പെൺ പ്രതിരോധത്തിെൻറ പുതിയ ഭാവം കണ്ട് അക്ഷരാർഥത്തിൽ അമ്പരന്നിരിക്കുകയാണ് കേരളം. പുരോഗമന സമൂഹമെന്ന് വിശേഷിപ്പിക്കപ്പെടുേമ്പാൾതന്നെ ജീവിതത്തിെൻറ നാനാതുറകളിലും സ്ത്രീകളുടെ നേർക്കുള്ള അതിക്രമങ്ങളുടെ കാഠിന്യം ഒരു വിഷയമേ അല്ലാതായി മാറിയിടത്താണ് ചലച്ചിത്ര-സ്ത്രീയവകാശ പ്രവർത്തകയായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള വനിതകൾ ഒരു വ്യാജ യൂട്യൂബറെ കരിമഷിയൊഴിച്ചും കരണത്ത് പ്രഹരിച്ചും പരസ്യമായി നേരിടാൻ ചങ്കൂറ്റം കാണിച്ചത്.സൈബർ ഇടങ്ങളിലടക്കം ഇത്തരം കുറ്റവാളികൾക്കനുകൂലമായി നിയമസംവിധാനങ്ങൾ കൂടുതലായി വഴിമാറുന്ന സാഹചര്യത്തിൽ കൂടിയാണിത്. കേരളത്തിെൻറ പെൺസമര ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരധ്യായമായി മാറുന്ന ഇൗ സംഭവത്തോട് സമൂഹത്തിെൻറ വിവിധ മണ്ഡലങ്ങളിലുള്ള വനിതകൾ പ്രതികരിക്കുന്നു.
വാസ്തവത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതു ചെയ്യരുത് ചെയ്യരുത് എന്നു തന്നെയാണ് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്. ഒരുപാട് പൊലീസ് ഓഫിസർമാരുമായും അഭിഭാഷകരുമായും ജഡ്ജിമാരുമായൊക്കെ ഇതിനെ നേരിടുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഞാൻ സംസാരിച്ചു. നിയമപരമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നു പറഞ്ഞ് അവരെല്ലാം കൈമലർത്തി.
അപ്പോൾ ഞാൻ സത്യത്തിൽ വിചാരിച്ചത്, അവിടെ ചെന്ന് ഈ മനുഷ്യനോട് സംസാരിച്ച് മാപ്പു പറയിപ്പിക്കുക, അയാൾ ഇട്ട വിഡിയോ എടുപ്പിച്ച് അവിടെ വെച്ചുതന്നെ ഡിലീറ്റ് ചെയ്യിപ്പിക്കുക എന്നായിരുന്നു. പക്ഷേ, അവിടെ ചെന്നപ്പോൾ വളരെ മോശമായ വാക്ക് അയാൾ പ്രയോഗിച്ചു. ഇത്രയും വലിയ തെറ്റു ചെയ്തിട്ടും ഒരു കുറ്റബോധവുമില്ലാതെ അയാൾ സംസാരിച്ചപ്പോഴാണ് നിയന്ത്രണം വിട്ടുപോയത്.
ആ ചെയ്തത്, അപ്പോഴും ഇപ്പോഴും തെറ്റാണെന്ന് തോന്നിയിട്ടില്ല. എനിക്ക് മുൻകൂട്ടി ഇയാളെ അടിക്കണമെന്ന പ്ലാൻ ആയിരുന്നുവെങ്കിൽ ഗുണ്ടകളെ ഏർപ്പാടു ചെയ്യാമായിരുന്നു. എന്നോട് ഒന്നു രണ്ടു നിർമാതാക്കൾ ചോദിച്ചു. ഇതെന്തിനാണ് നിങ്ങൾ വ്യക്തിപരമായിട്ട് ഇറങ്ങിയത്. ആളെ വെച്ചൂകൂടായിരുന്നോ എന്ന്. നാണമില്ലേ നിങ്ങൾക്കിത് പറയാനെന്ന് ഞാൻ തിരിച്ചു ചോദിച്ചു. എനിക്ക് ശക്തിയില്ലാത്തതുകൊണ്ടാണോ ആളെ വെച്ച് അടിക്കേണ്ടത്? എനിക്ക് ധൈര്യമുണ്ട്. സമൂഹത്തിന് മുന്നിൽ മറച്ചുവെക്കാൻ ഒന്നുമില്ല.
