പൊങ്ങച്ചക്കല്യാണങ്ങൾക്ക് കോവിഡൊന്നും പ്രശ്നമല്ല. ആദ്യപന്തിക്ക് സീറ്റ് കിട്ടാൻ ചില്ലറ കൗശലം പോരാ. അവിടത്തെ ഊട്ടുപുരകൾക്ക് മുന്നിലും പിന്നിലുമായി വൈരുധ്യാത്മകവാതിലുകൾ ഉണ്ടെന്ന് അനുഭവമുള്ളവർക്കറിയാം. എങ്കിലും അതിെൻറ പ്രത്യയശാസ്ത്ര-ദാർശനികതലം ഇപ്പോഴാണ് വെളിപ്പെട്ടു കിട്ടിയത്. ഭോജനശാലയുടെ മുൻവാതിലിൽ തൃശൂർപൂരം. അടുക്കള വഴിയുള്ള പിൻവാതിലിലൂടെ വി.ഐ.പി വിനിമയങ്ങൾ.
'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ പ്രതിപക്ഷ കൗതുകം' എന്നു പാടിയത് വെറുതെയല്ല. അവർ മുട്ടിയാലൊന്നും ആ അകിട് ചുരത്തില്ല. പഞ്ചായത്ത് മെംബർ മുതൽ പാർലമെൻറ് അംഗം വരെയാകാൻ മോഹമുണ്ടോ? പണ്ടൊക്കെ ഏതെങ്കിലും പാർട്ടിയുടെ കൊടിപിടിച്ചും ചുവരെഴുതിയും സമരം നയിച്ചും നേതാവാകണമായിരുന്നു. ഇന്നിപ്പോൾ കാലം മാറി; കഥ മാറി.
സൈബർ ഗുണ്ടകളും പി.ആർ ഒളിതന്ത്രവുമായി ഇറങ്ങണം. കൊടിപിടിക്കാനും ചുമരെഴുതാനും സമരം നയിക്കാനും ക്വട്ടേഷൻ കൊടുത്താൽ മതി. മഹാസമ്മേളനങ്ങളും റാലികളും ഇവൻറ് മാനേജ്മെൻറുകാർ നോക്കിക്കൊള്ളും. കുറഞ്ഞപക്ഷം ഫേസ്ബുക്കിൽ ഒരു നീതീകരണത്തൊഴിലാളിയെങ്കിലും ആകാൻ നോക്കണം (അശോകൻ ചരുവിലിന് ശിഷ്യപ്പെടാം).
സീറ്റ്കിട്ടാൻ പിൻവാതിൽതന്നെയാണ് ഭേദം. പാർട്ടിയേതായാലും ബന്ധുബലവും ആൾബലവുമുണ്ടെങ്കിൽ കാര്യം ജോർ. യൂനിവേഴ്സിറ്റികളിലെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ജനിച്ചതുമുതൽ മുൻവാതിലില്ലാതിരുന്ന ഒരു സർവകലാശാലയിൽ ഒരിക്കൽ ശ്രീശങ്കര ജയന്തി പ്രഭാഷണത്തിന് ചെന്നുപെട്ടു. അന്നാണ് ആ സർവകലാശാലയുടെ അസംസ്കൃത സ്വഭാവം പിടികിട്ടിയത്. വി.സി മുതൽ തൂപ്പുകാരൻ വരെ സകലമാനപേരും പ്രവേശനം നേടിയത് പിൻവാതിലിലൂടെ! വെറുതെയല്ല ആദിശങ്കരൻ കാലടിയെ സർവകാല പ്രാബല്യത്തോടെ ശപിച്ചത്. അങ്ങനെ കാലടിയെ ഉപേക്ഷിച്ച സ്ഥലമാണത്രെ മറ്റൂർ (മറ്റ് ഊരുതേടിപ്പോയ സ്ഥലം!)
മന്ത്രിയുടെ മരുമകളെ തൂപ്പുകാരിയായി നിയമിച്ച പാരമ്പര്യം വെച്ചുനോക്കിയാൽ ഇപ്പോൾ എത്ര ഭേദം. നേതാക്കന്മാരുടെ മക്കളെയും മരുമക്കളെയും വേണ്ടപ്പെട്ടവരെയുമെല്ലാം ലക്ഷാധിപതികളായാണ് നിയമനംതന്നെ. ആൾക്കൂട്ടവും തിക്കും തിരക്കുമെല്ലാം പിന്നാമ്പുറത്താണ്.
