പുത്രാജയയും പെട്രോണാസ് ഇരട്ട ഗോപുരവുെമാക്കെ മാലോകരെ അതിശയിപ്പിക്കുന്ന ആധുനിക മലേഷ്യക്ക് മറ്റൊരു ചരിത്രമുണ്ട്. ക്വാലാലംപുരിെൻറ ഹൃദയഭൂമിയിലുള്ള കപൻബെറോയിലെ ചേരികളിൽ ഇപ്പോഴും കാണാം അതിെൻറ അവശിഷ്ടങ്ങൾ. അത്തരം തെരുവുകളിൽനിന്നാണ് ഇൻറർനെറ്റ് സൂപ്പർഹൈവേയുടെ നാടായി മലായ് ദേശം വളർന്നത്. 1969ലെ തെരഞ്ഞെടുപ്പുകാലം. തദ്ദേശീയരായ മലയ് വംശജരുടെ കഷ്ടപ്പാടുകൾക്ക് അറുതിവരുത്താനായി രൂപംകൊണ്ട യുനൈറ്റഡ് മലയ് നാഷനൽ ഒാർഗനൈസേഷനുകീഴിൽ (യുംനൊ) ജനങ്ങളൊന്നാെക അണിനിരന്നിരിക്കുകയാണ്. പ്രതീക്ഷിച്ചതുപോലെ വിജയം തുങ്കു അബ്ദുറഹ്മാെൻറ പാർട്ടിക്കുതന്നെ. പക്ഷേ, ഭരണത്തിൽ വന്നപ്പോൾ താക്കോൽ സ്ഥാനമെല്ലാം സഖ്യകക്ഷിയായ ചൈനീസ് പാർട്ടിക്ക്. അതോടെ, സ്വന്തം നാട്ടിൽ മലയ് വംശജർ വീണ്ടും അനാഥരാക്കപ്പെട്ടു. വലിയൊരു കലാപത്തിലേക്കാണ് അത് വഴിതുറന്നത്. നാലു ദിവസം നീണ്ട സംഘർഷത്തിൽ 300ലേറെ പേർ മരിച്ചു. പ്രധാനമന്ത്രിയായിരുന്ന തുങ്കു അബ്ദുറഹ്മാൻ ചൈനീസ് പാർട്ടിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അദ്ദേഹത്തിനെതിരെ സംസാരിക്കാൻ പാർട്ടി നേതാക്കളാരും ധൈര്യപ്പെട്ടില്ല. ആ നിർണായക സന്ധിയിലാണ് മഹാതീർ മുഹമ്മദ് എന്ന തിരുത്തൽവാദിയുടെ ജനനം. കേദ ജില്ലയിലെ പാർട്ടി ചെയർമാനായിരുന്നു അന്ന് ആ 44കാരൻ. പ്രധാനമന്ത്രിയെ ‘ചൈനീസ് പക്ഷപാതി’യെന്ന് മുഖത്തുനോക്കി വിളിച്ചു. അതോടെ പാർട്ടിയിൽനിന്ന് പുറത്തായെങ്കിലും പിന്നീട് വർധിതശക്തിയോടെ തിരിച്ചുവന്നു. രണ്ട് പതിറ്റാണ്ടിലധികം രാജ്യത്തിെൻറ പ്രധാനമന്ത്രി പദം വരെ അലങ്കരിച്ചു. പിന്നെ, വിശ്രമ ജീവിതമായിരുന്നു. അതിനിടയിലാണ് പാർട്ടിയിലും രാജ്യത്തും വീണ്ടും ഭിന്നിപ്പിെൻറയും അസ്വാരസ്യങ്ങളുടെയും പുതിയ കഥകൾ കേട്ടുതുടങ്ങുന്നത്. അതു നോക്കിനിൽക്കാനായില്ല; പ്രായം 92ലെത്തിയെങ്കിലും ആ പഴയ തിരുത്തൽ വാദി വീണ്ടും ഗോദയിലിറങ്ങി. പുതിയ പാർട്ടിയുണ്ടാക്കി, പഴയ ശത്രുക്കളെ കൂട്ടുപിടിച്ച് ‘സ്വന്തംപാർട്ടി’യെ താഴെ ഇറക്കിയിരിക്കുകയാണ് മഹാതീർ. ‘‘വൈബ്രൻറ് ഏഷ്യയുടെ പ്രതീകം’ എന്ന് ലോകം വാഴ്ത്തിയ മഹാതീറിെൻറ രണ്ടാം വരവ്, ആ രാജ്യത്തിെൻറ വളർച്ചപോലെത്തന്നെ മറ്റൊരു അദ്ഭുതമായിരിക്കുന്നു.
