മെയ് 28 ഹിന്ദുമഹാസഭ നേതാവ് വി.ഡി. സവർക്കറുടെ ജൻമദിനമാണ്. ഇന്ത്യൻ പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനത്തിന് തെരഞ്ഞെടുത്തതും ഈ ദിനം തന്നെ. ഈ തെരഞ്ഞെടുപ്പിന്റെ കാരണം, എന്തുകൊണ്ടാണ് ബി.ജെ.പി തുറന്നുപറയാത്തത്. അതുതന്നെയാണ് സവർക്കർ ആരായിരുന്നുവെന്നതിനുള്ള ഉത്തരവും. ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യവും സവർക്കറുടെ പോരാട്ടങ്ങളുടെ ലക്ഷ്യവും രണ്ടായിരുന്നുവെന്ന് ചരിത്രരേഖകൾ തന്നെ പറയും.
സവർക്കർ ഹിന്ദുരാഷ്ട്രത്തിനുവേണ്ടിയും ഗാന്ധി ഇന്ത്യ എന്ന ആശയത്തിനു വേണ്ടിയുമായിരുന്നു സമരംനടത്തിയത്. ആ അർഥത്തിൽ സവർക്കറുടെ ചിത്രംപാർലമെന്റിൽ തൂക്കിയതിനും പുതിയപാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് തെരഞ്ഞെടുത്ത ദിവസത്തിനും ആർ.എസ്.എസിനും കേന്ദ്ര സർക്കാറിനും അതിന്റേതായ വിപരീത ന്യായങ്ങളുണ്ട്. ‘എല്ലാ വസ്തുതകളും ഒരുമിച്ചു പരിശോധിച്ചാൽ സവർക്കറും സംഘവും നടത്തിയ ഗുഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിഹത്യ എന്ന നിഗമനത്തിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല’’ എന്നാണ് ഗാന്ധികൊലപാതകം അന്വേഷിച്ച ജീവൻ ലാൽ കപൂർ കമ്മീഷെൻറ കണ്ടെത്തൽ. (മഹാത്മാ ഗാന്ധി കൊല ഗൂഢാലോചന- അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970; ഖണ്ഡിക 25,106ൽ ഇത് കാണാവുന്നതാണ്). ഇത് ചരിത്രരേഖയായി നിലനിൽക്കെയാണ് 2023 മെയ് 28 മറ്റൊരു കറുത്ത ദിനമായി മാറുന്നത്.
ആരായിരുന്നു സവർക്കർ
രത്നഗിരിക്കാരനായ വി.ഡി. സവർക്കർ ഇന്ത്യൻ ബ്രാഹ്മണ മിലിറ്റന്റ് ദേശീയതയുടെ പിതാവായ ബൽവന്ത് ഫട്കെയുടെ തുടർച്ചയാണ്. ഫൽകെ ചിത്പാവൻ ബ്രാഹ്മണ ദേശീയ രാഷ്ട്രത്തിന്റെയും ജനിക്കാത്ത ആ കുഞ്ഞിന്റെ പിതാവായിരുന്നു. സവർക്കർ പൊതു പ്രവർത്തകനായിട്ടല്ല കർമ്മരംഗത്ത് എത്തുന്നത്. 1897 ജൂണ്‍ 22 -ൽ ബ്രിട്ടീഷ് കമ്മീഷണറായിരുന്ന റാന്‍ഡിനെ വധിച്ച കേസിൽ സവർക്കറുടെ സമുദായമായ ചിത്പാവൻ ബ്രാഹ്ണ കുലത്തിെൽ ദാമോദര്‍ ഹരി ചഫേക്കറും ബാലകൃഷ്ണ ചഫേക്കറും തൂക്കിലേറ്റപ്പെട്ടു. സമുദായം ഇളകി. മഹാരഷ്ട്രയിൽ ഈ വിഷയം കാട്ടുതീ പോലെ പടർന്നു. ബ്രിട്ടീഷ് വിരുദ്ധ മുസ്ലിം ദളിത് മുന്നേറ്റങ്ങൾ നിഷ്പ്രഭമായി. അവിടെ നിന്നും മറാത്താ കേന്ദ്രീകൃത ചിത്പാവൻ ദേശീയ സംരക്ഷിക്കാനാണ് സവർക്കർ രംഗത്ത് വരുന്നത്. 