ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുന:സംഘാടനത്തിനെന്ന മുഖവുരയോടെ 'ബ്ലൻഡഡ് മോഡ് ഓഫ് ലേണിങ് ആൻഡ് ടീച്ചിങ്' എന്ന പേരിൽ യു.ജി.സി ഒരു ആശയക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നു. യു.ജി.സിയുടെ 547ാമത് മീറ്റിങ്ങിന്റെ നിർദേശങ്ങളാണിവ. സമ്പൂർണമായ കച്ചവടവത്കരണത്തിനും അനൗപചാരികവത്കരണത്തിനുമിടയാക്കുന്ന അപകടകരമായ ആശയങ്ങളാണ് ഉള്ളടക്കം.
കോവിഡ് ഒന്നാം തരംഗത്തിന്റെ ഘട്ടത്തിൽ ഒളിച്ചുകടത്തിയ, വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിന് ലക്ഷ്യംവെക്കുന്ന ദേശീയ വിദ്യാഭ്യാസ നയം രണ്ടാം തരംഗത്തിന്റെ പാരമ്യത്തിൽ പിടയുന്ന, രാജ്യത്തെ ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന ഘട്ടത്തിൽ അടിച്ചേൽപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്.
കോവിഡ്കാലത്തെ പ്രതിസന്ധി അതിജീവിക്കുന്നതിന് താൽക്കാലിക ഉപാധിയെന്ന വിധത്തിൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ, ഔപചാരിക വിദ്യാഭ്യാസത്തെ അട്ടിമറിച്ചുകൊണ്ട് സ്ഥാപനവത്കരിക്കാൻ രേഖ നിർദേശിക്കുന്നു. 2020 മേയിൽ 25 ശതമാനം ക്ലാസുകളാണ് ഓൺലൈനായി നടത്താൻ യു.ജി.സി നിർദേശിച്ചിരുന്നതെങ്കിൽ ഒരു വർഷം പിന്നിടുേമ്പാൾ 40 ശതമാനമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. കാലക്രമേണ 70 ശതമാനം വരെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സാധുത നൽകാനും ശിപാർശയുണ്ട്.
ഓൺലൈൻ വിദ്യാഭ്യാസം ഒരിക്കലും ഔപചാരിക വിദ്യാഭ്യാസത്തിന് പകരമല്ല. താൽക്കാലിക പരിഹാരമെന്ന രീതിയിൽ ഉപയോഗിച്ചിട്ടുപോലും അക്കാദമിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഈ രീതി അപര്യാപ്തമാണ്. സാമൂഹിക അന്തരവും ഡിജിറ്റൽ സൗകര്യങ്ങളുടെ അപര്യാപ്തതയും വൻതോതിൽ നിലനിൽക്കുന്ന രാജ്യത്ത് പിന്നാക്ക സമൂഹങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ പഠനത്തിന് വിഘാതം സൃഷ്ടിക്കാൻ ഇത് വഴിവെക്കും. രാഷ്ട്ര നിർമിതിയിൽ ജനാധിപത്യ ബോധത്തോടെ ഇടപെടാൻ ശേഷിയുള്ള പൗരസമൂഹത്തെ സൃഷ്ടിക്കുകയെന്ന സർവകലാശാല വിദ്യാഭ്യാസത്തിന്റെ സാമൂഹിക ഉത്തരവാദിത്തം പൂർണമായും നിരാകരിക്കപ്പെടാനും ഇത് നിമിത്തമാകും.
വിഷയബന്ധിതമായ പഠനത്തിലൂടെ ഒരു നിശ്ചിത കോഴ്സ് പൂർത്തിയാക്കുന്ന നിലവിലെ രീതിക്ക് ബദലായി അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (ABC) എന്ന പുതിയ സംവിധാനമാണ് യു.ജി.സി രേഖ അവതരിപ്പിക്കുന്നത്. എ.ബി.സിയുടെ ലക്ഷ്യം ക്രെഡിറ്റുകളുടെ സമ്പാദനം മാത്രമാണ്. വിദ്യാർഥിക്ക് ആവശ്യമായ വിഷയങ്ങൾ ദേശീയമോ വിദേശീയമോ ആയ സ്ഥാപനങ്ങളിൽനിന്ന് താൽപര്യമുള്ള അധ്യാപകരെ തിരഞ്ഞെടുത്ത് പൂർത്തിയാക്കാനാകും.
അയഞ്ഞതും വിഷയ പഠനത്തെ നിരാകരിക്കുന്നതുമായ എ.ബി.സി ഘടന പ്രകാരം വിദ്യാർഥിക്ക് എപ്പോൾ വേണമെങ്കിലും കോഴ്സിന് ചേരുകയും അതവസാനിപ്പിക്കുകയും (multiple entry-exit points) ചെയ്യാം. ഉദാഹരണമായി, ഒരു വിദ്യാർഥിക്ക് കേരളത്തിലെ ഒരു കോളജിൽ നിന്ന് ഏതെങ്കിലും ഭാഷയും കർണാടകയിൽനിന്ന് ഒരു സ്കില്ലും വിദൂര വിദ്യാഭ്യാസത്തിലൂടെ കുറച്ചു ശാസ്ത്രവും ഏതെങ്കിലും വെർച്വൽ പ്ലാറ്റ്ഫോമിൽ നിന്ന് ഒരു ട്രേഡുമെല്ലാം പഠിക്കാം. ഇക്കാലയളവിൽ നേടുന്ന ക്രെഡിറ്റുകളുടെ അടിസ്ഥാനത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് മുതൽ ഓണേഴ്സ് സർട്ടിഫിക്കറ്റു വരെയുള്ള എന്തും നേടാം. വിദ്യാഭ്യാസത്തിലെ ഔപചാരിക-അനൗപചാരിക അതിർവരമ്പുകൾ ഇതോടെ ഇല്ലാതാകും.
