കഴിഞ്ഞ ദിവസം സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ഇറോം ശർമിളക്ക് കോഴിക്കോട് നഗരത്തിൽ പൗരസ്വീകരണം സംഘടിപ്പിച്ചിരുന്നു. കക്ഷി രാഷ്ട്രീയത്തിനും മതത്തിനും മറ്റെല്ലാ വൈവിധ്യങ്ങൾക്കുമതീതമായി പൗരസമൂഹത്തിെൻറ ആ വേദിയും സദസ്സും ഒറ്റക്കെട്ടായി പറയാൻ ശ്രമിച്ചത് ഇതായിരുന്നു: താങ്കളുടെ പരാജയത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. 16 വർഷത്തെ ചരിത്രത്തിലെ അതുല്യമായ നിരാഹാര സമരം ഭൗതികാർഥത്തിൽ പരാജയമായിരുന്നു. ഇപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടം അതുപോലെയോ അതിനെക്കാൾ ദാരുണമോ ആയ പരാജയമായിരുന്നു. സമരം പരാജയപ്പെട്ടതുകൊണ്ടാകാം ചിലപ്പോൾ തെരഞ്ഞെടുപ്പിലും അവർ പരാജയപ്പെട്ടത്. പക്ഷേ, ഒരു പരാജിതക്ക് ഇത്ര ഗംഭീരമായ വരവേൽപും സ്വീകരണവും നൽകപ്പെടുക എന്നത് അപൂർവമായ അനുഭവമാണ്. ഒരു പരാജിതയുടെ ഫോട്ടോ എടുക്കാൻ, അവരുടെ ശബ്ദം രേഖപ്പെടുത്താൻ, സെൽഫിയെടുക്കാൻ ആളുകൾ മത്സരിക്കുകയായിരുന്നു.
അവരുടെ ആരോഗ്യാവസ്ഥയെ അപകടപ്പെടുത്തുമോ എന്ന് ആശങ്കിക്കപ്പെടുന്നത്ര വലിയ മത്സരം. ഒരു പരാജിത സെലിബ്രിറ്റിയാവുന്ന അപൂർവ കാഴ്ചയായിരുന്നു അത്. അതിലൂടെ ആ ജനാവലി പറയാൻ ശ്രമിച്ചത്, എല്ലാ പരാജയങ്ങളും പരാജയങ്ങളല്ല എന്നാണ്. 21-ാം നൂറ്റാണ്ട് അറിയപ്പെടുക ഇറോം ശർമിളയുടെ പേരിലാണ് എന്നുപറഞ്ഞത് യശശ്ശരീരയായ ബംഗാളി എഴുത്തുകാരി മഹാേശ്വത ദേവിയാണ്. നൂറ് വോട്ട് തികച്ചുകിട്ടാത്ത ഒരാളുടെ പേരിലാണോ ഒരു നൂറുകൊല്ലം അറിയപ്പെടാൻ പോകുന്നത് എന്ന് ചിലരെങ്കിലും മണിപ്പൂർ തെരഞ്ഞെടുപ്പിനു ശേഷം ചോദിച്ചിരുന്നു. പരാജയപ്പെട്ട പോരാട്ടങ്ങൾ വിജയകരമായി നയിച്ചു എന്നതിെൻറ പേരിലായിരിക്കും ഇറോം ചാനു ശർമിള ചരിത്രത്തിെൻറ നായികയാവുക. ചരിത്രം അവർക്ക് കൽപിക്കാൻ പോകുന്ന ഏറ്റവും വലിയ മൂല്യം പരാജയപ്പെടാൻ കാണിച്ച മഹാ സന്നദ്ധതയായിരിക്കും.
