ലക്ഷ്യമിടുന്നത് അടിത്തട്ടിലേക്കും നീളുന്ന വികസനം –ഡോ. ജോ ജോസഫ്

നഗരസ്വഭാവമുള്ള മണ്ഡലമാണെങ്കിലും തൃക്കാക്കരക്ക് മറ്റൊരു മുഖം കൂടിയുണ്ട്. കൂരവെക്കാൻ സ്വന്തമായി മണ്ണില്ലാതെ പുറമ്പോക്കിലും ചേരികളിലും അന്തിയുറങ്ങുന്ന ജനങ്ങളും അടങ്ങുന്നതാണ് മണ്ഡലം. സർക്കാർ പ്രഖ്യാപിക്കുന്ന വൻകിട പദ്ധതികൾ തൃക്കാക്കരയുടെ വികസനക്കുതിപ്പിന് ഉതകുന്നതാണ്. എന്നാൽ, ഇതിനൊപ്പം ദരിദ്രരടക്കം എല്ലാ ജനങ്ങളെയും സ്പർശിക്കുന്ന സർവതലസ്പർശിയായ വികസനം കൂടിയാണ് സ്വപ്നം.

കെ-റെയിൽ മുഖച്ഛായ മാറ്റും

കെ-റെയിലിന്‍റെ ഒരു പ്രധാന സ്റ്റേഷൻ കാക്കനാട് വരുന്നതോടെ തൃക്കാക്കരയുടെ മുഖഛായ തന്നെ മാറിമറിയുമെന്ന കാര്യം ഉറപ്പാണ്. വാട്ടർ മെട്രോക്കും മെട്രോ റെയിലിനും സമീപമാണ് നിർദിഷ്ട കെ-റെയിൽ സ്റ്റേഷൻ. സംസ്ഥാനത്തിന്‍റെ ഏതുഭാഗത്തുനിന്നും കെ-റെയിൽവഴി കാക്കനാട് എത്തുന്നവർക്ക് കൊച്ചി നഗരത്തിലേക്ക് റോഡ് മാർഗം മാത്രമല്ല, ജലമാർഗത്തിലൂടെയും എളുപ്പത്തിലെത്താനാകും.

ഒരു റോഡോ പാലമോ കൊണ്ടുപോലും വികസനത്തിലേക്ക് കുതിച്ചുകയറാൻ സാധിക്കുന്ന സ്ഥലങ്ങൾ മണ്ഡലത്തിൽ ഏറെയുണ്ട്. കാക്കനാടിന് തൊട്ടടുത്ത തുതിയൂർ മേഖലയിലടക്കം ഈ സ്ഥിതി വിശേഷമുണ്ട്. ഓരോ മേഖലക്കും ഉചിതമായ പദ്ധതികളെന്തെന്ന് പരിശോധിച്ച് നടപ്പാക്കണം. വീടില്ലാത്തവർക്കും താമസയോഗയോഗ്യമായ വീടില്ലാത്തവർക്കും അതിനുള്ള സൗകര്യം ഒരുക്കി നൽകേണ്ട ബാധ്യതയിൽനിന്ന് ഒഴിഞ്ഞു മാറാനാവില്ല. ലൈഫ് പോലുള്ള സർക്കാർ പദ്ധതികളെ മാത്രമല്ല, മറ്റ് മാർഗങ്ങളും ഇതിനായി കണ്ടെത്താൻ ശ്രമിക്കും.

ലക്ഷ്യം മാതൃക ടൗൺഷിപ്

നഗരസൗന്ദര്യവത്കരണ പദ്ധതികളടക്കം നടപ്പാക്കി തൃക്കാക്കരയെ ഒരു മാതൃക ടൗൺഷിപ്പാക്കി മാറ്റണം. റോഡും റോഡോരങ്ങളുമടക്കം സൗന്ദര്യവത്കരണത്തിലൂടെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനുള്ള പദ്ധതികളാണ് വേണ്ടത്. സ്ത്രീസൗഹൃദ പദ്ധതികളും കുട്ടികൾക്ക് വേണ്ട വിനോദോപാധികളും മണ്ഡലത്തിന്‍റെ പൊതു ആവശ്യമാണ്. ഒട്ടേറെ ആശുപത്രികൾ മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യമേഖലയെയും ടൂറിസം മേഖലയെയും ബന്ധിപ്പിച്ച് പുതിയ പദ്ധതികൾ നടപ്പാക്കാൻ ഏറെ സാധ്യത നിലനിൽക്കുന്നിടമാണ് തൃക്കാക്കര.

