ഇന്ത്യൻ തെരഞ്ഞെടുപ്പ് വ്യവസ്ഥ മാറേണ്ടതുണ്ടോ?

ഒരു തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് ലഭിച്ച വോട്ടുവിഹിതവും സീറ്റുകളുടെ എണ്ണവും തമ്മിലെ വ്യതിയാനം കണക്കാക്കാൻ പരക്കെ ഉപയോഗിച്ചുവരുന്നത്​ ഐറിഷ് രാഷ്ട്രമീമാംസ പണ്ഡിതൻ മൈക്കിൾ ഗല്ലാഘർ തയാറാക്കിയ സൂചികയാണ്​. ഗല്ലാഘർ സൂചിക ഏറ്റവും കുറവ് രേഖപ്പെടുത്തിയാൽ ആ തെരഞ്ഞെടുപ്പ് വ്യവസ്ഥിതി ഏറെ ആനുപാതികമായാണ് നിലനിൽക്കുന്നതെന്ന് മനസ്സിലാക്കാം.

ഓരോ രാഷ്ട്രീയ പാർട്ടിക്കും ലഭിച്ച വോട്ടുവിഹിതവും സീറ്റുകളുടെ നിലയും തമ്മിലെ ശതമാന വ്യത്യാസത്തിന്റെ വർഗം കണ്ടശേഷം അവയുടെ ആകെത്തുകയുടെ പകുതിയെടുത്ത് അതിന്റെ വർഗമൂലം കാണുന്നതുവഴിയാണ് ഗല്ലാഘർ സൂചിക കണ്ടെത്തുന്നത്. രണ്ടു കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന സൂചകം പൂജ്യം മുതൽ 100 വരെയുള്ള മൂല്യങ്ങളെയാണ് അടയാളപ്പെടുത്തുന്നത്.

ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെൻറ് കൈകാര്യം ചെയ്യുന്ന മൈക്കിൾ ഗല്ലഗരുടെ ഇലക്ഷൻ സിസ്റ്റം വെബ്സൈറ്റിൽ ഇന്ത്യയുടെ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെ മുൻനിർത്തി രേഖപ്പെടുത്തിയ ഗല്ലാഘർ സൂചിക 16.06ആണ്. 2014ലെ തെരഞ്ഞെടുപ്പിൽ 17.53ആയിരുന്നു. 2019ൽ യൂറോപ്യൻ യൂനിയന്റേത് 7.87ഉം 2022ൽ യു.എസിന്റേത് 0.82ഉം ആയിരുന്നു. എന്നാൽ, ഇന്ത്യയുടെ 2024തെരഞ്ഞെടുപ്പ് ഫലം മുൻനിർത്തി പുറത്തുവന്ന ഗല്ലാഘർ സൂചിക 11.40ആണ്. മുൻകാലങ്ങളിൽ നിന്നുള്ള പുരോഗതിയാണ് ഇത് കാണിക്കുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഏറക്കുറെ ആനുപാതികമായി വരുന്നു എന്നർഥം. ഇത് യുനൈറ്റഡ് കിങ്ഡത്തിന്റെ 11.80 (2019) മായി ഏതാണ്ട് സമാനത പുലർത്തുന്നു.

 മനോഹരമായ ജുഗാഡ്

പ്രണോയ് റോയും ഡോറബ് ആർ. സോപാരിവലയും ചേർന്നെഴുതിയ The Verdict: Decoding India’s Elections (2019) എന്ന പുസ്തകത്തിൽ അവർ നിരീക്ഷിക്കുന്നത് നിലവിൽ ഇന്ത്യയിലുള്ള ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് (FPTP) സിസ്റ്റം, ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയോട് ഏറെ സാമ്യം പുലർത്തുന്നു എന്നാണ്. "ജുഗാഡ് FPTP"എന്നാണ് അവർ ഇപ്പോൾ രൂപപ്പെട്ട ഈ വ്യവസ്ഥയെ വിളിക്കുന്നത്. ഓരോ പാർട്ടിയും നേടുന്ന സീറ്റുകളുടെ ശതമാനം അവർക്ക് ലഭിച്ച വോട്ടുകളുടെ ശതമാനത്തോട് യോജിച്ചുപോകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയുടെ സവിശേഷമായ ജുഗാഡ് FPTP സിസ്റ്റത്തിൽ, FPTP യുടെയും ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുടെയും നല്ല വശങ്ങൾ ചേർന്നു വരുന്നു എന്ന നിരീക്ഷണമാണ് അവർ നടത്തുന്നത്. കാലക്രമേണ ഇന്ത്യൻ ജുഗാഡ് FPTP സിസ്റ്റം ലോക്​സഭ തെരഞ്ഞെടുപ്പുകളെ തുല്യതയുള്ള ഭാഗികമായ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥിതിയിലേക്ക് പരിവർത്തിപ്പിക്കുന്നു എന്നതാണ് യാഥാർഥ്യം.

