റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, കെട്ടിടനിർമാണം തുടങ്ങിയ മേഖലയിലെ ഇടപാടുകൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര സർക്കാർ 2016ൽ പ്രാബല്യത്തിൽ കൊണ്ടുവന്ന റിയൽ എസ്റ്റേറ്റ് െറഗുലേഷൻ ആൻഡ് ഡെവലപ്മെൻറ് ആക്ടിന് (റെറ) പാർലമെൻറ് അംഗീകാരം നൽകിയത്. എന്നാൽ, ഇടത്തരം കെട്ടിടനിർമാണ സംരംഭകരെ (ബിൽഡേഴ്സ്) പൂർണമായും അവഗണിക്കുന്നുവെന്നതാണ് ‘റെറ’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇൗ ചട്ടത്തിെൻറ പ്രധാന ന്യൂനത.
‘റെറ’ ചട്ടം കെട്ടിടനിർമാണ സംരംഭകരെ രണ്ടായി വിഭജിക്കുന്നു. 500 ചതുരശ്ര മീറ്റർ ഭൂമിയിലെ കെട്ടിടങ്ങൾ നിർമിക്കുന്ന വിഭാഗം, 500 ചതുരശ്ര മീറ്ററിനു മുകളിൽ നിർമാണ സംരംഭങ്ങൾ ഏറ്റെടുക്കുന്ന വിഭാഗം എന്നിങ്ങനെ. ഇതിൽ ആദ്യ വിഭാഗം രജിസ്ട്രേഷൻ നേടേണ്ടതില്ല. എന്നാൽ, അതിനു മുകളിൽ വരുന്ന സർവ സംരംഭകരും (600 ചതുരശ്ര മീറ്റർ ആയാലും 6000 ചതുരശ്ര മീറ്റർ ആയാലും) ഒരേ നിയമത്തിനു വിധേയരാകുന്നു. വൻകിടക്കാർക്കും 600 ചതുരശ്ര മീറ്ററിൽ പണിതീർക്കുന്ന വിഭാഗത്തിനും ഒരേ ചട്ടം ബാധകമാക്കുന്നു എന്നതിനാൽ ഇത് ചെറുകിട നിർമാണങ്ങളിൽ സാമ്പത്തികഭാരം വർധിപ്പിക്കാനിടയാക്കുന്നു.
യഥാർഥത്തിൽ ഫാക്ടറീസ് ആക്ട് വ്യവസായികളെ മൂന്നായി തിരിച്ച മാതൃകയാണ് കെട്ടിട-പാർപ്പിട നിർമാണ സംരംഭകരുടെ കാര്യത്തിൽ ‘റെറ’ ചട്ടം രൂപവത്കരിച്ച ഘട്ടത്തിൽ അവലംബിക്കേണ്ടിയിരുന്നത്. ചെറുത്, ഇടത്തരം, വൻ എന്നീ വിഭാഗങ്ങളായാണ് വ്യവസായങ്ങളെ ഫാക്ടറീസ് ആക്ടിൽ തരംതിരിക്കുന്നത്. 20 തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്ന വ്യവസായങ്ങളാണ് ആദ്യ വിഭാഗത്തിൽ വരുന്നത്. ഒാരോ വിഭാഗങ്ങൾക്കും ആക്ട് വ്യത്യസ്ത രീതിയിൽ പരിഗണിക്കുന്നു.150 തൊഴിലാളികളെ നിയമിക്കുന്ന വ്യവസായശാലകളിൽ തൊഴിലാളികൾക്ക് വിശ്രമമുറികൾ ഉണ്ടായിരിക്കണം. 250 തൊഴിലാളികൾ ജോലി ചെയ്യുന്നിടത്ത് കാൻറീൻ സ്ഥാപിക്കണം. എന്നാൽ, ചെറുകിട വ്യവസായികൾക്ക് ഇത്തരം നിബന്ധനകൾ ബാധകമാകുന്നില്ല.
