എണ്ണയുടെയും വാതകത്തിന്‍റെയും ഗോതമ്പിന്‍റെയും ഇറക്കുമതി നിലച്ചാൽ യൂറോപ്പിലെ മിക്ക രാഷ്ട്രങ്ങളുടെയും സാമ്പത്തിക നില തകര്‍ച്ചയെ നേരിടേണ്ടിവരും! എണ്ണ-വാതക വിലകൾ കുതിച്ചുയരുന്നത് എല്ലാ അവശ്യ വസ്തുക്കളുടെയും വില വര്‍ധനവിന് കാരണമാകും! പ്രത്യേകിച്ചും, കോവിഡ് മഹാമാരിയിൽനിന്ന് രക്ഷതേടി മെല്ലെ തലപൊക്കിവരുന്ന ഈ സന്ദർഭത്തിൽ അത് താങ്ങാനാവാത്ത പ്രയാസങ്ങളായിരിക്കും സൃഷ്ടിക്കുക. ഉപരോധത്തിന്‍റെ കാഠിന്യം, അതിന്‍റെ ദൈർഘ്യം, റഷ്യയുടെ പ്രതിരോധം തുടങ്ങിയ കാര്യങ്ങളൊന്നും പ്രവചിക്കാനാവില്ല. മാത്രമല്ല, യുദ്ധം തുടരുന്നതിനു ഇവയൊക്കെ കാരണമാകുമ്പോൾ, അഭയാർഥി പ്രവാഹത്താൽ അയൽപക്ക രാഷ്ട്രങ്ങളെല്ലാം വീർപ്പുമുട്ടും. ഇത് അവരുടെ സാമ്പത്തികനില താളംതെറ്റിക്കും. പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും കാരണമാകും. ഇതൊക്കെയും മനസ്സിലാക്കിക്കൊണ്ടാകണം റഷ്യയുടെ ഉപ പ്രധാനമന്ത്രി അലക്സാണ്ടർ നോവക് ഉപരോധം 'തിക്തഫലങ്ങൾ' ഉളവാക്കുമെന്ന് താക്കീത് ചെയ്തത്. അന്താരാഷ്ട്ര നാണയനിധി(IMF)യുടെ മാനേജിങ് ഡയറക്ടർ ക്രിസ്റ്റാലിന ജിയോഗിവ പ്രസ്താവിക്കുന്നതനുസരിച്ച്, അന്താരാഷ്ട്ര വ്യാപാര സമവാക്യങ്ങളെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ്.

20ാം നൂറ്റാണ്ടിന്റെ മധ്യം വരെയും ലോകത്തു നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിഭാസമാണ് കോളനിവത്കരണം. പാശ്ചാത്യലോകത്തെ വ്യാപാര, മൂലധന, സാങ്കേതിക, രാഷ്ട്രീയ ശക്തികൾ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ ഭൂപ്രദേശങ്ങളിൽവന്ന് കച്ചവടം വഴിയും ആയുധബലംകൊണ്ടും നയപരമായ ഇടപെടലുകൾ വഴിയും ആ പ്രദേശങ്ങളിലെ ജനസമൂഹങ്ങളുടെമേൽ അധികാരം സ്ഥാപിച്ച് കടുത്ത ചൂഷണം അഴിച്ചുവിട്ടു. എല്ലാം അവരുടെ കീഴിലാക്കി. ഇതിനെയാണ് നമ്മുടെ ചരിത്രപടുക്കൾ 'സൂര്യനസ്തമിക്കാത്ത'തെന്നു വിശേഷിപ്പിച്ചത്! വർണവെറിയും അടിമക്കച്ചവടവുമൊക്കെ കോളനിവത്കരണത്തിന്‍റെ മുഖമുദ്രയായിരുന്നു.

