അധ്യയന ദിനം വർധിപ്പിക്കണമെന്ന ആവശ്യവുമായി ഒരു സ്കൂൾ മാനേജർ കോടതിയെ സമീപിക്കുന്നു, കോടതി അനുകൂലമായി വിധിക്കുന്നു, കോടതിവിധി നടപ്പാക്കാനായി സർക്കാർ കൂടിയാലോചനകളൊന്നുമില്ലാതെ അധ്യയന ദിനം വർധിപ്പിക്കുന്നു, അധ്യാപകർ ക്ലസ്റ്റർ ബഹിഷ്കരണം പോലുള്ള സമര പരിപാടികൾ നടത്തുന്നു. ഇത് രക്ഷിതാക്കളിലും പൊതുസമൂഹത്തിലും വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്. അധ്യാപകർ അധിക പ്രവൃത്തിദിനത്തെ എതിർക്കുന്നത് അവരുടെ ആത്മാർഥതയില്ലായ്മയായിപ്പോലും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ആറാം പ്രവൃത്തി ദിനത്തിന്റെ കാര്യത്തിൽ ഒരു വിശകലനം ആവശ്യമാണ്.
ഒരു കുട്ടിയുടെ സർവതോമുഖമായ വളർച്ചയാണ് വിദ്യാഭ്യാസ പ്രക്രിയയിലൂടെ ലക്ഷ്യമിടുന്നത്. ഈ വളർച്ച ക്ലാസ് റൂമിൽ നിന്നുമാത്രം ലഭിക്കുന്നതല്ല. കുട്ടികളുടെ വൈകാരികവും സാമൂഹികവും ശാരീരികവുമായ വികാസവും മൂല്യ ബോധവുമെല്ലാം വിദ്യാലയത്തിൽ നിന്നു മാത്രമല്ല, അവർ വളരുന്ന ചുറ്റുപാടിൽനിന്നും കൂട്ടുകാരിൽ നിന്നും, വീടിന്റെ അകത്തു നിന്നുമെല്ലാം സ്വാഭാവികമായി ആർജിച്ചെടുക്കുന്നവയാണ്. തുടർച്ചയായി ആറുദിവസം ക്ലാസ് റൂമുകളിൽ തളച്ചിടപ്പെടുമ്പോൾ പ്രകൃത്യാ നേടേണ്ട അറിവുകൾക്കും ശേഷികൾക്കുമുള്ള അവസരം കുട്ടികൾക്ക് നഷ്ടപ്പെടുന്നു.
വിദ്യാർഥികളെ സംബന്ധിച്ച് പഠനം പോലെ പരമപ്രധാനമാണ് വിശ്രമ വേളകളും, ഒഴിവു ദിനങ്ങളും. ചെറിയ ചെറിയ ബ്രേക്കുകൾ നൽകിയാൽ മാത്രമേ അവർ നേടുന്ന അറിവ് മനസ്സിൽ സൂക്ഷിക്കാൻ കഴിയുകയുള്ളൂ. ഇടവേളയില്ലാതെ ക്ലാസുകൾ തുടർന്നാൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ കുട്ടികൾ ക്ലാസിൽ അസ്വസ്ഥരാകുന്നത് കാണാം. വിശ്രമമില്ലാതെ പഠനം തുടർന്നാൽ ശാരീരികവും മാനസികവുമായ ക്ഷീണം അവർക്ക് അനുഭവപ്പെടുമെന്നതിനാൽ ശേഖരിച്ചുവെക്കുന്ന അറിവിന്റെ വീണ്ടെടുക്കൽ ഇല്ലാതെ പോകുന്നു.
ട്യൂഷൻ, സ്കൂൾ ബസ് സമയം, സ്പെഷൽ ക്ലാസ് എന്നിത്യാദി കാരണങ്ങളാൽ പല കുട്ടികളും രാവിലെ ഏഴുമണിയോടെ വീട്ടിൽ നിന്നിറങ്ങുന്നവരാണ്. വൈകീട്ട് തിരിച്ചെത്തിയാൽ ട്യൂഷൻ, ഹോംവർക്ക്, പ്രോജക്ടുകൾ എന്നിവക്കെല്ലാം സമയം ചെലവഴിക്കേണ്ടിവരുന്നതിനാൽ ഉറക്കം ശരിയാംവിധം ലഭിക്കണമെന്നില്ല. നഷ്ടപ്പെട്ട ഉറക്കത്തിന് അൽപമെങ്കിലും പരിഹാരം നേടാനാവുന്നത് ഒഴിവു ദിനങ്ങളിൽ ആണ്. വേണ്ട രീതിയിൽ ഉറങ്ങാനാവാത്തത് കുട്ടികളുടെ ഓർമശക്തിയെ ബാധിക്കും. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന, അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ് മെഡിസിൻ പോലെയുള്ള കൂട്ടായ്മകൾ 6-13 പ്രായക്കാർ ഒമ്പത് മുതൽ 12 മണിക്കൂർ ഉറങ്ങണമെന്ന് നിർദേശിക്കുന്നത്. അധ്യയന ദിനങ്ങൾക്ക് ശേഷമുള്ള വിശ്രമ വേളകൾ അവരെ റിഫ്രഷ് ചെയ്യാനും റീചാർജ് ചെയ്യാനും പ്രാപ്തമാക്കുന്നു. ഒഴിവുദിനങ്ങളിൽ കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ശാരീരികവും മാനസികവുമായ വളർച്ചക്കും അത് ഉപകരിക്കുന്നു.
