‘നന്നായി പഠിച്ചതാണോ ഞങ്ങൾ ചെയ്ത കുറ്റം?’ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇത് ചോദിച്ചത് ഇത്തവണത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ വന്ന ഒരു പെൺകുട്ടിയാണ്. സാധാരണ കുടുംബത്തിലെ ഒരംഗം. അച്ഛൻ ൈഡ്രവർ. പഠിക്കാൻ മിടുക്കിയായതിനാൽ നീറ്റിൽ രണ്ടായിരത്തിന് താഴെ റാങ്കു കിട്ടി. അഞ്ചു ലക്ഷം രൂപ ഫീസ് എന്നത് താങ്ങാൻ കഴിയുന്നതല്ല. എങ്കിലും കിടപ്പാടം വിറ്റും കടം വാങ്ങിയും എങ്ങനെയെങ്കിലും ഒപ്പിക്കാമെന്ന് കരുതി വന്നപ്പോഴാണ് ഇടിത്തീ പോലെ ഫീസ് 11 ലക്ഷം രൂപയാക്കി സുപ്രീംകോടതി വിധി വന്നത്. അതോടെ അവൾ തകർന്നു പോയി. ആ കുട്ടി മാത്രമല്ല, നൂറുകണക്കിന് സമർഥരായ കുട്ടികളാണ് തകർന്നത്. തോരാത്ത കണ്ണുനീരുമായാണ് അവർ മടങ്ങിയത്. അലോട്ട്മെൻറ് ലഭിച്ച് ഫീസും അടച്ചു യാഥാർഥ്യമായിക്കഴിഞ്ഞെന്ന് കരുതിയ സ്വപ്നമാണ് അപ്രതീക്ഷിതമായി തകർന്നത്. അവരുടെ കണ്ണുനീർ വീണത് ഈ സർക്കാറിെൻറ നെഞ്ചിലാണ്.
ദേശീയതലത്തിൽ രണ്ടായിരത്തിനടുത്ത് റാങ്ക് വാങ്ങിയ ഈ മിടുക്കർ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ നിന്ന് ചവിട്ടി പുറത്താക്കപ്പെട്ടപ്പോൾ റാങ്ക് ലിസ്റ്റിൽ പിന്നിലുള്ള സാമ്പത്തിക ശേഷിയുള്ളവർ കയറിപ്പറ്റി. ഒന്നും രണ്ടുമല്ല, അറുനൂറിലേറെ കുട്ടികൾക്കാണ് അച്ഛനുമമ്മക്കും സാമ്പത്തികശേഷി ഇല്ലാത്തതിനാൽ കൈയിൽ കിട്ടിയ എം.ബി.ബി.എസ് സീറ്റ് വേണ്ടെന്ന് െവക്കേണ്ടി വന്നത്. കഴിഞ്ഞ മാസം 27ന് സ്വാശ്രയ കോളജുകളിലെ അലോട്ട്മെൻറ് പൂർത്തിയാവുമ്പോൾ ഒഴിവുണ്ടായിരുന്നത് വെറും 86 സീറ്റുകളാണ്. അപ്പോൾ 5 ലക്ഷമാണ് ഫീസ് എന്നായിരുന്നു ധാരണ. അലോട്ട്മെൻറ് ലഭിച്ച മിക്കവാറും കുട്ടികൾ ഫീസടച്ച് അഡ്മിഷൻ നേടുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഫീസ് 11 ലക്ഷമായി നിശ്ചയിച്ച് കോടതി വിധി വന്നത്. അതോടെ ഫീസ് അടച്ചവരും അടക്കാനായി പണം സ്വരുക്കൂട്ടി വന്നവരും കണ്ണുനീരോടെ പിന്മാറി. അങ്ങനെയാണ് 688 സീറ്റുകൾ ഒഴിവ് വന്നത്. അവയാണ് മാരത്തോൺ സ്പോട്ട് അഡ്മിഷനിൽ നികത്തപ്പെട്ടത്.
