സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന റിയൽ എസ്റ്റേറ്റ് മേഖല ഇന്ന് തകർച്ചയുടെ വക്കിലാണ്. ലോക്ഡൗൺ കഴിഞ്ഞാലും കേരളത്തിലെ നിർമാണ മേഖലയുടെ തിരിച്ചുവരവിന് ഏറെ പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും ബാങ്കിങ് മേഖലയുടെയും അകമഴിഞ്ഞ സഹായം ഉണ്ടെങ്കിൽ മാത്രമേ റിയൽ എസ്റ്റേറ്റ് രംഗത്തിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂ.
ബിസിനസ് തകർച്ചയും തൊഴിൽ നഷ്ടവും ശമ്പളം കുറക്കലും വരുന്നതോടെ ഉപഭോക്താക്കളുടെ എണ്ണം കുറയും. ബുക്കിങ് റദ്ദാക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിക്കും. ബുക്കിങ് റദ്ദാക്കലും പണം നൽകാൻ ഉപഭോക്താക്കൾ സാവകാശം ചോദിക്കുന്നതും റിയൽ എസ്റ്റേറ്റ് മേഖലയെ തളർത്തും. വീട് വായ്പ, പദ്ധതി വായ്പ എന്നിവക്ക് ആറ് മുതൽ ഒമ്പത് മാസം വരെ മൊറട്ടോറിയം നൽകാൻ ബാങ്കുകളും തൊഴിൽ സാഹചര്യങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സർക്കാറും തയാറാകണം. നിലവിലെ പ്രതികൂല സാഹചര്യം പരിഗണിച്ച്, നിർമാണം പുരോഗമിക്കുന്ന പദ്ധതികളുടെ സമയപരിധി ഒരുവർഷത്തേക്കെങ്കിലും ദീർഘിപ്പിക്കണം. ഒരു വർഷത്തേക്കെങ്കിലും ‘റെറ’ ചട്ടങ്ങൾ മരവിപ്പിക്കണം. നിലവിലെ സാഹചര്യത്തിൽ കേരള കെട്ടിട നിർമാണ ചട്ടത്തിൽ (കെ.എം.ബി.ആർ 2019) സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ തീർത്തും അശാസ്ത്രീയമാണ്. ഇത്രയും അധികം സ്റ്റാമ്പ് ഡ്യൂട്ടിയുള്ള ഏക സംസ്ഥാനം കേരളമാണ്. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും കുറക്കാൻ സംസ്ഥാന സർക്കാർ തയാറാവണം.
ബിൽഡിങ് പെർമിറ്റ്, അനുമതി പത്രങ്ങൾ, എൻ.ഒ.സി എന്നിവ അടിയന്തരമായി നൽകാൻ നടപടിയെടുക്കണം. നിർമാണ മേഖലയുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അനാവശ്യമായി സ്റ്റോപ് മെമ്മോ നൽകുകയോ നിർമാതാക്കളെ അനാവശ്യമായി പീഡിപ്പിക്കുകയോ ചെയ്യുന്നത് തടയണം. നിലവിലുള്ള ബിൽഡിങ് പെർമിറ്റുകൾ, എൻ.ഒ.സി, അനുമതികൾ എന്നിവയുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.