ഫോട്ടോ ജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിയുടെ ദാരുണ മരണത്തിലെ വിഷമം പരസ്യമായി പ്രകടിപ്പിക്കാത്തതു വഴി പ്രധാനമന്ത്രി അബദ്ധമല്ലേ കാണിച്ചത്? സർക്കാർ ഭാഗത്ത് നിന്ന് ആകെ ഒരു ട്വീറ്റാണ് വന്നത്. വിദേശകാര്യ സെക്രട്ടറിയുടെ അപലപന പ്രസ്താവനയും. പക്ഷേ, നരേന്ദ്രമോദിയുടെ മൗനം വ്യത്യസ്തമാണ്. എല്ലാ കാര്യങ്ങൾക്കും എപ്പോഴും ആദ്യമേ ട്വീറ്റ് ചെയ്യുന്നയാളാണ്, അത് നിരന്തരം ചെയ്യുന്ന ആളുമാണ്. അങ്ങനെയുള്ളയാൾ ചെയ്യാതിരിക്കുേമ്പാൾ, മൗനം ശ്രദ്ധിക്കപ്പെടും. ചോദ്യങ്ങളുമുയരും.
എന്തിനേക്കുറിച്ച് പ്രതികരിക്കണം, എവിടെ നിശബ്ദത പാലിക്കണം എന്നതൊക്കെ മോദിയുടെ വിശേഷാധികാരമാണെന്ന കാര്യം സമ്മതിക്കുന്നു. ആർക്കും അദ്ദേഹത്തെ നിർബന്ധിക്കാനൊന്നുമാവില്ല. പക്ഷേ, അത് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ബാധകമാണോ? അതും നാട്ടുകാരനൊരാൾ വിദേശത്ത് അതിദാരുണമാം വിധം കൊല്ലപ്പെടുേമ്പാൾ?ഭൂമിയിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രിക്ക് പ്രതികരിക്കാനാവില്ല എന്ന കാര്യവും സമ്മതിക്കുന്നു. പക്ഷേ, ദാനിഷിന്റെ കൊലപാതകം അത്തരമൊരു വെറും സംഭവമായിരുന്നോ?
സംഭവം നടന്ന് മണിക്കൂറുകൾക്കകം അഫ്ഗാൻ പ്രസിഡൻറും യു.എസ് പ്രസിഡൻറും യു.എൻ. സെക്രട്ടറി ജനറലുമെല്ലാം തങ്ങളുടെ അഗാധ ദുഖം പരസ്യമായി പ്രകടിപ്പിച്ചു. കൊലപാതകത്തിൽ ആരോപണ വിധേയരായ താലിബാൻ പോലും ഖേദം പറഞ്ഞു. ദേശീയ-അന്തർദേശീയ തലത്തിലെ പ്രധാന മാധ്യമങ്ങളെല്ലാം ഉപചാരക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. അദ്ദേഹം പകർത്തിയ അതുല്യ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ബി.ബി.സി അവരുടെ ബുള്ളറ്റിനിൽ അഞ്ചു മിനിറ്റ് ദാനിഷിനായി നീക്കിവെച്ചു. വാഷിങ്ടൺ പോസ്റ്റ് ഏതാണ്ട് ഒരു മുഴുപ്പേജ് തന്നെ. ഞാൻ കാണുകയോ വായിക്കുകയോ ചെയ്യുന്ന ഇന്ത്യൻ ചാനലുകളും പത്രങ്ങളുമെല്ലാം അതു തന്നെ ചെയ്തു.
ഓർക്കണേ, സിദ്ദീഖി ഒരു സാദാ ഫോട്ടോജേർണലിസ്റ്റല്ല. വിഖ്യാതമായ പുലിറ്റ്സർ സമ്മാന ജേതാവാണ്. ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥി ക്യാമ്പുകളിലെ സഹനത്തിന്റെയും ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിലെ സങ്കടങ്ങളുടെയും അദ്ദേഹം പകർത്തിയ കാഴ്ചകൾ വാർത്തകളെ അവിസ്മരണീയ ചിത്രങ്ങളാക്കി മാറ്റി. വാക്കുകൾക്ക് ജീവൻ പകർന്നു ആ ചിത്രങ്ങൾ.
