സ്വാതന്ത്ര്യനിറവിൽ രാജ്യം; സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ സംസാരിക്കുന്നു...


എം.ബി. രാജേഷ്, നിയമസഭ സ്പീക്കർ

മക്കള്‍ക്കെല്ലാം പാര്‍ക്കാന്‍ ഇടമുള്ള മഹാസൗധമാവണം സ്വതന്ത്ര ഇന്ത്യ  

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതനിരപേക്ഷ ഇന്ത്യ എന്ന രാഷ്ട്ര സങ്കല്‍പത്തെ മതാധിഷ്ഠിത രാഷ്ട്രസങ്കല്‍പം കൊണ്ട് പകരം വെക്കാനായി വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഒരു പദ്ധതി ഇന്ന് നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. അത് ഭരണകൂടത്തിന്‍റെ കാർമികത്വത്തിലാണ് നിര്‍വഹിക്കപ്പെടുന്നത് എന്നത് വളരെ ആശങ്കയുളവാക്കുന്നു.

1947 ആഗസ്റ്റ് 14 അർധരാത്രിയിലെ വിഖ്യാതമായ പ്രസംഗത്തില്‍, നെഹ്റു പറയുന്ന ഒരു വാചകം ''ഇന്ത്യയുടെ മക്കള്‍ക്കെല്ലാം പാര്‍ക്കാന്‍ ഇടമുള്ള ഒരു മഹാസൗധമായി സ്വതന്ത്ര ഇന്ത്യയെ നമുക്ക് കെട്ടിപ്പടുക്കാനാവണം'' എന്നാണ്. എല്ലാവര്‍ക്കും പാര്‍ക്കാനിടമുള്ള മഹാസൗധമായി സ്വതന്ത്ര ഇന്ത്യ ഇപ്പോഴും മാറിയിട്ടില്ല. അങ്ങനെ മാറണമെങ്കില്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം എന്നീ ആശയങ്ങള്‍ മാനിക്കുന്ന ഒരു രാഷ്ട്രീയ സാമൂഹിക ക്രമം ഇന്ത്യയില്‍ നിലവില്‍ വരണം. സ്വാതന്ത്ര്യത്തിന്‍റെ ഈ 75ാം വാര്‍ഷികത്തില്‍ അങ്ങനെയൊരു രാഷ്ട്രീയ സാമൂഹിക ക്രമം ഇന്ത്യയില്‍ ഉണ്ടാകുന്നതിനെക്കുറിച്ചാണ് സ്വപ്നം കാണുന്നത്.

തീര്‍ച്ചയായും ഇന്ത്യന്‍ അവസ്ഥയില്‍നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ് കേരളത്തിലെ സാഹചര്യങ്ങള്‍. ഭരണഘടനയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം എന്നിവയും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ - സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം എന്നിവയുടെയും കാര്യത്തില്‍ കേരളം, ഇന്ത്യയിലെ പൊതുഅവസ്ഥയില്‍നിന്ന് ഗുണപരമായി വളരെ ഉയര്‍ന്ന നിലയിലാണ്. ഇന്ത്യക്കാകെ അക്കാര്യത്തില്‍ കേരളം മാതൃകയാകുന്നുമുണ്ട്.

അഡ്വ. ന​ജ്മ ത​ബ്ഷീ​റ, ആക്ടിവിസ്റ്റ്

മനുഷ്യരെ പരിഗണിക്കുന്ന കാലം വരണം

ഇന്ത്യൻ ജനാധിപത്യത്തിന്റെയും 75 വർഷങ്ങളാണ് കടന്നു പോയിട്ടുള്ളത്. രാഷ്ട്രത്തിന്റെ രൂപവത്കരണത്തിന് ശേഷം ജനാധിപത്യം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന കാലമാണിത്. ജനാധിപത്യത്തിന് മേൽ ഏകാധിപത്യം എന്ന രൂപത്തിലേക്ക് ഫാഷിസം കടന്നു കയറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ സന്തോഷത്തേക്കാൾ ആശങ്കയാണ് നിലനിൽക്കുന്നത്.

