ഏറെ പരിമിതികൾക്കിടയിലും ക്ലാസ്മുറികൾക്കുള്ളിലും പുറത്തും സന്തോഷത്തോടെ നടന്ന പ്രക്രിയയായിരുന്നു അധ്യാപനം. പഴയകാലത്തെ അധ്യാപക കേന്ദ്രീകൃത (Teacher centered) ക്ലാസ്റൂം എന്നതിൽനിന്ന് മാറി കുറെയൊക്കെ ശിശു കേന്ദ്രീകൃത (Child centered) ക്ലാസ്റും എന്നതിലേക്ക് നാം എത്തിയിരുന്നു. മറ്റു പ്രഫഷനൽ കോഴ്സ് പോലെ ആദ്യം കുട്ടികൾ തെരഞ്ഞെടുക്കുന്ന ഒന്നായി ഇതുവരെ ടീച്ചിങ് പ്രഫഷൻ മാറിയിട്ടില്ല. മിക്കവാറും നമ്മുടെ ടീച്ചർ എജുക്കേഷൻ കേന്ദ്രങ്ങൾ പഴയ 'ഗുരു-ശിഷ്യ'എന്ന മായാവലയത്തിൽപെട്ട് അതിവിനയവും ഭയവും ജനാധിപത്യ വിരുദ്ധതയും പ്രകടിപ്പിക്കുന്ന ഇടങ്ങളായി മാറിയിട്ടുമുണ്ട്. വിദ്യാഭ്യാസത്തിെൻറ വിശിഷ്യ ക്ലാസ്മുറികളിലെ ജനാധിപത്യ സ്വഭാവത്തെ കുറിച്ച് നാം വാചാലമാകുമെങ്കിലും അധ്യാപകർ നല്ല സുഹൃത്തും വഴികാട്ടിയുമാണെന്ന മനോഹരമായ ആശയ സാക്ഷാത്കാരത്തിലേക്ക് നാം ഇനിയും എത്തിച്ചേർന്നിട്ടില്ല. ഈ നിലവാരത്തകർച്ചയുടെ ഉത്തരവാദിത്തം കേവലം അധ്യാപകരിൽ കെട്ടിയേൽപ്പിക്കേണ്ട ഒന്നല്ല; അവരെ തെരഞ്ഞെടുക്കുന്ന രീതി, നൽകുന്ന വിദ്യാഭ്യാസം, പരിശീലനം, പിന്തുണ തുടങ്ങിയവയും ഇതിന് ഘടകങ്ങളാണ്. ക്ലാസ്മുറികളെ സാങ്കേതികവിദ്യാ സൗഹൃദമാക്കി മാറ്റുന്നതിലൂടെ നമ്മുടെ അധ്യാപന പ്രക്രിയ മെച്ചപ്പെട്ടതാക്കാൻ കഴിയും. പക്ഷേ, അധ്യാപകരുടെ സാമീപ്യംപോലും ഹൈജാക്ക് ചെയ്യുന്ന സാങ്കേതികവിദ്യ കടന്നുകയറ്റത്തെ കരുതിയിരിക്കുകയും വേണം.
കോവിഡ്കാല അധ്യാപനം
വിദ്യാർഥികളെയും അധ്യാപകരെയും വീട്ടിൽ തളച്ചിട്ട കോവിഡ്, സ്കൂളുകളെ കേവലം ചലനമറ്റ കോൺക്രീറ്റ് കെട്ടിടമാക്കി മാറ്റി. നമ്മുടെ വിദ്യാഭ്യാസം ഏറെക്കുറെ ഓൺ ലൈനിലായി. പക്ഷേ, അധ്യാപകർക്ക് ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം നാം നൽകിയോ? സാങ്കേതിക വിദ്യയുടെ ഉപയോഗം പതുക്കെ പഠിച്ചുവന്നിരുന്ന നമ്മുടെ അധ്യാപക സമൂഹത്തിനു മുന്നിലേക്ക് വന്ന വലിയ വെല്ലുവിളിയായിരുന്നു ഇത്. ഇത് ഇന്നും പരിഹരിക്കപ്പെടാതെ നിൽക്കുന്നു. അതിനിടെ, ഓൺലൈൻ ടീച്ചിങ്ങിെൻറ അനന്തമായ സാധ്യതകളെ മുന്നിൽക്കണ്ട് കച്ചവടക്കണ്ണോടുകൂടി വിദ്യാഭ്യാസ മേഖലയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഒരുപറ്റം കോർപറേറ്റുകൾ. പലരും അതിൽ വിജയിച്ചുകഴിഞ്ഞു. ഒരു ടീച്ചറും അനേകായിരം വിദ്യാർഥികളും എന്നതാണ് അവരുടെ ആപ്തവാക്യം.
