പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉന്നത നീതിന്യായ കോടതികളിൽ മതിയായ പ്രാതിനിധ്യം ലഭിക്കാതെ പോകുന്നത് എന്തുകൊണ്ടാണ്? ഹൈകോടതി-സുപ്രീംകോടതി ജഡ്ജിമാരുടെ സേവനവേതന വ്യവസ്ഥ ഭേദഗതി ബില്‍ 2021 സംബന്ധിച്ച രാജ്യസഭ ചര്‍ച്ചയിൽ സി.പി.എം അംഗം ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിൽനിന്ന്
ജഡ്ജിമാരെ സുതാര്യതയോടെ, ഉത്തരവാദിത്തത്തോടെ നിയമിക്കാനായി നിയമ നിര്‍മാണ, നീതിന്യായ, സ്ഥാപന പ്രതിധികള്‍ കൂടി ഉള്‍പ്പെട്ട ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന് വേണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. ന്യായാധിപ നിയമനം ഇരുളിെൻറ മറവില്‍ നിഗൂഢവും രഹസ്യവുമായി നടത്തേണ്ട പ്രക്രിയയല്ലല്ലോ. നമ്മുടെ ന്യായാധിപന്മാര് ആരൊക്കെയെന്നും അവരുടെ കഴിവും പ്രാപ്തിയും സത്യനിഷ്ഠയുമൊക്കെ എപ്രകാരമാണെന്നും ജനങ്ങള്‍ കൂടി അറിയട്ടെ.
ജഡ്ജി നിയമനത്തില്‍ കൊടുക്കവാങ്ങലുകളുടെ അൽപജനാധിപത്യം സൃഷ്ടിക്കുകയാണോ നമ്മൾ?. രാജ്യത്ത് ജഡ്ജി കുടുംബങ്ങള്‍ തന്നെയുണ്ട്. ഒരു ജഡ്ജിയുടെ ഹൈകോടതി വെബ്സൈറ്റിലെ പ്രഫൈല്‍ നോക്കാം. അദ്ദേഹം ജൂലൈ ഏഴിനു ജനിച്ചു. ജുഡീഷ്യറിയുമായി അടുത്തിടപഴകിയിരുന്ന കുടുംബാംഗമാണ്. മാതാവിെൻറ മുതുമുത്തച്ഛന് പട്ന ഹൈകോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്നു. ഒരു അമ്മാവന് മുന്‍ സുപ്രീംകോടതി ജഡ്ജിയും മറ്റൊരു അമ്മാവന് സിറ്റിങ് ജഡ്ജിയുമാണ്. സത്യനിഷ്ഠയുള്ള മികച്ച ജഡ്ജിമാര്‍ ഇത്തരം കുടുംബങ്ങളില്‍ നിന്നുമുണ്ടായിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍, അത് ഒരു ജനാധിപത്യ വ്യവസ്ഥയിൽ ചട്ടമായിക്കൂടാ.
ദേശീയ ജുഡീഷ്യല്‍ കമീഷന് എന്ന നിര്‍ദേശം സുപ്രീംകോടതി തള്ളിക്കളഞ്ഞിട്ട് ആറുവര്‍ഷം കഴിയുന്നു. സര്‍ക്കാര്‍ അതൊരു സൗകര്യമായി കരുതി നിയമനങ്ങള്‍ ഒരു ബാര്‍ട്ടര്‍ സംവിധാനത്തിലേക്കു മാറ്റി. കൊളീജിയം ശിപാര്‍ശ ചെയ്യുന്നവരില്‍ തങ്ങള്‍ക്കു താൽപര്യമില്ലാത്തവരുടെ പേരുകള്‍ അംഗീകാരം നല്‍കാതെ നീട്ടിക്കൊണ്ടുപോകും. ഒരു കാരണവുമില്ലാതെ ചില ജഡ്ജിമാര്‍ക്ക് ശിക്ഷയെന്ന പോലെ സ്ഥലംമാറ്റം കിട്ടും. നിയമനങ്ങളില്‍ പ്രായം മാനദണ്ഡമാകുന്നേയില്ല. എന്നാല്‍, ചിലര്‍ പ്രായത്തിെൻറ പേരില്‍ തിരസ്കരിക്കപ്പെടുന്നു. മറ്റു ചിലരുടെ നിയമനങ്ങള്‍ ഒറ്റരാത്രിക്കുള്ളില്‍ നടക്കുന്നു. ചില ചീഫ് ജസ്റ്റിസുമാര്‍ പരസ്യമായി മതേതരത്വത്തിനും അതുവഴി ഭരണഘടനക്കുമെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നു.
