ര​മേ​ശ​നെ പു​റ​ത്താ​ക്കി​യ​തെ​ന്തി​ന്?  

സ്വ​ദേ​ശാ​ഭി​മാ​നി രാമകൃഷ്ണപിള്ള ദലിതരോട് ചെയ്തതുതന്നെയാണ്​ സി.പി.എം ആ പാർട്ടിക്കാരനായ എസ്. രമേശനോടും ചെയ്തത്. വൈക്കത്തെ ദരിദ്ര ദലിത് കുടുംബത്തിൽ ജനിച്ച കവി രമേശനെ ‘ഗ്രന്ഥാലോകം’ പത്രാധിപ സ്ഥാനത്തുനിന്ന് പാർട്ടി പുറത്താക്കിയപ്പോൾ നടന്നത് ക്രൂരമായ ദലിത്​ വേട്ടയാണ്. ഇതേപ്പറ്റി എൽ.ഡി.എഫ് കുത്തകയുള്ള സാംസ്കാരിക നായകർ പ്രതികരിക്കുകയില്ലെങ്കിലും കുരീപ്പുഴ ശ്രീകുമാർ എന്നൊരു സഹകവിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കേട്ടാൽ കൊള്ളാം. ദലിതർക്കെതിരെ നിലയുറപ്പിച്ച്​, തിരുവനന്തപുരത്തെ ഒരു ജാതിയുടെ താൽപര്യമാണ്, രാമകൃഷ്ണപിള്ള സംരക്ഷിച്ചുപോന്നത്. രമേശൻെറ കാര്യത്തിൽ അന്തകനായതും പാർട്ടിക്കകത്ത് പിരപ്പൻകോട് മുരളിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട അതേ ജാതി സംഘമാണ്.

എറണാകുളം മഹാരാജാസ്​ കോളജിൽ പഠിച്ച ഞങ്ങൾ രമേശനെ ഒരിക്കലും ദലിതനായി കണ്ടിട്ടില്ല. പൊതുസമ്മതനായതിനാൽ രണ്ടു തവണ തുടർച്ചയായി കോളജ് യൂനിയൻ ചെയർമാനായി രമേശൻ. എസ്.എഫ്.ഐയുടെ കേരളത്തിലെ ആദ്യ കോളജ് യൂനിയൻ ചെയർമാൻ. കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിയുമൊക്കെ വിദ്യാർഥിരാഷ്​ട്രീയം പഠിച്ചത് പിന്നീടാണ്. 1973-74ൽ ആദ്യവട്ടം രമേശൻ ചെയർമാൻ ആയപ്പോൾ യൂനിയൻ കൗൺസിലറായിരുന്നു ഇന്നത്തെ മന്ത്രി തോമസ് ഐസക്. എന്നാൽ, രണ്ടു വർഷം മുമ്പ് ‘മഹാരാജവീയം’ കോളജ് മാസികയിലെ അഭിമുഖത്തിൽ ഐസക്​ പറഞ്ഞത് രമേശൻ എസ്.എഫ്.ഐയുടെ തെരഞ്ഞെടുപ്പ് സുവനീർ എഡിറ്ററായിരുന്നുവെന്നാണ്. ചെയർമാൻ ആയിരുന്നുവെന്ന സത്യം ഐസക്​ ബോധപൂർവം ഓർക്കാതിരുന്നു. മഹാരാജാസിലെത്തുമ്പോൾ ഐസക്​ കത്തോലിക്ക വിദ്യാർഥി സംഘടനയിലായിരുന്നു. അദ്ദേഹത്തെ എസ്.എഫ്.ഐയിൽ എത്തിച്ചതിൽ രമേശന് പങ്കുണ്ട്. ബോധപൂർവമായ തിരസ്കാരം സ്​റ്റാലിനിസത്തിൽ പതിവാണ്.