കേരളത്തിലെ അവസ്ഥയും പരോക്ഷമായി സമാനമാണ്. മറ്റ് പല സംസ്ഥാനങ്ങളിലും വളരെ പ്രത്യക്ഷമായി നടപ്പാക്കുന്ന ഹിന്ദുത്വവത്കരണവും ഏകാധിപത്യത്തിലേക്കുള്ള വഴികളും പരോക്ഷമായി കേരളത്തിലും നടന്നു കൊണ്ടിരിക്കുന്നുണ്ട്. ജാതീയതയുടെയും സവർണാധിപത്യത്തിന്റെയും വർഗീയതയുടെയും ശ്രമങ്ങൾ ഇവിടെയും നടക്കുന്നുണ്ട്. അത് ഉപരിതലത്തിൽ കാണുന്നില്ല എന്നേയുള്ളൂ.

ഈ സാഹചര്യത്തിൽ ജനങ്ങൾ കുറച്ചുകൂടി രാഷ്ട്രീയബോധമുള്ളവരായി മാറണം. ഭരണം വികസനോൻമുഖമാവണം. അത് മനുഷ്യരെക്കൂടി പരിഗണിക്കുന്നതുമാവണം. നാട്ടിൽ സൗഹൃദവും നന്മയും നിലനിൽക്കുക എന്നത് ഭരണകൂടത്തിന്റെ ലക്ഷ്യമാവണം. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പൂർണമായി പാലിക്കുന്ന ഭാരതം എന്നതാണ് എന്റെ സ്വപ്നം.

 ഡോ. ​ആ​ര്യ ഗോ​പി, കവയിത്രി

ഭയമില്ലാതെ വാക്കുച്ചരിക്കാൻ കഴിയുന്നിടമാകണം എന്റെ രാജ്യം

സ്വാതന്ത്ര്യം എന്ന ആശയം രാജ്യചരിത്രത്തിന്‍റെ മാത്രം ഭാഗമല്ല; മറിച്ച് ഒരിക്കലും കെട്ടുപോകാത്ത ജീവചരിത്രത്തിന്‍റെ അവസാനത്തെ പ്രതീക്ഷയാണ്. കക്ഷിരാഷ്ട്രീയത്തിന്‍റെ ഇടുങ്ങിയ വഴികളിൽനിന്നിറങ്ങി വിശാലവും യഥാർഥവുമായ മനുഷ്യപക്ഷത്തേക്കാണ് അതു നടന്നടുക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ മതം സ്നേഹമാണ്. പണം കിലുങ്ങുന്ന മുറിയിൽ അതു വാഴില്ല. കനിവും അലിവും കാരുണ്യവും അഹിംസയും കവിതയും പൂത്തുലയുന്ന ഒരു ത്രിവർണ സ്വപ്നമാണ് സ്വാതന്ത്ര്യം എന്ന സങ്കൽപം. ഉണ്മയിലാണ് അതിന്‍റെ വിത്തും വേരും പടരുന്നത്. ഭയമില്ലാതെ വാക്കുച്ചരിക്കാനും തല കുനിക്കാതെ സത്യം വിളിച്ചുപറയാനും കഴിയുന്നിടമാകണം എന്‍റെ രാജ്യം.

അയൽ രാജ്യത്തോടുള്ള ശത്രുതയുടെ പേരിലാകരുത് സ്വന്തം രാജ്യത്തോടുള്ള കൂറ് ഊട്ടിവളർത്തേണ്ടത്. അതിർത്തികളില്ലാത്ത ലോകമാണ് ഏതൊരു എഴുത്തുകാരെയും പോലെ എന്‍റെയും സ്വപ്നം. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ എല്ലാവർക്കും ലഭ്യമാകുന്നിടത്തേക്കുള്ള പ്രയാണത്തിലാണ് ഇന്ത്യയെന്ന 75 വയസ്സ് പൂർത്തിയാവുന്ന സ്വതന്ത്രരാജ്യം. ജനാധിപത്യത്തിന്‍റെ സഹിഷ്ണുതകൾ നിറഞ്ഞ നിയമാവലികളാൽ ചുറ്റപ്പെട്ട് എന്‍റെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിൻതുമ്പിൽ അവസാനിക്കണം എന്ന തിരിച്ചറിവോടെ ഈ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തെ വരവേൽക്കാം.

