ലോക്ഡൗൺ വന്ന് വീട്ടിലിരിക്കാൻ തീരുമാനിച്ചതോടെ ഞാൻ വീട്ടിലെ സഹായിയായ സ്ത്രീയെ പറഞ്ഞുവിട്ടു. ഡ്രൈവറോട് വരേണ്ടെന്ന് പറഞ്ഞു. അവരൊക്കെ പോയപ്പോഴാണ് വീട്ടിൽ എനിക്ക് ചെയ്യാൻ ഒരുപാട് ജോലികളുണ്ടെന്ന് മനസ്സിലായത്. അതൊക്കെ ചെയ്തപ്പോൾ വല്ലാത്തൊരു സുഖം...
അടുത്ത ബന്ധുക്കൾ പലരും അമേരിക്കയിലുണ്ട്. കോവിഡ് വ്യാപിച്ചിട്ടും ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലുള്ളത്ര അടുക്കും ചിട്ടയുമൊന്നും അവിടെ ഇല്ലെന്നാണ് അവർ പറയുന്നത്. ഇവിടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നുപോലെ കർശന തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുന്നു. പിന്നെയുള്ളൊരു കുഴപ്പം എത്ര പറഞ്ഞാലും ചില ആളുകൾക്ക് കാര്യങ്ങൾ മനസ്സിലാകില്ല എന്നതാണ്. സ്കൂളിൽ മിണ്ടാതിരിക്കാൻ പറഞ്ഞിട്ട് കുട്ടികൾ കേട്ടില്ലെങ്കിൽ ബെഞ്ചിനു മുകളിൽ കയറ്റി നിർത്തും. അല്ലെങ്കിൽ ക്ലാസിൽനിന്ന് പുറത്താക്കും. മറ്റുള്ളവർക്ക് പാഠമാകാനാണ് അത്. ചില കാര്യങ്ങൾ വളരെ കർശനമായിത്തന്നെ നടപ്പാക്കേണ്ടിവരും.
പള്ളികളുടെയും ക്ഷേത്രങ്ങളുടെയുമൊക്കെ പ്രധാനപ്പെട്ട ആളുകൾതന്നെ പറഞ്ഞു, കൂട്ടം കൂടിയുള്ള ആരാധനയൊന്നും വേണ്ടെന്ന്. അപ്പോഴും ദൈവത്തെ ആരാധിക്കുന്നതിൽവരെ നിയന്ത്രണമോ എന്ന് ചിന്തിക്കുന്ന ബുദ്ധിയില്ലാത്ത ആളുകൾ ഉണ്ടാകും. പക്ഷേ, ഇതിനെല്ലാം അപ്പുറത്ത് നമ്മുടെ ജീവനാണ് വലുെതന്ന് ഓർക്കണം. ജീവനുണ്ടെങ്കിലേ ദൈവവും ആരാധനയുമെല്ലാം ഉള്ളൂ. കഴിഞ്ഞദിവസം അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം കണ്ടു. അവർക്ക് ഭക്ഷണം കൊടുക്കണം. അതവരുടെ അവകാശമാണ്. എന്നാൽ, സ്വന്തം വീട്ടിൽ കിട്ടുന്ന ഭക്ഷണം വേണമെന്ന് വാശിപിടിക്കരുത്. പണ്ട് സിനിമയിൽ അഭിനയിക്കാൻ ചെന്നൈയിൽ താമസിക്കുന്ന കാലത്ത് ഞാനും ഒരു അന്തർ സംസ്ഥാന തൊഴിലാളിയായിരുന്നു. കല്ലും മണ്ണുമൊന്നും ചുമന്നിട്ടില്ലെങ്കിലും പട്ടിണി കിടന്നിട്ടുണ്ട്. തൊഴിലാളിയുടെ വേദന എനിക്കറിയാം. അന്ന് ഞങ്ങൾ താമസിച്ചിരുന്ന ഉമ ലോഡ്ജിനു താഴെ മലപ്പുറത്തുകാരൻ ഒരു ഇക്ക നടത്തിയിരുന്ന കടയിൽനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. 75 പൈസയാണ് ഊണിന്. എെൻറ കൈയിൽ രണ്ടാഴ്ചത്തേക്കുള്ള പണമേയുള്ളൂ. അത് പറഞ്ഞപ്പോൾ കൂട്ടുകാരൻ രാധാകൃഷ്ണൻ ഉപദേശിച്ചു. കൈയിലുള്ള കാശ് ഇപ്പോൾ കൊടുേക്കണ്ട. കിട്ടാനുള്ള പണത്തിനുവേണ്ടി ഇക്ക നമുക്ക് ചോറ് തന്നുകൊണ്ടേയിരിക്കും. അങ്ങനെ രണ്ട് കൊല്ലം ഞങ്ങൾ ചോറു തിന്നു. കാലങ്ങൾ കഴിഞ്ഞാണ് അവിടെയെത്തി ഞാൻ ആ കടം തീർത്തത്. അന്തർസംസ്ഥാന തൊഴിലാളികളെവെച്ച് ആരെങ്കിലും മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ഈ സമയത്ത് ദൈവം പൊറുക്കാത്ത തെറ്റാണ്.
