തൊണ്ണൂറുകളുടെ അവസാനത്തിൽ കരുണാനിധിയോട് മാധ്യമ പ്രവർത്തകർ പ്രധാനമന്ത്രിയാവാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചു. അതിന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയും കൂടിയായിരുന്ന കലൈജ്ഞർ ‘എൻ ഉയരം എണക്ക് തെരിയും’ (എെൻറ ഉയരം എനിക്ക് അറിയാം) എന്നാണ് മറുപടി നൽകിയത്. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പുവരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കരുണാനിധി കിങ്മേക്കറായി വാണു. നിരവധിപേരെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. ഒരു ഇടവേളക്കു ശേഷം കരുണാനിധിയുടെ പിൻഗാമിയും ഇപ്പോഴത്തെ ‘കഴക തലൈവർ- ഡി.എം.കെ പ്രവർത്തകരുടെ ദളപതിയായും അറിയപ്പെടുന്ന എം.കെ. സ്റ്റാലിൻ ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ കിങ് മേക്കറാവുമെന്നാണ് സൂചന.
ഒരാഴ്ചക്കിടെ നരേന്ദ്ര മോദി സർക്കാറിനെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് വിശാലസഖ്യത്തിന് രൂപം നൽകാൻ മുൻകൈയെടുത്തു വരുന്ന ആന്ധ്ര മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ എൻ. ചന്ദ്രബാബു നായിഡു, അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സഞ്ജയ്ദത്ത്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ സ്റ്റാലിനെ തേടിയെത്തി. കലൈജ്ഞറുടെ വിടവാങ്ങലിനുശേഷം ഡി.എം.കെ അധ്യക്ഷപദവി ഏറ്റെടുത്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെയും തമിഴ്നാട്ടിൽ എടപ്പാടി പളനിസാമിയുടെയും നേതൃത്വത്തിലുള്ള ജനദ്രോഹ സർക്കാറുകളെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാർത്താലേഖകരുമായി സംസാരിക്കവെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് കഴിവുള്ള നിരവധി നേതാക്കൾ വിശാലസഖ്യത്തിലുെണ്ടന്നും ‘നരേന്ദ്ര മോദിജി’യെക്കാൾ ‘സ്റ്റാലിൻജി’ മെച്ചമാണെന്നും നായിഡു അഭിപ്രായപ്പെട്ടിരുന്നു. താൻ പ്രധാനമന്ത്രി സ്ഥാനാർഥിയല്ലെന്നും എല്ലാവരെയും ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും നായിഡു വ്യക്തമാക്കി. തമിഴ്നാട്ടിൽ 39 ലോക്സഭ മണ്ഡലങ്ങളാണുള്ളത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഡി.എം.കെക്ക് അനുകൂലമാണ്.
ദേശീയ രാഷ്ട്രീയത്തിൽ സ്റ്റാലിെൻറ പങ്ക് നിർണായകമായിരിക്കും. കോൺഗ്രസും മുസ്ലിംലീഗും നേരത്തെതന്നെ ഡി.എം.കെ മുന്നണിയിലുണ്ട്. ഇവർക്ക് പുറമെ സി.പി.എം, സി.പി.െഎ കക്ഷികളും തിരുമാവളവെൻറ നേതൃത്വത്തിലുള്ള ദലിത് സംഘടനയായ വിടുതലൈ ശിറുതൈകളും ഡി.എം.കെക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. വൈകോയുടെ എം.ഡി.എം.കെ നേരത്തെ പിന്തുണ അറിയിച്ചിരുന്നു. തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകത്തിെൻറ രാഷ്ട്രീയരൂപമായ ‘മനിതനേയ മക്കൾ കക്ഷി’യും ഡി.എം.കെക്കൊപ്പമാണ്.
2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുകക്ഷികളും വിടുതലൈ ശിറുതൈകൾ, എം.ഡി.എം.കെ, ഡി.എം.ഡി.കെ തുടങ്ങിയവ ജനക്ഷേമ മുന്നണി രൂപവത്കരിച്ചാണ് രംഗത്തിറങ്ങിയത്. അത്തരമൊരു സന്ദർഭത്തിലും 98 സീറ്റോടെ ഡി.എം.കെ മുന്നണി ശക്തി തെളിയിച്ചു. അണ്ണാ ഡി.എം.കെക്ക് ടി.ടി.വി ദിനകരെൻറ ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. ദിനകരൻപക്ഷത്തെ 18 എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈകോടതി ശരിവെച്ചതോടെ സർക്കാറിെൻറ ആയുസ്സ് അൽപം നീട്ടിക്കിട്ടിയതു മാത്രമാണ് ആശ്വാസം. നിലവിൽ 20 നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിൽ എട്ട് സീറ്റെങ്കിലും അണ്ണാ ഡി.എം.കെക്ക് കിട്ടാത്തപക്ഷം എടപ്പാടി സർക്കാറിെൻറ നില പരുങ്ങലിലാവും. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ.
അണ്ണാ ഡി.എം.കെക്ക് ഇനിയുള്ള കാലം വെല്ലുവിളികൾ നിറഞ്ഞതാണ്. ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെ സഖ്യമുണ്ടാക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ ചോർന്നേക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്. രജനീകാന്തിെൻറ പിന്തുണ ഉറപ്പാക്കുന്നതിനും ബി.ജെ.പി ശ്രമം നടത്തും. രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ച് ഒരു വർഷം തികയുേമ്പാഴും രജനീകാന്ത് ഇനിയും പാർട്ടി പ്രഖ്യാപനം നടത്തിയിട്ടില്ല. ദ്രാവിഡ മണ്ണിൽ രജനിയുടെ ഹിന്ദുത്വത്തിലൂന്നിയ ആത്മീയ രാഷ്ട്രീയത്തിെൻറ വിജയം കണ്ടറിയണമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ‘മക്കൾ നീതി മയ്യ’വുമായി കമൽ ഹാസൻ തമിഴകമൊട്ടുക്കും ചുറ്റിക്കറങ്ങുന്നുണ്ടെങ്കിലും വേണ്ടത്ര ജനപിന്തുണ ആർജിക്കാൻ കഴിഞ്ഞിട്ടില്ല. പതിവുപോലെ പാട്ടാളി മക്കൾ കക്ഷിയും വേറിട്ട നിലപാടാവും സ്വീകരിക്കുക. വിജയ്കാന്ത് അസുഖം ബാധിച്ചു കഴിയുന്നതിനാൽ ഡി.എം.ഡി.കെയുടെ നിയന്ത്രണം നിലവിൽ ഭാര്യ പ്രേമലതയുടെ കൈകളിലാണ്. ഇവർ ഏതു പക്ഷത്തേക്ക് നീങ്ങുമെന്ന് ഉറപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.