മാലിന്യസംസ്കരണം അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന പ്രശ്നം

ഒറ്റപ്പെട്ട വീടുകളാൽ മാത്രമല്ല, ഭവന സമുച്ചയങ്ങളാലും സമ്പന്നമാണ് തൃക്കാക്കര. പൂർണമായും നഗരമായതിനാൽ ഫ്ലാറ്റുകൾ മണ്ഡലത്തിൽ കൂണുപോലെ മുളച്ചുപൊന്തിയിട്ടുണ്ട്. ഇതിന് പുറമെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ വേറെ. മാലിന്യം സംസ്കരിക്കാൻ ഫലപ്രദമായ ഒരു സംവിധാനവും മണ്ഡലത്തിലില്ല. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മാലിന്യസംസ്കരണ സംവിധാനങ്ങൾ രാജ്യത്തിനകത്തും പുറത്തും വിവിധയിടങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ നമ്മുടെ നാടിന് അനുയോജ്യമായതും ചെലവ് ചുരുങ്ങിയതുമായ പദ്ധതികൾ സംബന്ധിച്ച് പഠിക്കുകയും നടപ്പാക്കുകയുമാണ് ലക്ഷ്യം.

പാർട്ടിയുമായി അടുത്ത ബന്ധം

പണ്ടുമുതലേ സി.പി.എമ്മുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. പാർട്ടി നേതൃത്വത്തിലുള്ള പ്രോഗ്രസിവ് ഡോക്ടേഴ്സ് ഫോറം എന്ന സംഘടനയുടെ തൃക്കാക്കര ബ്രാഞ്ച് അംഗമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃക്കാക്കര, കളമശ്ശേരി, തൃത്താല മണ്ഡലങ്ങളിലെ ഇടതു സ്ഥാനാർഥികളുടെ പ്രചാരണത്തിന് സജീവമായി രംഗത്തുണ്ടായിരുന്നു. എം.എൽ.എ ആയാലും ഡോക്ടർ എന്ന നിലയിലുള്ള സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല. പാർട്ടി അനുവദിച്ചാൽ ജനപ്രതിനിധിയായി തന്നെ ആരോഗ്യരംഗത്തെ സേവനം തുടരാനാണ് താൽപര്യം.

ആരോപണങ്ങളിൽ പ്രതികരിക്കാനില്ല

സഭയുടെ നോമിനിയായാണ് സ്ഥാനാർഥിയായതെന്ന ആരോപണത്തിൽ ഒന്നും പ്രതികരിക്കാനില്ല. മാധ്യമങ്ങളാണ് ഇത്തരമൊരു ആരോപണമുന്നയിച്ചത്. പിന്നീടത് യു.ഡി.എഫ് അടക്കം വൃത്തികെട്ട രാഷ്ട്രീയ താൽപര്യത്തോടെ ഉപയോഗിക്കുകയായിരുന്നു. സ്ഥാനാർഥി എന്ന നിലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ. ആരോപണത്തിനുള്ള മറുപടി പാർട്ടി നേതൃത്വം നൽകിക്കഴിഞ്ഞു. തൃക്കാക്കര മണ്ഡലം യു.ഡി.എഫ് കുത്തകയൊന്നുമല്ല. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി തന്‍റെ വിജയത്തിനായി ഒപ്പമുണ്ട്. വിജയം സുനിശ്ചിതമാണ്.

Tags:    
News Summary - Targeted and extended development to the grassroots - Dr. Jo Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.