കുടക് സ്വദേശിയായ റിയാസ് മൗലവി (32)യെ മധൂര്‍ പഞ്ചായത്തിലെ ചൂരിയില്‍ മുജാഹിദീന്‍ ജുമാ മസ്ജിദിൽ ഉറങ്ങിക്കിടക്കവെ 2017 മാര്‍ച്ച് 20നാണ് പള്ളിയിലേക്ക് അതിക്രമിച്ചുകയറിയ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. മൂന്നു ദിവസത്തിനുള്ളിൽ മൂന്നു പ്രതികൾ അറസ്റ്റിലാവുകയും 89 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥൻ എ. ശ്രീനിവാസ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുകയും ചെയ്തു. പല തവണകളിലായി എട്ടു ജഡ്ജിമാർ വാദംകേട്ട കേസിൽ 2019ലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. മൂന്ന് പ്രതികൾക്കും വിധി വരുന്നതുവരെ ജാമ്യം നിഷേധിക്കപ്പെട്ടു. എന്നാൽ, പ്രതികൾ കുറ്റംചെയ്തതായി സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും സംശയത്തിന്റെ ആനുകൂല്യത്തിൽ അവരെ വെറുതെ വിടുകയാണെന്നുമാണ് ഇക്കഴിഞ്ഞ 30ന് കോടതി വിധിച്ചത്.
കോടതിവിധി അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും കുറ്റപ്പെടുത്തുമ്പോൾ പഴുതടച്ച അന്വേഷണവും വാദവുമാണ് നടന്നതെന്ന് പ്രോസിക്യൂഷനും അന്വേഷകരും പറയുന്നു. സാക്ഷികളും സാഹചര്യത്തെളിവുകളും ഡി.എൻ.എ തെളിവുകളുമെല്ലാം നിരത്തിയിട്ടും പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന മുൻവിധിയോടെ എഴുതിയതാണിതെന്ന് വിധിയിലൂടെ കണ്ണോടിച്ച ഏതൊരാൾക്കും തോന്നിയാൽ അത്ഭുതപ്പെടാനില്ല.
ഇതിനേക്കാൾ കുറഞ്ഞ സാക്ഷികളും തെളിവുകളും സാഹചര്യത്തെളിവുകളുമുള്ള കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. റിയാസ് മൗലവി വധംപോലെ ആർ.എസ്.എസ്, സംഘ്പരിവാർ പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ പൊലീസിന്റെ അന്വേഷണരീതികൾ പ്രതികൾക്ക് സഹായകരമാകുന്ന രീതിയിലുള്ളതാണെന്ന സംശയം/ ആരോപണം എത്രത്തോളം കഴമ്പുള്ളതാണ് എന്നത് പരിശോധനയർഹിക്കുന്നു.
2007 മുതല്‍ 2017വരെ 469 സംഘർഷങ്ങൾ കാസർകോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 125 കേസുകളിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കേസുകൾ മാത്രമെടുത്താൽ, സംഘ്പരിവാർ പ്രവർത്തകർ തങ്ങൾക്ക് ഒരു മുൻപരിചയവുമില്ലാത്ത മുസ്ലിം സമുദായത്തിലുള്ളവരെ വെറുപ്പും വിദ്വേഷവും കാരണം കൊലപ്പെടുത്തുന്ന ആദ്യ സംഭവമല്ല റിയാസ് മൗലവിയുടേതെന്നു കാണാം. മൗലവി കൊലചെയ്യപ്പെടുന്നതിനു മുമ്പുവരെയുള്ള ഒമ്പത് വര്‍ഷങ്ങളില്‍ ഈ സ്റ്റേഷന്റെ പരിധിയില്‍ മാത്രം അഞ്ചു മുസ്ലിംകളെ സംഘ്പരിവാര്‍ കൊലപ്പെടുത്തിയിട്ടുണ്ട്.
2008 ഏപ്രിൽ 14നാണ് ബങ്കാരക്കുന്നിലെ മമ്മു മകൻ മുഹമ്മദ് സിനാൻ (22)കൊല്ലപ്പെടുന്നത്. 2008 ഏപ്രിൽ 18ന് ചൂരിയിലെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് (56), 2011 ജനുവരി 10ന് ചൂരിയിലെ മഹമൂദ് മകൻ റിഷാദ് (24) , 2013 ജൂലൈ ഏഴിന് മീപ്പുഗിരിയിലെ ബദറുദ്ദീന്റ മകൻ സാബിത് ( 19), 2014 ഡിസംബർ 22ന് തളങ്കര നുസ്രത്ത് നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ സൈനുൽ ആബിദ് (22 )എന്നിവർ കൊല്ലപ്പെട്ടു. ഈ കേസുകളിലെല്ലാം പ്രതികൾ സംഘ്പരിവാർ പ്രവർത്തകരായിരുന്നു. ഇതിൽ സിനാൻ, റിഷാദ്, സാബിത്ത് കൊലക്കേസുകളിൽ പ്രതികൾക്കുവേണ്ടി ഹാജരായത് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ഇപ്പോൾ ഗോവ ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയായിരുന്നു. തെളിവുകളുടെ അഭാവത്തിൽ ഈ മൂന്നു കേസുകളിലെയും പ്രതികളെ കോടതി വെറുതെ വിട്ടു.