കേരളത്തിെൻറ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ദുരന്തമാണ് ഇത്തവണ സംഭവിച്ചത്. പക്ഷേ അത് യാദൃച്ഛികമായിരുന്നില്ല. തുടക്കം മുതലേ കൂട്ടക്കുഴപ്പമായിരുന്നു. അവസാനമായപ്പോൾ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് ഭ്രാന്തു പിടിക്കുന്ന അവസ്ഥയിലെത്തി. ഒരേ ദിവസം തന്നെ പരസ്പര വിരുദ്ധമായ പല ഉത്തരവുകൾ സർക്കാർ ഇറക്കി. ഫീസ് ഘടന പല തവണ മാറിമറിഞ്ഞു. ഇതിനിടയിൽപ്പെട്ട് കുട്ടികളും രക്ഷിതാക്കളും തീ തിന്നു. തുടക്കം മുതൽ മാനേജ്മെൻറുകളുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു സർക്കാറിനെയാണ് ഇത്തവണ കണ്ടത്. മാനേജ്മെൻറുകളുടെ കൈയിലെ കളിപ്പാവയാണോ സർക്കാർ എന്ന് സഹികെട്ട് ഹൈകോടതിക്ക് പോലും ചോദിക്കേണ്ടി വന്നു. പ്രതിപക്ഷത്തിരിക്കുമ്പോഴൊക്കെ സ്വാശ്രയ വിദ്യാഭ്യാസ മേഖലക്ക് എതിരെ അട്ടഹാസം മുഴക്കുകയും സമരം ചെയ്ത് നാട് കുട്ടിച്ചോറാക്കുകയും ചെയ്യുന്നവർ ഭരണത്തിലേറുന്നതോടെ മാനേജ്മെൻറുകളുടെ വിനീതവിധേയ ദാസന്മാരായി മാറുന്ന കാഴ്ച കഴിഞ്ഞ വർഷവും കണ്ടതാണ്.
ഇത്തവണത്തെ ദുരന്തത്തിന് കോടതികളെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് ആരോഗ്യ മന്ത്രിയും സർക്കാറും ശ്രമിക്കുന്നത്. സുപ്രീംകോടതിയല്ലേ 11 ലക്ഷം രൂപയായി നിശ്ചയിച്ചത്, ഞങ്ങൾ എന്തു ചെയ്യാൻ എന്നാണ് ചോദ്യം. എന്നാൽ സർക്കാറിെൻറ ബുദ്ധിശൂന്യതയോ, മാനേജ്മെൻറുകളുമായി ഒത്തുകളിക്കുന്നതിലെ അതിബുദ്ധിയോ കാരണമാണ് സുപ്രീംകോടതിയിൽനിന്ന് ഇത്തരമൊരു വിധി വന്നത്. കഴിഞ്ഞ വർഷം 10 ലക്ഷം രൂപയായിരുന്നില്ലേ ഫീസ്, ഇത്തവണ അത് എങ്ങനെ അഞ്ചു ലക്ഷം രൂപയായി എന്ന സുപ്രീംകോടതിയുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് യഥാർഥ വസ്തുതകൾ നിരത്തി കോടതിയെ ബോധ്യപ്പെടുത്താൻപോലും സർക്കാറിനായില്ല. കഴിഞ്ഞ വർഷം സർക്കാറുമായി കരാർ ഒപ്പിടാത്ത രണ്ട് കോളജുകൾക്ക് കോടതി താൽക്കാലികമായി നിശ്ചയിച്ച ഫീസാണ് 10 ലക്ഷം രൂപ. ആ കോളജുകളിലെ പ്രവേശനം പിന്നീട് റദ്ദാക്കപ്പെടുകയും ചെയ്തു. അതല്ല കഴിഞ്ഞ വർഷത്തെ യഥാർഥ ഫീസെന്നും കഴിഞ്ഞ വർഷം 25000 രൂപക്കും രണ്ടര ലക്ഷം രൂപക്കും പകുതിയോളം കുട്ടികൾക്ക് പഠിക്കാൻ കഴിഞ്ഞ നാല് തട്ട് ഫീസാണ് നിലവിലുണ്ടായിരുന്നതെന്നുമുള്ള വസ്തുത സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ സർക്കാറിന് കഴിയാതെ പോയി.