വീട്ടിലിരിക്കുക എന്നത് ചിലർക്ക് വലിയ പ്രശ്നമാണ്. വീട്ടിലിരുന്നാൽ എന്താ കുഴപ്പമെന്ന് ഞാൻ ചിന്തിക്കാറുണ്ട്. സിനിമയുള്ളപ്പോൾ പോലും അവധിയെടുത്ത് വീട്ടിലിരിക്കുന്നയാളാണ് ഞാൻ. ഒരിക്കൽ സത്യൻ അന്തിക്കാടും സിദ്ദീഖ് ലാലും പ്രിയദർശനും ഒരേസമയം അഭിനയിക്കാൻ വിളിച്ചു. നട്ടെല്ലിനു വേദനയാണെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി. ഒരു സെറ്റിൽ പോയാൽ മേറ്റയാൾക്ക് വിഷമമാകും. പക്ഷേ, ഒന്നര മാസം വീട്ടിലിരുന്നപ്പോഴാണ് എനിക്ക് വീടിെൻറ സുഖം ശരിക്കും മനസ്സിലായത്. കുറച്ചുനാളെങ്കിലും ഭാര്യക്കും മക്കൾക്കുമൊപ്പം ഇരിക്കാനുള്ള അവസരം ദൈവം ഉണ്ടാക്കിത്തന്നു എന്ന് കരുതിയാൽ മതി. ഇതിലൂടെ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കുറച്ചുകൂടി ശക്തിപ്പെടും. കൂടപ്പിറപ്പുകൾക്ക് ഒരാപത്തും വരരുതേ എന്നാണ് ഇപ്പോൾ ഓരോരുത്തരുടെയും പ്രാർഥന. അതുകൊണ്ടുതന്നെ ഒരുമിക്കാനുള്ള സന്ദേശം കൂടിയാണ് ഈ വീട്ടിലിരുപ്പ്.
ലോക്ഡൗൺ വന്ന് വീട്ടിലിരിക്കാൻ തീരുമാനിച്ചതോടെ ഞാൻ വീട്ടിലെ സഹായിയായ സ്ത്രീയെ പറഞ്ഞുവിട്ടു. ഡ്രൈവറോട് വരേണ്ടെന്ന് പറഞ്ഞു. അവരൊക്കെ പോയപ്പോഴാണ് വീട്ടിൽ എനിക്ക് ചെയ്യാൻ ഒരുപാട് ജോലികൾ ഉണ്ടെന്ന് മനസ്സിലായത്. അതൊക്കെ ചെയ്തപ്പോൾ വല്ലാത്തൊരു സുഖം. ഇല്ലെങ്കിൽ നമ്മൾ ഇവിടെ ജീവിച്ചു എന്ന് തോന്നില്ല. കോവിഡ് വന്നതുകൊണ്ട് ഉണ്ടായ അടുക്കും ചിട്ടയും ഒന്ന് വേറെയാണ്. മിക്ക ദിവസവും സുഹൃത്തുക്കളായ മമ്മൂട്ടിയെയും ജയറാമിനെയും മുകേഷിനെയും സത്യൻ അന്തിക്കാടിനെയുമൊക്കെ വിളിച്ച് തമാശകൾ പറയും.
എന്തൊക്കെ സംഭവിച്ചാലും സന്തോഷമായി ഇരിക്കുക എന്നതാണ് എെൻറയൊരു തിയറി. മറ്റ് രാജ്യങ്ങളെ വെച്ച് നോക്കുേമ്പാൾ നമ്മുടെ നാട്ടിൽ കോവിഡ് അങ്ങനെ കാര്യമായി പടർന്നിട്ടില്ല. മേയ് കഴിയുന്നതോടെ ഈ അസുഖം ഇവിടെനിന്ന് വണ്ടിവിടും. അതിനു സർക്കാർ പറഞ്ഞതുപോലെ നമ്മൾ കാര്യങ്ങൾ നീക്കണം. ഒരു കലാപം ഉണ്ടായാൽ പണമുണ്ടെങ്കിൽ നമുക്ക് രാജ്യം വിട്ടുപോകാം. പക്ഷേ, ഈ മഹാമാരിയിൽനിന്ന് ഒളിച്ചോടുക എളുപ്പമല്ല. പണം കൊണ്ട് ഒന്നുമാകില്ലെന്ന് ഞാനടക്കം തിരിച്ചറിയേണ്ട സമയം കൂടിയാണിത്.
ഒരു കാര്യം കൂടി. ഭരണകക്ഷിയെ എങ്ങനെയൊക്കെ തകർക്കാം എന്നല്ല ഈ സമയത്ത് പ്രതിപക്ഷം ചിന്തിക്കേണ്ടത്. അത് ഒരുപാട് പേരുടെ ജീവൻവെച്ചുള്ള കളിയാകും. ഇവിടെ നമ്മൾ സർക്കാറിനൊപ്പം നിൽക്കണം. സർക്കാർ തെറ്റു ചെയ്താൽ ചൂണ്ടിക്കാട്ടാം. പക്ഷേ, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭിന്നിപ്പിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.