അധ്യാപനം കോവിഡിനു ശേഷം
വിദ്യാഭ്യാസ മേഖലയിൽ കടന്നുകൂടിയ കോർപറേറ്റുകൾ ഇനി അധ്യാപകരുടെ റോൾ എന്താണെന്ന് നിർവചിക്കും. കുട്ടികൾക്ക് സ്വയം പഠിക്കാൻ കഴിയും എന്ന് ശക്തമായി പ്രചരിപ്പിക്കും. വിദ്യാഭ്യാസം എന്നത് വിവര ശേഖരണമാണെന്നും അവസാനം പരീക്ഷയിലൂടെ അത് തെളിയിച്ചാൽ മിടുക്കരായി എന്നും വ്യാഖ്യാനിച്ചുകൊണ്ടേയിരിക്കും. വിദ്യാഭ്യാസ പ്രക്രിയയുടെ പരമപ്രധാന ലക്ഷ്യങ്ങളും ധർമങ്ങളും ബോധപൂർവം വിസ്മരിക്കുകയാണിവിടെ. മനുഷ്യനെ സാമൂഹിക ജീവിയായി പരിവർത്തിപ്പിച്ചെടുക്കേണ്ട വലിയ ഉത്തരവാദിത്തം നിർവഹിക്കുന്ന ക്ലാസ്മുറികൾ തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തെ അറിയുന്ന, ക്ലാസ്മുറികളിലെ ജനാധിപത്യ പ്രക്രിയയിലൂടെ പാട്ടുകളും വരകളും പരീക്ഷണങ്ങളും വഴി ഓരോ കുട്ടിയെും നേരിട്ട് അറിയാവുന്ന, സ്നേഹിക്കുന്ന ഒരാളാണ് നല്ല അധ്യാപിക/അധ്യാപകൻ എന്ന ഉത്തരം പഴങ്കഥയാവുകയാണ്. മറിച്ച്, സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ മുന്നിൽ വിസ്മയം തീർക്കാൻ കഴിവുള്ളവരാണ് മികച്ചവർ എന്നതാണ് പുതിയ നിർവചനം.
ഇനി പരിഷ്കരണങ്ങളുടെ കാലം
സ്കൂൾ വിദ്യാഭ്യാസം മാത്രമല്ല, ഉന്നത വിദ്യാഭ്യാസം മുഴുവൻ ഉടച്ചുവാർക്കുന്ന പരിഷ്കരണങ്ങളിലേക്ക് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ചുമലിലേറി രാജ്യം യാത്ര തുടങ്ങിക്കഴിഞ്ഞു. ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞ മിശ്രിത പഠനവും (Blended learning) അക്കാദിക് െക്രഡിറ്റ് ബാങ്കും കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് ലഭിച്ച സ്വീകാര്യതയിൽനിന്നും ആവേശം ഉൾക്കൊണ്ട ഒന്നാണ്. വിദ്യാഭ്യാസ മേഖലയിൽ പൊതുനിക്ഷേപം ഇല്ലാതെതന്നെ എങ്ങനെ ഗ്രോസ് എൻറോൾമെൻറ് റേഷ്യോ (Gross Enrolment Ratio) വർധിപ്പിച്ച് 2035 ഓടുകൂടി GER 50%ൽ എത്തിക്കാം എന്നതാണ് ഇതുവഴി ശ്രമിക്കുന്നത്. കുട്ടികൾക്ക് അവരുടെ ഡിഗ്രികളും അധ്യാപകരെയും സ്വയം തെരഞ്ഞെടുക്കാം, ഒരു വർഷമോ രണ്ടു വർഷമോ കഴിയുേമ്പാൾ വിടുതൽ നേടി പോകാം തുടങ്ങിയവയെല്ലാം ഇതിെൻറ തുടർച്ചയാണ്. കേൾക്കാൻ രസമുള്ളതെങ്കിലും ലോകരാജ്യങ്ങൾക്കിടയിൽ തന്നെ (ഉദാ: കൊറിയ, യൂറോപ്യൻ രാജ്യങ്ങൾ) ഇതിെൻറ പരാജയം