1900-ൽ മിത്രമേള എന്ന ബ്രാഹ്മണ സംഘടന രൂപവത്കരിച്ചു. പിന്നിട് ഇത് അഭിനവ് ഭാരത് എന്നായി. ഇന്ന് അഭിനവ് ഭാരത് പുനരുജ്ജുവിക്കപ്പെട്ട പശ്ചാത്തലം ഇവിടെ വിവരിക്കുന്നില്ല. അഭിനരവ് ഭാരത് ഫാസിസ്റ്റ് ആശയത്തിെൻറ ആദ്യപഥികരിൽ ഒരാളായ ജോസഫ് മസ്സീനിയുടെ ‘യംഗ് ഇറ്റലി’ പകർപ്പാണെന്ന് സവർക്കർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘ ലണ്ടനിൽ ശ്യാംജി കൃഷ്ണവർമ്മയിലുടെ സ്പെൻസർ സ്കോളർഷിപ്പ് തിലകന്റെ സഹായത്തോടെ സവർക്കർക്ക് ലഭിച്ചു. സ്പെൻസറുടെ ആശയങ്ങൾക്കും ഫാസിസ്റ്റ് ബന്ധമുണ്ട്. അവിടെ ഫാസിസ്റ്റ് അനുകൂല തീവ്രാദി വിഭാഗത്തിന്റെ കേന്ദ്രമായ ഇന്ത്യാ ഹൗസിൽ സവർക്കർ താമസമാക്കി.
ലണ്ടനിൽ മസ്സീനിയുടെ രചനകളുടെ വിവർത്തനമായ 'മസ്സീനി ചരിത്രം' സമാഹരിച്ച് ഇന്ത്യയിലേക്ക് കടത്തി. സവർക്കറുടെ പ്രിയപ്പെട്ട താത്വിക നായകൻ ജോസഫ് മസ്സീനി(Giuseppe Matzini)യായിരുന്നു. മാസിയാനിസം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ചിന്തയും ഫാസിസ്റ്റ് ആശയഗതിയുടെ തുടക്കമായിരുന്നു. ജർമ്മനിയിൽ നിന്നും സ്പെൻസറുടെ സോഷ്യൽ ഡാർവിനിസവും ഇറ്റലിയിൽ നിന്ന് മാസിയാനിസവും അമിതാധികാര പ്രയോഗ ചിന്തയുടെ വഴിത്താരകളായി. മുസ്സോളിനിയുടെ തത്വചിന്താ ഉപദേഷ്ടാവ് ജിയോവനി ജൈൻറൽ തങ്ങളുടെ ഫാസിസ്റ്റ് ചിന്തകൾക്ക് ആശയം കണ്ടെടുത്തത് മാസിയാനിസത്തിൽ നിന്നാണ് എന്ന് പറഞ്ഞിരുന്നതായി എം.ഇ. മോസ് (2004) Mussolini's Fascist Philosopher: Giovanni Gentile Reconsidered എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ജർമ്മൻ ചിന്തകനായ ക്ലമെൻസ് വോൺ മെറ്റർ നിച്ച് മസ്സീനിയാണ് അക്കാലത്ത് ‘യൂറോപ്പിൽ ഏറ്റവും സ്വാധനീമുള്ള വിപ്ലകാരിയെന്ന് രേഖപ്പെടുത്തി. ഇൗ ചിന്തയാണ് സവർക്കറെ ‘സ്വാധീനിച്ചത് എന്ന് ആർ.എസ്.എസ് തന്നെ അവരുടെ കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച പുസ്തകത്തിലും തുറന്നു പറയുന്നുണ്ട്.