കോളനിവത്കരണത്തിൽ ചൂഷണം അസഹ്യമായതോടെ അതിനെതിരെ ജനരോഷം ഉയര്‍ന്നുവന്നു. ദേശീയ-മനുഷ്യാവകാശ ചിന്തകൾ ഉണർന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങൾ ഒന്നൊന്നായി സ്വതന്ത്രമായി. എന്നാൽ, ദേശീയത കേവലം വൈകാരികവും അക്രമാസക്തവുമായപ്പോൾ അത് ഹിറ്റ്ലറെയും മുസോളിനിയെയും വളർത്തി. അത് ലോകയുദ്ധങ്ങൾക്ക് കാരണമായി. ഫാഷിസം ഇന്നും മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന യാഥാർഥ്യമായി നിലനില്‍ക്കുന്നു! 20ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ് ആഗോളവത്കരണത്തിന്‍റെ സ്വാധീനം ശക്തമായത്. വിവരസാങ്കേതിക വിദ്യയുടെ അതിപ്രസരം, സാമ്പത്തികമായ പരസ്പരാശ്രിതത്വം, സാംസ്കാരികമായ പരസ്പര സ്വാംശീകരണം എന്നിവയൊക്കെയാണ് ഇതിന് കാരണമായത്. എന്നാൽ, മുതലാളിത്ത മൂലധനത്തിന്‍റെ സ്വതന്ത്ര ചലനം പരസ്പര സാമ്പത്തിക -സൈനിക മത്സരങ്ങളിലൂടെ ലോകരാഷ്ട്രങ്ങള്‍ക്കിടയിൽ കിടമത്സരവും അസന്തുലിതാവസ്ഥയും ഉളവാക്കിയിരിക്കുന്നു. വിജയികളെ പാടിപ്പുകഴ്ത്തുകയും പരാജിതരെ വിസ്മരിക്കുകയും ചെയ്യുന്ന ഉദാരവത്കരണത്തിന്‍റെ നീതിശാസ്ത്രം മനുഷ്യാവകാശ ധ്വംസനത്തിന് കാരണമായില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇത് കുറിക്കുമ്പോൾ 25 ലക്ഷത്തിലേറെ അഭയാർഥികൾ യുക്രെയ്നിൽനിന്ന് പലായനം ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയില്‍നിന്നും വടക്കെ ആഫ്രിക്കയില്‍നിന്നുമുള്ള അഭയാർഥികളെ സ്വീകരിക്കാന്‍ മടിച്ചിരുന്ന പോളണ്ട് ഇപ്പോള്‍ ഇവരെ സ്വീകരിക്കുന്നു. അത് എന്തുകൊണ്ടാണെന്ന് കെല്ലി കോബിയെല്ല എന്ന എൻ.ബി.സി ന്യൂസ് ലേഖകന്‍ വിശദമാക്കുന്നതിങ്ങനെയാണ്- 'വ്യക്തമായി പറഞ്ഞാല്‍, അവര്‍ സിറിയയില്‍നിന്നുള്ള അഭയാർഥികളല്ല, യുക്രെയ്നില്‍നിന്നുള്ള അഭയാർഥികളാണ്. അവര്‍ ക്രിസ്ത്യാനികളാണ്, വെളുത്തവരാണ്. അവര്‍ നമ്മോട് വളരെ സാമ്യമുള്ളവരാണ്. നോക്കൂ, നാം എവിടേക്കാണ് പോകുന്നത്! ബ്രിട്ടീഷ് പ്രഭുസഭയിലെ ഡാനിയൽ ഹന്നാൻ ദുഃഖിതനാണ്.

ഡെയ് ലി ടെലിഗ്രാഫിൽ അദ്ദേഹം തുറന്നുപറയുന്നു- അവർ നമ്മെപ്പോലെയുള്ളവരാണെന്ന കാര്യമാണ് എന്നെ ഞെട്ടിപ്പിക്കുന്നത്. യുക്രെയ്ൻ ഒരു യൂറോപ്യൻ രാജ്യമാണ്. അതിലെ ആളുകൾ നെറ്റ്ഫ്ലിക്സ് കാണുന്നവരും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉള്ളവരുമാണ്. യുദ്ധം ഇനിമുതൽ ദരിദ്ര വിദൂര ജനവിഭാഗങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല. അത് ആർക്കും സംഭവിക്കാം'.

Tags:    
News Summary - Racism haunts Europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.