തിരുവനന്തപുരം സ്റ്റാച്യൂ ചിറക്കുളം റോഡിലെ കെ.എസ്.എഫ്.ഇ സ്റ്റാഫ് സഹകരണ സംഘത്തിൽ മാനേജറുടെ ചുമതലയുണ്ടായിരുന്ന ക്ലർക്ക് കിളിമാനൂർ സ്വദേശി രവിശങ്കർ വെട്ടിച്ചത് 12.16 കോടി രൂപ.
ക്രൈംബ്രാഞ്ച് രവിശങ്കറിൽനിന്ന് പിടിച്ചെടുത്തത് 189 പവൻ സ്വർണം. കിളിമാനൂർ -മടവൂർ റൂട്ടിൽ രണ്ടര ഏക്കർ ഭൂമിയിൽ ഇദ്ദേഹം കെട്ടിപ്പൊക്കിയത് ഓഡിറ്റോറിയവും ഷോപ്പിങ് കോംപ്ലക്സും. പലതും ഭാര്യയുടെയും മാതാവിന്റെയും പേരിൽ. രണ്ടരയേക്കർ ഭൂമിയും അതിലെ കെട്ടിടങ്ങളും വ്യവസ്ഥകളോടെ കണ്ടുകെട്ടി. സഹകരണ സംഘത്തിൽനിന്ന് തട്ടിയെടുത്ത പണം കെ.എസ്.എഫ്.ഇയുടെ 33 ശാഖകളിലായി രവിശങ്കർ ചിട്ടി നിക്ഷേപവുമാക്കി. രവിശങ്കറിന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ ഉൾപ്പെടെ 2,77,21,447 രൂപയുടെ ചിട്ടിനിക്ഷേപമുണ്ടെന്നും കണ്ടെത്തി.
പരിഭാന്ത്രരായ നിക്ഷേപകർ പണം തിരികെ ലഭിക്കാൻ സംഘത്തെ സമീപിച്ചെങ്കിലും അക്കൗണ്ടിൽ ഉണ്ടായിരുന്നത് ഒരു കോടിയിൽ താഴെ. കെ.എസ്.എഫ്.ഇയിൽനിന്ന് വിരമിച്ച പൊന്നച്ചൻ സംഘത്തിൽ നിക്ഷേപിച്ചത് 27 ലക്ഷത്തോളം രൂപ. മകളുടെ വിവാഹത്തിന് ഉൾപ്പെടെ കരുതിയ തുകയായിരുന്നു ഇത്. 2000ത്തിൽ തുടങ്ങി 2012ൽ കണ്ടെത്തിയ തട്ടിപ്പിൽ ഇപ്പോഴും ഭാഗികമായി മാത്രമേ നിക്ഷേപകർക്ക് പണം തിരികെ നൽകിയിട്ടുള്ളു. ഇതുവരെ നൽകിയത് 17 കോടി. 14 കോടി തിരിച്ചുകൊടുക്കാൻ കിടക്കുന്നു. മൊത്തം ബാധ്യത 30,33,36,553 രൂപയെന്നാണ് കണക്കാക്കിയത്. രണ്ട് ടേമിലെ പ്രസിഡൻറുമാരും സെക്രട്ടറിമാരും രവിശങ്കറുമാണ് കുറ്റക്കാരെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
തൃശൂരിലെ കരുവന്നൂരാണ് തിരുവനന്തപുരത്തെ കണ്ടല. കരുവന്നൂർ ബാങ്കിലെ തട്ടിപ്പിന് തണലായത് സി.പി.എം ആണെങ്കിൽ കണ്ടലയിൽ അത് സി.പി.ഐയാണെന്ന വ്യത്യാസം മാത്രം. കണ്ടല ബാങ്കിൽനിന്ന് ആവിയായത് 60 കോടിയിലേറെ രൂപ. കാൽ നൂറ്റാണ്ടോളം പ്രസിഡന്‍റായ സി.പി.ഐ നേതാവ് ഭാര്യക്കും മകനും ഉൾപ്പെടെയുള്ളവർക്ക് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി വായ്പ നൽകി. കുടുംബക്കാർക്കൊപ്പം പാർട്ടി ബന്ധുക്കൾക്കും പ്രസിഡന്‍റിന്‍റെ 'സഹകരണ വായ്പ' ലഭിച്ചിട്ടുണ്ട്.