അതിനേക്കാളെല്ലാമുപരിയായി അദ്ദേഹം നമ്മിലൊരാളായിരുന്നു. ആ സിരകളിലൂടെയോടിയ രക്തം നിങ്ങളുടെതിനും എന്റെതിനും സമാനമായിരുന്നു. റോയിട്ടേഴ്സിലെ ഏറ്റവുമധികം അറിയപ്പെട്ട, ബഹുമാനിക്കപ്പെട്ട പ്രഗൽഭനായ ഇന്ത്യൻ ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നു. അതു കൊണ്ടാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ സങ്കടപ്പെടേണ്ടതുണ്ടെന്ന് ലോകത്തിന് തോന്നിയത്. എന്നിട്ടെന്തു കൊണ്ടാണ് അദ്ദേഹത്തിന്റെ സ്വന്തം പ്രധാനമന്ത്രിക്ക് തോന്നാത്തത്?ഞാൻ മറ്റൊരു ചോദ്യം ചോദിക്കട്ടെ, സിദ്ദീഖി എടുത്ത അവിസ്മരണീയമായ ചിത്രങ്ങളാണോ പ്രധാനമന്ത്രിയുടെ വായടപ്പിക്കുന്നത്?
രണ്ടാം തരംഗത്തിന്റെ ദുരിതങ്ങളും ഭയാനകതയും അതേപടി ലോകത്തിന് മുന്നിൽ പകർത്തിവെച്ച പത്രക്കാരന്റെ മരണത്തിൽ പ്രതികരിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചതാണോ? കൊറോണ വൈറസിനെ മലർത്തിയടിച്ചെന്ന ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി വീമ്പിളക്കിയതുൾപ്പെടെ ഇന്ത്യയുടെ ഇക്കാര്യത്തിലെ അവകാശ വാദങ്ങൾ വെറും കള്ളവും പൊള്ളയുമായിരുന്നുവെന്ന് ഏതൊരു പ്രബന്ധത്തേക്കാളും മൂർച്ചയോടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നല്ലോ. ഹോളിയാഘോഷങ്ങളുടെയും വാരാണസിയിലെ ആരതിയുഴിയലിന്റെയും കന്യാകുമാരിയിലെ സൂര്യാസ്തമനത്തിന്റെയും ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയിരുന്നതെങ്കിൽ പ്രധാനമന്ത്രിയുടെ ട്വിറ്ററിന് മൊഴിയാട്ടമുണ്ടായിരുന്നേനെ?
പ്രധാനമന്ത്രിയുടെ പാർട്ടിക്കാർക്കും അനുഭാവികൾക്കും ആരാധകർക്കും ഇതെല്ലാം വേദനിപ്പിക്കുന്ന ചോദ്യങ്ങളായിരിക്കുമെന്നതിൽ സംശയമില്ല. പക്ഷേ, ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് മനുഷ്യർ ഉയർത്തുന്ന ചോദ്യങ്ങളാണിത്.മൂന്നാമത്തെ ചോദ്യം ഏറ്റവും വിഷണ്ണമായ ചോദ്യമാണ്. പക്ഷേ ഇത് ചോദിക്കുക എന്നത് ഏറ്റവും സാംഗത്യമുള്ള കാര്യവുമാണ്. സിദ്ദീഖി മുസ്ലിം ആയതു കൊണ്ടാണോ പ്രധാനമന്ത്രി മൗനം പാലിക്കുന്നത്? പലരും ഇക്കാര്യം സംശയിക്കുന്നുണ്ട്, മറ്റു പലർക്കും ഇതിൽ തരിമ്പ് സംശയമില്ല. മോദിക്കല്ലാതെ മറ്റാർക്കും ഇതിന് ഉത്തരം പറയാൻ കഴിയില്ല.
പുലിറ്റ്സർ സമ്മാനം നേടിയ ഫോട്ടോഗ്രാഫറുടെ പേര് ദേവീന്ദർ ശർമ്മ എന്നായിരുന്നെങ്കിൽ താലിബാന്റെ കൈകളാൽ അദ്ദേഹം കൊല്ലപ്പെട്ടാൽ ബി.ജെ.പിക്കാർ ആ മരണത്തെ ഇതുപോലെ അവഗണിക്കുമായിരുന്നോ? അദ്ദേഹത്തിന്റെ പേര് ധരംസിങ് എന്നോ ഡെസ്മണ്ട് സിക്വേറിയ എന്നോ ഒക്കെയായിരുന്നെങ്കിൽ ഈ മരണത്തിന് മുന്നിൽ ഇത്തരം നിശബ്ദതയുണ്ടാകുമായിരുന്നോ?ഇത്രയൊക്കെ ചോദിക്കേണ്ടി വന്നതിൽ ഞാൻ ദുഖിതനും അസ്വസ്ഥനുമാണ്.മോദിയുടെ മൗനമല്ല അലോസരപ്പെടുത്തുന്നത്, മറിച്ച് നമ്മുടെ പ്രധാനമന്ത്രി അതേക്കുറിച്ചൊന്നും മിണ്ടുന്നില്ല എന്നതാണ്.
(കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.