ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് നടപ്പാക്കപ്പെട്ട വിവരാവകാശ നിയമത്തിൽ പിന്നീട് നരേന്ദ്ര മോദി സർക്കാർ പരമാവധി വെള്ളം ചേർത്ത് നേർപ്പിക്കുകയും വിവിധ സംസ്ഥാന സർക്കാറുകൾ വ്യവസ്ഥകൾ അട്ടിമറിക്കുകയും ചെയ്തതോടെ,ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്പെട്ടിരുന്ന ഒരു നിയമം അറുകൊലക്ക് ഇരയാകുന്നു
ജനാധിപത്യത്തിന്റെ സത്തയാണ് ജനങ്ങളുടെ അറിയാനുള്ള അവകാശം. ഒരുപറ്റം ആക്ടിവിസ്റ്റുകൾ ഒരുപാട് കാലമായി നടത്തിയ നിരന്തര ശ്രമങ്ങൾക്കൊടുവിൽ റൈറ്റ് ടു ഇൻഫർമേഷൻ ആക്ട് 2005ൽ പ്രാബല്യത്തിൽ വന്നപ്പോൾ പൊളിഞ്ഞുവീണത് ‘ഒഫീഷ്യൽ സീക്രസി ആക്ടി’ൽ പൊതിഞ്ഞുകെട്ടി ഒളിപ്പിച്ചുവെച്ചിരുന്ന ഭരണക്കോട്ടയിലെ കള്ളക്കളികളായിരുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭരണതലത്തിൽ ചെയ്യുന്നതെന്തൊക്കെയെന്ന് അറിയാനും വിലയിരുത്താനും സിദ്ധിച്ച അധികാരം പൗരസമൂഹത്തിലെ കുറെയേറെപ്പേരെങ്കിലും വിനിയോഗിച്ചു, പല ക്രമക്കേടുകളും അനീതികളും പുറംലോകത്തെത്തി. ചെറുചെറു തിരുത്തുകൾക്ക് സാധ്യതകളൊരുങ്ങി. വിവരാവകാശ പ്രവർത്തകരെ ഭീഷണിക്കും മർദനങ്ങൾക്കും കൊലക്കത്തിക്കും ഇരയാക്കിക്കൊണ്ട് മറുപക്ഷം അതാര്യതയുടെ വൻമതിൽ കെട്ടിപ്പൊക്കിക്കൊണ്ടിരുന്നു. ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് നടപ്പാക്കപ്പെട്ട നിയമത്തിൽ നരേന്ദ്ര മോദി സർക്കാർ പരമാവധി വെള്ളം ചേർക്കുകയും, നിയമവ്യവസ്ഥകളെ വിവിധ സംസ്ഥാന സർക്കാറുകൾ ബോധപൂർവം അട്ടിമറിക്കുകയും ചെയ്തതോടെ വിവരാവകാശ പ്രവർത്തകരെപ്പോലെ നിയമവും ഒരർഥത്തിൽ അറുകൊലക്കിരയായി.
വിവരമാണ് ജനാധിപത്യത്തിന്റെ കരുത്ത്. എന്നാൽ വിവരങ്ങൾ ലഭ്യമാക്കുക, അതിനുള്ള മാർഗങ്ങൾ തേടുക എന്ന ഇട്ടാവട്ടത്ത് കറങ്ങിനിൽക്കുകയാണ് വിവരാവകാശ പൊതുഅധികാരികളും വിവരാവകാശ അപേക്ഷകരും. ഈ സാഹചര്യത്തിലാണ് വിവരാവകാശ നിയമത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്ന സെക്ഷൻ ഫോർ വീണ്ടും ചർച്ചകളിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വരുന്നത്. ഓരോ പൊതു അധികാരിയും അവരുടെ അധികാര പരിധിയിലെ മുഴുവൻ വിവരങ്ങളും പദ്ധതികളും അപേക്ഷ കൂടാതെ സ്വമേധയാ വെളിപ്പെടുത്തണമെന്ന് സെക്ഷൻ 4 (1)എ പറയുന്നു. എല്ലാ അധികാരികളും മുഴുവൻ രേഖകളും സ്വമേധയാ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്ത് ഇൻഡക്സ് ചെയ്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് പറയുന്നത്. 