വിനിൽ പോൾ, ഗവേഷകൻ

ചരിത്രം നമുക്കൊരു പ്രതീക്ഷ നൽകുന്നുണ്ട്

കൊളോണിയൽ ഭരണകൂട സംവിധാനങ്ങൾ നടപ്പിലാക്കിയിരുന്ന ജനവിരുദ്ധ പ്രവർത്തനങ്ങളുടെ ആവർത്തനമാണ് നാം ഇന്ന് ഇന്ത്യയിൽ കാണുന്നത്. ഇത് കേവലമായ ഒരു ആരോപണമല്ല, മറിച്ച് സാമ്പത്തിക മേഖലയുടെ തകർച്ചയും സാമ്പത്തിക പിന്നാക്കാവസ്ഥയുമാണ് കൊളോണിയൽ ഭരണവുമായി സമകാലിക ഇന്ത്യയെ ഉപമിക്കപ്പെടുന്നതിനുള്ള പ്രധാനകാരണമായി മാറിയിരിക്കുന്നത്. കൊളോണിയൽ ഭരണത്തെ ഓർമപ്പെടുത്തും വണ്ണം വിമോചനം, സ്വാതന്ത്ര്യം എന്നീ പദങ്ങൾ വീണ്ടും സാമൂഹിക- സാമ്പത്തിക മേഖലയിൽ നമുക്ക് ഉയർത്തേണ്ടിവരുകയാണ്.

ഇനി നാം ഇതര ചരിത്ര രചനകളെയും പരിശോധിച്ചാൽ അവ എത്തിച്ചേരുന്നത് തീവ്ര ദേശരാഷ്ട്ര സങ്കൽപങ്ങളിലും വർഗീയതയിലുമാണ്. ആധുനികതയുടെയും മറ്റ് പുരോഗമനപരമായ ആശയങ്ങളുടെയും നിർമാതാക്കൾ ഞങ്ങളെന്നാണ് ഈ വർഗീയ ചരിത്രകാരന്മാർ നിരന്തരം പറയുന്നത്. രാഷ്ട്രീയവും സാംസ്‌കാരികവുമായി മനുഷ്യർ നടത്തുന്ന വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഒരു രാഷ്ട്രത്തിലെ മനുഷ്യർ രൂപപ്പെടുന്നതെങ്കിൽ അതിന് വിരുദ്ധമായ നിലപാടുകളെ നടപ്പിലാക്കാനുള്ള ശ്രമമാണ് ഇന്ന് ഇന്ത്യയിൽ നാം കാണുന്നത്.

ഇത്തരത്തിൽ മനുഷ്യജീവിതത്തിന്റെ സകലയിടങ്ങളിലും തെറ്റിദ്ധാരണപടർത്തി നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ഇന്നത്തെ അവസ്ഥയെ മറികടക്കുവാൻ ഊർജം നൽകുന്ന ഒന്നാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രം. അർധ ജനാധിപത്യമോ ജനാധിപത്യമോ ആയ ഒരു സർക്കാറിനെ താഴെയിറക്കുന്നതിൽ വിജയിച്ചതിന് ചരിത്രത്തിലുള്ള ഏക ഉദാഹരണമാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനം. ഈ ചരിത്രം നമുക്കൊരു പ്രതീക്ഷ നൽകുന്നുണ്ട്, സമകാലിക ഇന്ത്യയിലെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ നാം കീഴടക്കും എന്ന പ്രതീക്ഷ.