സുപ്രീംകോടതിയിലേക്കുള്ള ജസ്റ്റിസ് അകില് ഖുറൈശിയുടെ നിയമനം കരുതിക്കൂട്ടി തടയപ്പെട്ടു. എന്തായിരുന്നു ആ ന്യായാധിപന് ചെയ്ത കുറ്റം? സൊഹ്റാബുദ്ദീന്‍ ശൈഖ് കേസില്‍ ചില ഉന്നതരെ ജയിലിലേക്കയച്ചതാണോ? അതോ മുത്തച്ഛന് രാഷ്ട്രപിതാവിെൻറ അടുത്ത അനുയായിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നതു കൊണ്ടോ?. സത്യത്തിൽ, അദ്ദേഹത്തെ ഒരു ഫുട്ബാള്‍ പോലെ തട്ടിക്കളിക്കുകയായിരുന്നില്ലേ?
ഭരണഘടനപ്രകാരം ഹൈകോടതിയും ജഡ്ജിമാരും ആജ്ഞാനുവര്‍ത്തികളല്ല. സുപ്രീംകോടതിയും ഹൈകോടതികളും ഭരണഘടന കോടതികളാണ്. എന്നാല്‍, സുപ്രീംകോടതി കൊളീജിയം ഹൈകോടതികളെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുകയാണ്. പല ഹൈകോടതി ജഡ്ജിമാരും കേന്ദ്രസര്‍ക്കാറിനെ പുകഴ്ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത് വ്യാപകമായി കാണാനാവും.
നമ്മുടെ നിയമമന്ത്രി കിരണ്‍ റിജിജു ബുദ്ധിശാലിയും വിരുതനുമാണ്. ദേശീയ ജുഡീഷ്യല്‍ കമീഷനു വേണ്ടി മുൻ ജഡ്ജിമാരിൽ നിന്നുൾപ്പെടെ പല കോണുകളില്‍ നിന്നും ആവശ്യമുയരുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അനിവാര്യമായ ആവശ്യമാണിതെന്ന് അംഗീകരിക്കുമ്പോഴും ഒരു ഉറപ്പും നല്കാന് അദ്ദേഹം തയാറാകുന്നില്ല. സര്‍ക്കാറിനും ഇതിങ്ങനെയൊക്കെ പോകണമെന്നേയുള്ളൂ. ഏറാന്‍ മൂളികള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പെന്നും പറയാം.
ഡിസംബര്‍ രണ്ടിന് രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ കൊളീജിയം ശിപാര്‍ശ ചെയ്തതില്‍ എത്ര പേരുകള്‍ അംഗീകാരം നല്‍കാതെ കെട്ടിക്കിടക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹൈകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത 75 പേരുകളാണ് സുപ്രീംകോടതിയിലേക്ക് തിരിച്ചയക്കാതെ നിയമവകുപ്പിെൻറ മുന്നിലുള്ളത്. സുപ്രീംകോടതി ശിപാര്‍ശ ചെയ്തതില്‍ 35 പേരുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ല. മൂന്നു ശിപാര്‍ശകള്‍ പ്രധാനമന്ത്രി കാര്യാലയത്തിനു മുന്നില്‍ കാത്തിരിപ്പാണ്. 13 പേരുകള്‍ നിയമമന്ത്രാലയത്തിെൻറ മുന്നിലും. രാജ്യത്തെ ഹൈകോടതികളിൽ 1098 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്ത് 406 പേരുടെ ഒഴിവുകള്‍ ഇനിയും നികത്തപ്പെടാതെ കിടക്കുന്നു. 57 ലക്ഷം കേസുകളാണ് വിവിധ ഹൈകോടതികളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. രാജ്യത്താകമാനം 4.5 കോടി കേസുകളും.