വിജയങ്ങളെ മാത്രം ആഘോഷിച്ചും അക്കമഡേറ്റ് ചെയ്തും പരാജയങ്ങളെ മുഴുവൻ ബഹിഷ്കരിച്ചും ജനാധിപത്യത്തിന് മൂല്യവത്താകാനും ബഹുസ്വരമാകാനും സർഗാത്മകമാവാനും സാധിക്കില്ല. വിജയത്തെ അംഗീകരിക്കുമ്പോൾതന്നെ പരാജയങ്ങളെകൂടി ഉൾപ്പെടുത്തിക്കൊണ്ടേ ജനാധിപത്യത്തിന് ജനാധിപത്യമാകാൻ കഴിയൂ. തോറ്റവരെക്കുറിച്ച് ജയിച്ചവർ വിളിക്കാറുള്ള മുദ്രാവാക്യം ‘പൊട്ടിപ്പോയി പൊട്ടിപ്പോയി നാറിപ്പോയി നാറിപ്പോയി’ എന്നാണ്. തോറ്റുപോയി എന്നർഥത്തിൽ പൊട്ടിപ്പോയി എന്നത് ശരിയാണ്. പക്ഷേ, തോറ്റതുകൊണ്ടുമാത്രം ഒരാളോ ഒരു പാർട്ടിയോ ഒരു രാഷ്ട്രീയമോ ഒരു ആശയമോ നാറിപ്പോവില്ല. തോറ്റവർക്ക് പറയാനുള്ളതും കേട്ടുകൊണ്ടേ ജയിച്ചവർക്ക് ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോവാൻ കഴിയൂ. ജയിച്ചവർക്ക് മാത്രമല്ല തോറ്റവർക്കും നിലനിൽക്കാൻ കഴിയുന്ന ഇടമാണ് ജനാധിപത്യത്തിെൻറ ഇടം. തോറ്റവരെ നശിപ്പിക്കുക എന്നത് മൃഗനീതിയാണ്. ജനാധിപത്യവിരുദ്ധമായ ബലാധിപത്യരീതിയാണ്. ജയിച്ച സൈന്യങ്ങൾ തോറ്റ രാജാക്കന്മാരുടെ പ്രജകളെ കൊന്നുതീർക്കുന്നതും കൂട്ട ബലാത്സംഗത്തിനിരയാക്കുന്നതും ജനാധിപത്യവിരുദ്ധമായ ചരിത്രക്കാഴ്ചകളാണ്.
അത് അവസാനിപ്പിക്കാനാണ് നാം ജനാധിപത്യത്തെ കണ്ടെടുത്തത്. കഴിഞ്ഞ വർഷം സംഘടിപ്പിക്കപ്പെട്ട മനുഷ്യ സംഗമത്തിെൻറ വേദിയിൽ കേരളത്തിലെ പ്രമുഖ ദലിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാട് അതിെൻറ സംഘാടകരായിരുന്ന ഇടതുപക്ഷ സമൂഹത്തോട് പറഞ്ഞ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: കേരളത്തിലെ തെരുവായ തെരുവിലെല്ലാം എഴുതിവെക്കാറുള്ള ഒരു ഇടതുപക്ഷ മഹദ്വചനമുണ്ട്, ‘കൊല്ലാം പക്ഷേ, തോൽപിക്കാനാവില്ല.’ ഞങ്ങൾക്ക് നിങ്ങളോട് പറയാനുള്ളത് തോൽപിച്ചോളൂ എന്നാൽ കൊല്ലരുത് എന്നാണ്. കാരണം, തോറ്റവർക്കും ജീവിക്കാനുള്ള ഇടമാണ് ഈ ഭൂമി. മണിപ്പൂരിൽ സാക്ഷാൽ മഹാത്മ ഗാന്ധി വന്ന് മത്സരിച്ചാലും ജയിക്കുമായിരുന്നില്ല, അല്ലെങ്കിൽ ഇതിലപ്പുറം വോട്ട് ലഭിക്കുകയില്ല എന്ന് ഇറോം ശർമിള പറഞ്ഞിട്ടുണ്ട്. മണിപ്പൂരിൽ ഈ തെരഞ്ഞെടുപ്പിൽ എന്നല്ല, ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ഗാന്ധിജി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കോൺഗ്രസ് ടിക്കറ്റിലല്ലാതെ ഇന്ത്യയിൽ എവിടെ മത്സരിച്ചാലും ഗാന്ധി ജയിക്കുമായിരുന്നില്ല. 1952ൽ നടന്ന ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ ബോംബെ വെസ്റ്റ് സംവരണ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ ഭരണഘടന ശിൽപി അംബേദ്കർ കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെടുകയാണ് ചെയ്തത്.