 ഹ​രീ​ഷ് ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ഗാ​യ​ക​ൻ

മൂല്യങ്ങളുയർത്തിപ്പിടിച്ച് കൂടുതൽ മുന്നോട്ട്

75 വർഷങ്ങൾകൊണ്ട് ഒരുപാട് പുരോഗതികളും നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട് നമ്മുടെ രാജ്യം. നേട്ടങ്ങളിലേക്ക് വളരുന്ന കാലത്ത് ഈ രാജ്യത്ത് ജീവിക്കാൻ സാധിച്ചതിലും അവയുടെ ഭാഗമായതിലും ഏറെ സന്തോഷമുള്ള അഭിമാനം കൊള്ളുന്ന ഒരു ഇന്ത്യൻ പൗരനാണ് ഞാൻ.ഇന്ത്യൻ യൂനിയനിലെ ഓരോ നാടുകളും നമുക്ക് പ്രിയപ്പെട്ടവയാണ്. എന്നാൽ, കേരളത്തിൽ ജനിച്ച ഒരു മലയാളി എന്ന നിലയിൽ നമ്മുടെ സംസ്ഥാനത്തിന്റെ ഓരോ പുരോഗതിയും നേട്ടങ്ങളും ഇരട്ടി സന്തോഷം പകരുന്നവയാണ്.

മനുഷ്യവികസന സൂചികയിലും ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ രംഗത്തും നാം കൈവരിച്ച നേട്ടങ്ങൾ, സമസ്ത മേഖലയിലും നാം പുലർത്തുന്ന പുരോഗമനാത്മകമായ നിലപാടുകൾ ഇവയെല്ലാം മലയാളിക്ക് തിളക്കം പകരുന്നു. ലോകത്തിന്റെ ഏതു കോണിലേക്കു പോയാലും വളരാനും വികസിക്കാനും നാം പുലർത്തുന്ന ഉൽക്കർഷേച്ഛ പകരംവെക്കാനാവാത്തതാണ്. മലയാളി എന്ന നിലയിൽ അഭിമാനിക്കാൻ കാരണങ്ങൾ പലതുണ്ട്.

ഇന്ത്യ ഇനിയും ഉയരങ്ങളിലെത്തുമെന്ന കാര്യം എനിക്കുറപ്പുണ്ട്.സ്നേഹം, സഹവർത്തിത്വം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു വേണം കൂടുതൽ പുരോഗതിയിലേക്ക് നാം കുതിക്കുവാൻ. അതിലൊരു ഭാഗമായി ഞാനുമുണ്ടാവും.

മൃ​ണാ​ൾ ദാ​സ് വെ​ങ്ങ​ലാ​ട്ട്, റ​സ്റ്റ​ാറ​ന്റ് ക​ൺ​സ​ൽട്ട​ന്റ്, ഫു​ഡ് ​വ്ലോ​ഗ​ർ

ആലോചിച്ച് മാത്രമേ എന്തും പറയാനാവൂ

ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവേളയിൽ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഒട്ടും തന്നെ സന്തോഷമില്ലെന്ന് പറയേണ്ടി വരും. കഴിഞ്ഞ 20 വർഷമായി വാഹനമോടിച്ച് പല സംസ്ഥാനങ്ങളും സന്ദർശിച്ചതിന്റെ അനുഭവത്തിലാണിത് പറയുന്നത്.

പക്ഷേ, കഴിഞ്ഞ കുറെ വർഷങ്ങളായി രാജ്യത്ത് വിഭജനത്തിന്റെ മതിലുകൾ ഉയർന്നിട്ടുണ്ട്. പല പ്രദേശങ്ങളിലും എത്തുമ്പോൾ രണ്ടാമതൊന്ന് ആലോചിച്ച് മാത്രമേ എന്തെങ്കിലും പറയാനും ചെയ്യാനുമൊക്കൂ. ഒരിക്കൽ ലഖ്നോ സന്ദർശനത്തിനിടെ മലയാളിയാണെന്ന് പറഞ്ഞപ്പോൾ നിങ്ങളല്ലേ ശബരിമലയിൽ സ്ത്രീകളെ കയറ്റിയതെന്ന് ആരോപിച്ച് ആക്രമിക്കാനുള്ള ശ്രമം വരെയുണ്ടായിട്ടുണ്ട്. ചില ആളുകൾ സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടിയാണ് വിഭജനത്തിന്റെ മതിലുകൾ ഉയർത്തുന്നത്. കേരളം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. അടിസ്ഥാന സൗകര്യം, ആരോഗ്യരംഗം, പ്രാഥമിക വിദ്യാഭ്യാസം എന്നിവയിലെല്ലാം കേരളം ബഹുദൂരം മുന്നിലാണ്.

വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി എത്തുമ്പോൾ നമുക്ക് മേലുള്ള നിയന്ത്രണങ്ങൾ വർധിക്കുകയാണോയെന്ന് ആശങ്കയുണ്ട്. ഇന്റർനെറ്റ് റദ്ദാക്കൽ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പല വെബ്സൈറ്റുകളും രാജ്യത്ത് നിരോധിക്കുന്നു. ജി.പി.എസ് വഴി ടോൾ ഈടാക്കുമ്പോൾ ജനങ്ങളെ നിരീക്ഷിക്കാൻ ഇത് ഉപയോഗിക്കുമോയെന്നും ആശങ്കയുണ്ട്. ഇതുകൊണ്ട് ഇന്ത്യ ജീവിക്കാൻ കഴിയാത്ത രാജ്യമാണെന്ന് അഭിപ്രായമില്ല. ഈ അവസ്ഥയിൽ വിഷമമുണ്ടെന്നു മാത്രം.

ശ​ബ​രി,ആക്ടിവിസ്റ്റ്

കുടനിർമാണം പോരാ, കൂടെനിർത്തണം

പല കാര്യങ്ങളും നോക്കുമ്പോൾ സമകാലിക അവസ്ഥയിൽ തൃപ്തനാണെന്ന് പറയാൻ കഴിയില്ല. മാറ്റിനിർത്തപ്പെട്ടവർക്ക് നേരെ നേരിട്ടും അല്ലാതെയുമുള്ള അധികാരപ്രയോഗം കൂടിവരുന്നു. ഭിന്നശേഷിക്കാരനും അത്തരക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുമെന്ന നിലയിൽ ആ മേഖലയെ കുറിച്ച് സവിശേഷമായി പറയുമ്പോഴും ഇതേ അതൃപ്തിയുണ്ട്. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണനയും അനുഭാവവും ലഭിക്കുമെന്നാണ് പൊതുബോധമെങ്കിലും യാഥാർഥത്തിൽ പലപ്പോഴും ഇത് ലഭിക്കുന്നില്ല. എന്ന് മാത്രമല്ല അതിക്രമത്തിന് ഇരയാകുകയും ചെയ്യുന്നു.

ഒരു ചരിത്ര സന്ദർഭം എന്ന നിലയിൽ പൗരത്വനിയമത്തിനെതിരായ സമരം ഉദാഹരണമായി എടുത്താൽ അതിൽ ഇരകളും അതിക്രമത്തിന് ഇരയായവരുമായ നിരവധി ഭിന്നശേഷിക്കാരുണ്ട്. വർധിച്ചു വരുന്ന അക്രമപ്രവർത്തനങ്ങൾ ആളുകളെ ഭിന്നശേഷിക്കാരാക്കുന്നുവെന്നതും കാണാതിരുന്നു കൂടാ.. ഭിന്നശേഷിക്കാർക്കായി ബജറ്റിൽ നീക്കിവെച്ചിരുന്ന തുക കുറഞ്ഞു. ഭിന്നശേഷിക്കാരുടെ അവകാശം ഉറപ്പുവരുത്താനുള്ള നിയമത്തിൽ വരുത്തിയ ഭേദഗതി അവർക്ക് പ്രതികൂലമാണ്.

ഭിന്നശേഷിക്കാരോടുള്ള സമീപനത്തിൽ കേരളം ഇന്ത്യൻ അവസ്ഥയിൽനിന്ന് മെച്ചപ്പെട്ടതാണെന്ന് പറയാൻ കഴിയില്ല. തൊഴിലധിഷ്ഠിത പഠനം, പുനരധിവാസം എന്നീ ലക്ഷ്യങ്ങളോടെ കേരളത്തിൽ ഭിന്നശേഷി സർവകലാശാല വരുന്നുവെന്ന വാർത്ത വായിച്ചത് 2019 ഒക്ടോബറിലാണ്. അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ കേൾക്കുന്നില്ല.

