സൈനിക ക്യാമ്പിൽ കട്ടിലുകൾ വിതരണം ചെയ്യുന്ന ബിസിനസുകാരനെ കാണാൻ ദാദറിലേക്ക് പോകാനായി ചർച്ച് ഗേറ്റ് സ്റ്റേഷനിൽ നിൽക്കുകയായിരുന്നു മുഹമ്മദ് യൂസുഫ് ഖാൻ. അപ്പോഴാണ് ആൾകൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന ഡോ. മസാനിയെ കണ്ടത്. വിൽസൺ കോളജിൽ പഠിക്കുന്ന കാലത്ത് കരിയർ പ്രഭാഷണത്തിനു വന്നിട്ടുണ്ട് ഈ മനഃശാസ്ത്രജ്ഞൻ. അടുത്ത് ചെന്ന് പരിചയം പുതുക്കി. തെൻറ കൂടെ പോന്നാൽ ബോംബെ ടാക്കീസിൽ ജോലി അന്വേഷിക്കാമെന്ന മസാനി നൽകിയ ഉറപ്പിൽ കട്ടിൽ കച്ചവടം വേണ്ടെന്ന് വെച്ചു. ഹിമാൻഷു റായിയുടെ മരണ ശേഷം ബോംബെ ടാക്കീസിെൻറ ചുമതല അദ്ദേഹത്തിെൻറ പത്നിയും താരറാണിയുമായ ദേവിക റാണിക്കായിരുന്നു.
'തനിക്ക് ഉർദു അറിയാമോ...?' ദേവിക റാണിയുടെ ആദ്യ ചോദ്യം. ഒറ്റനോട്ടത്തിൽ തന്നെ സുന്ദരനായ ആ ചെറുപ്പക്കാരനിൽ ദേവിക റാണി ഒരു നടനെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. തെൻറ മാതൃഭാഷയാണ് ഉർദു എന്ന് യൂസുഫ് പറഞ്ഞു. 'മാസം 1250 രൂപ തരാം.. സിനിമയിൽ അഭിനയിക്കാമോ..' എന്ന അടുത്ത ചോദ്യത്തിനു മുന്നിൽ യൂസുഫ് അന്തംവിട്ടുപോയി.
തുറന്നുപറഞ്ഞു തനിക്ക് അഭിനയിക്കാനറിയില്ലെന്ന്. ഭാവിയിൽ സിനിമയിൽ തരംഗങ്ങൾ സൃഷ്ടിക്കാൻ പോന്നൊരാളാണ് തെൻറ മുന്നിലിരിക്കുന്നതെന്ന് ദേവിക റാണിക്ക് ഉറപ്പുണ്ടായിരുന്നു. വീട്ടിലെത്തിയ യൂസുഫ് സഹോദരൻ അയ്യൂബിനോട് മാത്രം താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്ന കാര്യം പറഞ്ഞു. മാസം 1250 രൂപ...! അയ്യൂബിന് അത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. അക്കാലത്ത് അറിയപ്പെടുന്ന നടനും യൂസുഫിെൻറ ബാല്യകാല സുഹൃത്തും കോളജ് സഹപാഠിയുമൊക്കെയായ രാജ്കപൂറിനു പോലും മാസം 170 രൂപയാണ് പ്രതിഫലം...
1942 ലെ ഒരു വെള്ളിയാഴ്ച ഉച്ച പ്രാർഥനയും ഭക്ഷണവും കഴിഞ്ഞ് യൂസുഫ് വീട്ടിൽ നിന്നിറങ്ങി. ബോംബെ ടാക്കീസിൽ ഷൂട്ടിങ് നടക്കുന്ന ഫ്ലോറിലേക്ക് ദേവിക റാണി ആ ചെറുപ്പക്കാരനെ കൂട്ടിക്കൊണ്ടുപോയി. കറുത്ത മുടി നന്നായി ചീകിയൊതുക്കിയ സുന്ദരനായ ഒരു മനുഷ്യനെ ദേവിക കാണിച്ചുകൊടുത്തു. അയാൾ യൂസുഫിന് നേരേ കൈനീട്ടി. ബോംബെയുടെ തെരുവുകളിലെ ചുമരുകളിൽ പതിച്ച പോസ്റ്ററുകളിൽ നിന്ന് തന്നെ നോക്കി ചിരിച്ച ആ രൂപത്തെ യൂസുഫ് തിരിച്ചറിഞ്ഞു. അക്കാലത്തെ സൂപ്പർ സ്റ്റാർ അശോക് കുമാർ. അസാധാരണമായ ഒരു സൗഹൃദത്തിെൻറ കൂടി തുടക്കമായിരുന്നു അത്. മുമ്പൊരിക്കലും കാമറയുടെ മുന്നിൽ നിന്നിട്ടില്ലാത്ത, നാടകത്തിൽ പോലും അഭിനയിച്ചിട്ടില്ലാത്ത, സിനിമ കണ്ടിട്ടില്ലാത്ത മുഹമ്മദ് യൂസുഫ് സർവർ ഖാനെ ബോംബെ ടാക്കീസിെൻറ 'ജ്വാർ ഭട' എന്ന ചിത്രത്തിലെ ജഗദീഷ് എന്ന കഥാപാത്രത്തിലേക്ക് പ്രവേശിപ്പിച്ചു.
തിരശ്ശീലക്കായി അപ്പോൾ ദിലീപ് കുമാർ എന്ന് പുനർനാമകരണവും നടത്തി. അങ്ങനെ ഹിന്ദി സിനിമയിലെ ആദ്യ ഖാനായി ദിലീപ് കുമാർ എന്ന നടനാതിശയം പിറവിയെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.