‘1906 ജൂലായിൽ ഇംഗ്ലണ്ടിൽ എത്തിയ സവർക്കർ മസീനിയെ കുറിച്ച് അവിടെ ലഭ്യമായിരുന്ന സകല സാഹിത്യങ്ങളും വായിച്ചു. മസ്സീനിയുടെ ജീവചരിത്രം എഴുതി തിലകന് അയച്ചു. പ്രതി വായിച്ച തിലകൻ ‘മസ്സീനിയുടെ ജീവ ചരിത്രം എത്രയോ ആവേശകരമാണ് എന്ന് പറഞ്ഞു. എന്നിരുന്നാലും അച്ചടിച്ചയുടനെ ബ്രിട്ടീഷുകാർ ഇത് നിരോധിച്ചേക്കുമോയെന്നാണ് ഭയം’ എന്ന് ‘വീരസവർക്കർ’(കുരുക്ഷേത്ര പ്രകാശൻ) എന്ന ലഘുപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആര്യൻ വംശീയതയിലൂന്നി ഫാസിസ്റ്റ് ചിന്തകളുടെ മാതൃക ഇന്ത്യയിൽ സൃഷ്ടിക്കാനുള്ള ത്വരക്ക് സവർക്കറുടെ ലണ്ടൻ ജീവിതം വേഗത വർധിപ്പിച്ചു. പലവിധ രാജ്യങ്ങളായി ചിതറികിടന്നിരുന്ന ഇറ്റലിയെ ഏകീകരിക്കാൻ ‘യംഗ് ഇറ്റലി’ എന്ന രഹസ്യ സംഘടനക്ക് മസീനി രൂപം നൽകിയിരുന്നു. അതിെൻറ അനുകരണമെന്നോണമാണ് സവർക്കർ അഭിനവ ഭാരതിന് പൂനയിലെ ഫർഗൂസൺ കോളജിൽ പഠിക്കുന്ന കാലത്ത് തന്നെ രൂപം നൽകിയത്. പിൽകാലത്ത് കുപ്രസിദ്ധ ഹിന്ദു തീവ്രവാദ സംഘടനയായിരുന്ന അഭിനവ് ഭാരതും സവർക്കർ ഇന്ത്യയിൽ ജീവിച്ചിരിക്കെ നടത്തിയ ബാല്യകാല സൃഷ്ടിയായിരുന്നുവെന്ന് അറിയണം.
ഇറ്റാലിയൻ സ്വാതന്ത്ര്യസമരമാണ് സവർക്കറുടെ മാതൃക, ഹിന്ദുത്വയായിരുന്നു ലക്ഷ്യം. അത് നിരവധി രാജ്യങ്ങളുടെ ഏകോപനമാണ് ഇതിലൂടെ സാർഥകമാക്കുന്നത്. സായുധ സമരമാണ് അതിനു സ്വീകരിച്ച മാർഗം. തീവ്രമായ പോരാട്ടം. രക്തരൂക്ഷിതമായ മാർഗം. ബോംബ് ഉൾപ്പടെയുള്ള ആയുധങ്ങൾ സ്വയം നിർമിക്കാൻ സാധിക്കുന്ന പാഠശാലയായിരുന്നു സവർക്കർ. ബാലഗംഗാധര തിലകന് അതിെൻറ മാർഗങ്ങൾ കത്തിലൂടെ ലണ്ടനിൽനിന്ന് അറിയിച്ചിരുന്നുവെന്ന് രേഖകളുണ്ട്. ഇന്ത്യയിൽ സായുധ വിപ്ലവം നടത്താൻ ജർമ്മനിയുടെ സഹായം തേടാൻ സവർക്കർ തയാറായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യക്കാരിൽ രഹസ്യഉപദേശങ്ങൾ(indoctrination)തേടാമെന്ന് സവർകർ മുന്നോട്ടുവെച്ചു. ഇത് ഇറ്റാലിയുടെ ആസ്ട്രിയൻ സൈന്യത്തിൽ നിന്നും ഇറ്റാലിയൻ പേരാളികൾ അവലംബിച്ച രീതിയായിരുന്നു.