അനധികൃത നിയമനങ്ങൾ, നിക്ഷേപത്തുക വകമാറ്റി ചെലവഴിക്കൽ, മുൻകൂർ അനുമതിയില്ലാതെ അനധികൃത നിർമാണം, വായ്പ അനുവദിക്കുന്നതിലെ ക്രമക്കേട്, അമിത പലിശ നൽകി ഭീമമായ നഷ്ടം വരുത്തൽ തുടങ്ങിയ തട്ടിപ്പുകളാണ് കോടികൾ പുകയാക്കിയത്.
തിരുവനന്തപുരത്ത് ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് സഹകരണ സംഘത്തിന്‍റെ മറവിൽ നടന്നത് നാലരക്കോടിയിലേറെ രൂപയുടെ തട്ടിപ്പാണ്.
സംഘം ഓണററി സെക്രട്ടറി ലേഖ പി. നായരും ഭർത്താവ് കൃഷ്ണകുമാറും ആറ് ഭരണസമിതി അംഗങ്ങളുമാണ് തട്ടിപ്പിന്‍റെ സൂത്രധാരന്മാർ. തകരപ്പറമ്പിലെ കൊച്ചാർ റോഡിൽ 2013 മുതൽ പ്രവർത്തിക്കുന്ന സംഘത്തിന്‍റെ മറവിൽ സെക്രട്ടറിയും ഭർത്താവും ചേർന്ന് 1,05,21,297 രൂപയും ഭരണസമിതി അംഗങ്ങളായ മുരുകൻ, പി. പ്രീതി, അജിത്ത് സലീം, ജി. ശ്രീകുമാർ, എൽ. ശ്രീപതി, ഉണ്ണികൃഷ്ണൻ നായർ എന്നിവർ ചേർന്ന് 3,57,11,832 രൂപയും തട്ടിയെടുത്തെന്നാണ് സഹകരണ അസി. രജിസ്ട്രാർ സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
വിമുക്തഭടനായ കാട്ടാക്കട മൊളിയൂര്‍ റോഡില്‍ അഞ്ജലി ഭവനില്‍ ചന്ദ്രൻ 2000 ഫെബ്രുവരിയിൽ ഭാര്യ സുകേശിനിയുടെ പേരിൽ 1,70,000 രൂപ തിരുവനന്തപുരം മാറനല്ലൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ 10 വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം നടത്തി. തുടർന്ന് അദ്ദേഹം ഭാര്യയുമായി സംസ്ഥാനത്തിനുപുറത്ത് ജോലി സ്ഥലത്തേക്കുപോയി. 2011ല്‍ നാട്ടിലെത്തിയ അദ്ദേഹം പണം പിൻവലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. ഭാര്യ പണം പിന്‍വലിച്ചെന്നാണ് രേഖകളിൽ. ഭാര്യ പണം പിന്‍വലിച്ചുവെന്നുപറയുന്ന ദിവസങ്ങളിലെല്ലാം ചന്ദ്രനൊപ്പം അവരും ഉണ്ടായിരുന്നുവെന്ന് രേഖകള്‍ സഹിതം മുഖ്യമന്ത്രിവരെ ഉന്നതർക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ ആ പണം തിരികെ കിട്ടിയിട്ടില്ല.