പണ്ടൊരു പാലാക്കാരൻ മാഷ് പറഞ്ഞതാണ് ഒാർമ വരുന്നത്. മലപ്പുറത്തേക്ക് പ്രൊമോഷൻ കിട്ടി വന്ന മാഷ്ക്ക് മടങ്ങിപ്പോകണം. പലവഴിയും നോക്കി. ഒടുവിൽ ആശ്രിത വത്സലനായ മന്ത്രിയെത്തന്നെ ശരണം പ്രാപിക്കാമെന്നുെവച്ച് വീട്ടിൽ ചെന്നു. പൂമുഖത്തും വരാന്തയിലും മുറ്റത്തും ശിപാർശക്കാരുടെ പെരുന്നാൾ തിരക്ക്. മാഷ്ക്കാണെങ്കിൽ മന്ത്രി പത്നിയുമായാണ് പരിചയം. ഒടുവിൽ അടുക്കളവാതിൽ വഴി അകത്തുകയറി കാര്യം നേടിയത്രെ.
കുത്തിയിരുന്ന് പഠിച്ച് റാങ്കുനേടി കേമനാകാമെന്നൊന്നും ഇനി കരുതേണ്ട. ചെറുപ്രായത്തിലേ വല്ല ബാലസംഘത്തിലും ചേർന്ന് മുഷ്ടിചുരുട്ടി ശീലിക്കുക. സൈബർ ലോകത്ത് വിരാജിക്കുക.
മൂവികാമറക്ക് മുന്നിൽ തല്ലുകൊള്ളുക. നേതാവിെൻറ അടുക്കളപ്പുറത്ത് വാക്കൈപൊത്തിനിന്നേക്കുക. യോഗമുണ്ടെങ്കിൽ പിൻവാതിൽ വഴി രക്ഷപ്പെടാം.
പെൺകുട്ടികൾക്ക് മറ്റൊരു പോംവഴിയുണ്ട്. പഠിച്ച് പിഎച്ച്.ഡി ഒക്കെ എടുത്ത് റാങ്ക് മേടിച്ച് ഏതെങ്കിലും രാഷ്ട്രീയക്കാരനെ വരണമാല്യം ചാർത്തുക. യോഗമുണ്ടെങ്കിൽ അയാൾ സർക്കാറുദ്യോഗവും മോക്ഷവും തരും.
തസ്കരൻ മണിയൻപിള്ള ആത്മകഥയിൽ പറഞ്ഞത് ഓർത്തുെകാള്ളുക. ഒരു കള്ളനും ഇന്നുവരെ വീടിെൻറ മുൻവാതിലിലൂടെ അകത്തു കടന്നിട്ടുണ്ടാവില്ല. മുൻവാതിലുകൾ പൂട്ടി ഭദ്രമാക്കിക്കൊള്ളൂ. ഒരു കള്ളനും അത് പ്രശ്നമല്ല. അയാൾക്കുവേണ്ടി പിൻവാതിലുകൾ കാത്തിരിപ്പുണ്ട്!
സാക്ഷരതമിഷനും കേരളബാങ്കുമൊക്കെ കണ്ടുപഠിക്കണം. പിറവിയെടുത്തയുടൻ ആയിരക്കണക്കിനുപേരെ പിൻവാതിലിലൂടെ കയറ്റിയിരുത്താനുള്ള കേരളബാങ്കിെൻറ പദ്ധതിക്ക് ഒരു നല്ല കൈയടി (അതോ കാലടിയോ?) കൊടുക്കണം! കാക്കെത്താള്ളായിരം ബോർഡുകളും കോർപറേഷനുകളും പിൻവാതിലുകൾ തുറന്നിട്ട് കാത്തിരിക്കുകയാണ്, സ്വന്തക്കാരായ ഉദ്യോഗാർഥികൾ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ വേഗം വരൂ.
ലാസ്റ്റ്ബസ് പുറപ്പെടാറായി. ശിപാർശക്കത്തുകളുമായി വരുന്നവർ മാസ്കിട്ട് അകലം പാലിക്കണം. ഈ പാപത്തിൽ പങ്കില്ലെന്നുപറഞ്ഞ് സോപ്പിട്ട് കൈകഴുകാനും സൗകര്യമുണ്ട്. വൈരുധ്യാധിഷ്ഠിത പിൻവാതിലുകൾ നിങ്ങളെ മാടിവിളിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.