പാർട്ടി രമേശനെ തിരസ്കരിക്കാൻ തുടങ്ങിയിട്ട് വളരെ നാളായി. രമേശനെ പുറത്താക്കിയ ലൈബ്രറി കൗൺസിലിലെ പാർട്ടി ഫ്രാക്​ഷൻ യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്ര​േട്ടറിയറ്റിൽ സാംസ്കാരിക ചുമതലയുള്ള ബേബിജോണിനും മുമ്പേ പാർട്ടിയിൽ എത്തിയയാളാണ് രമേശൻ. എം.എൻ. വിജയൻ പു.ക.സ പ്രസിഡൻറായിരിക്കെ ജന. സെക്രട്ടറിയായിരുന്നു. ഒരു ഘട്ടത്തിൽ ഞാറയ്ക്കൽ മണ്ഡലത്തിൽനിന്ന് മത്സരിപ്പിക്കാനും പാർട്ടി ആലോചിച്ചു. ടി.കെ. രാമകൃഷ്ണൻ മന്ത്രിയായിരിക്കെ അദ്ദേഹത്തിൻെറ സെക്രട്ടറിയുമായി. 

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എത്രമാത്രം ദലിത് വിരുദ്ധനായിരുന്നുവെന്നും മനുഷ്യത്വ ഹീനനായിരുന്നുവെന്നുമുള്ള ഉറച്ച ബോധ്യം അദ്ദേഹത്തിന് മാത്രമല്ല,  ഗുരുവായ പ്രഫ. എം.കെ. സാനുവിനുമുണ്ട്. ‘സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ക്ലാവ് പിടിച്ച കാപട്യ’മെന്ന പുസ്തകം ജനത്തിലേക്ക് ഇറക്കിവിടുമ്പോൾ ഇരുവരും പങ്കാളികളാണ്. സ്വദേശാഭിമാനിയുടെ കുപ്രസിദ്ധമായ മുഖപ്രസംഗത്തിലെ ‘എത്രയോ തലമുറകളായി ബുദ്ധി കൃഷിചെയ്ത് വന്നിട്ടുള്ള ജാതിക്കാരെയും അതിനേക്കാൾ എത്രയോ കാലമായി നിലം കൃഷി ചെയ്തു വരുന്ന ജാതിക്കാരെയും തമ്മിൽ ബുദ്ധികാര്യത്തിൽ ഒന്നായി ചേർക്കുന്നത് കുതിരയേയും പോത്തിനേയും ഒരു നുകത്തിൽ കെട്ടുന്നതിന് സമമാണ്’ എന്ന ദലിത് വിരുദ്ധമായ വാചകം സാനുമാഷ് പുസ്തകത്തിൻെറ അവതാരികയിലും ഉദ്ധരിച്ചിട്ടുണ്ട്. 
 ദിവാൻ പി. രാജഗോപാലാചാരി ദലിതർക്ക് സ്കൂൾ പ്രവേശനം നൽകിയപ്പോഴായിരുന്നു ഈ ജാതി വെറിയുടെ പൊട്ടിത്തെറി. പിള്ളയെ 1910 സെപ്​റ്റംബർ 26ന് തിരുവിതാംകൂറിൽനിന്നു നാടുകടത്തിയെങ്കിലും അയാളിലെ ജാതി വാദി അടങ്ങിയില്ല. കൊച്ചിയിലെ കെ.പി. കറുപ്പൻെറ ‘ബാലാകലേശം’ എന്ന കാവ്യത്തെ ‘വാലാകലേശം’ എന്നു പരിഹസിച്ചു. പിള്ളയുടെ ശത്രുവായ രാജഗോപാലാചാരിയാണ് അയ്യങ്കാളിയെയും കുമാരനാശാനെയും ശ്രീമൂലം പ്രജാസഭയിൽ അംഗമാക്കിയത്. അത് പിള്ളയിലെ ജാതിവാദിക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.പുരോഗമനവിരുദ്ധനായ പിള്ള മാർക്സിൻെറ മാത്രമല്ല, ഗാന്ധിയുടെയും ജീവചരിത്രമെഴുതി. ഇതിൽ മാർക്സിൻെറ ജീവചരിത്രം ഇന്ത്യയിൽ ആദ്യത്തേതാണെന്നായിരുന്നു സ്വദേശാഭിമാനി ഭക്തസംഘത്തിൻെറ കൊട്ടപ്പാട്ട്.