അനീതിയെന്ന് തോന്നുന്നതിനോട് പ്രതികരിക്കാതിരിക്കാൻ എനിക്കാവില്ല. ഇക്കാര്യത്തിൽ വേണ്ടാ വേണ്ടാ എന്നു ഞാൻ പരമാവധി നോക്കി. പക്ഷേ, ഒാരോ സ്ത്രീയുടെയും സങ്കടം, അവരുടെ നിസ്സഹായാവസ്ഥ ഒക്കെ കാണുേമ്പാൾ ആരെങ്കിലും ഒന്നിറങ്ങേണ്ടേ എന്നാലോചിച്ചു. ഇതിനെതിരെ എന്നെ സോഷ്യൽ മീഡിയ വഴിയല്ലേ തെറി വിളിക്കുന്നുള്ളൂ. എെൻറ വീട്ടിൽ വന്ന് തെറി വിളിക്കാൻ ഇപ്പോഴും ഒരുത്തനും ധൈര്യം വന്നിട്ടില്ലല്ലോ. അതിനർഥമെന്താണ്? എന്നെ തെറിപറയാൻ തുനിയുേമ്പാൾ ഉണ്ടാവുന്ന ഒരു ഭയമില്ലേ? ആ ഭയം ഇവിടെ ഓരോ സ്ത്രീയും ഉണ്ടാക്കിയെടുക്കണം. 'നീ പറഞ്ഞാൽ ഞാൻ വെറുതേയിരിക്കുമെന്ന് വിചാരിക്കരുത്' എന്നൊരു ഭയം ഓരോ പെൺകുട്ടിയും ഓരോ സ്ത്രീയും അമ്മയും ഉണ്ടാക്കിയെടുക്കണം.
സ്ത്രീ സമരത്തിലെ വളരെ വിപ്ലവകരമായ ഒരേടാണിത്. കാരണം, കുറെ കാലമായി രാഷ്ട്രീയ സാമൂഹികവിഷയങ്ങളിൽ എന്തെങ്കിലും അഭിപ്രായം പറയുന്ന സ്ത്രീകളെ യോജിക്കാത്ത സന്ധികളിലെല്ലാം ആക്രമിക്കുന്നു. അതിൽ ഇടതു വലതുപക്ഷ വ്യത്യാസമില്ല. നമ്മുടെ ശരീരത്തിനെക്കാൾ മനസ്സിനെ മുറിവേൽപിക്കുകയാണ്. സമൂഹം മുഴുവൻ ആ മുറിവിനോട് കണ്ണടച്ചിരിക്കുകയാണ്. മകെൻറ വ്യക്തിപരമായ വിഷയത്തിൽ എന്നെയും ചേർത്ത് അശ്ലീലം പറഞ്ഞിട്ടുള്ള പലരും ഉണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും പരിഹാരമുണ്ടോ എന്ന് ചോദിച്ചപ്പോൾ, നിങ്ങൾക്ക് അപകീർത്തി കേസ് കൊടുക്കാം. എന്നാലും ഒരു കാര്യവുമില്ല എന്നാണ് നമുക്ക് കിട്ടുന്ന നിയമോപദേശം.
എല്ലാവരും ബഹുമാനിക്കുന്ന സുഗതകുമാരി ടീച്ചറെ കുറിച്ചു പോലും ഒരാൾ അയാൾക്ക് കേട്ടു കേൾവിമാത്രമുള്ളതുവെച്ച് വികൃതമായ മനസ്സുകൊണ്ട് മെനഞ്ഞുണ്ടാക്കിയ കള്ളക്കഥ വിളമ്പുന്നു. അതിനെതിരെ 24 മണിക്കൂർ കൊണ്ട് കേസ് കൊടുത്തു. ഡി.ജി.പിക്ക് കത്തുകളയച്ചു. ആരും ഒരു ചെറു വിരലനക്കുക പോലും ചെയ്തില്ല. ഇത് ചോദിക്കാനായി കുറച്ചു സ്ത്രീകൾ മുന്നിട്ടിറങ്ങി.