ഈ ജുഗാഡ് FPTP സിസ്റ്റത്തിൽ പ്രാദേശിക പാർട്ടികൾ അവരുടെ വോട്ടുവിഹിതത്തിനെക്കാൾ അധികം സീറ്റുകൾ നേടുന്നു എന്ന പ്രത്യേകതയുമുണ്ട്. അവരുടെ വോട്ടുകൾ ഭൂമിശാസ്ത്രപരമായി ഏകീകരിക്കപ്പെടുന്നത് കൊണ്ടാണത്. സമാജ് വാദ് പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, തെലുഗുദേശം പാർട്ടി തുടങ്ങിയ പാർട്ടികൾ അവർക്ക് ലഭിച്ച വോട്ടുവിഹിതത്തെക്കാൾ കൂടുതലായി സീറ്റുകൾ നേടിയതായി കാണാം. ദേശീയ തലത്തിലെ വോട്ടുവിഹിത കണക്കെടുപ്പ് പ്രകാരം ഡി.എം.കെ നേടിയ വോട്ടുവിഹിതം 1.82ശതമാനമാണ്. എന്നാൽ, 4.05ശതമാനം സീറ്റുകൾ അവർ നേടിയെടുത്തു. ജുഗാഡ് FPTP സിസ്റ്റം ദേശീയ പാർട്ടികളെക്കാൾ പ്രാദേശിക പാർട്ടികൾക്കാണ്​ സഹായകരമായി മാറുന്നത്​. 2002-2019കാലഘട്ടങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഒരു ശതമാനം വോട്ടുകൾ കൊണ്ട് ഏഴ് സീറ്റുകൾ മാത്രം ദേശീയ പാർട്ടികൾ നേടിയപ്പോൾ 11 സീറ്റുകളാണ് പ്രാദേശിക പാർട്ടികൾ നേടിയത്.

ആനുപാതിക പ്രാതിനിധ്യത്തിന്റെ അപകടങ്ങൾ

ഇന്ത്യ പോലുള്ള കുറഞ്ഞ സാക്ഷരത നിരക്കുള്ള രാജ്യത്ത് പാർട്ടി-ലിസ്റ്റ് ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ (PR സിസ്റ്റം) പോലുള്ള ബദൽ രീതികൾ നടപ്പാക്കിയാൽ സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും. FPTP സിസ്റ്റത്തിന്റെ സവിശേഷമായ പ്രത്യേകത പൊതുവെ വ്യക്തമായ ഭൂരിപക്ഷം ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ നൽകാൻ കഴിയുന്നെന്നതാണ്. നേരെ മറിച്ച്, ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയിൽ ശിഥിലമായ ഫലമാണ് പൊതുവെ ഉണ്ടാവുക. അതാകട്ടെ, ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ വ്യക്തമായ ഭൂരിപക്ഷം നൽകാതെ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കും അസ്ഥിരതക്കും കാരണമാകും.

FPTP സിസ്റ്റത്തിൽ ഓരോ ലോക്സഭ മണ്ഡലത്തിനും അവയെ പ്രതിനിധീകരിക്കുന്ന ഒരു എം.പിയുണ്ടായിരിക്കും. ഇത് ഒരു പ്രദേശത്തിന്റെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് അവരുടെ ജനപ്രതിനിധിയെ പ്രാപ്തമാക്കുകയും ചെയ്യും. എന്നാൽ, ആനുപാതിക പ്രാതിനിധ്യ രീതി പ്രകാരം ഒരു പ്രതിനിധിക്ക് പ്രത്യേക മണ്ഡലവുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ കഴിയില്ല. ജനങ്ങൾക്കാകട്ടെ, തങ്ങളുടെ പ്രതിനിധിയെ തീരുമാനിക്കാനോ തിരിച്ചറിയാനോ തങ്ങളുടെ പ്രാദേശിക പ്രശ്നങ്ങളെ പരിഹരിക്കുന്ന ഒരാളെ കണ്ടെത്താനോ ധിക്കാരപൂർവം പ്രതികരിച്ച ഒരു പ്രതിനിധിയെ അടുത്ത ഇലക്ഷനിൽ താഴെയിറക്കാനോ സാധിക്കില്ല.

