വരാനിരിക്കുന്നത് നവോത്ഥാനത്തി​െൻറ നാളുകൾ

കേരളം നവോത്ഥാന പാതയിലാണെന്ന് പറയുന്നു സർക്കാർ. എന്നാൽ, യഥാർഥ നവോത്ഥാനം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നിന്ന് ആരംഭിച്ചിരിക്കുന്നു; ആരുടെയും ആഹ്വാനത്തിനു കാത്തുനിൽക്കാതെ. രാഷ്​ട്രീയ ഫാഷിസത്തിനെതിരെയാണത്. മാധ്യമ സൃഷ്​ടിയെന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയാൻ പറ്റില്ല. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥികൾ അവിടെയനുഭവിക്കുന്ന ശാ രീരിക മാനസിക പീഡനങ്ങളുടെ വിസ്​ഫോടനമാണ് അതിലൂടെ ഉണ്ടായത്. കാമ്പസുകളിൽ ഏകപക്ഷീയമായി നടക്കുന്ന സദാചാര ഗുണ്ടായ ിസത്തി​​െൻറ ഏറ്റവും പുതിയ ഒന്നാണ് കത്തിക്കുത്ത്. ഇത് വിദ്യാർഥി മുന്നേറ്റത്തിനു കാരണമായി എന്നു മാത്രം.

വി ദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറിയെങ്കിലും വിദ്യാർഥി സംഘടന പ്രവർത്തനം കാലത്തിനൊത്ത് മാറിയില്ലെന്നു മാത്രമല്ല, പണ്ടത്തേക്കാൾ മോശമായി ദിനംപ്രതി മാറികൊണ്ടിരിക്കുന്നു. ഇവരെ നിയന്ത്രിക്കേണ്ട രാഷ്​ട്രീയപാർട്ടികൾ അതിലും മോശമായ ജീർണതയിലാണ്​. വിദ്യാർഥി സംഘടന കേവലമൊരു ആൾക്കൂട്ടമായി മാറുമ്പോൾ തെരുവിൽ തങ്ങൾക്ക് ഇഷ്​ടമല്ലാത്തതു കാണുമ്പോൾ തല്ലിക്കൊല്ലുന്ന ഉത്തരേന്ത്യൻ ആൾക്കൂട്ട കൊലപാതകങ്ങളുടെ തനിയാവർത്തനമാണ് വിദ്യാർഥി രാഷ്​ട്രീയം പ്രത്യേകിച്ച്, എസ്​.എഫ്​.​െഎക്ക് മൃഗീയ മേൽക്കൈ ഉള്ള കാമ്പസുകളിൽ നടക്കുന്നത്. തെരുവിൽനിന്ന് കാമ്പസിലെ അസഹിഷ്ണുതക്കുള്ള വ്യത്യാസം നടയടിയുടെ ഇരകളായി സ്വന്തം സംഘടനയിലെ പ്രവർത്തകരും പെടും എന്നതാണ്. കേരളത്തിൽ രാഷ്​ട്രീയ ഫാഷിസത്തിനിരയാകുന്നത്​ മറ്റു സംഘടനകളിൽ പെടാതെ നിശ്ശബ്​ദമാക്കപ്പെട്ട ഒരു വിഭാഗം കായിക വിദ്യാർഥികളാണ്. ശാരീരികമായി നല്ല ആരോഗ്യമുള്ള കായിക വിദ്യാർഥികളെ പലപ്പോഴും അതി​​െൻറ നാലിലൊന്ന് ആരോഗ്യം പോലുമില്ലാത്ത കുട്ടി നേതാക്കൾ ആൾക്കൂട്ടബലത്തിൽ ആക്രമിക്കുന്നു. ഒടുവിൽ ജോലി പ്രതീക്ഷയുള്ള കായിക വിദ്യാർഥികൾ ഭാവിയോർത്ത് കേസിൽ നിന്നു പിന്നോട്ട് പോകുന്നു. കോളജി​​െൻറ യശസ്സുയർത്തിയ താരങ്ങൾക്കുള്ള യൂനിയ​​െൻറ ‘അംഗീകാര’മാണിത്.