ഇന്ത്യയിൽ അഭിനവ് ഭാരതിന് രൂപം നൽകിയതിനു പിന്നാലെ ലണ്ടനിൽ സവർക്കർ സമാനമായ ഇന്ത്യാ സൊസൈറ്റി രൂപവത്കരിച്ചു. 1906-ൽ അദ്ദേഹം അഭിനവ് ഭാരതിെൻറ ശാഖയും ലണ്ടനിൽ ആരംഭിച്ചു. (Yadav BD, M.P.T. Acharya, Reminiscences of an Indian Revolutionary, 1992). ഇൗ സംഘടനകൾ വഴി നിരവധി യുവാക്കൾ സവർക്കറിലേക്ക് ആകർഷികപ്പെട്ടു. വിപ്ലവകാരികളായ അവർ ലണ്ടനിൽ സവർക്കറുടെ ആശയങ്ങൾക്കും ലക്ഷ്യങ്ങൾക്കും മൂർഛ വർധിപ്പിച്ചു. സവർക്കറുടെ നാട്ടുകാരനും ചിത്പാവൻ ബ്രാഹ്മണനുമായ സേനാപതി ബാപട്ട് എന്നറിയപ്പെടുന്ന പാണ്ടുരംഗ മഹാദേവ് ബാപട്ട്, തമിഴ്നാട്ടിലെ തിരുച്ചിറപള്ളി ബ്രാഹ്ണനായ വി.വി.എസ് അയ്യർ, പഞ്ചാബ് കാരനായ മദൻലാൽ ധിൻഗ്ര(ഇദ്ദേഹമാണ് ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ വില്യംഹട്ട് കഴ്സൺ വില്ലിയെ ഇംഗ്ലണ്ടിൽ പഠിച്ചുകൊണ്ടിരിക്കെ വധിച്ചത്, വി.എൻ. ചാറ്റർജി എന്നിവരായിരുന്നു സംഘാംഗങ്ങൾ. സവർക്കർക്ക് ലണ്ടൻ ഹൗസിൽ ഇതര മതസ്ഥരെയോ താഴ്ന്ന ജാതിക്കാരെയോ പ്രവേശിച്ചില്ല. സവർക്കറൂടെ ‘ഫ്രീ ഇന്ത്യ സൊസൈറ്റി’യിൽ ചടങ്ങുകളിൽ ഹിന്ദുമത ആചാരങ്ങൾ കടന്നുകൂടി. അഭിനവ് ഭാരത് സൊസൈറ്റിയുടെ പുറംചട്ടയായിരുന്നു എഫ്.ഐ.എസ്. ബ്രാഹ്മണ ഹിന്ദുക്കൾക്ക് മാത്രമേ അംഗത്വം നൽകിയിരുന്നുള്ളൂ.
അഭിനവ് ഭാരത് സൊസൈറ്റിക്ക് നിഗൂഡ ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയിലേക്ക് ഫാസിസ്റ്റ് ആശയങ്ങൾ കടത്തി വിടുകയും ഇന്ത്യയിൽ നടക്കുന്ന ഇതര വിപ്ലവ പ്രവർത്തനങ്ങളേക്കാൾ മേൽക്കൈനേടുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. വിപ്ല സാഹിത്യ രചനങ്ങൾ കടത്തിയത് കപ്പൽ വഴിയാണ്. തെറ്റിദ്ധരിപ്പിക്കും വിധമുള്ള പാഴ്സലുകളായി, വ്യാജ മേൽവിലാസങ്ങളിൽ, പോസ്റ്റൽ വിഭാഗത്തിെൻറ സൂക്ഷ്മ പരിശോധന ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു ഉണ്ടായിരുന്നത് (On Secret Service East of Constantinople. പിസ്റ്റളുകൾ യഥേഷ്ടം കടത്തിയിരുന്നതായും കാണാം. ഒരുദേശീയ സ്വാതന്ത്രസമരത്തിനു വേണ്ടിയുള്ള വിപ്ലവ പ്രവർത്തനമാണ് സവർക്കർ നടത്തിയത് എന്ന വാദങ്ങൾ അദ്ദേഹത്തിെൻറ പ്രവർത്തന രീതികൾ കൊണ്ട് ചരിത്രം റദ്ദുചെയ്യുന്നുണ്ട്. 1909 ജൂലൈ ഒന്നിന് സവർക്കറുടെ സഹയാത്രികൻ മദൻലാൽ ധിൻഗ്ര ബ്രിട്ടീഷ് ഇന്ത്യ സ്റ്റേറ്റ് സെക്രട്ടറിയും ഇന്ത്യാഹൗസ് മേധാവിയുമായ വില്യം എച്ച്. കർസൺ വില്ലിയെ വധിച്ചു. ധിൻഗ്രയെ തൂക്കിലേറ്റി. കൊലപാതകത്തിൽ സവർക്കറുടെ പങ്ക് വ്യക്തമായി. 1910 മാർച്ചിൽ സവർക്കറെ അറസ്റ്റ് ചെയ്തു. പിന്നീട് ഇന്ത്യയിലേക്ക് അയച്ചു.
