റീസർവേയില്‍ ഡിജിറ്റല്‍ വിപ്ലവം

കൈവശത്തിന്റെയും ഉടമസ്ഥതയുടെയും അടിസ്ഥാനത്തില്‍‌ കേരളത്തിലെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോഡുകള്‍ തയാറാക്കി നാലു വർഷം കൊണ്ട്​ സമഗ്ര ഭൂരേഖ തയാറാക്കാൻ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ റീസർവേ പദ്ധതിക്ക്​ കേരളപ്പിറവി ദിനത്തില്‍ തുടക്കമാവുകയാണ്.

അത്യാധുനിക ഉപകരണങ്ങളായ CORS (Continuously Operating Reference Stations), RTK-Rover (Real Time Kinematic Rover), റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും സര്‍വേ നടത്തുന്നത്. സംസ്ഥാനത്ത് പത്തുശതമാനം വരുന്ന തുറസ്സായ പ്രദേശങ്ങളില്‍ ഡ്രോണ്‍ അധിഷ്ഠിത സര്‍വേ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള GPS ടവറാണ് Continuously Operating Reference Stations (CORS).

സാറ്റലൈറ്റില്‍ നിന്ന്​ ലഭിക്കുന്ന സിഗ്‌നലുകളുടെ അടിസ്ഥാനത്തില്‍ COR സ്റ്റേഷനില്‍ നിന്നുള്ള സിഗ്‌നലുകള്‍ കൂടി പ്രയോജനപ്പെടുത്തി ഭൂമിയുടെ കൃത്യമായ സ്ഥാനം നിര്‍ണയിക്കുന്നതിനാണ് Real Time Kinematic (RTK) മെഷീനുകള്‍ ഉപയോഗിക്കുന്നത്. സ്വയമേവ ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ മെഷീനുകളാണ് റോബോട്ടിക് ടോട്ടല്‍ സ്റ്റേഷനുകള്‍. ഇവ വഴി വിസ്തീര്‍ണം കണക്കാക്കി ഭൂമിയുടെ രേഖാചിത്രം തത്സമയം തന്നെ ഭൂവുടമസ്ഥന് നല്‍കാന്‍ കഴിയും. സര്‍വേ വകുപ്പ് ഭൂമിസംബന്ധിച്ച അന്തിമമായ രേഖ റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുമ്പുതന്നെ ഇതിന്റെ കരട് ഭൂവുടമക്ക് കാണാനും പരാതികളുണ്ടെങ്കില്‍ ഉന്നയിക്കാനും അവസരം ലഭിക്കും എന്നുള്ളതുകൊണ്ട് സര്‍വേ പൂര്‍ത്തീകരണത്തിന് ശേഷമുള്ള പരാതികള്‍ ഒഴിവാക്കാനാവും.

സംസ്ഥാനത്ത് റവന്യൂ, സര്‍വേ, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളാണ് പ്രധാനമായും ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. റവന്യൂ ഭരണത്തിന്റെ ഭാഗമായി ReLIS എന്ന സോഫ്റ്റ്‌വെയറും ഭൂമി രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി രജിസ്‌ട്രേഷന്‍ വകുപ്പില്‍ PEARL എന്ന സോഫ്റ്റ്‌വെയറും, സര്‍വേ മാപ്പുകള്‍ തയാറാക്കുന്നതിന് e-maps എന്ന സോഫ്റ്റ്‌വെയറുമാണ് നിലവില്‍ ഉപയോഗിച്ചുവരുന്നത്. ഇത്തരത്തില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കിടക്കുകയാണ് ഭൂ സംബന്ധമായ സേവനങ്ങള്‍. ഡിജിറ്റല്‍ സര്‍വേ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ വകുപ്പുകളുടെ ഭൂ സംബന്ധമായ സേവനങ്ങള്‍ സംയോജിപ്പിച്ച് ഒരു ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും പൂര്‍ണമായും സുതാര്യമാക്കുന്നതിനായി www.entebhoomi.kerala.gov.in എന്ന സമഗ്രമായ പോര്‍ട്ടല്‍ തയാറാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്​തശേഷം ലഭ്യമാകുന്ന യൂസര്‍ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് തങ്ങളുടെ വിവരങ്ങള്‍ വില്ലേജ് രേഖകളില്‍ ReLIS ഡേറ്റയില്‍ ഉള്‍പ്പെട്ടു വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാവും. ഉടമസ്ഥാവകാശമുള്ള ഭൂമിയുടെ വിവരങ്ങള്‍ ReLIS രേഖകളില്‍ ഉള്‍പ്പെടാതിരിക്കുകയോ അല്ലെങ്കില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതായോ ശ്രദ്ധയിൽപെടുന്നപക്ഷം കരം,തീരുവ, പട്ടയം/ആധാരം/കോടതി ഉത്തരവ് തുടങ്ങിയ അവകാശരേഖകളുടെ പകര്‍പ്പുകള്‍ സഹിതം പ്രസ്തുതവിവരം അറിയിക്കുന്നതിനുമുള്ള സംവിധാനവും ഈ പോര്‍ട്ടലിലുണ്ട്.