മെഡിക്കൽ ഡോക്ടറാണ്; ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ തുടങ്ങിയ പൊതുപ്രവർത്തനമാണ് പിന്നീട് യുംനൊയുടെ നേതൃത്വത്തിലെത്തിച്ചത്്. ആധുനിക മലേഷ്യയുടെ ശിൽപി എന്നൊക്കെ പറയുേമ്പാഴും, മലയ് സ്വത്വ രാഷ്ട്രീയത്തിെൻറ വക്താവ് എന്ന വിശേഷണമാണ് കൂടുതൽ ചേരുക. താൻകൂടി ഉൾപ്പെട്ട മലയ് വിഭാഗത്തിെൻറ അവകാശങ്ങൾക്ക് മാത്രമല്ല, അവരുടെ സാംസ്കാരിക സ്വത്വം നിലനിർത്തുന്നതിനും നന്നായി പണിയെടുത്തിട്ടുണ്ട്. യൗവന കാലത്ത് ‘ദി സ്ട്രെയിറ്റ് ടൈംസി’ലൊക്കെ കള്ളപ്പേരിൽ ഒരുപാട് ലേഖനങ്ങൾ ഏഴുതിയിട്ടുണ്ട്. ആ പരിശ്രമത്തിെൻറയൊക്കെ ഫലമായാണ് മലയ് ഭാഷക്ക് ഒൗദ്യോഗിക പദവി ലഭിച്ചത്. രാഷ്ട്രീയ കരിയറിെൻറ തുടക്കം മുതലേ പാർലമെൻററി രാഷ്ട്രീയത്തിെൻറ ഭാഗമായി മാറാൻ കഴിഞ്ഞത് ഏറെ ഗുണകരമായിട്ടുണ്ട്. 64ലെ തെരഞ്ഞെടുപ്പിൽതന്നെ, പാർലമെൻറിലെത്തി. പക്ഷേ, 69ൽ തുങ്കുവിനോട് ഇടഞ്ഞ് മത്സരിക്കാൻ കഴിഞ്ഞില്ല. പിന്നെ, 72ലാണ് പാർലമെൻറിലെത്തുന്നത്. അപ്പോഴേക്കും പാർട്ടിയിൽ തിരിച്ചെത്തിയിരുന്നു. അന്ന് സഹായിച്ചത് തുങ്കുവിെൻറ പിൻഗാമിയായി സ്ഥാനമേറ്റ അബ്ദുറസാഖാണ്. മഹാതീറിെൻറ കഴിവിനെക്കുറിച്ച് ഒട്ടും സംശയമില്ലാതിരുന്ന റസാഖ്, അദ്ദേഹത്തിന് ആദ്യം വിദ്യാഭ്യാസ വകുപ്പും പിന്നെ വ്യവസായവും നൽകി. അതിനുശേഷം, ഉപപ്രധാനമന്ത്രി കസേരയിലും ഇരുത്തി. തെൻറ വകുപ്പുകളിൽ ശോഭിച്ചേതാടെ പ്രധാനമന്ത്രിപദത്തിലേക്കുള്ള വഴി തുറന്നു. 1981 ജൂലൈ മാസത്തിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നെ, തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 2003 വരെ ആ കസേരക്ക് മറ്റൊരു അവകാശി വന്നില്ല. അവിടേക്ക് വരാൻ സാധ്യതയുള്ളവരെയൊക്കെ വെട്ടിനിരത്തിയിട്ടുണ്ട്. വിശ്വസ്തനായിരുന്ന അൻവർ ഇബ്രാഹീമിനെ മാത്രമല്ല, 80കളിൽ പാർട്ടിയുടെ തലപ്പത്തിരുന്ന മൂസ ഹൈത്തമിനെയും തുങ്കു റെസാലി ഹംസയെയുമെല്ലാം കെട്ടുകെട്ടിച്ചിട്ടുണ്ട്. പക്ഷേ, ഒാരോ തെരഞ്ഞെടുപ്പിലും മഹാതീറിെൻറ ഭൂരിപക്ഷം വർധിക്കുക തന്നെയായിരുന്നു.