നാസിക് കലക്ടറായിരുന്ന ജാക്സനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുൾപ്പടെ ചേർത്ത് അമ്പതുകൊല്ലത്തെ തടവിനുവിധിച്ചു. 1911 ജൂലായ് 4 നു സവർക്കറെ ആൻഡമാൻ നിക്കോബാർ തടവറയിലേക്ക് അയച്ചു. 1921 വരെ 10 വർഷം സവർക്കർ ആൻഡമാനിലെ തടവറയിലും പിന്നീട് മൂന്നു വർഷം രത്‌നഗിരിയിലെ ജയിലിലും. അങ്ങനെ 13 വർഷക്കാലം തടവുശിക്ഷ അനുഭവിച്ചു. ജയിൽ ശിക്ഷയിൽ നിന്നും ഇളവ് ലഭിക്കാനായി സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിന് നിരവധി ദയാഹർജികൾ നൽകി. 1911 ഏപ്രിൽ നാലിന് അദ്ദേഹത്തിെൻറ ആദ്യ അപേക്ഷ നിരസിച്ചു. 1913-ൽ വീണ്ടും ദയാഹർജി നൽകി. ഏതു വിധത്തിലും ബ്രിട്ടീഷ് സാമ്രാജ്യത്തെ സേവിക്കാൻ തയ്യാറാണെന്ന് മാത്രമല്ല. തെൻറ കൂടെയുള്ളവരെ ബ്രിട്ടീഷ് അനുകൂലികളാക്കാമെന്നും മാപ്പപേക്ഷയിലുണ്ട്. കത്തിെൻറ മുകളിൽ മാപ്പപേക്ഷയെന്ന്കാണാനില്ലാത്തിെൻറ ആവേശത്തിലാണ് ഇപ്പോൾ സംഘികൾ തെളിവുചോദിക്കുന്നത്.
1917-ൽ മൂന്നാമത്തെ ദയാഹർജിയും തള്ളി. 1920-ൽ അദ്ദേഹം നാലാമത്തെ ദയാഹർജി നൽകി. താൻ തെറ്റായ പാതയിലൂടെയാണ് ഇത്രയും കാലം സഞ്ചരിച്ചത്. തന്റെ പാത സ്വീകരിച്ച ചെറുപ്പക്കാർ വഴിതെറ്റി. അവരെയൊക്കെ ശരിയായി നടത്താനും ഇനിയുള്ള കാലം ഞങ്ങൾ ബ്രിട്ടീഷുകാർ ആഗ്രഹിക്കും പോലെ ബ്രിട്ടീഷ് സർക്കാരിന് അനുകൂലമായ പ്രചരണം നടത്തി ജീവിച്ചുകൊള്ളാമെന്നും സവർക്കർ എഴുതികൊണ്ട് തന്റെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾ റദ്ദാക്കി. ഹിന്ദുത്വ പ്രവർത്തനങ്ങളുമായി കഴിഞ്ഞുകൂടി.
1921ൽ സവർക്കറെ ഇന്ത്യൻ ജയിലിലേക്ക് മാറ്റുേമ്പാഴേക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ പൂർണ നിയന്ത്രണം ഗാന്ധി ഏറ്റെടുത്തിരുന്നു. പ്രത്യേകിച്ച് സവർക്കർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന തിലകെൻറ മരണത്തെ തുടർന്നുകൂടിയായിരുന്നു. തിലകനും സവർക്കറുമില്ലാത്ത കാലയളവിൽ ഗാന്ധിക്ക് പുതിയ പരീക്ഷണത്തിന് ചേർന്ന സമയം കൂടിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിെൻറ മൂന്നാം തലമുറ ഗാന്ധിയിൽ തർക്കങ്ങളില്ലാതെ നിക്ഷേപിക്കപ്പെട്ടു. 1920ൽ തിലകെൻറ മരണവും സവർക്കറുടെ ജയിൽ വാസവും ഗാന്ധിയുടെ ആരോഹണവും ഇന്ത്യൻ സ്വാതന്ത്രസമരത്തിെൻറയും ഹിന്ദുത്വ ആശയത്തിെൻറ ഭാവിയുടെയും ഗതിമാറ്റത്തിൽ നിർണായക ഘടകങ്ങളായി. ജയിലിൽ കഴിയുന്ന സർവകർ ഇത് ഭീതിയോടെയാണ് ദർശിച്ചത്. തെൻറ പ്രതീക്ഷകൾക്ക് ഇടിവ് സംഭവിക്കുന്ന കാഴ്ച്ച. ഹിന്ദുവിഭാഗത്തിെൻറ പൂർണ നിയന്ത്രണത്തിലായിരുന്ന ഇന്ത്യൻ സ്വാതന്ത്ര പ്രസ്ഥാനത്തിെൻറ ഗതിമാറ്റുകയാണ് ഗാന്ധി ചെയ്തത്.