പക്ഷേ, നമ്മുടെ ജനാധിപത്യം തോറ്റ അംബേദ്കറെക്കൂടി ഉൾക്കൊണ്ടുകൊണ്ടാണ് മുന്നോട്ടുപോയത്. അതുകൊണ്ടാണ് അദ്ദേഹം കേന്ദ്രമന്ത്രിയായത്. തോറ്റവരെ കൊന്നു കുഴിച്ചുമൂടി അവരുടെ ശവമാടത്തിനു മുകളിൽ ജയിച്ചവരുടെ കൊടി നാട്ടുന്നതല്ല ജനാധിപത്യം. കേരളത്തിലെ കാമ്പസുകളിൽ എസ്.എഫ്.ഐ അതിക്രമത്തിന് അവർ പറയാറുള്ള ന്യായം തെരഞ്ഞെടുപ്പിൽ ഞങ്ങളാണ് ജയിക്കാറുള്ളത് എന്നാണ്. ഈ ആക്രമിക്കപ്പെട്ടു എന്നു പറയപ്പെടുന്നവർക്കൊന്നും അവിടെ വിദ്യാർഥി പിന്തുണയില്ല എന്നാണ്. പിന്തുണയുടെ എണ്ണത്തിൽ കുറവുള്ളവർ സംസാരിക്കേണ്ടതില്ല എന്നാണ് ഈ പറയുന്നതിെൻറ അർഥം. ആര് സംസാരിക്കണം ആര് സംസാരിക്കരുത് എന്നത് എണ്ണം നോക്കി തീരുമാനിക്കേണ്ട കാര്യമല്ല. എണ്ണമുള്ളവർക്കും എണ്ണമില്ലാത്തവർക്കുമെല്ലാം പരസ്പരം സംസാരിക്കാൻ കഴിയുമ്പോഴാണ് ഒരു സമൂഹം ജനാധിപത്യ സമൂഹമാവുക. എണ്ണത്തിെൻറ പേരിലായതുകൊണ്ട് ഏകാധിപത്യം ഏകാധിപത്യമല്ലാതാവുകയില്ല. ഏകാധിപത്യങ്ങൾ എണ്ണംകൊണ്ട് സാധൂകരിക്കപ്പെടുകയില്ല. എണ്ണം കുറഞ്ഞവർക്കും തോറ്റവർക്കും പറയാനും കേൾപ്പിക്കാനും കഴിയുമ്പോഴേ ഒരു സമൂഹം ഏകാധിപത്യ വാഴ്ചയില്ലാത്ത സമൂഹമാവുകയുള്ളൂ.
ഇന്ത്യയുടെ ചരിത്രത്തിൽ മൂന്ന് സ്വാതന്ത്ര്യ സമരങ്ങളാണ് നടന്നിട്ടുള്ളത്. ഒന്ന് പോർചുഗീസുകാർക്കും ഫ്രഞ്ചുകാർക്കും ബ്രിട്ടീഷുകാർക്കുമെതിരായ കൊളോണിയൽ വിരുദ്ധ സമരങ്ങൾ. രണ്ടാമത്തേത് അടിയന്തരാവസ്ഥക്ക് എതിരായ പോരാട്ടം. ആ പോരാളികളെ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ പരിഗണിച്ച് പെൻഷൻ നൽകണമെന്ന കാമ്പയിൻ രാജ്യവ്യാപകമായി ഇപ്പോൾ ശക്തമാണ്. മൂന്നാമത്തേത് സമകാലിക ഭരണകൂട ഭീകരതക്കെതിരായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളാണ്. ഇറോം ശർമിള ആ സമരത്തിെൻറ പ്രതീകമാണ്. അവരുടെ ചരിത്രപരമായ പ്രസക്തിയും രാഷ്ട്രീയപരമായ പ്രാധാന്യവും അതാണ്. ഈ പ്രശ്നത്തിൽ ഭരണകൂടത്തിെൻറ ഒപ്പം നിൽക്കുക, അല്ലെങ്കിൽ തോക്കെടുത്ത് ഭരണകൂടത്തിനെതിരെ പോരാടുക എന്ന രണ്ടു തെരഞ്ഞെടുപ്പുകളും ഒഴിവാക്കി ആ കവയിത്രി ജനാധിപത്യത്തിെൻറ സൂക്ഷിപ്പുകാരെന്ന് അവകാശപ്പെടുന്ന ഭരണകൂടത്തെക്കാൾ ജനാധിപത്യപരമായി പോരാട്ടത്തിന് സന്നദ്ധയായി.