4(1)ബിയിൽ ഓരോ അധികാരിയും ചെയ്തുവെന്ന് ഉറപ്പുവരുത്തേണ്ട വിവിധ കാര്യങ്ങളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ഓരോ പൊതുഅധികാര സ്ഥാപനവും സുതാര്യവും അക്കൗണ്ടബ്ൾ ആണെന്നും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. സുതാര്യതയുടെ ഭരണക്രമം എന്നറിയപ്പെടുന്ന സെക്ഷൻ 4 വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്ന് 120 ദിവസത്തിനകം നിർബന്ധമായും നടപ്പിലാക്കണമെന്ന് വിവരാവകാശ നിയമം 2005ൽ എഴുതിവെച്ചിട്ടുണ്ട്. 18ാം വർഷത്തിലെത്തിനിൽക്കുന്ന ഇന്ത്യയിലെ വിവരാവകാശ നിയമത്തിന് ആ ആത്മാവിനെ ഇനിയും തൊട്ടറിയാനായില്ല. വിഷയം മൂന്നാംതവണ സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയ 2023 ആഗസ്റ്റ് 17 ന് സെക്ഷൻ 4 എല്ലാ സംസ്ഥാനങ്ങളും നിർബന്ധമായും നടപ്പാക്കണമെന്നും പുരോഗതി സ്വതന്ത്ര ഏജൻസി വിലയിരുത്തണമെന്നും നിർദേശിച്ചിരുന്നു. സംസ്ഥാനത്ത് ഐ.എം.ജിക്കാണ് വിലയിരുത്തൽ ചുമതല. ഏഴുമാസമെത്തിയിട്ടും സംസ്ഥാനത്തെ അധികാര കേന്ദ്രങ്ങളുടെ സ്വയം വെളിപ്പെടുത്തൽ എങ്ങുമെത്തിയിട്ടില്ലെന്നത് സുപ്രീംകോടതി വിധിയോടുള്ള അവഹേളനമായി വിലയിരുത്തപ്പെടുന്നു.
വിവരാവകാശ നിയമ മറുപടികളിൽ വിവരം ക്രോഡീകരിച്ചിട്ടില്ല, ലഭ്യമല്ല തുടങ്ങിയ മറുപടികൾ കണ്ട് മടുത്തവരാകും ഭൂരിഭാഗം അപേക്ഷകരും. വിവരാവകാശ നിയമം സെക്ഷൻ നാല് പ്രകാരം നൽകാൻ പാടില്ലാത്തതാണ് ഇവയെന്ന് എത്രപേർക്ക് അറിയാം. എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ പൊതുഅധികാരിയുടെ പരിധിയിൽ വരുന്ന വിവരങ്ങൾ സൂക്ഷിച്ചിരിക്കണമെന്ന് ചട്ടത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിക്കേണ്ടത് പൊതുഅധികാരിയുടെ ഉത്തരവാദിത്തമായിരുന്നിട്ടും നിഷേധിക്കുന്ന സാഹചര്യം സുപ്രീംകോടതി ചൂണ്ടിക്കാണിച്ച, വിവരാവകാശ നിയമത്തിന്റെ ചട്ടലംഘനമാണ്.
‘മറുപടി നൽകുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതാകയാൽ നൽകാനാവില്ല’ എന്ന മറുപടിയും വിവരാവകാശ അപേക്ഷകർ ഒരുപാട് കണ്ടിട്ടുണ്ടാകും. പ്രത്യേകിച്ച് പൊലീസ് കേസുകളിൽ വിവരാവകാശ നിയമം 8(1)എച്ച് ചൂണ്ടിക്കാട്ടിയാണ് നിരസിക്കാറ്. പക്ഷേ, മറുപടി എങ്ങനെയാണ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നത് എന്നതുകൂടെ അധികാരികൾ വിശദീകരിക്കേണ്ടതുണ്ട്. പലപ്പോഴും ഇരയായിരിക്കും പരാതിയുമായി മുന്നോട്ടുവന്നിരിക്കുക. അവർക്ക് കേസ് അവസാനിക്കും വരെ ഇടപെടാൻ അധികാരമുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിവരാവകാശ നിയമത്തിൽ കുറ്റാരോപിതരെ താക്കീത് നൽകി വിട്ടയക്കുന്നത് പതിവാണ്. വിവരാവകാശ കമീഷന് വിവേചനാധികാരമുണ്ടോ എന്ന ചോദ്യം ഇതേത്തുടർന്നാണ് ഉയരുന്നതും. വിവരാവകാശ അപേക്ഷക്ക് മറുപടി വൈകിയാൽ ശിക്ഷിക്കുക തന്നെ വേണം. കൂടാതെ എതിർകക്ഷി വരാതിരിക്കുകയും അയാളുടെ ഭാഗം കേൾക്കാതെ വിധി പറയുന്നതായും പരാതി ഉയർന്നിരുന്നു.