തലസ്ഥാനത്ത് ആകെയുള്ള 117 പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ/ ബാങ്കുകളിൽ 72 എണ്ണവും നഷ്ടത്തിലാണ്. കഴിഞ്ഞ ആറുവർഷത്തിനിടെ 49 സംഘങ്ങളിൽ വായ്പാതട്ടിപ്പ് ഉൾപ്പെടെ കോടികളുടെ ക്രമക്കേടുകളും നടന്നു. ഭരണകക്ഷിയുടെ ഉൾപ്പെടെ മുൻനിര പാർട്ടികളുടെ 'സാറ്റലൈറ്റ്' സംഘങ്ങളായി പ്രവർത്തിക്കുന്നവയാണ് തട്ടിപ്പ് കൊടികുത്തിവാഴുന്ന സംഘങ്ങളിൽ മിക്കതും.
കൊല്ലം ജില്ലയിലെ പോരുവഴി സർവിസ് സഹകരണബാങ്ക് 150ഓളം ഇടപാടുകാർക്കായി മൂന്ന് കോടിയോളം രൂപയാണ് നൽകാനുണ്ടായിരുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് 11 ജീവനക്കാരെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. ഒരാൾ മരണപ്പെട്ടു. പ്രതിയായ ജീവനക്കാർക്ക് ജയിൽവാസവും ലഭിച്ചു. തട്ടിപ്പ് നടക്കുന്ന സമയത്ത് യു.ഡി.എഫ് ആയിരുന്നു ഭരണം. ഇപ്പോൾ എൽ.ഡി.എഫ് പിടിച്ചു.
വായ്പ എടുക്കാത്തവർക്കുപോലും തിരിച്ചടക്കാൻ നോട്ടീസ് കിട്ടിയതോടെയാണ് കുന്നത്തൂർ താലൂക്ക് റെസിഡൻറ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ വിശ്വാസ്യത തകർന്നത്.
കോൺഗ്രസ് നേതാവ് കൂടിയായ ബാങ്ക് പ്രസിഡന്‍റ് വിശാലാക്ഷി സ്വകാര്യ ആവശ്യങ്ങൾക്ക് പണം തിരിമറി നടത്തിയെന്നായിരുന്നു കണ്ടെത്തൽ. ഇവർ അറസ്റ്റിലായി, പിന്നീട് ജാമ്യത്തിലിറങ്ങി. ഇപ്പോൾ ബാങ്കിന്‍റെ പ്രവർത്തനം നിലച്ചു. പണം ലഭിക്കാൻ ഇനിയും ഏറെപ്പേരുണ്ട്.
സി.പി.ഐയുടെ നേതൃത്വത്തിലുള്ള നെടുവത്തൂർ സഹകരണ ബാങ്കിൽ, മരിച്ചുപോയ ജീവനക്കാരൻ സന്തോഷിന്‍റെ പേരിൽ ഒരു കോടിയിലധികമാണ് ബിനാമി വായ്പയായി എടുത്തത്. ജാമ്യം വാങ്ങാതെ ജീവനക്കാരുടെ ബന്ധുക്കൾക്ക് ചിട്ടി നൽകിയും തട്ടിപ്പ് നടന്നു. സി.പി.ഐ നേതാവ് ഷീബാകുമാരി അവണൂർ ബ്രാഞ്ചിൽ മാനേജറായിരിക്കുമ്പോൾ 28 പേർക്ക് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് കൊടുത്ത് നിക്ഷേപത്തിൽ തിരിമറി നടത്തിയെന്നും പറയുന്നു. ബാങ്കിന്‍റെ കല്ലേലി ബ്രാഞ്ചിൽ 15 ലക്ഷത്തിന്‍റെയും ഏഴുലക്ഷത്തിന്‍റെയും നിക്ഷേപങ്ങൾ അപഹരിച്ചു. ഇപ്പോഴത്തെ ബാങ്ക് പ്രസിഡന്‍റ് സുരേഷ് കുമാർ ഭാര്യയുടെ ഒപ്പിടാത്ത സാലറി സർട്ടിഫിക്കറ്റുവെച്ച് 10 ലക്ഷം രൂപയുടെ ചിട്ടിപിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അജയകുമാർ എന്നയാൾക്ക് 10 ലക്ഷം രൂപയുടെ ചിട്ടികൊടുത്തത് വ്യാജ സാലറി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്.