ഭിന്നശേഷിക്കാർക്ക് എല്ലാ മേഖലയിലും സജീവമായ പങ്കുവഹിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. ഭൗതികവും ബൗദ്ധികവുമായ ആക്സസബിലിറ്റിയാണ് വേണ്ടത്. കുടയുണ്ടാക്കുന്നതിനും എസ്.ടി.ഡി ബൂത്തിനും അപ്പുറത്ത് വിവര ഉൽപാദന മേഖലയിൽ ഭിന്നശേഷിക്കാരുടെ സജീവത എത്രത്തോളമാണെന്ന് പരിശോധിക്കണം. നിർദിഷ്ട സർവകലാശാല നല്ലൊരു ചുവടുവെപ്പാണ്. അത് യാഥാർഥ്യമാക്കുകയും വി.സി ഉൾപ്പെടെ പ്രധാന തസ്തികയിലെല്ലാം ഭിന്നശേഷിക്കാരെ തന്നെ നിയമിക്കുകയും ചെയ്താൽ ഗംഭീരമാകും.

അ​ബി​ൻ ജോ​സ​ഫ്, ക​ഥാ​കൃ​ത്ത്

സങ്കടപ്പെടുത്തുന്ന ജനാധിപത്യം

ജനാധിപത്യം എന്ന വാക്കിനെക്കുറിച്ച് സാമാന്യധാരണയുള്ള ആര്‍ക്കും, സന്തോഷം തോന്നാന്‍ സാധ്യതയില്ല. സൂക്ഷ്മമായി തയാറാക്കിയ പദ്ധതി പ്രകാരം, പടിപടിയായി, ഒരിന്ത്യ- ഒരു പാര്‍ട്ടി എന്ന ഏകാധിപത്യത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത്. നേര്‍ത്ത ശബ്ദത്തിലുള്ള പ്രതിഷേധം പോലും ഇല്ലാതാക്കാനുള്ള ശ്രമം പ്രത്യക്ഷത്തില്‍ തന്നെ നടക്കുന്നു. ജനാധിപത്യം എന്ന ആശയം ഇല്ലാതാകുന്ന അവസ്ഥ ഒരു സമൂഹത്തിലും സന്തോഷമുണ്ടാക്കില്ലെന്ന്, ചരിത്രം നമ്മളോട് പറയുന്നുണ്ട്.

സ്വാതന്ത്ര്യമെന്നാല്‍ ജനാധിപത്യമാണ്. ജാതീയമായി ഭിന്നിപ്പിച്ചുകൊണ്ട് ജനാധിപത്യത്തെ ശിഥിലമാക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണം. ഭരണപക്ഷത്തോട് അടുത്തുനില്‍ക്കുന്ന ചില സംഘടനകള്‍ സമാന്തര ഭരണഘടന അവതരിപ്പിക്കുകയും ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യം വരെയുണ്ടായി. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും വിപ്ലവാത്മകമായ കുതിപ്പു നടക്കുകയാണ് ലോകത്ത്. പക്ഷേ, നമ്മളിപ്പോഴും സഞ്ചരിക്കുന്നത് പിറകോട്ടാണ്. അത് ബോധപൂര്‍വമായ ഒരു പ്ലാനിന്റെ ഭാഗവുമാണ്. ഇതിനെയെല്ലാം എതിര്‍ത്തുകൊണ്ട്, ഇന്ത്യ എന്ന സ്വതന്ത്രജനാധിപത്യ രാജ്യത്തെ തിരികെ പിടിക്കേണ്ടതുണ്ട്. അതിന് രണ്ടാം സ്വാതന്ത്ര്യസമരം ആവശ്യമാണെങ്കില്‍ അതിനു കൈ-മെയ് മറന്ന് ജനം തെരുവിലിറങ്ങും എന്നുതന്നെയാണ് ഞാന്‍ പ്രത്യാശിക്കുന്നത്.