ഇതേ യുക്തി കെട്ടിടനിർമാണ-റിയൽ എസ്റ്റേറ്റ് മേഖലയിലും നടപ്പാക്കുക എന്നതാണ് ചെറുകിട സംരംഭകരെ രക്ഷിക്കാനുള്ള ഏകമാർഗം. വീടുകൾ വെക്കുന്നവരിൽനിന്നോ പാർപ്പിട നിർമാണം ആവശ്യപ്പെടുന്നവരിൽനിന്നോ സ്വീകരിക്കുന്ന തുകയുടെ 70 ശതമാനവും പ്രത്യേക അക്കൗണ്ടുകളിൽ സൂക്ഷിക്കണമെന്ന് ‘റെറ’ അനുശാസിക്കുന്നു. ആ തുക പൂർണമായും നിശ്ചിത കെട്ടിട നിർമാണത്തിനേ ചെലവഴിക്കാവൂവെന്ന ‘റെറ’ അനുശാസനം അക്ഷരാർഥത്തിൽ സംരംഭകെൻറ നടുവൊടിക്കും. ചെറുകിട സംരംഭകർ തങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക ഉപയോഗിച്ച് നിർമാണത്തിന് തുടക്കം കുറിക്കുക പതിവാണ്. ഒരു സംരംഭത്തിന് ലഭിച്ച തുക മറ്റു സംരംഭങ്ങളുടെ നിർമാണം പൂർത്തീകരിക്കുന്നതിന് വകയിരുത്തുന്നതും പതിവാണ്. എന്നാൽ, ഇത്തരം നാട്ടുനടപ്പുകളെ റദ്ദുചെയ്യുന്ന നിബന്ധനകളാണ് ‘റെറ’ ചെറുകിട സംരംഭകരിൽ അടിച്ചേൽപിക്കുന്നത്. അതേസമയം, വൻകിട ബിൽഡർമാർ ഇത്തരം സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതില്ല. ‘ഞാൻ രംഗത്തുനിന്ന് തുടച്ചുനീക്കപ്പെടാൻ പോകുന്നു’വെന്നാണ് ഒരു ഇടത്തരം ബിൽഡർ എന്നോട് പരിഭവപ്പെട്ടത്. കാരണം, പുതിയ നിബന്ധനകൾ പ്രകാരം ഒന്നിലധികം പദ്ധതികൾ ഏറ്റെടുക്കാനുള്ള സാമ്പത്തിക സ്രോതസ്സ് ലഭ്യമല്ല. പുതിയ വ്യവസ്ഥകൾ കൂടുതൽ ഭാരങ്ങളാണ് ബിൽഡറുടെ ചുമലിൽ കയറ്റിവെക്കാൻ പോകുന്നത്. ബിൽഡർമാർ 50,000 രൂപ പ്രതിമാസ ശമ്പളത്തിൽ ചാർേട്ടഡ് അക്കൗണ്ടൻറിനെ നിയമിക്കണമെന്ന് ‘റെറ’ അനുശാസിക്കുന്നു. രണ്ടു കോടിയുടെയോ മൂന്നു കോടിയുടെയോ പ്രോജക്ട് പൂർത്തിയാക്കാൻ നാലു വർഷം അനിവാര്യമാകും. അപ്പോൾ അക്കൗണ്ടൻറിന് മാത്രം ബിൽഡർ 24 ലക്ഷം രൂപ ശമ്പളയിനത്തിൽ വകയിരുത്തേണ്ടിവരും.
അതേസമയം, നാലുവർഷംകൊണ്ട് 4000 കോടിയിൽപരം രൂപയുടെ കെട്ടിടവിൽപന നടത്തുന്ന സംരംഭകന് അക്കൗണ്ടൻറിനുവേണ്ടി 24 ലക്ഷമോ 48 ലക്ഷമോ ചെലവിടുന്നത് സാമ്പത്തികഭാരമായി അനുഭവപ്പെടുന്നില്ല. ഇക്കാര്യം ദേശീയ റിയൽ എസ്റ്റേറ്റ് ഡെവലപ്മെൻറ് കൗൺസിൽ അധ്യക്ഷൻ പ്രവീൺ ജെയിൻ അർഥശങ്കക്കിടയില്ലാത്തവിധം ഏറ്റുപറയുകയും ചെയ്തു. ഇപ്രകാരമാണ് അദ്ദേഹത്തിെൻറ വാക്കുകൾ: ‘‘റെറ’യിലൂടെ സർക്കാർ കൊണ്ടുവന്ന നിയമവ്യവസ്ഥകൾ സംഘടിത മേഖലയിൽ കൂടുതൽ സുതാര്യത സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ, അസംഘടിത മേഖലക്ക് അത് കനത്ത പ്രഹരമാകും. അസംഘടിത മേഖലയുടെ തകർച്ചക്ക് അത് വഴിവെച്ചാലും അതിശയിക്കേണ്ടതില്ല.’’
ഇടത്തരം ബിൽഡർമാരെ മേഖലയിൽനിന്ന് നിഷ്ക്രമിപ്പിക്കാൻ ‘റെറ’യിലെ നിയമാവലികൾ കാരണമായേക്കും. അത്തരം സാഹചര്യം വൻകിട ബിൽഡർമാർക്ക് കനകാവസരമായി കലാശിക്കാതിരിക്കില്ല. വൻകിട സംരംഭകർ കെട്ടിടങ്ങൾക്കും പാർപ്പിടങ്ങൾക്കും കഴുത്തറുപ്പൻ വില വസൂലാക്കിക്കൊണ്ട് തങ്ങളുടെ ജൈത്രയാത്ര ആരംഭിക്കും. അവർ വെല്ലുവിളികളില്ലാത്ത യാഗാശ്വങ്ങളായി കുതിക്കും. ഉപഭോക്താവിന് സുതാര്യത വഴി ലഭ്യമാകുമായിരുന്ന നേട്ടങ്ങൾ ബിൽഡറുടെ കൊള്ളലാഭ മോഹം വഴി നിർവീര്യമാക്കപ്പെടും. അതിനാൽ, റെറയിൽ സർക്കാർ രണ്ട് ഭേദഗതികൾ വരുത്തേണ്ടത് അനുപേക്ഷണീയമാണ്. ഒന്നാമതായി ഇടത്തരം കെട്ടിടനിർമാതാവിെൻറ ഭാരം ലഘൂകരിക്കുന്ന തരത്തിൽ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിക്കണം. ഫാക്ടറീസ് ആക്ട് ഇവിടെ മാതൃകയായി സ്വീകരിക്കാം. ബിൽഡർ അമിതലാഭം വസൂലാക്കുന്നതായി കണ്ടാൽ യഥാസമയം ഇടപെടാൻ റെഗുലേറ്ററി അതോറിറ്റിക്ക് അധികാരം നൽകുന്ന വകുപ്പ് ചട്ടത്തിൽ എഴുതിച്ചേർക്കാം.
ബംഗളൂരു െഎ.െഎ.എമ്മിലെ സാമ്പത്തിക വിഭാഗം മുൻ പ്രഫസറാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.