പൊതുവിപണി വിലയിൽനിന്ന് ശരാശരി 35 ശതമാനം വിലക്കുറവിലാണ് നിലവിൽ സബ്സിഡി വിലകൾ പുതുക്കിനിശ്ചയിച്ചിട്ടുള്ളത്. പൊതുവിപണിയിൽ 1447 രൂപക്ക് ലഭിക്കുന്ന സാധനങ്ങൾ 933 രൂപക്കാണ് ഗുണഭോക്താവിന് ലഭിക്കുക
സപ്ലൈകോയുടെ വിൽപനശാലകളിൽ ആവശ്യമായ അളവിൽ സബ്സിഡി ഉൽപന്നങ്ങൾ ലഭ്യമാകാതിരുന്നത് വലിയ ചർച്ചയായിരുന്നു. എത്ര വലിയ ആശ്വാസമാണ് സപ്ലൈകോയിലെ സബ്സിഡി സംവിധാനത്തിലൂടെ കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചുവന്നിരുന്നത് എന്ന യാഥാർഥ്യവും അതുവഴി വെളിപ്പെട്ടു.
സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ നൽകിവരുന്ന അവശ്യസാധനങ്ങളുടെ വില ഒമ്പതു വർഷങ്ങൾക്കുശേഷം ഇപ്പോൾ പരിഷ്കരിച്ചിരിക്കുകയാണ്. 2014 ഡിസംബറിലാണ് ഏറ്റവും ഒടുവിൽ സബ്സിഡി വില പുതുക്കിയത്. 2016ൽ എൽ.ഡി.എഫ് ഗവൺമെന്റ് അധികാരത്തിൽ വരുമ്പോൾ ഈ വിലയായിരുന്നു നിലനിന്നിരുന്നത്.
രാഷ്ട്രീയമായ ഒരു നയത്തിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് സർക്കാർ കൈക്കൊണ്ട തീരുമാനപ്രകാരമാണ് ആ സർക്കാറിന്റെ കാലാവധി മുഴുവനും പിന്നീട് ഈ രണ്ടര വർഷക്കാലവും അതേ വിലക്ക് ജനങ്ങൾക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കിയത്. തികച്ചും അനിവാര്യമായിത്തീർന്ന ഒരു ഘട്ടത്തിലാണ് ഇപ്പോഴത്തെ വില പരിഷ്കരണം.
1974ലാണ് സപ്ലൈകോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള സിവിൽ സപ്ലൈസ് കോർപറേഷൻ രൂപവത്കരിക്കപ്പെട്ടത്. 1981ൽ മാവേലി സ്റ്റോറുകൾ എന്ന പേരിൽ നാടാകെ ചില്ലറ വിൽപനശാലകൾ ആരംഭിച്ചു. തുടക്കത്തിൽ വിപണി ഇടപെടലിന്റെ പ്രവർത്തനം അരി, ഗോതമ്പ്, പഞ്ചസാര എന്നിവയിൽ പരിമിതപ്പെടുത്തിയിരുന്നു. അരിയുടെ വില പൊതുവിപണി വിലയേക്കാൾ 20 ശതമാനം കുറച്ചും മറ്റുള്ള ഇനങ്ങൾക്ക് 10 ശതമാനം കുറച്ചും നൽകുന്നതിനാണ് തുടക്കത്തിൽ തീരുമാനിച്ചിരുന്നത്.
2013 ഫെബ്രുവരിയിൽ ഇറക്കിയ സർക്കാർ ഉത്തരവുപ്രകാരം നിലനിൽക്കുന്ന പൊതുവിപണിയിലെ വിലയിൽ നിന്ന് 20 ശതമാനമെങ്കിലും കുറവ് അല്ലെങ്കിൽ സപ്ലൈകോയുടെ സംഭരണച്ചെലവ് ഇതിൽ ഏതാണോ കുറവ് അതായിരിക്കും സബ്സിഡി വില. ഇതുപ്രകാരം കാലാകാലങ്ങളിൽ സബ്സിഡി വില നിരക്കുകൾ പുതുക്കിനിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സർക്കാറിന്റെ ഉദാരീകരണ-സ്വകാര്യവത്കരണ നയങ്ങളുടെ ഫലമായ രൂക്ഷമായ വിലക്കയറ്റം രാജ്യത്തെങ്ങും ജനങ്ങളെ ദുരിതത്തിലാക്കിയ ഒരു ഘട്ടത്തിലാണ് 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ ജനങ്ങളെ പരമാവധി സഹായിക്കാൻ ഉദ്ദേശിച്ച് പുതിയ സർക്കാറിന്റെ കാലാവധിയിൽ അവശ്യവസ്തുക്കൾ വിലവർധന കൂടാതെ ജനങ്ങൾക്ക് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു.
എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് ഉൾപ്പെടെ ദുർബലമാക്കുകയും സർക്കാറിന്റെ ഇടപെടൽശേഷി പരിമിതപ്പെടുത്തുകയും ചെയ്തുകൊണ്ട് സമ്പൂർണമായ ഒരു വിപണി സമ്പദ്വ്യവസ്ഥയിലേക്ക് മാറിക്കഴിഞ്ഞ രാജ്യത്ത് ഒരു സംസ്ഥാന സർക്കാർ തങ്ങളുടെ രാഷ്ട്രീയ തീരുമാനം എങ്ങനെ പ്രായോഗികമാക്കും എന്ന ചോദ്യത്തിനുള്ള സമൂർത്തമായ ഉത്തരം 2016 മേയ് മാസത്തിൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ സപ്ലൈകോ വഴി യാഥാർഥ്യമാക്കി.
ഏറ്റവും ഒടുവിൽ വില പുതുക്കിയപ്പോൾ അന്നത്തെ പൊതുവിപണി വിലയിൽനിന്നും ശരാശരി 26 ശതമാനം കുറവിലാണ് നിശ്ചയിച്ചത്. ഇപ്പോഴാകട്ടെ നിലവിലുള്ള പൊതുവിപണി വിലയിൽനിന്ന് 35 ശതമാനം കുറച്ചും. എന്നാൽ, സപ്ലൈകോയിൽ വില വർധിപ്പിച്ചു എന്ന രീതിയിലാണ് പ്രചാരണം. എന്താണ് യാഥാർഥ്യം?
2016നുശേഷം കഴിഞ്ഞ ഏഴര വർഷത്തിനിടക്ക് പൊതുവിപണിയിൽ രാജ്യത്താകമാനം വിലവർധനയുണ്ടായിട്ടുണ്ട്. ഭക്ഷ്യധാന്യ സംഭരണമേഖലയിലും ചില്ലറ വിൽപനമേഖലയിലുമെല്ലാം സ്വകാര്യ കുത്തകകളെ നിർബാധം കടന്നുകയറാൻ അനുവദിക്കുന്നതും ഇന്ധനവിലയിൽ എണ്ണക്കമ്പനികൾ സ്വേച്ഛാനുസരണം നിരന്തരമായ വർധന വരുത്തുന്നതും ഗതാഗത ചെലവുകൾ ഭീമമായി ഉയരുന്നതുമെല്ലാം ഇതിന് കാരണമാണ്.
പൊതുവിപണിയിൽനിന്ന് അവശ്യവസ്തുക്കൾ വാങ്ങി സബ്സിഡി വിലക്ക് ജനങ്ങൾക്കു നൽകുമ്പോൾ ഓരോ വർഷവും സപ്ലൈകോക്കുണ്ടാകുന്ന ബാധ്യത വളരെ വലുതാണ്. പ്രതിമാസം ശരാശരി 35 മുതൽ 40 ലക്ഷം വരെ കുടുംബങ്ങൾ സപ്ലൈകോയെ ആശ്രയിക്കുന്നു. ഇതുവഴി പ്രതിമാസം ശരാശരി 35 കോടി രൂപയുടെയും പ്രതിവർഷം 420 കോടി രൂപയുടെയും ബാധ്യതയാണ് കോർപറേഷന് വന്നുചേരുന്നത്.
സമാനതകളില്ലാത്ത ദുരിതങ്ങളെയാണ് 2016 മുതൽ 2021 വരെയുള്ള എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് കേരളം അഭിമുഖീകരിച്ചത്. രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും അക്ഷരാർഥത്തിൽ മനുഷ്യജീവിതത്തെ വിറങ്ങലിപ്പിച്ച നാളുകളായിരുന്നു അത്. ജോലിയും കൂലിയുമില്ലാതെ വാസസ്ഥലങ്ങളിൽ അടച്ചിടപ്പെട്ട മനുഷ്യരെ പട്ടിണിയില്ലാതെ സംരക്ഷിക്കുന്ന മഹായത്നം ആ ഘട്ടത്തിൽ കേരള സർക്കാർ നടപ്പാക്കിയത് സപ്ലൈകോയിലൂടെയായിരുന്നു.
