സാമൂഹിക സേവന വിസക്കച്ചവടം

ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്ന മലയാളികളുൾപ്പെടെയുള്ള പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതും കേസുകളിൽ കുടുങ്ങിയ നിരപരാധികൾക്ക് നിയമസഹായമൊരുക്കുന്നതും ജോലി തട്ടിപ്പിനിരയായ മനുഷ്യരെ പുനരധിവസിപ്പിക്കുന്നതുമെല്ലാം നിസ്വാർഥ സേവകരായ ഒരുപറ്റം മനുഷ്യസ്നേഹികളാണ്. ഒരു ചായപോലും പ്രതിഫലമായി വാങ്ങാൻ കൂട്ടാക്കാതെ സേവനത്തിൽ മുഴുകുന്ന ഈ സാമൂഹിക പ്രവർത്തകരുടെ പ്രയത്നങ്ങളെ അറബ് രാജ്യങ്ങളിലെ അധികൃതരും ഇന്ത്യൻ എംബസികളും പ്രവാസി സമൂഹവുമെല്ലാം ഏറെ മതിപ്പോടെ, അഭിമാനത്തോടെയാണ് കാണാറ്.

എന്നാൽ, ആ വിലാസമുപയോഗിച്ച് കച്ചവടം നടത്തുന്ന കുറെ പേരും ഈ രംഗത്തുണ്ട് എന്ന തിരിച്ചറിവ് അറബികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണിപ്പോൾ. 'സാമൂഹിക സേവനം' നടത്തിയിരുന്ന ചിലരുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് കുവൈത്തിലെ ഇന്ത്യൻ എംബസി ശേഖരിച്ചു. 250 ദീനാർ ശമ്പളമുള്ള സാമൂഹിക പ്രവർത്തകൻ എല്ലാ മാസവും നാട്ടിലേക്കയക്കുന്നത് 3000 ദീനാർ (ഏകദേശം ഏഴര ലക്ഷം രൂപ) വരെയാണ്. ഇവർക്ക് കീഴിലും നിരവധി ഏജന്റുമാരുണ്ട്. അറബ് പ്രമുഖരോടും എംബസി അധികൃതരോടുമൊപ്പം നിൽക്കുന്ന ഫോട്ടോ വാട്സ്ആപ്പിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം പ്രദർശിപ്പിച്ച് ഗൾഫിൽ നല്ല പിടിപാടാണെന്ന് നാട്ടിലുള്ള സാധാരണക്കാരായ തൊഴിലന്വേഷകരെ ധരിപ്പിച്ചാണ് ഇവർ തട്ടിപ്പിന്റെ വല നെയ്യുക.

മലയാളിയായ സിബി ജോർജ് കുവൈത്തിൽ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ശേഷം സാമൂഹിക സേവനം മറയാക്കിയുള്ള ഇടപാടുകൾക്കെതിരെ കർശന നടപടികൾ ആരംഭിച്ചു. സന്നദ്ധ പ്രവർത്തകർക്ക് അനുവദിക്കുന്ന 'വളന്റിയർ കാർഡ്' ആർക്കും നൽകേണ്ടെന്ന കടുത്ത തീരുമാനം പോലും എംബസിക്ക് കൈക്കൊള്ളേണ്ടി വന്നത് ചിലരുടെ അനധികൃത പ്രവൃത്തികൾ കാരണമാണ്. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ചിലരുടെ ബന്ധുക്കളും വ്യാപകമായി വിസക്കച്ചവടം നടത്തുന്നുണ്ട്. തീർത്തും സൗജന്യമായി നടത്തുന്ന നഴ്സ് റിക്രൂട്ട്മെന്റിന് ലക്ഷങ്ങളാണ് സ്റ്റീഫൻ എന്നയാൾ തട്ടിയത്. ഇയാൾ പണം ആവശ്യപ്പെടുന്നതിന്റെയും നൽകുന്നതിന്റെയും വിഡിയോ ദൃശ്യം ഇരകൾതന്നെ പകർത്തി 'ഗൾഫ് മാധ്യമ'ത്തിന് അയച്ചുതന്നിരുന്നു. എന്നാൽ 'ഒരു പ്രശ്നവുമില്ല, താൻ നിരവധി പേരെ ജോലിക്ക് കയറ്റിക്കൊടുത്തിട്ടുണ്ട്' എന്നാണ് ഇയാളുടെ അവകാശവാദം.

