പ്രൊവിഡൻറ് ഫണ്ട് (പി.എഫ്) തൊഴിലാളികളുടെ മൗലികമായ അവകാശമാണ്. (പി.എഫ്) ആനുകൂല്യങ്ങൾ നിഷേധിക്കാൻ സർക്കാറിനും തൊഴിലുടമക്കും ഒരധികാരവുമില്ല. നൂറുകണക്കിന് തൊഴിലാളികൾക്ക് ഇത് ഒരു സാമ്പത്തിക ആശ്രയവും വാർധക്യകാലത്തെ താങ്ങുമാണ്. ഇ.പി.എഫ് നിക്ഷേപത്തിന് മതിയായ പലിശ ലഭ്യമായാൽ മാത്രമേ തൊഴിലാളിക്ക് ഇതുകൊണ്ട് പ്രയോജനം ലഭ്യമാകൂ. തുടക്കം മുതൽ ഉയർന്ന പലിശയാണ് ഇതിന് നൽകിവന്നിരുന്നതും. രാജ്യത്തെ ലക്ഷോപലക്ഷം തൊഴിലാളികൾക്ക് ഇരുട്ടടിയായാണ് 40 വർഷത്തിനകത്തുള്ള ഏറ്റവും കുറഞ്ഞ പലിശ ഇപ്പോൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷത്തിലെ 8.5 ശതമാനത്തിൽനിന്ന് 8.1 ശതമാനമായാണ് ഗുവാഹതിയിൽ നടന്ന ഇ.പി.എഫ്.ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി) യോഗം ഇ.പി.എഫ് പലിശ നിരക്ക് വെട്ടിക്കുറച്ചത്. 1977 - 78 വർഷങ്ങളിലെ എട്ടു ശതമാനത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന പലിശ നിരക്കാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. പി.എഫ് പലിശ നിരക്ക് കുറക്കാനും, മറ്റു ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് തുല്യമാക്കാനും നേരത്തേ ധനമന്ത്രാലയം തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. 1952 ലെ എംപ്ലോയീസ് െപ്രാവിഡൻറ് ഫണ്ട് ആൻഡ് മിസലേനിയസ് പ്രൊവിഷൻസ് ആക്ട് പ്രകാരം െപ്രാവിഡൻറ് ഫണ്ട് സേവിങ്സ് നിർബന്ധമാണ്. തൊഴിലാളികളുടെ അടിസ്ഥാന ശമ്പളത്തിന്‍റെ 12 ആണ് പി.എഫ് നിക്ഷേപത്തിലേക്ക് നിർബന്ധമായി പിടിക്കുന്നത്.

തൊഴിലുടമയും തുല്യ തുക നൽകും. 17 ലക്ഷം കോടിയോളം രൂപ, അതായത് രാജ്യത്തിന്റെ മൊത്തം ദേശീയോൽപാദനത്തിന്റെ എട്ടു ശതമാനത്തോളം ഉള്ള സഞ്ചിത നിധിയാണ് ഇ.പി.എഫ്. തൊഴിലാളികളിൽനിന്ന് ഇത്തരത്തിൽ സ്വരൂപിക്കുന്ന സഹസ്രകോടികൾ കേന്ദ്രസർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്കും മൂലധന ചെലവുകൾക്കുമാണ് വിനിയോഗിക്കുന്നത്. സത്യത്തിൽ രാജ്യപുരോഗതിക്കായി നൽകുന്ന തൊഴിലാളി നിക്ഷേപത്തിനുള്ള ലാഭമാണ് തൊഴിലാളികൾക്ക് ലഭിച്ചുപോരുന്നത്.

റിട്ടയർമെന്റ് ഫണ്ടിലേക്ക് ലഭിക്കുന്ന തുകയെ അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് നിശ്ചയിക്കൽ. എന്നാൽ, കോർപസ് ഫണ്ടിൽ 13 ശതമാനം വർധനവുണ്ടായിട്ടും പലിശ നിരക്ക് കുറച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം ഇ.പി.എഫ് വരുമാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇത് 2019-20 വർഷത്തെ പലിശ നൽകുന്നതിൽ കാലതാമസം വരുത്തി. ഡെബിറ്റ് നിക്ഷേപങ്ങളിൽ നിന്ന് 8.15 ശതമാനവും ഇക്യുറ്റി ഫോർട്ട് ഫോളിയോയിൽ നിന്ന് 0.35 വും എടുത്ത് രണ്ടു ഗഡുക്കളായാണ് പലിശ നൽകിയത്.

പലിശ 8.1ശതമാനത്തിൽ നൽകിയാൽ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷന് (ഇ.പി.എഫ്.ഒ) 450 കോടി ലാഭിക്കാനാവുമെന്നാണ് വിലയിരുത്തൽ. പലിശ നിരക്ക് ഉയർത്തണമെന്ന് തൊഴിലാളി പ്രതിനിധികൾ സി.ബി.ടി യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഘട്ടംഘട്ടമായി പി.എഫ് പലിശ കുറച്ചുകൊണ്ടുവരുകയാണ്. 2016ൽ 8.80 ശതമാനമായിരുന്നത് 2017 ൽ 8.65 ശതമാനവും 2018 ൽ 8.55 ശതമാനവുമാക്കി. പൊതുതെരഞ്ഞെടുപ്പ് നടന്ന 2019 ൽ 8.65 ശതമാനമാക്കി ഉയർത്തിയെങ്കിലും 2020,2021 വർഷങ്ങളിൽ 8.50 ശതമാനത്തിൽ നിർത്തി.ഇപ്പോഴിതാ 8.10 ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നു.