ഇപ്പോഴും കേരളം പല തലങ്ങളില്‍ വേറിട്ടുതന്നെയാണ് നില്‍ക്കുന്നത്. രാജ്യത്ത് എവിടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടാലും ആവിഷ്‌കാരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടാലും മനുഷ്യര്‍ക്ക് മുറിവേറ്റാലും നമ്മള്‍ പ്രതികരിക്കും. ശരിയല്ല എന്നു തോന്നുന്ന എന്തിനെയും നിര്‍ദയം വിമര്‍ശിക്കും, പരിഹസിക്കും, എതിര്‍ക്കും. നമ്മുടെ അശ്രദ്ധയും അവിവേകവും കാരണം, മാനവീയതയും ജനാധിപത്യവും പരാജയപ്പെട്ടുപോകുന്ന അവസരങ്ങളുണ്ടായേക്കാം. ജാതിബോധത്തിലും സദാചാര സങ്കല്‍പങ്ങളിലും സ്ത്രീവിരുദ്ധതയിലും നമ്മള്‍ ഇന്നും പ്രാകൃതര്‍ തന്നെയാണ്. കാലാന്തരത്തില്‍ സ്വയം പുതുക്കി, കൂടുതല്‍ നല്ല മനുഷ്യരാവാന്‍ നമുക്കു കഴിയണം എന്നാണ് ആഗ്രഹം. അങ്ങനെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും. കാരണം, നമ്മള്‍ നമ്മളോടുതന്നെ കലഹിക്കുന്നവരാണ്. 

അ​സി, നോവലിസ്റ്റ്

മാറേണ്ടത് ആശയങ്ങളാണ്

ഇൻഫർമേഷൻ ടെക്‌നോളജിക്ക് അനന്ത സാധ്യതകളും മേൽക്കൈയുമുള്ള ഈ കാലഘട്ടത്തിൽ രാജ്യം ആര് ഭരിക്കുന്നു എന്നത് വളരെയധികം പ്രധാനമാണ്. ലോകത്ത് ഇന്നേവരെയില്ലാത്ത വിധം മനുഷ്യന്റെ മേൽ അധികാരം സ്ഥാപിക്കാനുള്ള സംവിധാനം ഡേറ്റ അനലൈസിങ്ങിലൂടെയും ഡിജിറ്റൽ ഫുട്പ്രിന്റിലൂടെയും സാധ്യമാണല്ലോ. അതോടെ ഓരോ വ്യക്തിയെയും നേരിട്ട് ടാർഗെറ്റ് ചെയ്യുവാനും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനും ക്ഷണനേരം മതി.

നിർഭാഗ്യവശാൽ, മതേതര ഭാരതം എന്നും അകറ്റി നിർത്തിയ വെറുപ്പിന്റെ വിചാരധാരക്കനുസൃതമായി ഇന്ത്യയെ നയിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നത് ആശങ്കതന്നെയാണ്. മാറേണ്ടത് പാർട്ടിയോ ആളുകളോ അല്ല, ആശയങ്ങളാണ് . ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്തന്ത്രം കൈയൊഴിയണം. എല്ലാ പൗരർക്കും ഇൻഷുറൻസ് പരിരക്ഷ, സൗജന്യ വിദ്യാഭ്യാസം, എന്നിങ്ങനെ കാനഡയിലേക്കും യു.കെ യിലേക്കും അമേരിക്കയിലേക്കും ഇന്ത്യക്കാരെ ആകർഷിക്കുന്ന കാര്യം ഇവിടെയും നടപ്പാക്കണം.

ഒരു മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളത്‌. രാജ്യം അതിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള, മതേതര മൂല്യം കാത്തുസൂക്ഷിക്കുന്ന ഒരു ജനത എന്ന നിലക്ക് എന്തുകൊണ്ടും കേരളം വേറിട്ട് നിൽക്കുന്നുണ്ട്, മാറ്റങ്ങൾക്ക് തിരികൊളുത്തേണ്ട ജനത കേരളീയരല്ലാതെ വേറെയാരാണ്‌?

