സിനിമാചിത്രീകരണത്തിനായി തയാറാക്കിയ സെറ്റ് നശിപ്പിച്ച ഒരു സംഘം ഈയിടെ സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാന ഭരണകൂടത്തെ പരസ്യമായി വെല്ലുവിളിച്ചു. എല്ലാ ശ്രദ്ധയും കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കേന്ദ്രീകരിച്ചിരുന്ന ഘട്ടത്തിലായിരുന്നു ഇത്.
ചെറിയ കുറ്റവാളികൾക്കെതിരെ യഥാസമയം നടപടിയെടുക്കാത്തതിെൻറ ഫലമായി അവർ വലിയ കുറ്റവാളികളായി വളർന്ന അനുഭവം നമ്മുടെ സമീപകാല ചരിത്രത്തിലുണ്ട്. ചെറിയ ആക്രമികളെ പ്രോത്സാഹിപ്പിച്ചാൽ അവർ വലിയ ആക്രമികളുടെ വളർച്ച തടയുമെന്ന് കണക്കുകൂട്ടിയ ഭരണകൂടങ്ങൾ ആ വിഡ്ഢിത്തത്തിനു വലിയ വിലകൊടുക്കേണ്ടിവന്ന അനുഭവവും നമുക്കുണ്ട്.
അക്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൊലീസ് വലിയ ഒച്ചപ്പാടൊന്നും കൂടാതെ ഏതാനും പേരെ അറസ്റ്റ് ചെയ്തതായും അറിയുന്നു. പക്ഷേ, സ്വയം അവരോധിത ഹിന്ദുമത സംരക്ഷകർ നടത്തുന്ന വലുതും ചെറുതുമായ ആക്രമണങ്ങളുടെ പേരിൽ എടുക്കുന്ന കേസുകൾ അറസ്റ്റോടെയോ അറസ്റ്റ് കൂടാതെയോ ഇല്ലാതാകുന്നത് നാം കണ്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കാലടിയിലെ ഹിന്ദുത്വ പരാക്രമം ഇവിടെ പരിശോധിക്കുന്നത്. ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിൽ അത് നടത്തിയത് തങ്ങളാണെന്ന് ചിലർ അവകാശപ്പെട്ടു. വസ്തുക്കൾ നശിപ്പിക്കാൻ ആയുധങ്ങളുമായി നടക്കുന്നവരുടെ പടങ്ങളും അവർ പ്രസിദ്ധീകരിച്ചു.
അവരെ ആക്രമണത്തിനു പ്രേരിപ്പിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, സിനിമാസെറ്റിൽ ഒരു ക്രൈസ്തവ ആരാധനാലയം ഉണ്ടായിരുന്നു. രണ്ട്, അത് സ്ഥാപിച്ചത് ഹിന്ദു ദേവാലയത്തിനു മുന്നിലായിരുന്നു. സിനിമക്കുവേണ്ടി ഉണ്ടാക്കിയ താൽക്കാലിക പള്ളി സ്ഥിരമായി തുടരുമെന്ന ആശങ്കയാണ് അത് പൊളിച്ചതിനെ ന്യായീകരിക്കാൻ അവർ ഉയർത്തിയ മറ്റൊരു വാദം. ഇരുട്ടി വെളുക്കുംമുമ്പ് വഴിയോരങ്ങളിൽ മതചിഹ്നങ്ങൾ ഉയർന്നുവരുന്ന ചരിത്രവും നമുക്കുണ്ടല്ലോ.
അമ്പലങ്ങളും ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും നൂറ്റാണ്ടുകളായി തൊട്ടുരുമ്മിനിന്നിട്ടുള്ള, ഇപ്പോഴും നിൽക്കുന്ന, രാജ്യമാണിത്. ഇന്ന് ചിലർക്കത് സഹിക്കാൻ കഴിയാത്തത് വർഗീയത ഉള്ളിൽ തളം കെട്ടിക്കിടക്കുന്നതുകൊണ്ടാണ്. ജാതിവരമ്പുകൾ മറികടന്ന് ഒരു ഹിന്ദുമത വോട്ടുബാങ്ക് സൃഷ്ടിച്ച് അധികാരം നേടി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം നടത്തിയ പ്രവർത്തനങ്ങളാണ് രാജ്യത്ത് ഹിന്ദു വർഗീയത വളർത്തിയത്.