കുവൈത്തിൽ ആയിരക്കണക്കിന് മലയാളി നഴ്സുമാർ നല്ല നിലയിൽ ജോലി ചെയ്തു കുടുംബത്തോടൊപ്പം സന്തോഷത്തോടെ താമസിക്കുന്നുമുണ്ട്. എന്നാൽ, ഈ പ്രതീക്ഷയിൽ എത്തിപ്പെട്ട നൂറുകണക്കിനു പേർ വഞ്ചിക്കപ്പെടുന്നുമുണ്ട്. ലക്ഷങ്ങൾ നൽകി ഹോം നഴ്സ് ജോലിക്ക് വന്നവർ അടുക്കളപ്പണിയിലേക്ക് എത്തിപ്പെട്ട് ആട്ടും തുപ്പും സഹിക്കേണ്ടി വന്ന എത്രയോ ഉദാഹരണങ്ങൾ. 'വിസ അടിക്കുന്നതു വരെ സഹകരിച്ചു നിൽക്കൂ; എല്ലാം ശരിയാവും' എന്ന് ആശ്വസിപ്പിക്കുന്ന ഏജന്റിനെ പിന്നീട് കാണില്ല. അനധികൃത ഏജൻസികളുടെ കീഴിൽ എത്തി ദുരിതത്തിലായവർ നിരവധിയാണ്. പണം കിട്ടിക്കഴിഞ്ഞാൽ ഏജന്റുമാർക്ക് വേറെ സ്വഭാവമാണ്. ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെ സ്ഥലത്തേക്ക് മാറ്റിത്തരാമെന്നും അതും പറ്റിയില്ലെങ്കിൽ നാട്ടിലേക്കുതന്നെ തിരിച്ചുപോകാമെന്നുമൊക്കെ വാഗ്ദാനം ചെയ്തിരുന്നവർ പിന്നീട് രണ്ടും മൂന്നും ലക്ഷം നഷ്ടപരിഹാരമാണ് നാട്ടിലേക്ക് മടക്കി അയക്കുന്നതിന് ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ കേസിൽ കുടുക്കി കാലാകാലം ജയിലിലാക്കുമെന്നാണ് ഭീഷണി. അതുപോലെ ഏജന്റുമാരുടെ ഓഫിസായി പ്രവർത്തിക്കുന്ന ഫ്ലാറ്റുകളിൽവെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവങ്ങളുമുണ്ട്. ചട്ടുകം ചൂടാക്കി പൊള്ളിച്ച കഥയാണ് രക്ഷപ്പെട്ട് നാട്ടിലെത്തിയ പത്തനംതിട്ട സ്വദേശി ലീന പറയുന്നത്. പണം തട്ടുന്നതിനു പുറമെ തൊഴിലന്വേഷകരായി എത്തുന്ന സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന കേസുകളും നിരവധിയുണ്ട്. ഇത്തരം കുരുക്കുകളിൽപെടുന്നവർക്ക് സഹായമെത്തിച്ച് നാട്ടിലേക്കയക്കാൻ ഇടപെട്ടിരുന്നത് ഗൾഫ് രാജ്യങ്ങളിലെ സാമൂഹിക പ്രവർത്തകരായിരുന്നു. എന്നാൽ, സാമൂഹിക പ്രവർത്തകർ എന്ന ലേബലിലും കള്ളനാണയങ്ങൾ ഇറങ്ങിയതോടെ ഇപ്പോൾ രക്ഷാദൗത്യങ്ങളും ദുഷ്കരമാവുകയാണ്.

യഥാർഥത്തിൽ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ സാധ്യതകളുണ്ടോ എന്നു ചോദിച്ചാൽ ഉവ്വ് എന്നുതന്നെയാണുത്തരം. കയറിവരുന്ന എല്ലാവർക്കും ജോലിയും കൈനിറയെ പണവും കിട്ടുന്ന കാലം കഴിഞ്ഞുപോയി. എന്നാൽ, മിടുക്കും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികളെ തങ്ങളുടെ തൊഴിൽ സേനയുടെ ഭാഗമാക്കാൻ സ്വദേശി-വിദേശി കമ്പനികൾ ഒരുപോലെ താൽപര്യപ്പെടുന്നുണ്ട്. നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ രീതിയിൽ എല്ലാ മേഖലകളും മാറ്റിപ്പണിയുന്നതിനാൽ ഏതു ജോലിക്കും സാങ്കേതിക പരിജ്ഞാനം അത്യാവശ്യമാണിപ്പോൾ. ഗൾഫിൽ ഒരു ജോലി ഒഴിവുണ്ടെന്ന് വാട്സ്ആപ്പിലോ മെയിലിലോ അറിയിപ്പോ ഓഫർ ലെറ്ററോ കണ്ടാൽ ചാടിപ്പുറപ്പെടരുത്. ഇക്കാര്യം സംബന്ധിച്ച് ഗൾഫ് രാജ്യങ്ങളുടെയും ഇന്ത്യയുടെയും ഉന്നത അധികൃതർ പല തവണ മുന്നറിയിപ്പും നൽകിയിട്ടുള്ളതാണ്. ജോലി വാഗ്ദാനം ലഭിച്ചാൽ ആധികാരികത പരിശോധിക്കാൻ ഏറെ വഴികളുണ്ട്.

അതിനെ കുറിച്ച് നാളെ...

Tags:    
News Summary - Social service visa trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.