മുദ്രാവാക്യങ്ങളുടെ ചരിത്രം
ലോക ചരിത്രത്തിലിടം നേടിയ മുദ്രാവാക്യമാണ് ‘സ്വാതന്ത്ര്യം, സമത്വം, സഹോദര്യം’. ഫ്രഞ്ചു ജനതയെ വിപ്ലവത്തിലേക്ക് നയിച്ച ചാലകശക്തിയായിരുന്നു ഇത്. ഞാൻ പറയുന്നത് കേട്ടാൽ മതി, മറുവാക്ക്​ പറ​േയണ്ട എന്ന ലൂയി പതിനാലാമ​​െൻറ ‘ഞാനാണ് രാഷ്​ട്ര’മെന്ന സങ്കൽപത്തി​​െൻറ കൊടിയ നീതിനിഷേധത്തിനെതിരായാണ് ഇൗ മുദ്രാവാക്യവും ഫ്രഞ്ച് വിപ്ലവവുമുണ്ടാകുന്നത്. കാലാന്തരത്തിൽ ഈ ഉന്നത ജനാധിപത്യ മൂല്യങ്ങൾ വിദ്യാർഥിസംഘടനകൾ പതാകയിൽ ആലേഖനം ചെയ്തു. പക്ഷേ, പ്രയോഗത്തിൽ അത് ലൂയി പതിനാലാമ​േൻറതിനെക്കാൾ ഇരട്ടി നീതി നിഷേധമായി പരിണമിക്കുകയും ചെയ്തു. കാമ്പസുകളിൽ രാഷ്​ട്രീയസംഘർഷങ്ങളും കൊലപാതകങ്ങളും തുടർക്കഥകളായി.
പ്രൗഢി നഷ്​ടപ്പെട്ട കലാലയങ്ങൾ

പാരമ്പര്യംകൊണ്ടും സമൂഹത്തിനു നൽകിയ സംഭാവനകൾകൊണ്ടും പേരെടുത്ത കോളജുകളാണ് തിരുവനന്തപുരം യൂനിവേഴ്​സിറ്റി കോളജ്, മഹാരാജാസ്, കേരളവർമ, വിക്ടോറിയ കോളജുകൾ തുടങ്ങിയവ. കേരളത്തിലെ വിദ്യാർഥി രാഷ്​ട്രീയം തിരുവനന്തപുരം എം.ജി ഉൾപ്പെടെയുള്ള പല പ്രമുഖ കലാലയങ്ങളിലും നിരോധിച്ചപ്പോൾ ജനാധിപത്യ ബോധത്താൽ വിദ്യാർഥിസംഘടന പ്രവർത്തനം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന കലാലയങ്ങളാണിത്. പക്ഷേ, ഇവിടങ്ങളിലെ സംഘടന സ്വാതന്ത്ര്യനിഷേധം എല്ലാ സീമകളും ലംഘിച്ച് പുരക്ക് ഭീഷണിയായി മാറിയിരിക്കുന്നു. കേരളത്തിൽ വിദ്യാർഥി രാഷ്​ട്രീയത്തിന് മരണമണിയടിക്കാൻ ആഗ്രഹിക്കുന്നവർക്കു ഓരോ ന്യായങ്ങളാകുന്നു ഇത്തരം സംഭവങ്ങൾ. ഒരു പൊതുതാൽപര്യ ഹരജിയിൽ തങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുമെന്ന ബോധംപോലുമില്ലാതെ കിട്ടിയ സ്വാതന്ത്ര്യം വിദ്യാർഥിസംഘടനകൾ ദുരുപയോഗപ്പെടുത്തുന്നു.