കേരളത്തിെൻറ ദീർഘകാല മതസൗഹാർദപാരമ്പര്യവും ജാതിമേധാവിത്വത്തിനെതിരെ സമീപകാലത്ത് നടന്ന പോരാട്ടങ്ങളുടെ പാരമ്പര്യവും ഹിന്ദുവർഗീയതയുടെ വളർച്ചയെ ഏറെക്കാലം തടഞ്ഞുനിർത്തിയിരുന്നു. എന്നാൽ, ആ പാരമ്പര്യങ്ങളുടെ പിന്തുടർച്ചക്കാരുടെ വഴിപിഴച്ച സമീപനങ്ങൾ അതിനു വളരാനുള്ള സാഹചര്യം സൃഷ്ടിച്ചു.
ശിവരാത്രി ആഘോഷത്തിെൻറ ഭാഗമായി നിർമിച്ച പാലം ശിവരാത്രി മണപ്പുറം കമ്മിറ്റി ഭാരവാഹികള്‍ സിനിമാനിർമാതാക്കൾക്ക് വിറ്റതായി സംഘനേതാവ് മേയ് 19ന് ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പാലം പൊളിച്ചുമാറ്റി. തുടർന്ന് ക്രിസ്ത്യന്‍പള്ളിയുടെ സെറ്റും പൊളിച്ചുമാറ്റണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം അത് തങ്ങൾതന്നെ പൊളിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. സർക്കാർ ഒന്നും ചെയ്തില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ അവർ അത് പൊളിച്ചു. പഞ്ചായത്തിെൻറ അനുമതി കൂടാതെയാണ് സിനിമാനിർമാതാക്കൾ സെറ്റിട്ടതെന്നതും അക്രമത്തിനു ന്യായീകരണമായി അവർ ചൂണ്ടിക്കാട്ടുന്നു.
വസ്തുതകൾ ഇങ്ങനെയായിരിക്കെ തങ്ങൾ ചെയ്തതെങ്ങനെ കുറ്റമാകുമെന്നാണ് അവരുടെ ചോദ്യം. അവർ ആവശ്യപ്പെട്ടത് സർക്കാർ ചെയ്യാതിരുന്നതും സിനിമാ നിർമാതാക്കൾ പഞ്ചായത്തിെൻറ അനുമതി കൂടാതെ സെറ്റിട്ടതും അവരുടെ ആക്രമണത്തിനു ന്യായീകരണമാകുന്നില്ലെന്നതാണ് അതിനുള്ള ലഘുവായ ഉത്തരം.
പൊളിച്ചത് പള്ളിയല്ല, സിനിമാ സെറ്റാണെന്നത് അത് കുറ്റകൃത്യമല്ലാതാക്കുന്നില്ല. വസ്തുക്കൾ നശിപ്പിക്കുന്നത് നിയമത്തിെൻറ കണ്ണിൽ കുറ്റകൃത്യമാണ്. സുപ്രീംകോടതി 2018 ഒക്ടോബറിൽ നടത്തിയ ഒരു വിധിപ്രസ്താവത്തിൽ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വ്യക്തമാക്കുകയുണ്ടായി. വസ്തുക്കൾ നശിപ്പിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 425ാം വകുപ്പിെൻറ പരിധിയിൽ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഐ.പി.സിയിൽ മിസ്ചീഫ് (mischief) എന്ന പേരാണ് ഈ കുറ്റകൃത്യത്തിനു നൽകിയിട്ടുള്ളത്. മലയാളത്തിലെ ‘കുസൃതി’ എന്ന വാക്കോ തമിഴിലെ ‘കുറുമ്പ്’ എന്ന വാക്കോ ഐ.പി.സിയിലെ മിസ്ചീഫിെൻറ അർഥം ഉൾക്കൊള്ളുന്നില്ല. പക്ഷേ, ചെറിയ സംഘങ്ങളുടെ ചെറിയ കുറ്റങ്ങൾ തടയാൻ പിഴയും രണ്ടു വർഷംവരെയുള്ള ജയിൽശിക്ഷയും നൽകാവുന്ന ഈ വകുപ്പ് എത്രമാത്രം സഹായകമാകുമെന്ന് പൊലീസിനും പ്രോസിക്യൂഷനും പരിശോധിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.