ഇത്തരം പ്രവർത്തനങ്ങൾ സർക്കാറിനുമേൽ വലിയ സാമ്പത്തികബാധ്യതയാണ് ഏൽപിച്ചത്. ഇതിനെ മറികടക്കാൻ കഴിയുന്ന ഒരു സഹായവും യൂനിയൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നു മാത്രമല്ല, ദ്രോഹകരമായ നിലപാടുകൾ അവർ സ്വീകരിക്കുകയും ചെയ്തു.
പ്രളയകാലത്ത് നൽകിയ അരിയുടെ വിലയായ 205.81 കോടി രൂപ സംസ്ഥാനത്തിന്റെ പക്കൽനിന്ന് പിടിച്ചുവാങ്ങുന്ന മനുഷ്യത്വരഹിതമായ നടപടിപോലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
യു.ഡി.എഫ് ഭരണകാലത്തെ 347 കോടി രൂപയടക്കം വിപണി ഇടപെടൽ ഇനത്തിൽ 1526 കോടി രൂപ സപ്ലൈകോക്ക് ലഭിക്കാനുണ്ട്. നെല്ല് സംഭരണവില കർഷകർക്കു നൽകിയ വകയിൽ 1000 കോടിയിലധികം രൂപ കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കാനുണ്ട്.
ഡിവിസിബ്ൾ പൂളിൽനിന്ന് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന നികുതിവിഹിതം 3.58ൽനിന്ന് 1.925 ശതമാനമായി കുറച്ചതിലൂടെ കേരളത്തിന് 18,000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായി. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയതിലൂടെ 12,000 കോടി, റവന്യൂകമ്മി ഗ്രാന്റിൽ വരുത്തിയ കുറവിലൂടെ 8400 കോടി, വായ്പാനുമതി പരിധി കുറച്ചതിലൂടെ 19,000 കോടി എന്നിങ്ങനെ 57,400 കോടി രൂപയുടെ വരുമാനനഷ്ടമാണ് ഈ വർഷം സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ളത്.
സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിൽ 13,600 കോടി രൂപയുടെ വർധന ഉണ്ടായിട്ടുകൂടിയും ജനക്ഷേമപ്രവർത്തനങ്ങൾ ഭംഗിയായി നിർവഹിക്കാൻ കഴിയാത്ത ധനഞെരുക്കത്തിലേക്ക് ഈ കേന്ദ്രനയങ്ങൾ സംസ്ഥാനത്തെ തള്ളിവിട്ടു.
ഈ സാഹചര്യത്തിലാണ് സപ്ലൈകോക്ക് വിപണി ഇടപെടൽ മൂലമുണ്ടാകുന്ന നഷ്ടം പൂർണമായും നികത്തിനൽകാൻ കഴിയാത്ത സ്ഥിതി സർക്കാറിന് വന്നുചേർന്നത്. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കാതെയും യുക്തിസഹമായും സബ്സിഡി നിരക്കുകൾ പരിഷ്കരിക്കേണ്ടതായി വന്നത് ഈ പശ്ചാത്തലത്തിലാണ്.
പൊതുവിപണി വിലയിൽനിന്ന് ശരാശരി 35 ശതമാനം വിലക്കുറവിലാണ് നിലവിൽ സബ്സിഡി വിലകൾ പുതുക്കിനിശ്ചയിച്ചിട്ടുള്ളത്. പൊതുവിപണിയിൽ 1447 രൂപക്ക് ലഭിക്കുന്ന സാധനങ്ങൾ 933 രൂപക്കാണ് ഗുണഭോക്താവിന് ലഭിക്കുക. ചില്ലറ വിൽപനമേഖലയിലെ വിലക്കയറ്റവും ചൂഷണവും തടഞ്ഞുകൊണ്ട് എക്കാലവും കേരളജനതക്ക് കൈത്താങ്ങായ ഈ മഹാസ്ഥാപനത്തിന് പിന്തുണ നൽകാൻ ഏവരും മുന്നോട്ടുവരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.