രുചിച്ചവരുമുണ്ട്. ഈ പരിഷ്കരണങ്ങൾക്കിടയിൽ വിദ്യാഭ്യാസ പ്രക്രിയയുടെ പാതയോരത്ത് സ്വയം സൃഷ്ടിച്ച ഓൺലൈൻ കോഴ്സുമായി, നിശ്ചിത െക്രഡിറ്റ് വിലപേശി വിൽക്കാനും ആകർഷണീയമായ കോഴ്സുകൾ ഡിമാൻഡ് അനുസരിച്ച് ഉണ്ടാക്കി വിൽക്കുവാനും സ്വകാര്യ കേമ്പാളത്തിെൻറ അടിമകളാകാനും പോകുന്ന വിഭാഗം അധ്യാപക സമൂഹമായിരിക്കും എന്ന് ഇപ്പോൾ പറഞ്ഞാൽ ചിലരെങ്കിലും ആശ്ചര്യപൂർവമേ വായിക്കുകയുള്ളൂ. പക്ഷേ, നാളത്തെ ചിത്രം അതായിരിക്കും.
ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവെച്ച നാഷനൽ പ്രഫഷനൽ സ്റ്റാൻഡേഡ് ഫോർ ടീച്ചേഴ്സ് (എൻ.പി.എസ്.ടി) 2022 ഒാടുകൂടി നടപ്പാക്കാനുള്ള നീക്കങ്ങൾ നടന്നുവരുന്നു. ഇതിനുവേണ്ടിയിട്ടുള്ള കമ്മിറ്റി രൂപവത്കരിച്ച് കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ലോകത്ത് വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ നിലവിലുള്ള (ആസ്ട്രേലിയ ഉദാഹരണം) എൻ.പി.എസ്.ടി രാജ്യത്തും നടപ്പാക്കുകവഴി അധ്യാപകരുടെ സ്ഥാനക്കയറ്റം, ശമ്പളം മറ്റു അംഗീകാരങ്ങൾ തുടങ്ങിയവ കേവലം കാലയളവോ സീനിയോറിറ്റിയോ പരിഗണിച്ചല്ല നൽകുക മറിച്ച് എൻ.പി.എസ്.ടി നിശ്ചയിക്കുന്ന സ്കോറിനെ അനുസരിച്ചാകും.
85 മില്യൻ അധ്യാപകർ ലോകത്തുണ്ടെന്നാണ് ലോകബാങ്കിെൻറ റിപ്പോർട്ട് പറയുന്നത്. യൂനിസെഫ് കഴിഞ്ഞമാസം 142 രാജ്യങ്ങളിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത് കുട്ടികൾക്ക് റെമഡിയൽ ടീച്ചിങ് (Remadial Teaching) നൽകേണ്ടതിെൻറ ആവശ്യകതയാണ്. അതിൽ കൂടുതലും പാർശ്വവത്കരിക്കപ്പെട്ട കുട്ടികളും ഭിന്നശേഷിക്കാരുമുണ്ട്. അവരുടെ പഠനനിലവാരം ഉറപ്പാക്കുന്നതോടൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ ഓരോ കുട്ടിയും അനുഭവിച്ച മാനസിക സമ്മർദവും പരിഗണിക്കേണ്ടതും അധ്യാപകർ തന്നെയാണ്. കുട്ടിയുടെ സർവതോമുഖമായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത് എന്നത് സാക്ഷാത്കരിക്കാൻ അധ്യാപക സമൂഹം താങ്ങായും തണലായും നിൽക്കേണ്ടതുണ്ട്. അതാണ് ഈ അധ്യാപക ദിനം നമ്മോട് പറയുന്നതും.
(കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് അസോസിയറ്റ് പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.