എന്നാൽ, പിള്ള ലാലാ ഹർദയാൽ എഴുതിയ ‘കാൾ മാർക്സ്: എ മോഡേൺ റിഷി’യുടെ മോഷണമായിരുന്നുവെന്ന് ഞാനാണ് കണ്ടെത്തിയത്. ഹർദയാലിൻെറ ലേഖനം കൊൽക്കത്തയിൽനിന്നുള്ള ‘മോഡേൺ റിവ്യൂ’വിൽ 1912 മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ചു. അത് പകർത്തി ആഗസ്​റ്റിൽ പിള്ള മലയാളത്തിലാക്കി. അതിൻെറ പേരിൽ സി.പി.എമ്മിലെ ജാതിവാദികൾ പിള്ളയെ മാർക്സിസത്തിൻെറ അപ്പോസ്തലനാക്കി നടത്തിയ വിഗ്രഹപ്രതിഷ്ഠ എൻെറ കണ്ടെത്തലോടെ പൊളിഞ്ഞു. ഈ കണ്ടെത്തലിന് വേണ്ടത്ര തെളിവുകളുടെ പിൻബലമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് രമേശൻ ഹർദയാലിൻെറ ലേഖനത്തിൻെറ പരിഭാഷയും എൻെറ പഠനവും ‘ഗ്രന്ഥാലോക’ത്തിൽ പ്രസിദ്ധീകരിച്ചത്. പിള്ള എഴുതിയ ലേഖനത്തിൻെറ ആദ്യ ഖണ്ഡിക ഒഴിച്ചാൽ ബാക്കി മുഴുവൻ ഹർദയാലിൽനിന്ന് പകർത്തിയതാണ്. ഹർദയാൽ മാർക്സിനോട് പ്രകടിപ്പിക്കുന്ന വിയോജിപ്പുകൾ പിള്ള ഉപേക്ഷിച്ചു. പ്രബന്ധത്തിലെ ഉദ്ധരണികൾ അതേപടി പിള്ള നിലനിർത്തി. ഹർദയാലിൻെറ പ്രബന്ധം കൊൽക്കത്തയിലെ നാഷനൽ ലൈബ്രറിയിലും നെതർലൻഡ്​സിലെ ഇൻറർനാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഹിസ്​റ്ററി ആർക്കൈവ്സിലുമുണ്ട്. പി.സി. ജോഷി, കെ. ദാമോദരൻ എന്നിവർ എഡിറ്റ് ചെയ്ത ‘മാർക്സ്​ കംസ് ടു ഇന്ത്യ’ എന്ന പുസ്തകത്തിൽ (1975) ഇത് ചേർത്തിരുന്നു. ആ പുസ്തകത്തിൽ പിള്ള എഴുതിയ ജീവചരിത്രം ഹൈദരാബാദ് സെൻട്രൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ അധ്യാപകനായ കെ.പി. മോഹനെ കൊണ്ട് പരിഭാഷപ്പെടുത്തി. അങ്ങനെ ഇംഗ്ലീഷിലും രണ്ടും ഒത്തുനോക്കാം. മാർക്സിസ്​റ്റ് ചരിത്രകാരനായ കിരൺ മയിത്ര ‘മാർക്സിസം ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിൽ ‘ഹർദയാലി​േൻറതിനോട് അതീവസാമ്യമുള്ള ജീവചരിത്രം ഒരു രാമകൃഷ്ണപിള്ള മലയാളത്തിൽ പ്രസിദ്ധീകരിച്ചു’വെന്ന് രേഖപ്പെടുത്തി. 