1924ൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ സവർക്കർ സ്വാതന്ത്ര്യ സമരം ഉപേക്ഷിച്ച് വീട്ടുതടങ്കലിൽ നിന്നുകൊണ്ട് സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. 1927 മാർച്ചിൽ ഗാന്ധി രത്നഗിരിയിലെ സവർക്കറുടെ വീട്ടിൽ എത്തി. ഹിന്ദുമത നവീകരണ പ്രവർത്തനങ്ങളിൽ ഏർപെട്ട സവർക്കറുടെ പ്രവർത്തനങ്ങളെ കുറിച്ചായിരുന്നു ചർച്ച. സവർക്കറെ ദേശീയ ധാരയോട് േ]ർക്കാൻ ഗാന്ധി രത്നഗിരിയിലെവീട്ടിൽചെന്നു. ബ്രിട്ടീഷുകാരുമായിചേർന്ന് കൊടുത്ത വാക്ക് പാലിക്കാൻ സവർക്കർ അവരുടെ അടിമയായി മാറിയിരുന്നു.
അന്തമാനിൽ മാപ്പപേക്ഷ സമർപിച്ച് 1923ൽ രത്നഗിരിയിലേക്ക് -വീട്ടുതടങ്കലിലേക്ക് മാറ്റി. ഹിന്ദുത്വ പ്രസിദ്ധീകരിച്ചു. 1937ൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുമതി ലഭിച്ചു. ഇന്ത്യ ഹിന്ദുരാഷ്ട്രമാണ് എന്ന് പ്രഖ്യാപിച്ചു. മുസ്ലിംലീഗ് പാകിസ്ഥാനു വേണ്ടി വാദിച്ചു. 1938ൽ ആഗസ്റ്റ് ഒന്നിന് പൂനെയിലെ 20000വരുന്ന ജനങ്ങൾക്കു മുന്നിൽ അദ്ദേഹം അത് തുറന്നു പറഞ്ഞു. ‘താൻ ജർമ്മനിയിലെ നാസിസത്തിനും ഇറ്റലിയിലെ ഫാസിസത്തിനും ഒപ്പമാണെന്ന്’. ജർമ്മനിയെയും ഇറ്റലിയെയും ഇകഴ്ത്തുന്ന ജവഹർലാൽ നെഹ്റുവിെൻറ നിലപാടുകളെ അന്ന് തന്നെ സവർക്കർ വിമർശിച്ചു. കോടികണക്കിന് ഹിന്ദുക്കൾ ഇന്ത്യയിൽ അവർക്കാപ്പം ഉണ്ടെന്നു പറഞ്ഞ സവർക്കർ ചെക്കോസ്ലാവാക്യയിലെ ജർമ്മൻ അധിനിവേശത്തെയും അനുകൂലിച്ചു(മാർസിയ കാസൊളാരി -ഹിന്ദുത്വത്തിെൻറ വിദേശ ബന്ധങ്ങൾ 1930കളിൽ). ക്വിറ്റിന്ത്യ സമരകാലത്ത് ബ്രിടീഷുകാർക്കൊപ്പം നിൽക്കണമെന്ന് ആഹ്വാനം ചെയ്തു. മുസ്ലിഗുമായി ചേർന്നു പ്രവിശ്യാഭരണത്തിൽ പങ്കുകൊണ്ട്. ഇതാണ് സ്വാതന്ത്ര്യമെന്ന് ബംഗാൾ ഉപമുഖ്യമന്ത്രി ശയാമ പ്രസാദ് മുഖർജി ഗവർണർക്ക് കത്തയച്ചു. ഇനി പറയു. ഇന്ത്യക്കു വേണ്ടി സവർക്കർ നടത്തിയ സമരം എവിടെ?