തുടർച്ചയായ അധ്യയന ദിനങ്ങൾ കുട്ടികളെയെന്നപോലെ അധ്യാപകരെയും തളർത്തുന്നു. ക്ലാസ് റൂം പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രാപ്തിയിലേക്ക് എത്തിക്കാൻ ശരിയായ ഒരുക്കങ്ങളും ആസൂത്രണവും ആവശ്യമാണ്. വികസന-സാമൂഹിക ഉണർവുകളുടെ കാര്യത്തിൽ നാം എപ്പോഴും ഉദാഹരിക്കാറുള്ള ഫിൻലൻഡ് പോലെയുള്ള രാജ്യങ്ങൾ അധ്യാപകരുടെ ഒഴിവുവേളകൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നത് അക്കാദമിക നിലവാരം അധ്യാപകരുടെ മാനസിക അവസ്ഥയെ ആശ്രയിച്ചാണ് നില നിൽക്കുന്നതെന്ന് മനസ്സിലാക്കുന്നത് കൊണ്ടാണ്.
സ്കൂൾ അവധി ദിനങ്ങളിൽ കുട്ടികൾക്ക് അവരുടെ കുടുംബവുമായും ബന്ധുക്കളുമായും കൂടുതൽ ഇടപഴകാനും ബന്ധങ്ങൾ സുദൃഢമാക്കാനും സാധിക്കുന്നു. ഇത് വൈകാരിക വളർച്ചക്കും മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിനും അത്യന്താപേക്ഷിതമാണ്. രക്ഷിതാക്കളുമായി കൂടുതൽ ഇടപഴകുന്ന കുട്ടികളെ ദുശ്ശീലങ്ങളിൽ നിന്ന് അകറ്റിനിർത്താനും സാധിക്കും.
സ്കൂൾ ചുവരുകൾക്കപ്പുറമുള്ള ലോകം എങ്ങനെ ജീവിക്കുന്നു എന്ന് കണ്ടറിയാനും കഴിയുംവിധത്തിൽ മറ്റുള്ളവർക്ക് നന്മ ചെയ്യാനായി സമയം നീക്കിവെക്കാനും ഒഴിവുദിനങ്ങളിലേ സാധിക്കൂ. കുട്ടികൾക്കിടയിൽ നേതൃഗുണവും സാമൂഹികബോധവും വളർത്താൻ ഇത്തരം ഇടപഴകലുകൾ വേണം.
അമേരിക്കയിൽ അധ്യയന ദിനങ്ങൾ 175 മുതൽ 185 വരെയാണ്. യൂറോപ്യൻ യൂനിയനിൽപെട്ട രാജ്യങ്ങളിൽ ഇത് 185 മുതൽ 190 വരെയാണ്. കേരളം മാതൃകയാക്കാൻ ശ്രമിക്കുന്ന ഫിൻലൻഡിൽ അധ്യയന ദിനം ആകട്ടെ 187 ദിവസമാണ്. വിദ്യാഭ്യാസ അവകാശ നിയമം 6-14 വയസ്സ് വരെയുള്ള കുട്ടികൾക്ക് 800-1000 മണിക്കൂർ അധ്യയനമാണ് നിഷ്കർഷിക്കുന്നത്. അതായത് 160-200 അധ്യയന ദിനങ്ങൾ.
ക്ലാസ്റൂമിൽനിന്ന് നൽകുന്ന പാഠങ്ങളും പാഠ്യാനുബന്ധ പ്രവൃത്തികളുമെല്ലാം തലയിലേറ്റി അതിൻപടി പ്രവർത്തിക്കുന്ന റോബോട്ടുകളല്ല കുഞ്ഞുങ്ങൾ എന്നതാണ് ഇതിൽ നിന്നെല്ലാം പ്രാഥമികമായി മനസ്സിലാക്കേണ്ടത്. മറിച്ച് ചോരയും നീരും, പിഞ്ചുഹൃദയവുമുള്ളവരാണവർ എന്നു പരിഗണിച്ചുവേണം ദിനങ്ങൾ ക്രമീകരിക്കാൻ. കോടതിയും സർക്കാറും നമ്മുടെ കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് പരിഗണന നൽകി, ആഗോള തലത്തിൽ സാർവാംഗീകൃതമായി അംഗീകരിക്കപ്പെട്ട രീതിയിൽ പ്രവൃത്തി ദിനങ്ങൾ ശാസ്ത്രീയമായി പുനഃക്രമീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.