വിദ്യാർഥികളുടെ അഭിരുചികൾക്ക് പ്രാധാന്യം നൽകുന്ന ഘടന എന്നാണ് അവകാശവാദമെങ്കിലും ആത്യന്തികമായി ഈ താൽപര്യങ്ങൾ നിർണയിക്കുന്നത് വിപണിയായിരിക്കും. ഓരോ ഘട്ടത്തിലും വിപണിയിൽ ഏത് നൈപുണിക്കാണോ ആവശ്യം അത് പ്രദാനം ചെയ്യുന്ന കോഴ്സ് തിരഞ്ഞെടുക്കാൻ വിദ്യാർഥി നിർബന്ധിതരാകും. മാറുന്ന വിപണി താൽപര്യങ്ങൾക്കനുസൃതമായ കോഴ്സുകൾ സ്വന്തം ക്രയശേഷിക്കനുസരിച്ച് വാങ്ങുന്ന ഉപഭോക്താവ് മാത്രമാകും വിദ്യാർഥി. സേവന-വേതന വ്യവസ്ഥകളൊന്നുമില്ലാത്ത, വിദ്യാഭ്യാസ വിപണിയിലെ ഇടനിലക്കാരാകും അധ്യാപകർ. ഡിമാൻഡുള്ള കോഴ്സുകൾ വിലകൊടുത്ത് വാങ്ങാൻ കെൽപില്ലാത്ത വിദ്യാർഥികൾ അയോഗ്യരായി അരികുവത്കരിക്കപ്പെടുകയും ചെയ്യും.
വിദ്യാഭ്യാസത്തെ ആഗോള വിപണിക്ക് തുറന്നു വെക്കുന്ന ദേശീയ വിദ്യാഭ്യാസ നയം, ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരണത്തിന്റെ മാസ്റ്റർ പ്ലാനായ ലോകബാങ്കിന്റെ റൂസ പദ്ധതി എന്നിവയാണ് യു.ജി.സിയുടെ ഈ നിർദേശങ്ങളിലൂടെ സാക്ഷ്യാത്കരിക്കപ്പെടുന്നത്.
ഒരു കോഴ്സിലൂടെ ലക്ഷ്യംവെക്കുന്ന ധാരണകൾ നേടിയിട്ടുണ്ടോയെന്ന് മനസ്സിലാക്കാനുള്ള ഉപാധിയായി നിലവിലുള്ള സമ്പ്രദായം പരിഗണിക്കുന്ന പരീക്ഷകളെ പുതിയ രേഖ പൂർണമായും നിരാകരിക്കുന്നു. വിദ്യാർഥിക്ക് ഇഷ്ടമുള്ളപ്പോൾ പരീക്ഷയെഴുതാം. അതിന് പഠനപ്രക്രിയയിൽ സ്ഥാനമൊന്നുമില്ല. വിപണിക്കാവശ്യമായ നൈപുണികൾ നേടിയിട്ടുണ്ടോയെന്ന പരിശോധനയാണ് ഈ രംഗത്ത് മുതൽമുടക്കുന്നവർക്ക് അറിയേണ്ടത്. ഇതാവട്ടെ, വിപണിയിലെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടുമിരിക്കും. ലോകബാങ്കിന്റെ റൂസ മാർഗനിർദേശങ്ങൾ മുതൽ കേരളത്തിലെ കഴിഞ്ഞ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആഘോഷിച്ച പ്രഫ.സാബു തോമസ് കമീഷൻ റിപ്പോർട്ട് വരെയുള്ള രേഖകൾ യു.ജി.സിയുടെ ബ്ലൻഡഡ് മോഡ് ഓഫ് ലേണിങ് ആൻഡ് ടീച്ചിങ്ങിന് സമാനമായ നിർദേശങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, പുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി യു.ജി.സി ആശയക്കുറിപ്പിനെതിരായി എടുത്തിരിക്കുന്ന നിലപാട് ഉപരിപ്ലവമായി പോകാതിരിക്കാൻ കൃത്യമായ ജാഗ്രത ആവശ്യമാണ്. വിദ്യാഭ്യാസ പ്രക്രിയയിൽ അധ്യാപനത്തിനും ജനാധിപത്യ ബോഡികൾക്കും കാമ്പസുകൾക്കും സർവകലാശാലകൾക്കുമുള്ള സ്ഥാനം നിരാകരിക്കുന്ന ഈ നിർദേശങ്ങൾ വിദ്യാഭ്യാസ സ്നേഹികൾ പൂർണമായും നിരാകരിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.