കൊട്ടാരക്കര മൈലം താമരക്കുടി സഹകരണ ബാങ്കിൽ 10 വർഷം മുമ്പ് 12 കോടി രൂപയുടെ തട്ടിപ്പ് നടന്നിരുന്നു. ബാങ്കിൽ നിക്ഷേപിച്ചവർക്കാർക്കും ഇതുവരെ പണം തിരികെ കിട്ടിയില്ല. ഭർത്താവിന്‍റെ കാൻസർ ചികിത്സക്കുള്ള പണത്തിനുവേണ്ടി സരോജിനി താമരക്കുടി ബാങ്കിൽ കയറിയിറങ്ങാത്ത ദിവസങ്ങളില്ല. 34 വർഷത്തെ അധ്യാപന ജീവിതത്തിൽനിന്ന് സ്വരുക്കൂട്ടിയതെല്ലാം ബാങ്കിലാണ്.
മൂവായിരത്തോളം പേരാണ് ഇവിടെ പറ്റിക്കപ്പെട്ടത്. ഏറെയും കശുവണ്ടി തൊഴിലാളികളും കർഷകരും വിരമിച്ച ജീവനക്കാരും. 10,000 മുതൽ 40 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. തട്ടിപ്പ് നടത്തിയ ബാങ്ക് സെക്രട്ടറിയെയും പ്രസിഡൻറിനെയും അറസ്റ്റ് ചെയ്തതല്ലാതെ മറ്റു നടപടികളൊന്നുമുണ്ടായില്ല. ഇവർ ജാമ്യത്തിലിറങ്ങി വിലസുകയാണ്.
മുക്കുപണ്ടമാണെങ്കിലേ ഇവിടെ പണയമെടുക്കൂ എന്നുതോന്നും തിരുവനന്തപുരം അയിരൂപ്പാറ ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കിനുകീഴിൽ നടന്ന തട്ടിപ്പ് കേട്ടാൽ. ബാങ്കിന്‍റെ പോത്തൻകോട്, ചെങ്കോട്ടുകോണം ശാഖകളിൽ മുക്കുപണ്ടം പണയപ്പെടുത്തി കോടികൾ തട്ടുന്നതിന് കൂട്ടുനിന്നത് ജീവനക്കാർ തന്നെ.
പോത്തൻകോട് സ്വദേശി റീന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ മുക്കുപണ്ടംവെച്ച് തട്ടിയെടുത്തത് അഞ്ചുകോടിയോളം രൂപ. ഒരു വ്യക്തിക്ക് പണയം വെക്കാവുന്ന പരിധി 40 ലക്ഷം ആയിരിക്കെയാണ് ഒരു തിരിച്ചറിയൽ രേഖ ഉപയോഗിച്ച് റീന, സുഹൃത്തുക്കളുടെ പേരിൽ 60 തവണയായി 15 കിലോ മുക്കുപണ്ടം പണയംവെച്ചത്.
കേസിൽ റീഫ, സാജിദ്, ഷീജ ഷുക്കൂർ, ഷീബ എന്നിവരും പ്രതിചേർക്കപ്പെട്ടു. ചെങ്കോട്ടുകോണം ബ്രാഞ്ച് മാനേജറായിരുന്ന ശശികലയും ക്ലർക്കായ കുശലകുമാരിയുമാണ് തട്ടിപ്പ് സംഘത്തിന് സഹായം ചെയ്തത്. തട്ടിപ്പ് പുറത്തുവന്നതിനുപിന്നാലെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ആർബിട്രേറ്റർ പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്തി ലേലത്തിൽവെച്ചു. ഒന്നാം പ്രതി റീനയുടെ സ്ഥാവര സ്വത്തുക്കൾ ലേലംചെയ്ത് 2.2 കോടി രൂപയും ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.