ജുഡീഷ്യല്‍ നിയമനങ്ങളും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും മോദി ഭരണത്തിന് കീഴില്‍ എപ്രകാരം അട്ടിമറിക്കപ്പെട്ടുവെന്ന് ഭരണഘടന ശില്പിയും പ്രഥമ നിയമമന്ത്രിയുമായ ഡോ. ബി.ആര്. അംബേദ്കര്‍ സമാധി കുടീരത്തിൽ കിടന്ന് കാണുന്നുണ്ടെന്ന് ഉറപ്പാണ്. വിരമിച്ച ശേഷം സുപ്രീംകോടതിയിലെയോ ഹൈകോടതിയിലെയോ ജഡ്ജിമാര്‍ ഏതെങ്കിലും പദവി വഹിക്കുന്നതിനും ആനുകൂല്യം സ്വീകരിക്കുന്നതിനും അംബേദ്കര്‍ എതിരായിരുന്നു. ഇപ്പോഴുണ്ടായിരുന്നെങ്കില്‍ വിരമിച്ച ജഡ്ജിമാര്‍ പദവി സ്വീകരിക്കുന്നത് നിരോധിക്കണമെന്ന പ്രഫ. കെ.ടി. ഷായുടെ നിര്‍ദേശത്തോട് ചേര്‍ന്നു നില്ക്കുമായിരുന്നു അദ്ദേഹം. പ്രഫ. ഷിബന്‍ ലാല്‍ സക്സേന പറഞ്ഞതും ഏറെ പ്രസക്തമാണ്. വിരമിച്ച ശേഷവും ഉന്നതപദവികളില്‍ വിരാജിക്കാനുള്ള ത്വര ഇല്ലാതാക്കിയില്ലെങ്കില്‍ ഭരണ സംവിധാനമോ ഭരണം കൈയാളുന്ന പാര്‍ട്ടിയോ അതു മുതലെടുക്കുക തന്നെ ചെയ്യും. മോഹനവാഗ്ദാനങ്ങള്‍ നല്കി അവര്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കും.
മുന്‍ നിയമമന്ത്രി അരുൺ ജെയ്റ്റ്ലിയും ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വിരമിച്ച ശേഷം കിട്ടാനിരിക്കുന്ന സ്ഥാനത്തെക്കുറിച്ചുള്ള ആഗ്രഹം ജഡ്ജിമാരുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുമെന്ന് നിരീക്ഷിച്ച അദ്ദേഹം രണ്ടു തരം ജഡ്ജിമാരുണ്ടെന്നും ചൂണ്ടിക്കാട്ടി. നിയമം അറിയാവുന്ന ജഡ്ജിമാരും നിയമമന്ത്രിയെ അറിയാവുന്ന ജഡ്ജിമാരും!. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്ന ലോകത്തെ ഏക രാജ്യമാണ് നമ്മുടേത്. വിരമിക്കല്‍ പ്രായം ഉണ്ടെങ്കില്‍ പോലും അവര്‍ വിരമിക്കാന്‍ തയാറാകുന്നില്ല. ജെയ്റ്റ്ലി പറഞ്ഞതു പോലെ മിക്കവരും നിയമ മന്ത്രിയെ അറിയാനുള്ള വെപ്രാളത്തിലാണ്.
ജെയ്റ്റ്ലിയും മറ്റുള്ളവരും പറഞ്ഞ സത്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കൂട്ടം കോടതിവിധികള്‍ തന്നെ ഉണ്ടായിട്ടുണ്ട്. ചില വിധികള്‍ ഉണ്ടായില്ല എന്നു കൂടി പറയാന്‍ എനിക്ക് മടിയില്ല. മൂന്നു വര്‍ഷം മുമ്പ് സുപ്രീംകോടതി റഫാല്‍ കേസ് തള്ളിക്കളഞ്ഞു; ക്രമക്കേട് നടന്നു എന്നു തെളിയിക്കാന്‍ വസ്തുതകളില്ല എന്നായിരുന്നു കാരണം പറഞ്ഞത്. അന്വേഷണത്തിന് ഉത്തരവിടുന്നതിനു പകരം വിചാരണ നടത്തി. സി.ബി.ഐ മേധാവി അധികാരം നീക്കം ചെയ്ത് ഒറ്റരാത്രി കൊണ്ട് ഉത്തരവ് ഇറങ്ങിയ സംഭവവും ഓര്‍ക്കേണ്ടതാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം ഇന്ത്യ എന്നത് സംസ്ഥാനങ്ങളുടെ ഒരു യൂനിയനാണ്. പെട്ടെന്നൊരു ദിവസം ഒരു സംസ്ഥാനം കേന്ദ്രഭരണപ്രദേശമായി മാറുമ്പോള്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനു തന്നെ മാരകമായ ആഘാതമല്ലേ നാം ഏൽപ്പിക്കുന്നത്. ഇക്കാര്യത്തിലെന്തു കൊണ്ടാണ് ഉന്നത നീതിപീഠം ഉപേക്ഷ കാണിച്ചത്? അയോധ്യക്കേസിലെ വിധിയെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. മുന്തിയ വീഞ്ഞും മറ്റുമായി എങ്ങനെയാണ് ആ വിധി ദിവസം ആഘോഷിച്ചതെന്ന് മുന്‍ ചീഫ് ജസ്റ്റിസ് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ഹീനകുറ്റകൃത്യവും അതിന്മേലുണ്ടായ പരോപകാരവും തമ്മിലെ അന്തര്‍ധാര എന്തെന്നറിഞ്ഞാല്‍ സാധാരണക്കാരായ മനുഷ്യർ ഞെട്ടുക തന്നെ ചെയ്യും. തെരഞ്ഞെടുപ്പ് ബോണ്ടുകൾ പോലുള്ള കേസുകൾ മറക്കാൻ ജഡ്ജിമാര്‍ തീർച്ചയായും ആഗ്രഹിച്ചിട്ടുണ്ടാവും. സംഭാവനകളില്‍ സുതാര്യതയില്ലാത്തതിനാൽ 'പ്രതിലോമകരമായ നീക്ക'മെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പോലും സത്യവാങ്മൂലം നല്‍കിയിരുന്നതാണ്.