ദേശീയതയുടെ രണ്ട് ആശയങ്ങൾ ശക്തമായി ഏറ്റുമുട്ടികൊണ്ടിരിക്കുന്ന വേളയാണ് ഇത്. ഗാന്ധിയുടെ ദേശീയതയുടെ മാതൃകയാണ് ഒന്ന്. 1909-ൽ അദ്ദേഹം എഴുതിയ ഹിന്ദ് സ്വരാജ് അല്ലെങ്കിൽ ഇന്ത്യൻ ഹോം റൂൾ എന്ന പുസ്തകത്തിലൂടെയാണ് അത് പുറത്തുവരുന്നത്. രണ്ട് സവർക്കറുടെ ഹിന്ദുത്വ. ‘ഹു ഈസ് എ ഹിന്ദു എന്ന പുസ്തകം. പ്രസിദ്ധീകരിച്ചത് 1923 ലാണ് എങ്കിലും ഹിന്ദ് സ്വരാജ് എന്ന ആശയത്തിന് ബദലായി തന്നെ യൂറോപ്യൻ ആശയങ്ങൾ ഉപയോഗിച്ചാണ് സവർക്കർ ആപുസ്തകം എഴുതിയത്. 1906 മുതൽ 1910 വരെ സവർക്കർ ഇംഗ്ലണ്ടിൽ താമസിച്ച സമയത്താണ് ഇത് രൂപപ്പെടുത്തിയത്. രണ്ടിെൻറയും പിറവി ഒരേകാലത്താണ്. ഗാന്ധി തെൻറ ഇന്ത്യൻനസ് എന്താണ് എന്ന് എഴുതിയ അതേ സമയത്തു തന്നെ അതിന് ബദൽസൃഷ്ടിക്കുകയായിരുന്നു സവർക്കർ. യൂറോപ്യൻ ഫാസിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായികൊണ്ടിരിക്കുന്ന സമയത്താണ് സവർക്കർ ‘ആരാണ് ഹിന്ദു?’ എന്ന പുസ്തകം പുറത്തിറക്കി മറുപടി നൽകുന്നത്. ‘ഒന്നാം സ്വാതന്ത്ര്യസമരം’ എന്ന ഗ്രന്ഥത്തിൽ സവര്‍ക്കര്‍ ഹിന്ദു മുസ്ലീം - ബ്രാഹ്മണ ശൂദ്ര വ്യത്യാസങ്ങള്‍ മറന്ന് ഇന്ത്യന്‍ ജനത ഒന്നിച്ച് സമരത്തിനിറങ്ങുന്നതിനേക്കുറിച്ച് വാചാലനാകുന്നുണ്ട്. പിന്നിട് തികഞ്ഞ വംശീയവാദിയായി പരിണമിക്കുന്ന സവർക്കറെ കാണാം. അത് ഗാന്ധിയുടെ അരങ്ങേറ്റത്തിനുശേഷമാണെന്നും നിരീക്ഷിച്ചാൽ മനസിലാകും.
2019 ജൂൺ 22ന് വിക്രം സമ്പത്ത് ദി വീക്കിൽ ഒരു നിരീക്ഷണം നടത്തിയിരുന്നു. സവർക്കറെ കുറിച്ച് എഴുതിയ സമ്പത്ത്, സവർക്കറെ ഗാന്ധിജിക്കും മുകളിൽ പ്രതിഷ്ഠിക്കുന്നതിന് ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നുകൂടി കൂട്ടിവായിക്കണം. 1906 ഒക്ടോബർ, രണ്ട് വ്യക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലിനു സാക്ഷിയായി എന്നു തുടങ്ങുന്നതാണ് ലേഖനം. അത് ഗാന്ധിയും വിഡി സവർക്കറും തമ്മിലായിരുന്നു. ലണ്ടനിലെ ഇന്ത്യാ ഹൗസിൽ ഗാന്ധിയും വി.ഡി സവർക്കറും കണ്ടുമുട്ടിയപ്പോൾ മുതലായിരുന്നു അത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ വിദേശ വക്താവ് എന്ന് അറിയപ്പെട്ടിരുന്ന ശ്യാംജി കൃഷ്ണവർമ്മയുടെ നേതൃത്വത്തിൽ ലണ്ടനിൽ പഠിക്കുന്ന ഇന്ത്യൻ കുട്ടികൾക്ക് ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന ഇന്ത്യാഹൗസിലായിരുന്നു ചരിത്രത്തിൽ ഏറ്റവും സുപ്രധാനമായ ഗാന്ധി-സവർക്കർ കൂടികാഴ്ച്ച ഒരുക്കിയത്. ‘ആ കണ്ടുമുട്ടൽ പരിഹരിക്കാനവാത്ത വിധം(irrevocably) ഇന്ത്യൻ രാഷ്ട്രീയത്തെ വിഭജിച്ചു. ഇൗ സമയം ഇന്ത്യാഹൗസ് സവർക്കറുടെ നേതൃത്വത്തിൽ ബ്രട്ടീഷ് വിരുദ്ധ രാഷ്ട്രീയത്തിെൻറയും വിപ്ലവത്തിെൻറയും ഹോട്ട്ബെഡ് ആയി പരിവർത്തനം ചെയ്തിരിക്കുകയായിരുന്നുവെന്ന് ഇൗ ലേഖനത്തിെൻറ ആരംഭത്തിൽ കുറിച്ചത് ഇൗ പുസ്തകം മുന്നോട്ടുവെക്കുന്ന ആശയത്തിന് ലഭിച്ച മികച്ച ഉദ്ധരണിയും അടിവരയുമാണ്.