ഈ സാഹചര്യത്തിലാണ് ഹർദയാലിൻെറ ഇംഗ്ലീഷ് പ്രബന്ധം ഞാൻ പരിഭാഷപ്പെടുത്തി അതിനൊരു പഠനവും എഴുതി ‘ഗ്രന്ഥാലോക’ത്തിൽ  പ്രസിദ്ധീകരിച്ചത്. അതോടെ പിള്ളയെ നവോത്ഥാന നായകനാക്കി ഒരു ജാതിസംഘം കെട്ടിപ്പൊക്കിയ കപടവിഗ്രഹം പൊളിഞ്ഞു വീണു. കമ്യൂണിസ്​റ്റ്​ രാഷ്​ട്രങ്ങളിൽ ചില പ്രതിമകൾ വീഴുംപോലെ. ഇന്ത്യൻ പത്രപ്രവർത്തനത്തിൻെറ പിതാവെന്നറിയപ്പെടുന്ന രാമാനന്ദ് ചാറ്റർജി (1865- 1973)പത്രാധിപരായ ‘മോഡേൺ റിവ്യൂ’വിൽ ടാഗോർ, നെഹ്റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരൊക്കെ എഴുതിയിരുന്നു. ഇന്ത്യൻ ദേശീയതയുടെ സംഗമ ബിന്ദുവായ ആ മാസിക കേരളത്തിലും അപരിചിതമായിരുന്നില്ല. അതിൽനിന്ന് രാമകൃഷ്ണപിള്ള ദേശീയതയുടെ പാഠങ്ങളൊന്നും പഠിച്ചില്ല. ജാതി- സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി പടുകുഴിയിൽ വീണു. സ്വന്തം ജാതിക്കുവേണ്ടി ദലിതർക്കും

ഈഴവർക്കും എതിരെ തിരിയുകയാണുണ്ടായത്. പാർട്ടിയിൽ ഈ ജാതി താൽപര്യം പൊക്കിപ്പിടിച്ച പി. ഗോവിന്ദപ്പിള്ള പ്രസ് അക്കാദമിചെയർമാനായിരുന്നപ്പോഴാണ് ടി.വേണുഗോപാലനെക്കൊണ്ട് പിള്ളയെപ്പറ്റി ‘രാജ്യസ്നേഹിയായ രാജ്യ​ദ്രോഹി’യെന്ന പുസ്തകം നിർമിച്ചത്. അതിൽഅയ്യങ്കാളിയുടെ പേരിൽ ഒരു വ്യാജ നിർമിതിയുണ്ടായിരുന്നു. പാലക്കാട് അമ്മാളു അമ്മയുടെ വീട്ടിൽനിന്ന് തനിക്കൊരു തകരപ്പെട്ടി കിട്ടിയെന്നും അതിൽ അയ്യങ്കാളിയുടെ കത്തുണ്ടായിരുന്നുവെന്നും വേണുഗോപാൽ അവകാശപ്പെട്ടു. ഇപ്പറഞ്ഞ തകരപ്പെട്ടി പിള്ളയുടേതായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. എന്നാൽ, അയ്യങ്കാളി പിള്ളക്ക് എഴുതിയ കത്തിൽ അയ്യങ്കാളിയുടെ ഒപ്പില്ല. കൈപ്പടയാകട്ടെ പിള്ളയുടേതാണ്. പിള്ളയോട് അയ്യങ്കാളി മാപ്പ് അപേക്ഷിക്കുകയും പിള്ള ദലിതരുടെയും സുഹൃത്തായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുകയാണ് വ്യാജകത്ത്. അയ്യങ്കാളിയുടെ യഥാർഥ കത്ത് രാജകോപം പേടിച്ച് നശിപ്പിച്ചുവെന്നാണ് വേണുഗോപാലൻ പറയുന്നത്. ദിവാൻ രാജഗോപാലാചാരിക്ക് വാത്സല്യം ഉണ്ടായിരുന്ന ആളാണ് അയ്യങ്കാളി. പുലയകുടുംബത്തിലെ പഞ്ചമിയെ സ്കൂളിൽ പ്രവേശിപ്പിച്ചതിനെ ഊരൂട്ടമ്പലത്തെ നായന്മാർ എതിർത്തപ്പോൾ സായുധമായി യുദ്ധം ചെയ്ത ആളാണ് അയ്യങ്കാളി. അയാൾക്ക് എന്ത് രാജകോപം! പിള്ള നിർമിച്ച ഈ കൃത്രിമ വഴിയിലാണ് പിരപ്പൻകോട് മുരളിയും രമേശനെതിരായ ജാതിസംഘവും അതിൻെറ സമ്മർദത്തിൽപ്പെട്ട് പാർട്ടിയും. അമ്മാളു അമ്മയുടെ തകരപ്പെട്ടിയിൽനിന്ന് ഇനിയും എത്രയോ തിരുശേഷിപ്പുകൾ ദലിതരുടെ ഉന്മൂലനത്തിനായി വരാനിരിക്കുന്നു.

Tags:    
News Summary - Ramesan quit issue-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.