ഭൂമിയുടെ ഉടമസ്ഥതയും കൃത്യതയോടെയുള്ള അളവും ഡിജിറ്റല്‍ സര്‍വേയിലൂടെ ലഭ്യമാക്കണമെങ്കില്‍ ഭൂവുടമകളുടെ പങ്കാളിത്തവും സഹകരണവും അനിവാര്യമാണ്. സര്‍വേക്ക് മുന്നോടിയായി തങ്ങളുടെ ഭൂമിയുടെ അതിര്‍ത്തികള്‍ വ്യക്തമായി കാണുന്ന വിധം തെളിച്ചിടുക, അതിര്‍ത്തികളില്‍ വ്യക്തമായ അടയാളങ്ങള്‍ ഇല്ലാത്ത പക്ഷം സര്‍വേക്ക് മുമ്പ് തന്നെ അവ സ്ഥാപിക്കുക എന്നിവക്ക് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. മുന്‍കാല സര്‍വേ പ്രവര്‍ത്തനങ്ങളില്‍ ഭൂവുടമസ്ഥരുടെ സാന്നിധ്യമില്ലാതിരുന്നതും ദീര്‍ഘകാലത്തിനുശേഷം റെക്കോഡുകള്‍ പരസ്യപ്പെടുത്തി നടപടികള്‍ സ്വീകരിച്ചതും നിരവധി പരാതികള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ റീസര്‍വേ ഭൂവുടമസ്ഥരുടെ സാന്നിധ്യത്തില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും സര്‍വേ സഭ എന്ന പേരില്‍ ഗ്രാമസഭകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട സര്‍വേക്കായി തിരഞ്ഞെടുത്തിട്ടുള്ള 200 വില്ലേജുകളില്‍ സര്‍വേസഭകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

സ്വന്തം ഭൂമിയുടെ കൃത്യമായ അളവും, തര്‍ക്കങ്ങളിൽ നിന്നുള്ള മോചനവും ഒരു പൗരന്റെ അവകാശമാണ്. ഭൂമിയുടെ കൈവശമാണ് ഉടമസ്ഥതയുടെ അടിസ്ഥാനം. നിലവില്‍ ഉടമസ്ഥതയുള്ള ഭൂമിയോടൊപ്പം സര്‍ക്കാര്‍ ഭൂമിയല്ലാത്തതും തര്‍ക്കമില്ലാത്ത കൈവശത്തോടു കൂടിയതുമായ അധിക വിസ്തീര്‍ണം കാണുന്ന സാഹചര്യത്തില്‍ അതിനുകൂടി ഉടമസ്ഥത നല്‍കുന്ന നിയമം നമ്മുടെ സംസ്ഥാനത്ത് നിലവിലില്ല. ഇത്തരത്തിലുള്ള കൈവശങ്ങള്‍ക്ക് കൂടി ഉടമസ്ഥത നല്‍കുന്ന ഒരു സെറ്റില്‍മെന്റ് ആക്ട് സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. നിലവില്‍ സ്വന്തം ഭൂമിയുടെ ഉടമസ്ഥത തെളിയിക്കേണ്ട ബാധ്യത അതത് ഭൂവുടമസ്ഥര്‍ക്കാണ്. എന്നാല്‍ ഡിജിറ്റല്‍ സര്‍വേ രേഖകള്‍ അന്തിമമാകുന്നതോടുകൂടി ഭൂരേഖകള്‍ ഭൂമിയുടെ ഉടമസ്ഥതയെ സംബന്ധിച്ചുള്ള ഒരു കണ്‍ക്ലൂസിവ് പ്രൂഫ് ആകുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും സജീവ പരിഗണനയിലാണ്. നമ്മുടെ നാട്ടിലെ വ്യവഹാരങ്ങളില്‍ ഏറിയ പങ്കും ഭൂമി സംബന്ധമായ തര്‍ക്കങ്ങളാണ്. ഇത്തരത്തില്‍ ഒരു സെറ്റില്‍മെന്റ് ആക്ട് വരുന്നതോടു കൂടി ഭൂമി സംബന്ധമായ വ്യവഹാരങ്ങള്‍ ഒരു പരിധി വരെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിജിറ്റല്‍ സര്‍വേയിലൂടെ ലഭിക്കുന്ന ഭൂമിയുടെ ടോപോഗ്രാഫിക് വിവരങ്ങള്‍ അടങ്ങുന്ന ഈ സമഗ്രരേഖ കേരളത്തിന്റെ ഭാവി വികസനത്തിനും ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ആധികാരിക രേഖയായിരിക്കും.

Tags:    
News Summary - Revenue Minister K. Rajan writes Digital Revolution in resurvey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.