മഹാതീർ എന്ന വാക്കിന് ‘ജനപ്രിയം’ എന്നുകൂടി അർഥമുണ്ടത്രെ. മലയ് വംശജരുടെ രക്ഷകൻ എന്ന നിലയിൽ ആ വിശേഷണം മഹാതീർ മുഹമ്മദിന് നന്നായി ചേരും. പക്ഷേ, അധികാരത്തിലെത്തിയപ്പോൾ പലപ്പോഴും ഏകാധിപതിയുടെ റോളിലായിരുന്നു. അതിനാൽ, രാഷ്ട്രീയ നിരീക്ഷകർ അദ്ദേഹത്തെ ‘ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതി’ എന്ന് വിളിച്ചു. ഇൗ ഏകാധിപത്യം ഒരർഥത്തിൽ മേലഷ്യയെ രക്ഷിച്ചുവെന്നും പറയാം. മൂന്നാം ലോക രാജ്യങ്ങൾ ആഗോളവത്കരണം, സ്വകാര്യവത്കരണം എന്നൊക്കെ കേട്ടുതുടങ്ങും മുെമ്പ, ആ വിഷയത്തിൽ സിദ്ധാന്തം ചമച്ചിട്ടുണ്ട് മഹാതീർ. നവസാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിനായി ഒരു വികസന മാതൃക 80കളിൽ തന്നെ അവതരിപ്പിച്ചു. അതിെൻറ ഒന്നാം ഘട്ടം 90കളിൽ പൂർത്തിയാക്കി. ആധുനിക മലേഷ്യ ജന്മം കൊള്ളുന്നത് ഇവിടെനിന്നാണ്. അതിെൻറ തുടർച്ചയായി വിഷൻ 2020 എന്ന പേരിൽ മറ്റൊരു പദ്ധതികൂടി ആവിഷ്കരിച്ചാണ് അഹമ്മദ് ബദവിക്ക് അധികാരം കൈമാറി വിശ്രമ ജീവിതത്തിന് പോയത്.
പ്രധാനമന്ത്രി കസേരയൊഴിഞ്ഞശേഷവും, പൂർണമായും രാഷ്ട്രീയമൊഴിയാൻ മനസ്സ് വന്നില്ല. അതിനാൽ, പാർട്ടിയുടെ ഉപദേശിയായി; പലേപ്പാഴും വിമർശകനുമായി. 2009 മുതൽ ഭരിക്കുന്ന നജീബ് റസാഖാണ് ഏറ്റവും കൂടുതൽ വിമർശം ഏറ്റുവാങ്ങിയത്. വികസന കാര്യത്തിലെ മെല്ലെപ്പോക്കും അഴിമതി ആരോപണങ്ങളുെമാക്കെ സർക്കാറിനെയും പാർട്ടിയെയും ഒരു പോലെ തളർത്തി. ഇടക്കിടെയുണ്ടാകുന്ന വംശീയ കലാപങ്ങളായിരുന്നു മറ്റൊരു തലവേദന. ഇനിയും ഇതൊക്കെ നോക്കിനിൽക്കാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് 2015ൽ മലേഷ്യൻ യുനൈറ്റഡ് ഇൻഡിജീനസ് പാർട്ടിയുണ്ടാക്കി മത്സരരംഗത്തേക്കിറങ്ങിയത്. അധികാരം പിടിക്കാൻ, പണ്ട് താൻ ആട്ടിയോടിച്ച അൻവർ ഇബ്രാഹീമിെൻറ ജസ്റ്റിസ് പാർട്ടിയുമായി കൂട്ടുകൂടാൻ ഒട്ടും മടികാണിച്ചില്ല. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മഹാതീറിെൻറ പാർട്ടിക്ക് സീറ്റ് 13; ജസ്റ്റിസ് പാർട്ടിക്ക് 47ഉം. പക്ഷേ, എന്തുചെയ്യാം ആ പാർട്ടിയുടെ അമരക്കാരൻ ഇപ്പോൾ ജയിലിലാണ്. സ്വാഭാവികമായും മാഹാതീർ ആ പഴയ കസേരയിലെത്തി. ഇനി രാജാവിെൻറ ഒൗദാര്യത്തിൽ അൻവർ ജയിൽ മോചിതനായാൽ മാത്രമേ മഹാതീറിന് മാറി ചിന്തിക്കേണ്ടി വരൂ.
1925 ജൂലൈ പത്തിന് കേദയിലെ അലോർ സിതാറിൽ ജനനം. മഹാതീറിെൻറ പിതാമഹൻ കേരളത്തിൽനിന്ന് കുടിയേറിയവരാണെന്ന വർത്തമാനമുണ്ട്. പക്ഷേ, അദ്ദേഹത്തിെൻറ ജീവചരിത്രത്തിലും ആത്മകഥയിലുമൊക്കെ ആ ഭാഗം ഇപ്പോഴും ശൂന്യമായി കിടക്കുന്നു. നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് സിംഗപ്പൂരിൽനിന്നുമാണ് മെഡിക്കൽ ബിരുദം നേടിയത്. സീതി ഹസ്മയാണ് ഭാര്യ. ഏഴു മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.