ഷ​രീ​ഫ് ഈ​സ, സംവിധായകൻ

മാറ്റിനിർത്തപ്പെടുമോയെന്ന് ആശങ്ക

ഒരുപരിധി വരെ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സന്തുഷ്ടനല്ലെന്ന് പറയാനാവും. നാം ജീവിക്കുന്ന ചുറ്റുപാട് വളരെ പ്രയാസം നിറഞ്ഞതാണ്. പൗരന്മാർ പലയിടങ്ങളിൽ പലതരത്തിലുള്ള വിവേചനം നേരിടുന്നു. ഒരു വിഭാഗം ജനങ്ങൾ ഒന്നാംതരം പൗരന്മാരും മറ്റൊരു വിഭാഗം രണ്ടാം തരം പൗരന്മാരുമായി ഈ നാടിനകത്ത് ചിത്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഭരണഘടനയുടെ ആദ്യവാചകം 'നമ്മളെല്ലാം ഇന്ത്യക്കാരാണെന്ന്' പറയുമ്പോഴും അങ്ങനെ പരിഗണിക്കപ്പെടുന്നുണ്ടോ എന്ന ആശങ്ക ചില മനുഷ്യരുടെയെങ്കിലും മനസ്സിൽ കയറിയിട്ട് കുറെ നാളുകളായി. പിന്നാക്ക വിഭാഗം, ദലിതർ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയവർ പലതരത്തിലുള്ള വേട്ടയാടൽ നേരിട്ടുകൊണ്ടിരിക്കുകയാണ്. പൗരനെന്ന നിലയിലുള്ള മൗലികാവകാശങ്ങളൊക്കെ നിഷേധിക്കപ്പെട്ടുകൊണ്ട് മാറ്റിനിർത്തപ്പെടുമോയെന്ന ചോദ്യം എന്റെയും മനസ്സിൽ ഉയരുന്നു.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായി സന്തോഷം നൽകുന്ന തുരുത്താണ് കേരളം. ഇവിടെ മനുഷ്യർ സൗഹാർദത്തോടെ സ്നേഹത്തോടെ ജീവിക്കുന്നു. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റി നിർത്തിയാൽ വിവേചനങ്ങളില്ലാതെ മനുഷ്യനെ മനുഷ്യനായി കണ്ട് അവർക്ക് ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കാത്ത നാടാണിത്. സ്വതന്ത്ര ഇന്ത്യയുടെ 75ാം വർഷത്തിൽ രാജ്യത്ത് എല്ലാവർക്കും മനുഷ്യരായി അംഗീകരിച്ച് ജീവിക്കാനുള്ള അവകാശങ്ങൾ ലഭിക്കണമെന്നാണ് ആഗ്രഹം.  

അ​നി​ൽ ദേ​വ​സ്സി, നോവലിസ്റ്റ്

പ്രതീക്ഷ യുവതയുടെ ചെറുത്തുനിൽപ്

ഫാഷിസം വല്ലാതെ നമ്മുടെ രാജ്യത്തെ പിടികൂടിയിരിക്കുന്നു. ഓരോ ദിവസവും വരുന്ന വാർത്തകൾ വല്ലാത്ത ഞെട്ടലോടെയാണ് വായിക്കുന്നത്. കപടദേശസ്നേഹം കൊട്ടിഘോഷിക്കുന്നവർ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ സങ്കൽപത്തെ തകിടം മറിച്ചിരിക്കുന്നു. ഈ അവസ്ഥ നാം ആഗ്രഹിക്കുന്നത്ര സന്തോഷം നൽകുന്നില്ല എന്നതാണ് സത്യം. വിശ്വസിക്കാനാകാത്ത ചിലവാർത്തകൾ വരുന്നുണ്ടെങ്കിലും അന്നും ഇന്നും ശാന്തിയും സമാധാനവുമുള്ള ഒരിടം തന്നെയാണ് കേരളം. അതിനെ തകർക്കാനുള്ള ശ്രമങ്ങളെ നമ്മുടെ യുവതലമുറ ചെറുത്തുതോൽപിക്കുന്നു എന്നത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്.

സ്വാതന്ത്ര്യലബ്ധിയുടെ 75ാം വർഷം എന്ന നിർണായക ഘട്ടത്തിൽ സൗജന്യ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും ഗുണം ഇനിയും കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. അതുപോലെ കൂടുതൽ തൊഴിൽ സാധ്യതകളും സൃഷ്ടിക്കേണ്ടിയിരിക്കുന്നു. യുവാക്കളെ രാജ്യത്തിന്റെ സ്വത്തായി മാറ്റുന്ന സംരംഭങ്ങൾക്ക് സർക്കാർ മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Tags:    
News Summary - The country at liberty; Speaking Prominent people in society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.