മാധ്യമങ്ങളുടെ ബലമുള്ളതുകൊണ്ടാണ് ഇവിടെ പലർക്കും അടികൊള്ളാതെ പോയത്. ജീവിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചവരെക്കുറിച്ച് സോഫ്റ്റ്പോൺ കഥകൾ പറഞ്ഞുണ്ടാക്കി, കാശിനുവേണ്ടി സ്ത്രീ ശരീരത്തെയും അവരുടെ ആത്മാഭിമാനത്തെയും വിറ്റ് ജീവിക്കുന്നവരോട് ചോദിക്കാനും പറയാനും മാധ്യമങ്ങളില്ല, പൊലീസില്ല, ആരുമില്ല. പിന്നെ അയാളുടെ ഭാഗവും പറഞ്ഞുകൊണ്ട് വരുകയാണ്. സ്ത്രീകൾ തെറി പറഞ്ഞു എന്ന്. എന്തേ സ്ത്രീകൾക്ക് തെറി പറയാൻ പറ്റില്ലേ? ആണുങ്ങൾ പറയുന്ന തെറി പ്രയോഗിച്ചതാണ് പ്രശ്നമെങ്കിൽ പെണ്ണുങ്ങളുടേതായ തെറി ഞങ്ങൾ ഉണ്ടാക്കാം. സ്ത്രീകളുടെ ആത്മാഭിമാനം മുറിഞ്ഞു ചാമ്പലാവുന്നത് കണ്ടിട്ട് ആർക്കും ഒരു കൂസലുമില്ലെങ്കിൽ നമ്മൾ നേരിട്ടു തെന്ന ഇറങ്ങും. അതു കണ്ടിട്ട് പൊള്ളുന്നുണ്ടെങ്കിൽ കറക്ടായ നിയമങ്ങൾ ഉണ്ടാക്കുക. അങ്ങനെ ഉണ്ടായില്ല എന്നുണ്ടെങ്കിൽ തിരിച്ച് ഇതുപോലുള്ള അതിക്രമങ്ങളും ഉണ്ടാവും.
വിജയന് പി. നായര്‍ ഒരു മനോരോഗത്തിെൻറ പേരല്ല. അത് കേരളത്തിലെ സാമൂഹികവും രാഷ്ട്രീയവുമായി പിന്നാക്കം നിൽക്കുന്ന ആണത്തത്തിെൻറ പേരാണ്. നാം അഭിമാനിക്കുന്ന നവോത്ഥാനത്തിെൻറയും മതേതരത്വത്തിെൻറയും സാമൂഹികനീതിയുടെയും മനോഹര ആവരണത്തിനുള്ളില്‍ സുഖമായി വളര്‍ന്നു വലുതാകുന്ന ജീർണതയുടെ യഥാര്‍ഥ രൂപമാണിയാൾ!
ഭാഗ്യലക്ഷ്മിയുടെ കലാപം പരാമര്ശിച്ചല്ലാതെ ഇനി കേരളത്തിലെ ഫെമിനിസ്റ്റ് മൂവ്മെൻറിന് മുന്നോട്ടു പോകാനാവില്ല. നോക്കൂ ആ യുട്യൂബ് വിഡിയോയില്‍ പരാമര്‍ശിച്ച വ്യക്തികള്‍ ആരെല്ലാം ആണെന്ന്. സ്വന്തം വ്യക്തിത്വത്താലും ധീരതയാലും പെണ്കീഴടങ്ങലുകളോട് കലഹിച്ചവരാണ് പരാമര്‍ശിതരായ ഓരോ സ്ത്രീയും.
വ്യവസ്ഥയോട് കലഹിക്കുന്ന പെണ്ണുങ്ങളെ ലൈംഗിക അധിക്ഷേപങ്ങള്‍ നടത്തിയും ശാരീരികാധിക്ഷേപങ്ങള് കൊണ്ടും തളര്‍ത്തിക്കളയാമെന്നത് കേരളസമൂഹത്തിെൻറ പൊതുധാരണയാണ്. വ്യക്തി വിരോധം തീര്‍ക്കാന്‍ ആണുങ്ങളെയും ലൈംഗികാധിക്ഷേപങ്ങള്‍ക്ക് ഇരയാക്കാറുണ്ടെങ്കിലും അവര്‍ പൊതുവെ അതിന് കീഴടങ്ങാറില്ല. കാരണം, മൊത്തം വ്യവസ്ഥ അവര്‍ക്ക് അനുകൂലമാണ്.
മതിയായ സൈബർ നിയമങ്ങളില്ല എന്നതുകൊണ്ടു തന്നെയാണ് ഇത് നമുക്ക് ചെയ്യേണ്ടി വന്നത്. അതൊരു വയലൻസ് അല്ല. പ്രതിരോധം തന്നെയാണ്. ഒരു ഉയിർത്തെഴുന്നേൽപാണ്. ഒരു മാസത്തിലധികമായി ആ കണ്ടൻറുള്ള വിഡിയോ യു ട്യൂബിൽ. രണ്ടര ലക്ഷം പേരാണ് അത് കണ്ടത്. പതിനായിരക്കണക്കിന് ലൈക്ക് ലഭിച്ചിട്ടുണ്ട്. അപ്പോൾ അയാൾക്കുള്ള ജീവനോപാധി കൂടിയാണ് ഈ അശ്ലീലം.