ആ വ്യവസ്ഥ സൃഷ്​ടിക്കുന്ന അനർഥങ്ങളുടെ മകുടോദാഹരണമാണ് ഇസ്രായേൽ. അവിടെ ആനുപാതിക പ്രാതിനിധ്യ സ​മ്പ്രദായത്തി​ന്റെ ഫലമായി ശിഥിലമായ പാർലമെൻറ് വ്യവസ്ഥിതിയാണുണ്ടാകുന്നത്​. ഭരണകൂടങ്ങൾ നിലനിൽപിനായി പലപ്പോഴും തീവ്രനിലപാടുകാരായ പാർട്ടികളെ കൂടെ കൂട്ടുകയും അവരുടെ താൽപര്യങ്ങൾക്ക് വഴങ്ങുകയും ചെയ്യേണ്ടിവരുന്നു. 2018മുതൽ 2022വരെയുള്ള കാലഘട്ടം ഇസ്രായേലിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമയമായിരുന്നു. നാലു വർഷത്തിനുള്ളിൽ അഞ്ച് ദേശീയ തെരഞ്ഞെടുപ്പുകളാണ് അവിടെ നടന്നത്. 1990കൾ മുതൽ ഇസ്രായേലിൽ അധികാരത്തിൽ വന്ന മിക്ക സർക്കാറുകളും നേരിയ ഭൂരിപക്ഷത്തിൽ​ നിലനിന്ന സഖ്യകക്ഷികളുടേതായിരുന്നു.

ഏറ്റവും പ്രസക്തമായ കാര്യം ഇതാണ്; മികച്ച ജനപ്രാതിനിധ്യം സൂചിപ്പിക്കുന്ന കുറഞ്ഞ ഗല്ലാഘർ സൂചികയോടെയാണ് നിലവിൽ ജുഗാഡ് FPTP സിസ്റ്റവുമായി ഇന്ത്യൻ തെരഞ്ഞെടുപ്പ് വ്യവസ്ഥിതി നിലനിൽക്കുന്നത്. FPTP യുടെയും PR ന്റെയും നല്ല വശങ്ങൾ ഈ ജുഗാഡ് FPTP ഉൾക്കൊള്ളുമ്പോൾ ഇന്ത്യ, അനിശ്ചിതാവസ്ഥ വിതക്കുന്ന അപകടകരമായ PR വ്യവസ്ഥിതിയിലേക്ക് മാറുന്നതിനു പകരം നിലവിലുള്ള FPTP യുമായി മുന്നോട്ട് പോകുന്നതാണ് അഭികാമ്യം.

ലോ കമീഷൻ, അതിന്റെ 170ാമത് റിപ്പോർട്ടിൽ ഇന്ത്യയിൽ FPTP യുടെയും ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുടെയും മിശ്രണമായ മിക്സഡ് മെംബർ പ്രൊപോർഷനൽ റെപ്രെസെന്റേഷൻ (MMRP) സിസ്റ്റം ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിൽ വരുത്തണമെന്ന് ശിപാർശ ചെയ്തിരുന്നു. എന്നാൽ, നിലവിലുള്ള ജുഗാഡ് FPTP സിസ്റ്റം വോട്ടുവിഹിതങ്ങൾക്ക് ആനുപാതികമായ സീറ്റുകൾ നിലനിർത്തുമ്പോൾ ബദൽ രീതിയായ MMPR സിസ്റ്റത്തെ പറ്റിയുള്ള ചർച്ചകൾക്കും തീരെ പ്രസക്തിയില്ല.

(കേരള സർക്കാറിന്റെ നിയമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് ലേഖകൻ)

Tags:    
News Summary - Should India's electoral system change?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.