വിവരാവകാശ കമീഷനിൽ 2006 മുതൽ 2023 വരെ ആകെ 39702 അപ്പീലുകളാണ് ലഭിച്ചത്. നിലവിൽ 4190 അപ്പീലുകൾ പെൻഡിങ് ഉണ്ട്. പരാതികൾ ലഭിച്ചത് 20422 എണ്ണം. അതിൽ 1298 എണ്ണം തീർപ്പായിട്ടില്ല . ചട്ടത്തിന്റെ കാഴ്ചപ്പാടിന് വിരുദ്ധമായി അപ്പീലുകളും പരാതികളും മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി മടക്കിയയക്കുന്നത് പതിവാണെന്ന് അപേക്ഷകർ പറയുന്നു.
വിവരാവകാശ നിയമം അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ ശ്രമം ബഹുവിധത്തിൽ:
വിവരം നൽകാത്തതിന് കമീഷന് മുന്നിലെത്തുന്ന പരാതികളിൽ കുറ്റം ബോധ്യപ്പെട്ടിട്ടും ശിക്ഷാ നടപടികൾ ഇളവുചെയ്ത് ഉദ്യോഗസ്ഥരെ താക്കീത് ചെയ്ത് ഒതുക്കുന്നുവെന്ന പരാതി വ്യാപകമാണ്. വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ശിക്ഷിക്കാനാണ് വിവരാവകാശ കമീഷന് അധികാരം. ശിക്ഷാനടപടി ഇളവ് ചെയ്യാൻ അധികാരമില്ലെന്നിരിക്കേയാണ് ഈ നടപടി. കഴിഞ്ഞ വർഷങ്ങളിലെ കണക്ക് പരിശോധിച്ചാലറിയാം ഇക്കാര്യം. 2023ൽ 97 പേർക്ക് മാത്രമാണ് പിഴ വിധിച്ചിട്ടുള്ളത്. 2022ൽ 81ഉം 2021ൽ 46 ഉദ്യോഗസ്ഥർക്കുമാണ് പിഴ വിധിച്ചത്.
പൊതു അധികാരി ഊഹിച്ചോ അനുമാനിച്ചോ വിവരം നൽകേണ്ടതില്ലെന്ന് ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. ഉപദേശമോ അഭിപ്രായമോ മറുപടിയിൽ രേഖപ്പെടുത്തേണ്ടതില്ല. അതേസമയം പൊതുഅധികാരിയുടെ ഓഫിസിലെ റെക്കോഡുകളുടെ ഭാഗമല്ലാത്ത നിയമമോ ചട്ടമോ റെഗുലേഷനോ പ്രകാരം അധികാരി സൂക്ഷിക്കേണ്ടതില്ലെങ്കിൽ ആ രേഖ ശേഖരിച്ചോ ക്രോഡീകരിച്ചോ ലഭ്യമാക്കേണ്ടതില്ലെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിട്ടിരുന്നു.
പൊതുഅധികാരിയുടെ ഓഫിസിലെ ജീവനക്കാരുടെ വിദ്യാഭ്യാസം, ശമ്പള വിവരം, സേവന വിവരം തുടങ്ങിയ കാര്യങ്ങളടങ്ങിയ സർവിസ് ബുക്ക് വിവരാവകാശ പ്രകാരം കൊടുക്കേണ്ടതില്ലെന്നാണ് വിവരാവകാശ കമീഷന്റെ ഉത്തരവ്. സാധാരണ രാജ്യരക്ഷയെ ബാധിക്കുന്നതോ തന്ത്രപ്രധാനമായതോ തടയപ്പെട്ടതോ ആയ വിവരങ്ങളാണ് വിവരാവകാശ നിയമത്തിൽ നിഷേധിക്കുന്നവയുടെ പട്ടികയിൽ ഉൾപ്പെടുന്നത്. എന്നാൽ, ഈയടുത്ത കാലത്ത് സർവിസ് ബുക്കിന്റെ പകർപ്പ് നൽകേണ്ടതില്ലെന്നുകൂടി വിവരാവകാശ കമീഷൻ വിധിച്ചു. നേരത്തെ റെയിൽവേയുമായി ബന്ധപ്പെട്ട, കേന്ദ്ര വിവരാവകാശ കമീഷനിൽവന്ന വിധിയിൽ സർവിസ് ബുക്ക് നൽകാനും ഉത്തരവിറങ്ങിയിരുന്നു.