ഔദ്യോഗിക ജീവിതകാലത്തെ കഠിനാധ്വാന ശേഷം വിരമിക്കുന്ന തൊഴിലാളികൾ സർക്കാറിൽ നേരത്തേ ഏൽപിച്ച നിക്ഷേപത്തിന്റെ വിഹിതം കുറക്കുമ്പോൾ തൊഴിലാളിയുടെ ജീവിത സുരക്ഷിതത്വത്തിനു മേലാണ് അധികൃതർ കൈെവക്കുന്നത്.

രാജ്യത്തെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പി.എഫ് പെൻഷനെ സംബന്ധിച്ച് വ്യാപക പരാതികളാണുള്ളത്. ശമ്പളത്തിനാനുപാതികമായി പെൻഷൻ നൽണമെന്ന കേരള ഹൈകോടതിയുടെ തൊഴിലാളികൾക്കനുകൂലമായ വിധി നിലനിൽക്കെ പെൻഷൻ ആനുകൂല്യം തന്നെ നിഷേധിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇ.പി.എഫ് പെൻഷൻ പദ്ധതിയിലെ പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്ര പി.എഫ്. ട്രസ്റ്റ് ബോർഡ് തീരുമാനം ഇതുവരെ ആയിട്ടില്ല. നേരത്തേ വാഗ്ദാനം ചെയ്ത 80 വയസ്സ് പിന്നിട്ടവർക്ക് ഉയർന്ന പെൻഷൻ നൽകുമെന്നുള്ള ഉറപ്പും കഴിഞ്ഞ യോഗത്തിൽ പാലിക്കപ്പെട്ടില്ല.

ശമ്പളത്തിനാനുപാതികമായി പ്രൊവിഡൻറ് ഫണ്ട് പെൻഷൻ നൽകണമെന്ന് കേരള ഹൈകോടതി വിധിയും, അത് ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ നേരത്തേയുള്ള വിധിയും നിലനിൽക്കേ തന്നെ പതിനയ്യായിരം രൂപ ശമ്പളം വാങ്ങുന്ന പുതുതായി നിയമനം ലഭിച്ചവർക്ക് ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ ചേരാനാവാത്ത സാഹചര്യവും ഏറ്റവും ഒടുവിൽ കേന്ദ്രസർക്കാർ ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ നിലയിലും തൊഴിലാളികളെ വേട്ടയാടുന്ന സമീപനമാണ് ഇക്കാര്യത്തിൽ കാണാൻ കഴിയുന്നത്.

നിലവിൽ 1000 രൂപ മുതൽ 2000 രൂപ വരെ പ്രതിമാസ പി.എഫ് പെൻഷൻ വാങ്ങുന്നവരാണ് ഇ.പി.എഫ്് പെൻഷൻകാരിൽ ബഹുഭൂരിപക്ഷവും. പി.എഫ് പെൻഷൻ വാങ്ങി ജീവിക്കുന്ന 65 ലക്ഷം കുടുംബങ്ങളിൽ 23 ലക്ഷം പേർക്കും കിട്ടുന്ന പെൻഷൻ 1000 രൂപക്ക് താഴെയാണ്. കുറഞ്ഞ പെൻഷൻ 3000 രൂപയാക്കും എന്നുള്ള കേന്ദ്രസർക്കാർ വാഗ്ദാനം ഇപ്പോഴും പാഴ്വാക്കായി അവശേഷിക്കുന്നു. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ നേരിട്ടു നൽകുന്ന അഗതി പെൻഷൻ, വിധവാ പെൻഷൻ, വാർധക്യകാല പെൻഷൻ, തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ തുടങ്ങിയവപോലും ഏറ്റവും കുറഞ്ഞത് 1600 രൂപയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തങ്ങൾക്കനുകൂലമായ ജനവിധി എന്ത് ജനവിരുദ്ധ നടപടികളും സ്വീകരിക്കാനുള്ള അംഗീകാരമെന്ന നിലയിലാണ് ഇക്കൂട്ടർ കാണുന്നത്. അതിന്‍റെ ഭാഗമായിട്ടുതന്നെയാണ് പ്രൊവിഡൻറ് ഫണ്ട് പലിശ നിഷ്കരുണം വെട്ടിക്കുറച്ചിരിക്കുന്നത്.

മറ്റു നിക്ഷേപങ്ങൾക്ക് 8.1ശതമാനം പലിശ പോലും ഇന്ന് ഇല്ലെന്നും അതുകൊണ്ട് ഏറ്റവും മെച്ചപ്പെട്ട നിക്ഷേപമാണ് ഇപ്പോഴും ഇ.പി.എഫ് എന്നുമാണ് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയുടെ ഒരു അടിസ്ഥാനവുമില്ലാത്ത ന്യായീകരണം. രാജ്യത്തെ തൊഴിലാളികളുടെ മൗലികമായ ഒരു അവകാശത്തിനുമേൽ കത്തിവയ്ക്കാൻ ഒരു ഭരണാധികാരിയെയും തൊഴിലാളി വർഗം അനുവദിക്കില്ല. നീതീകരണമില്ലാത്ത ഈ തൊഴിലാളി വിരുദ്ധ നീക്കത്തിനെതിരായി ശക്തമായ പ്രതിഷേധം തന്നെ രാജ്യത്ത് ഉയരുമെന്നതിൽ ഒരു സംശയവുമില്ല.

Tags:    
News Summary - State occupation of the EPF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.