ഒന്നും ശരിയല്ലെന്ന് ഒരു ശരാശരി പൗരനു തോന്നുമ്പോള്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഒരു ജഡ്ജി മറ്റൊരു പദവിയിലേക്ക് മാറുന്നതിന് മുമ്പ് രണ്ടു വര്‍ഷത്തെ ഇടവേള വേണമെന്ന് പറഞ്ഞത് നിതിന്‍ ഗഡ്കരിയാണ്. ജസ്റ്റിസ് ലോധയും ഇക്കാര്യത്തില്‍ കര്‍ക്കശക്കാരനായിരുന്നു. എന്നാല്‍, ഇപ്പോഴും വിരമിച്ചവര്‍ ബംഗ്ലാവുകള്‍ പോലും ഒഴിഞ്ഞു കൊടുത്തിട്ടില്ല.
ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. ജുഡീഷ്യറിയിലും ഈ രാജ്യത്തിെൻറ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കപ്പെടണം. നിലവിലെ സംവിധാനമനുസരിച്ച് ഒരു പ്രത്യേക വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമെ നിയമനം ലഭിക്കുന്നുള്ളൂ. കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിമാരെ തിരഞ്ഞെടുത്ത മോദിയുടെ മാതൃക നിയമമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും പട്ടിക ജാതി - പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും പ്രാതിനിധ്യമുണ്ടായി. സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിൽ ഇത്തരമൊരു മന്ത്രിസഭ ആദ്യമാണെന്ന് ബി.ജെ.പി വക്താക്കള്‍ ഘോരഘോരം പ്രസംഗിച്ചു. എന്നാല്‍, ഇതേകാര്യം ജുഡീഷ്യറിയിലും നടക്കണമെന്ന് നമുക്ക് തെല്ലും ആഗ്രഹമില്ലെന്നാണോ കരുതേണ്ടത്. ഇന്നു വരെയുള്ള ഇന്ത്യയുടെ 47 ചീഫ് ജസ്റ്റിസുമാരില്‍ 14 പേർ ബ്രാഹ്മണ വിഭാഗത്തില്‍ നിന്നാണ്.
1950 മുതല്‍ 1970 വരെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 14 ആയിരുന്നു. ഇതിലാകട്ടെ 11 പേരും ബ്രാഹ്മണര്‍. 1971 മുതല്‍ 1989 വരെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. അപ്പോഴും 18 പേര് ബ്രാഹ്മണ വിഭാഗത്തില്‍ നിന്നായിരുന്നു. 1988ല്‍ സുപ്രീംകോടതിയില്‍ 17 ജഡ്ജിമാര്‍ ഉണ്ടായിരുന്നതില്‍ ഒമ്പതുപേരും ബ്രാഹ്മണര്‍. സുപ്രീംകോടതിയില്‍ 50 ശതമാനത്തിലധികവും ബ്രാഹ്മണ ജഡ്ജിമാരായിരുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. അധികാരത്തില്‍ പലരും മാറി മാറി വന്നെങ്കിലും സുപ്രീംകോടതിയില്‍ 30 മുതല്‍ 40 ശതമാനം വരെ ബ്രാഹ്മണ ക്വോട്ട തുടരുക തന്നെയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.