സൈബർ ലോകത്ത് സ്ത്രീകൾക്ക് എതിരിൽ നടക്കുന്ന കുറ്റകത്യങ്ങൾ എന്നു പറയുന്നത് ഐ.പി.സി കുറ്റകൃത്യങ്ങൾക്ക് തുല്യമാണ്. എന്നിട്ടും ഏതു കേസിലാണ് നമുക്കിവിടെ നീതി കിട്ടിയിട്ടുള്ളത്? സൈബർ നിയമ പ്രകാരം ഏതെങ്കിലും ഒരു കേസ് വൃത്തിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടോ? പരാതി കൊടുക്കുന്നവെൻറ ഉത്തരവാദിത്തമാണ് പരാതി തെളിയിക്കേണ്ടത് എന്നുവരുന്നു. ആ അർഥത്തിൽ നല്ലൊരു മാറ്റത്തിനുള്ള ആഹ്വാനമാണീ സംഭവം. എല്ലാവരും ആലോചിക്കട്ടെ എന്താണ് സൈബർ നിയമങ്ങൾ, സൈബർ സംവിധാനങ്ങൾ, ആർക്കൊക്കെ അവ ഉപയോഗപ്പെട്ടിട്ടുണ്ട് എന്ന്.
നിയമ പ്രകാരം ചെയ്യാനുള്ള ഒരേയൊരു കാര്യം എന്താണെന്ന് വെച്ചാൽ, പൊതു താൽപര്യ ഹരജി ഫയൽ ചെയ്യുക എന്നുള്ളതാണ്. അത് ഞാനും ബിന്ദു അമ്മിണി ടീച്ചറും ചേർന്ന് തയാറാക്കുന്നുണ്ട്. സൈബർ നിയമങ്ങളിൽ കാര്യമായ ഇടപെടലുകൾ നടത്തണമെന്നത് നേരത്തേ മനസ്സിലുള്ളതാണ്. അതിനുള്ള ഒരു തുടക്കമാണിത്. കാരണം, അഭിഭാഷക എന്നുള്ള നിലയിൽ ഇത്തരം നിരവധി കേസുകൾ നമ്മുടെ മുന്നിലുണ്ട്. ഇേപ്പാഴുള്ള നിയമം തീരെ പര്യാപ്തമല്ല. അതിലേക്കുള്ള നല്ലൊരു ഉശിരൻ പ്രതികരണമായിട്ടാണ് ഇത് തോന്നുന്നത്.
സ്ത്രീകൾെക്കതിരെ നിരന്തരമായി നേരിട്ടും വെർച്വൽ ആയും ഒരുപാട് അതിക്രമങ്ങൾ നടക്കുന്നു. ഇത് ആവർത്തിക്കപ്പെടുന്നതിെൻറ കാരണം, നമുക്ക് നിയമങ്ങൾ ഉണ്ട്. പക്ഷേ, നടപ്പാക്കുന്നിടത്ത് അവയൊക്കെ വളരെ ദുർബലമാവുന്നു എന്നതാണ്. നിരന്തരം പരാതികൾ കൊടുക്കുന്നു, പ്രതിഷേധിക്കുന്നു. പക്ഷേ,, അതിനെതിരെ നടപടിയുണ്ടാവുന്നേയില്ല. ഇപ്പോ തന്നെ നോക്കൂ. ഭാഗ്യലക്ഷ്മിക്കെതിരെ എടുത്ത കേസ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ്.
അതേസമയം, വളരെ മോശമായ വിഡിയോ ചെയ്ത അയാൾക്കെതിരെ ദുർബലമായ കേസ് ആണ് എടുത്തിട്ടുള്ളതെന്നാണ് മനസ്സിലാക്കുന്നത്. ഒരു പ്രശ്നമുണ്ടായാൽ, നിയമ സംവിധാനത്തിലും ഭരണസംവിധാനത്തിലും പ്രതീക്ഷ അർപ്പിച്ചുകൊണ്ടാണ് പരാതി കൊടുക്കുകയും മുന്നോട്ട് പോവുകയും ഒക്കെ ചെയ്യുന്നത്. പക്ഷേ, അതിലൊന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല. ഇത്തരത്തിൽ ചെയ്യാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്ന സാഹചര്യമാണിവിടെയുള്ളത്.
ആൾക്കൂട്ടം തല്ലിക്കൊല നടത്തുന്നതിനോട് ഇതിനെ സമീകരിക്കാനാവില്ല. കാരണം, ഇത്തരം അതിക്രമങ്ങൾ നിരന്തരമായിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ് സ്ത്രീകൾ. അങ്ങേയറ്റം സഹിച്ചതിനുശേഷം ഇങ്ങനെ പ്രവർത്തിക്കേണ്ടിവരുേമ്പാൾ അതിനെ ആൾക്കൂട്ട കൊലയുമായി സമീകരിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.