ഡേറ്റ പ്രൊട്ടക്ഷൻ ആക്ട് ഭീഷണി
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഡേറ്റ പ്രൊട്ടക്ഷൻ ആക്ട് നടപ്പിൽ വരുന്നതോടെ വ്യക്തികളുടെ സ്വകാര്യതയിൽ അനാവശ്യമായി കടന്നുകയറുന്നെന്ന വിശദീകരണത്തിൽ വിവരങ്ങൾ നിഷേധിക്കപ്പെട്ടേക്കാം എന്നാണ് ആശങ്ക. 2023 ആഗസ്റ്റ് 11ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചെങ്കിലും പൂർണമായ രീതിയിൽ നിയമം നടപ്പിലായിട്ടില്ല.
വിവരം സ്വമേധയാ പ്രസിദ്ധീകരിക്കുന്നതിലല്ല, വിവരം എങ്ങനെ തരാതിരിക്കാം എന്ന് ഗവേഷണം ചെയ്യുന്ന ചില പൊതുഅധികാരികളുടെ ധാർഷ്ട്യം അനുഭവിക്കാത്ത വിവരാവകാശ അപക്ഷേകരില്ല. വിവരം ചോദിക്കാനും തരാനുമുള്ള സംവിധാനം എന്നതിലുപരി ഉദ്യോഗസ്ഥ സംവിധാനത്തെ ശക്തമാക്കാനും സുതാര്യമാക്കാനും ഉത്തരവാദിത്തബോധം ഉണ്ടാക്കാനുമുള്ള ഉപാധിയായി കണ്ടുള്ള സമീപനം ജനങ്ങളിലോ ഉദ്യോഗസ്ഥരിലോ ഉണ്ടാകുന്നില്ല എന്നതാണ് ഖേദകരം. സാധാരണക്കാർക്ക് റേഷൻകാർഡും വൈദ്യുതി കണക്ഷനും ലഭിക്കാൻ മാത്രമല്ല, അന്വേഷണ ഘട്ടങ്ങളിൽ ‘ഇര’ക്ക് താങ്ങാവാനും അന്വേഷണത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാനുമുള്ള ജനങ്ങളുടെ ‘പവർഹൗസാ’ണ് വിവരാവകാശം. ജനാധിപത്യ പ്രക്രിയയുടെ ഏത് ഘട്ടത്തിലും തന്ത്രപൂർവം ഉപയോഗിക്കാനുള്ള ഇടം അവശേഷിപ്പിച്ചാണ് വിവരാവകാശ നിയമം നിർമിച്ചിട്ടുള്ളത്. അത് മനസ്സിലാക്കാതെ വെറും വിവരത്തിന് ചുറ്റുമാണ് അപേക്ഷകരും വിവരാവകാശ കമീഷണർമാരും. വിവരം, അപേക്ഷിച്ചാൽ മാത്രം നൽകിയാൽ പോര സ്വയം പ്രഖ്യാപിക്കേണ്ടവയാണെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാനുള്ള ഇടപെടലുകളാണ് വേണ്ടത്.
ഓൺലൈനിലൂടെ വിവരാവകാശ അപേക്ഷ സമർപ്പിക്കുന്നവർക്ക് കേന്ദ്രസർക്കാർ വകുപ്പുകളിൽ നിന്ന് നേരത്തെ കൃത്യസമയം മറുപടി ലഭിച്ചിരുന്നു. പിന്നീട് സമയക്രമം തെറ്റി. ശേഷം മറുപടി കിട്ടിയാലായി എന്ന സ്ഥിതിയിലുമെത്തി. ഓൺലൈൻ മുഖേന അപേക്ഷ സ്വീകരിക്കണം, മറുപടി നൽകണം എന്ന നിർദേശം പ്രാവർത്തികമാക്കാനെന്നവണ്ണം സംസ്ഥാനത്തും പോർട്ടൽ സജ്ജമാക്കിയിട്ടുണ്ടെങ്കിലും മറുപടി കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. ഓൺലൈൻ മുഖേന സംസ്ഥാന സാംസ്കാരിക മന്ത്രാലയത്തിൽ ജനുവരി മാസം നൽകിയ അപേക്ഷയുടെ മറുപടി പരതാൻ സംസ്ഥാന സർക്കാറിന്റെ ആർ.ടി.ഐ പോർട്ടലിൽ (rtiportal.kerala.gov.in)കയറുമ്പോൾ പെൻഡിങ് ഇൻ ഡിപ്പാർട്മെന്റ് എന്ന മറുപടിയാണ് ലഭിക്കുന്നത്. അപ്പീലോ പരാതിയോ നൽകാൻ ഇതിൽ സൗകര്യമില്ല. സംസ്ഥാന വിവരാവകാശ കമീഷന്റെ https://rti.sic.kerala.gov.in/ എന്ന സൈറ്റ് വഴി അപേക്ഷയും അപ്പീലും നൽകാൻ സംവിധാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.