ഇതേ ജില്ലയിലെ മറ്റു സ്റ്റേഷൻപരിധികളിൽ വേറെയും മുസ്ലിംവിരുദ്ധ വിദ്വേഷ കൊലപാതകങ്ങളും വധശ്രമങ്ങളും നടത്തിയിട്ടുണ്ട് സംഘ്പരിവാർ. 2015ലാണ് കാസർകോട് ജില്ലയിലെ ബേക്കലില്‍ സഹോദരിക്കൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന ഒമ്പത് വയസ്സുള്ള ഫഹദിനെ ആർ.എസ്.എസ് പ്രവര്ത്തകന് വിജയൻ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് കൂടിയായിരുന്ന ഫഹദിന് കാലിന് സ്വാധീനക്കുറവുണ്ടായിരുന്നു.
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രതി മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന വ്യാഖ്യാനം ചമച്ചു പൊലീസ്. പിന്നീട് നാട്ടുകാരിൽനിന്നുയർന്ന പ്രതിഷേധമാണ് അന്വേഷണം ശരിയായ ദിശയിലാകാൻ കാരണമായത്. 2018ല്‍ സോങ്കാൽ സ്വദേശി അബൂബക്കർ സിദ്ദീഖിനെ വ്യാജ മദ്യവിൽപന എതിർത്തതിന്റെ പേരിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി. 2019 ജനുവരി മൂന്നിന് ശബരിമലയിലെ യുവതിപ്രവേശനത്തിനെതിരെ സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെ മഞ്ചേശ്വരത്ത് കരീം മൗലവിയെ കൊല്ലാന്‍ ശ്രമിച്ചു.
ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒമ്പത് വർഷത്തിനിടെ മുസ്ലിം സമുദായത്തിനെതിരായ വംശീയ വിദ്വേഷത്തിന്റെ പേരിലുണ്ടായ ആറു കൊലപാതകങ്ങളിൽ നാലെണ്ണത്തിലും കൊലപാതകികളെ തെളിവില്ലാത്തതിന്റെ പേരിൽ വെറുതെവിടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ കേവലം കോടതിയെ പഴി പറഞ്ഞ് കൈകഴുകാൻ കഴിയുന്ന വിഷയമല്ല. കൊലപാതകം നടന്ന സമയം സംസ്ഥാനം ഭരിച്ചിരുന്ന മുന്നണിയെയോ സംഭവം നടന്ന സ്ഥലത്തെ എം.എൽ.എയെയോ രാഷ്ട്രീയ കക്ഷികളെയോ പഴിപറഞ്ഞ് ഒഴുക്കൻ മട്ടിൽ കൈകാര്യംചെയ്യേണ്ട വിഷയവുമല്ല.
വിശിഷ്യാ, മേൽപറഞ്ഞ മുഴുവൻ കേസുകളിലും പ്രതികൾ സംഘ്പരിവാർ പ്രവർത്തകരാവുകയും കൃത്യമായ തെളിവുകളുടെയും സാക്ഷികളുടെയും അഭാവത്തിൽ സംശയത്തിന്റെ ആനുകൂല്യം മുൻനിർത്തി കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ നമ്മുടെ പൊലീസ് സംവിധാനത്തെ ബാധിച്ചിരിക്കുന്ന കുറ്റകരമായ പക്ഷപാതത്തിന്റെ അടയാളംതന്നെയാണത്. ഈ നിലപാട് കാസർകോട് ജില്ലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ആലപ്പുഴയിലെ അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ പഴുതടച്ച അന്വേഷണം നടത്തി പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കുകയും പ്രതികൾക്ക് വധശിക്ഷ ലഭിക്കുംവിധത്തിൽ തക്കതായ തെളിവുകളും സാക്ഷികളെയും ഒക്കെ ഒരുക്കിയ അതേ സംവിധാനത്തിന് ഈ വധത്തിന് കാരണമായ ഷാൻ കൊലപാതകത്തിൽ കേസിന്റെ പ്രാരംഭനടപടികൾ ആരംഭിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
2021 ഡിസംബർ 18ന് രാത്രിയാണ് എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാൻ കൊല്ലപ്പെടുന്നത്. 19ന് രാവിലെ, അതായത് പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടു. രണ്ട് കേസുകളിലും അന്വേഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു. പക്ഷേ, ആദ്യ സംഭവമായ ഷാൻ കൊലക്കേസ് ഇഴഞ്ഞു നീങ്ങുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ട് രണ്ടുവർഷം പിന്നിട്ടു.
കേസിന്റെ മുന്നോട്ടുപോക്കിനെ കുറിച്ച് വ്യാപക പരാതി ഉയർന്നതോടെയാണ് 2024 ജനുവരി അവസാനം പി.പി. ഹാരിസിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഷാൻ വധക്കേസിൽ 13 പ്രതികളാണുള്ളത്. ഇവരെല്ലാം ജാമ്യം ലഭിച്ച് പുറത്താണ്. രഞ്ജിത്ത് വധക്കേസിലെ 15 പ്രതികളും വധശിക്ഷക്ക് വിധിക്കപ്പെടുമ്പോൾ ഷാൻ വധക്കേസിൽ പ്രാരംഭ നടപടികൾ പോലുമായിട്ടില്ല എന്നത് പൊലീസിന്റെ നിഷ്പക്ഷത സംബന്ധിച്ച് പലവിധ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് എന്ന് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.