ഗാന്ധിവധത്തിൽ പ്രതിയായ ശങ്കർ കിസ്തയ്യയുടെ മൊഴിയിൽ, ഗാന്ധിയെ കൊല്ലുന്നതിനുമുമ്പ് പതിനേഴ് ഒക്ടോബർ 1947 നു ഗോഡ്സേ സവർക്കറെ സന്ദർശിച്ചിരുന്നു എന്ന് പറഞ്ഞു. കേസിൽ പിന്നീട് മാപ്പുസാക്ഷിയായ ദിഗംബർ ബാഡ്ജെ കോടതിയിൽ കൊടുത്ത കുറ്റസമ്മതമൊഴിയിലും ഇത് പറയുന്നു. ഗോഡ്സേയും, ആപ്തേയും സവർക്കറുടെ വീടിനകത്തേക്കു കയറിയപ്പോൾ, ബാദ്ഗേയും ശങ്കറും പുറത്തു കാത്തുനിക്കുകയായിരുന്നു. വിജയിയായി തിരിച്ചുവരുവാൻ ആശംസിച്ചാണ് സവർക്കർ ഗോഡ്സേയെ യാത്രയയച്ചത് എന്ന് ആപ്തേ പിന്നീട് ബാഡ്ജെയോട് പറഞ്ഞതായും കുറ്റസമ്മതമൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. സവർക്കർ പറഞ്ഞത് ബാഡ്ജെ കേട്ടിരുന്നുവോ എന്ന സംശയത്തിൽ മാത്രമാണ് വിട്ടയക്കപ്പെട്ടത്. സവർക്കർ പ്രതിയാക്കപ്പെടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും അന്ന് മന്ത്രിമാരായ പട്ടേലും ശ്യാമപ്രസാദ് മുഖർജിയും നടത്തിയിരുന്നു. എന്നാൽ നെഹ്റു കൂട്ടുനിന്നില്ല. ശിക്ഷിക്കാതിരിക്കാനുള്ള പഴുതുകൾ അദ്ദേഹത്തിനു മുന്നിൽ തുറന്നിട്ടുകൊടുത്തു.
1966 ഫെബ്രുവരി മാസത്തിൽ സവർക്കർ ജീവനൊടുക്കാൻ തയ്യാറായിരിക്കെ 'ഇത് ആത്മഹത്യയല്ല,ആത്മാർപ്പണമാണ്' എന്ന് വിശദീകരിച്ച സവർക്കർ അതേകുറിച്ച് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘‘ആത്മഹത്യ നഹി ആത്മാർപ്പൺ’’ എന്നായിരുന്നു. ‘ഒരുവന്റെ ജീവിത ദൗത്യം അവസാനിക്കുകയും സമൂഹത്തെ സേവിക്കാനുള്ള കഴിവ് ഇല്ലാതാവുകയും ചെയ്താൽ ജീവിതം അവസാനിപ്പിക്കുന്നതാണ് മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിലും നല്ലത്’ എന്ന് അദ്ദേഹം എഴുതി. ഫാസിസ്റ്റുകളുടെ സ്വാഭാവിക അന്ത്യം തന്നെയാണ് സവർക്കർക്കും ഉണ്ടായത്. ശത്രുപക്ഷം പിടിക്കുമെന്നായപ്പോഴല്ല. ലക്ഷ്യം കൈവിട്ടുപോയപ്പോഴാണ് എന്ന് മാത്രം.
1966 ഫെബ്രുവരി 26-ന് 83-ാം വയസ്സിൽ അദ്ദേഹം മരിച്ചു. 1926 ൽ സവർക്കറുടെ ആത്മകഥ പുറത്തു ‘ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ’ എന്നായിരുന്നു ചിത്രഗുപ്തൻ എന്നൊരാളാണ് എഴുതിയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത് വ്യാജമാണ്. ആത്മകഥയെഴുതിയതും സവർക്കർ തന്നെയായിരുന്നു. സവർക്കർ ഇന്ത്യയുടെ രാഷ്ട്രപിതാവായേക്കാം, പക്ഷെ അത് ഒരു മരിച്ച ഇന്ത്യയുടെതാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.