ചെയ്യേണ്ടതൊന്നും സമയത്തിന് ചെയ്യാതിരിക്കുക, ചെയ്യുന്നതെല്ലാം അബദ്ധമാവുക. സ്വാശ്രയ പ്രവേശനത്തിൽ സർക്കാറിെൻറ രീതി ഇതായിരുന്നു. ആദ്യം ഓഡിനൻസ് പുറപ്പെടുവിച്ചതു മുതൽ ഏറ്റവും ഒടുവിൽ ബാങ്ക് ഗാരൻറിയുടെ ബാധ്യത സർക്കാർ ഏറ്റെടുത്തത് വരെ ഈ അലംഭാവം തെളിഞ്ഞു കാണാം. മൂന്ന് തവണയാണ് ഓഡിനൻസ് പുറപ്പെടുവിക്കേണ്ടി വന്നത്. ഓഡിനൻസ് അനുസരിച്ച് രൂപവത്കരിച്ച കമ്മിറ്റിയുടെ ഘടന പോലും തെറ്റി. ഏറ്റവും ഒടുവിൽ വലിയൊരു ത്യാഗം ചെയ്യുന്ന മട്ടിൽ ബാങ്ക് ഗാരൻറിയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. അലോട്ട്മെൻറും സ്പോട്ട് അഡ്മിഷെൻറ ആദ്യ ദിനവും കടന്നുപോയതിന് ശേഷമാണ് സർക്കാർ ഗാരൻറി നിൽക്കാൻ സമ്മതിച്ചത്. അതായത് നീറ്റ് മെറിറ്റിലെ മിടുക്കരുടെ ഈഴം കഴിഞ്ഞുപോയ ശേഷം. സ്പോട്ട് അഡ്മിഷനിലെ അവസാന ദിവസത്തെ കുറച്ചു കുട്ടികൾക്ക് മാത്രമേ സർക്കാർ ഗാരൻറിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടാവൂ. എന്നാൽ സുപ്രീംകോടതിയിലും ഇതേ പ്രശ്നം ഉയർന്നുവന്നതായിരുന്നു. സർക്കാറിന് ഗാരൻറി നിൽക്കാമോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് സർക്കാർ മറുപടി നൽകിയില്ല. കൃത്യസമയത്ത് ഫീസ് നിർണയിക്കുകയും അലോട്ട്മെൻറ് നടപടികൾ തുടങ്ങാതിരിക്കുകയും ചെയ്തതാണ് ഇത്തവണത്തെ കൂട്ടദുരന്തത്തിനുള്ള മുഖ്യകാരണം. നീറ്റ് മെറിറ്റിൽ ഇത്തവണ പ്രവേശനം നടത്തണമെന്ന കേന്ദ്രത്തിെൻറ വിജ്ഞാപനം 2017 മാർച്ച് 11 ന് തന്നെ വന്നിരുന്നു. പക്ഷേ സർക്കാർ ഉറക്കത്തിലായിരുന്നു. വിലപ്പെട്ട മൂന്നു മാസം കൂടി കടന്നുപോയിട്ടാണ് സർക്കാർ ഫീസ് നിർണയ കമ്മിറ്റിയെ െവച്ചതുതന്നെ.
രാജേന്ദ്ര ബാബു കമ്മിറ്റി അഞ്ചുലക്ഷം രൂപയെന്ന് ഫീസ് നിശ്ചയിക്കുകയും ഹൈകോടതി അത് അംഗീകരിക്കുകയും ചെയ്തിട്ടും കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയെപ്പറ്റി സർക്കാർ എന്തിനാണ് ചില മാനേജ്മെൻറുകളുമായി ചർച്ച എന്ന നാടകമാടിയതെന്ന് ഇനിയെങ്കിലും തുറന്ന് പറയണം. മറ്റു മാനേജ്മെൻറുകൾക്ക് കോടതിയിൽ പോകാനും സർക്കാറിനെതിരെ തെളിവ് നിരത്താനും പഴുത് നൽകിയത് ഈ ദുരൂഹ നടപടിയാണ്. വ്യക്തമായ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ കാണുന്നത്.നീറ്റ് നിർബന്ധമാക്കിയതോടെ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാനുള്ള സുവർണാവസരമാണ് കുടില തന്ത്രങ്ങളിലൂടെ സർക്കാർ അട്ടിമറിച്ചത്. മാനേജ്മെൻറുകളുമായി സർക്കാർ നടത്തിയ ഒത്തുകളിക്കിടയിൽപ്പെട്ട് ചതഞ്ഞരഞ്ഞ മിടുക്കരായ കുട്ടികളുടെ കണ്ണുനീരിന് ഈ സർക്കാറിന് മാപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.