ആ പോരാട്ടത്തിലവർ ജയിച്ചില്ല. തോൽക്കാൻ സന്നദ്ധമാവാതെ അവർക്ക് എരിഞ്ഞൊടുങ്ങാമായിരുന്നു. അവർ അതിന് സന്നദ്ധയാവാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അങ്ങനെ എരിഞ്ഞൊടുങ്ങിയിരുന്നുവെങ്കിൽ വ്യക്തിപരമായെങ്കിലും അവർക്ക് തോൽവിയെ ഒഴിവാക്കാമായിരുന്നു. പരാജയത്തെ മുഖാമുഖം കാണുന്നതിൽനിന്ന് രക്ഷപ്പെടാമായിരുന്നു. മനുഷ്യന് ഏറ്റവും ഇഷ്ടമുള്ള കാര്യം ജയിക്കുക എന്നതാണ്. സമ്പത്തോ സൗഭാഗ്യങ്ങളോ ലഭിക്കുന്നതിനെക്കാളെല്ലാം നാം ഇഷ്ടപ്പെടുന്നത് അതെല്ലാം നഷ്ടപ്പെടുത്തിയും ജയിക്കാനാണ്.
അടച്ചിട്ട മുറിയിൽവെച്ച് രണ്ടാൾ തമ്മിൽ നടക്കുന്ന വാക്തർക്കത്തിൽ തെൻറ ഭാഗത്ത് ന്യായമൊന്നുമില്ലെങ്കിലും ഒച്ചയിട്ടെങ്കിലും ജയിച്ചെന്നു വരുത്താനാണ് നമ്മൾ ശ്രമിക്കുക. മനുഷ്യനേറ്റവും ഇഷ്ടമില്ലാത്ത കാര്യം തോൽക്കുക എന്നതാണ്. ഈ തോൽവിയെ ഒഴിവാക്കാനാണ് ചിലർ മരണത്തെ സ്വീകരിക്കുന്നത്. മരിച്ചു ജയിക്കുക അല്ലെങ്കിൽ മരിച്ചു തോൽപിക്കുക എന്ന മനഃശാസ്ത്രം പല സ്വയം മരണങ്ങളുടെയും പിന്നിലുണ്ട്. ഇറോം ശർമിള വ്യത്യസ്തയാവുന്നത് അവർ തോൽക്കാൻ സന്നദ്ധയായി എന്നിടത്താണ്.
അപാരമായ ആത്മീയത ഉള്ളവർക്കേ തോൽവിയെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ കഴിയുകയുള്ളൂ. പരാജയപ്പെടാൻ സന്നദ്ധമാവുകയും പരാജയങ്ങളെ ബഹുമാനിക്കാൻ പഠിക്കുകയും ചെയ്യുമ്പോഴാണ് നാം ഒരു ജനാധിപത്യ സമൂഹമാവുക. തോൽവികൊണ്ടും വിജയംകൊണ്ടും രണ്ടുകൂട്ടർ തമ്മിലുള്ള സംവാദങ്ങൾ അവസാനിച്ചുപോകരുത്. വിജയ പരാജയങ്ങൾക്ക് ശേഷവുമെല്ലാം രണ്ടുകൂട്ടർ തമ്മിലുള്ള സംവാദങ്ങൾ തുടരുകയാണ് ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.