കുറ്റക്കാർ ആര്?
പ്ലസ്​ ടുവിന് ഉന്നതജയം നേടി വരുന്ന വിദ്യാർഥികൾ കലാലയങ്ങളിലെത്തുമ്പോൾ ഒരു വർഷംകൊണ്ട് എന്തും ചെയ്യാൻ മടിക്കാത്തവരായി വളരുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്​? പ്രതിക്കൂട്ടിലാരാണ്? ഈ വിദ്യാർഥികളോ? ഉത്തരം അല്ല എന്നു തന്നെ. അവർ കാമ്പസിലേക്ക് കടന്നുവരുമ്പോൾ കാണുന്നത്​ അവർ പിന്തുടരുന്നുവെന്നു മാത്രം. ഇതിനുത്തരവാദികൾ മൂന്നു കൂട്ടരാണ്. ജാഥക്ക് ആൾ വേണമെന്നതുകൊണ്ട്​ വിദ്യാർഥിനേതാക്കളെ കയറൂരി വിട്ട രാഷ്​ട്രീയ പാർട്ടികളാണ്​ ഒന്ന്​. വിദ്യാർഥികൾ തെറ്റു ചെയ്യുമ്പോൾ നടപടിയെടുക്കാൻ തുനിയുമ്പോൾ വിലക്കുന്ന രാഷ്​ട്രീയ ഭ്രമം ബാധിച്ച ഒരു കൂട്ടം അധ്യാപകരാണ് രണ്ടാമത്തേത്​. മൂന്നാമതൊരു കൂട്ടർ തങ്ങളുടെ മക്കൾ കാമ്പസിൽ നടത്തുന്ന പ്രവൃത്തികൾ അധ്യാപകർ ചൂണ്ടിക്കാണിക്കുമ്പോൾ മക്കളെ അമിതമായി വിശ്വസിച്ച് വാദിയെ പ്രതിയാക്കുന്ന രക്ഷിതാക്കളാണ്. റിസൽട്ട് മോശമായാൽ സ്കൂളിൽ പിള്ളേരെ കിട്ടില്ല. പാരമ്പര്യം വഴിക്ക് പോകും. അതുകൊണ്ടുതന്നെ കുട്ടികളുടെ മേൽ അധ്യാപകർക്ക് ഒരു കണ്ണും കുറച്ച് ഡിസിപ്ലിനും സ്കൂളിൽ ഉണ്ട്. എന്നാൽ, കോളജിൽ റിസൽട്ട് മോശമായാലും കുട്ടികൾ വരും. മാത്രമല്ല, ജോലിക്ക് ഭീഷണിയുമില്ല. സേഫ് സോണിലാണ് അധ്യാപകർ. അവരുടെ മക്കളും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളരെ സേഫാണ്.

വിദ്യാർഥി രാഷ്​ട്രീയം നിലനിൽക്കണം
വിദ്യാർഥി സംഘടനകളില്ലാത്ത കാമ്പസിൽ മാനേജ്മ​െൻറും അധ്യാപകരുമാണ് കാര്യങ്ങൾ നിശ്ചയിക്കുക. ഉയർന്ന ഫീസും, ഇ​േൻറണൽ മാർക്കിനായി നിശ്ശബ്​ദം അധ്യാപകനെ മണിയടിച്ച് ഉള്ള സമയം കാമ്പസ്​ ജീവിതം തള്ളിനീക്കേണ്ട അവസ്ഥയിലാകും വിദ്യാർഥികൾ. എന്തൊക്കെ കുറ്റം പറഞ്ഞാലും വിദ്യാർഥി സംഘടനകൾ പ്രതിനിധാനം ചെയ്യുന്നത് എല്ലാ വിഭാഗങ്ങളെയുമാണ്. അവിടെ സങ്കുചിത ചിന്തകൾക്ക് സ്ഥാനമില്ല, അവസരവുമില്ല. വിദ്യാർഥി സംഘടനകളുടെ അസാന്നിധ്യം കാമ്പസുകളെ ധ്രുവീകരണത്തിലേക്കും പതിയെ വർഗീയവത്​കരണത്തിലേക്കും എത്തിക്കും. അതിനാൽ വിദ്യാർഥി സംഘടന പ്രാധാന്യം കൂടിവരുകയാണ്.
കാമ്പസിലെ അരാജകത്വത്തിനെതിരായി ഒരു മുന്നേറ്റം കേരളത്തിൽ ഉണ്ടാകും. മീഡിയയുടെ ഈ കാലത്ത് ഓരോ സ്ഥലത്തുമുള്ള മുന്നേറ്റങ്ങൾ മറ്റു കാമ്പസുകൾക്ക് പ്രചോദനമാകും. അതി​​െൻറ തുടക്കമാണ് യൂനിവേഴ്​സിറ്റി കോളജിൽ കണ്ടത്. നേതൃത്വങ്ങൾ ചോദ്യം ചെയ്യപ്പെടും, അധ്യാപകർ നിർബന്ധിതരാകും. കാമ്പസുകൾ ശുദ്ധീകരിക്കപ്പെടും; ജനാധിപത്യവത്​കരിക്കപ്പെടും തീർച്ച.
(കാലിക്കറ്റ് സർവകലാശാല സെനറ്റ്​ അംഗവും തൃശൂർ ശ്രീ കേരളവർമ കോളജിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനുമാണ് ലേഖകൻ)

Tags:    
News Summary - the renaissance day have to come -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.