സ്വന്തം ശരീരം പ്രതിരോധത്തിന്റെ മാധ്യമമാക്കി മാറ്റുകയാണ് സുരേന്ദ്രൻ. ഒരുദിവസം പയ്യന്നൂർ ബസ് സ്റ്റാൻഡിൽ കൈകൾ പിറകിൽകെട്ടിയ നിലയിൽ മധു വീണ്ടും പ്രത്യക്ഷപ്പെട്ടു. 'വിശപ്പിന്റെ രക്തസാക്ഷ്യം മധുവിനൊപ്പം, വിചാരണക്കോടതിയിൽ കൂറുമാറിയ നാറികൾക്കെതിരെ പ്രതിഷേധം' എന്നെഴുതിയ ബോർഡും അയാളുടെ കഴുത്തിൽ തൂങ്ങിക്കിടന്നിരുന്നു. ഒറ്റനോട്ടത്തിൽ മധു പുനർജനിച്ചപോലെ
മലയാളിയുടെ സാമൂഹികബോധത്തിന്റെ മുഖത്തിനേറ്റ പരിക്കാണ് മധു എന്ന ദ്വയാക്ഷരി. തല്ലിക്കൊന്നതിന് നേർസാക്ഷിയായവർ കോടതി മുറിയിൽ മൊഴിമാറ്റുമ്പോൾ പരിക്ക് വ്രണമായി പരിണമിക്കുന്നത് അധികമാരും തിരിച്ചറിയുന്നില്ല എന്നതിനും വർത്തമാനകേരളം സാക്ഷി. അതിനിടെ ഒരുദിവസം പയ്യന്നൂർ ബസ് സ്റ്റാൻഡിൽ കൈകൾ പിറകിൽകെട്ടിയ നിലയിൽ മധു വീണ്ടും പ്രത്യക്ഷപ്പെട്ടു. 'വിശപ്പിന്റെ രക്തസാക്ഷ്യം മധുവിനൊപ്പം, വിചാരണക്കോടതിയിൽ കൂറുമാറിയ നാറികൾക്കെതിരെ പ്രതിഷേധം' എന്നെഴുതിയ ബോർഡും അയാളുടെ കഴുത്തിൽ തൂങ്ങിക്കിടന്നിരുന്നു. ഒറ്റനോട്ടത്തിൽ മധു പുനർജനിച്ചപോലെ! ശിൽപിയും ചിത്രകാരനുമായ സുരേന്ദ്രൻ കൂക്കാനം ആയിരുന്നു പ്രതിഷേധവുമായി അന്ന് പൊതുജനത്തിനുമുന്നിലെത്തിയത്.
സ്വന്തം ശരീരം പ്രതിരോധത്തിന്റെ മാധ്യമമാക്കി മാറ്റുകയാണ് സുരേന്ദ്രൻ. പൗരത്വ ഭേദഗതി നിയമം പാസാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ മുമ്പ് ശരീരത്തിൽ ചിത്രം വരച്ച് പ്രതിഷേധിച്ചിരുന്നു ഇദ്ദേഹം. തിരുവനന്തപുരത്ത് എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സെക്രട്ടേറിയറ്റിന്റെ ചിത്രമായിരുന്നു ശരീരത്തിൽ വരച്ചത്. മറ്റൊരിക്കൽ ഇതേ വിഷയത്തിൽ സ്വന്തം ശരീരം ഒപ്പുമരമാക്കി മാറ്റുകയും ചെയ്തു ഈ കലാകാരൻ.
കർഷക ബില്ലിനെതിരായ സമരത്തിലും ഇന്ധനവില വർധനക്കുമെതിരെയും കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെയും സുരേന്ദ്രന്റെ പ്രതിഷേധം സ്വന്തം ശരീരത്തിലായിരുന്നു. ഒപ്പം, കാർട്ടൂണുകളിലൂടെയും ശിൽപങ്ങളിലൂടെയും നിലപാടുകൾ പറഞ്ഞുകൊണ്ടിരുന്നു.
സുരേന്ദ്രന്റെ പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1999 ആഗസ്റ്റിൽ കരിവെള്ളൂർ നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും ദുസ്സഹമായ സമയത്ത് റോഡിലെ വലിയ കുഴിയിലെ ചളിവെള്ളത്തിൽ കുളിച്ചായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. മാധ്യമങ്ങളിൽ ഇത് വാർത്തയായതോടെ അധികൃതർ കണ്ണുതുറക്കുകയും ചെയ്തു. കുന്നുകൾ ഇടിച്ചുതീർക്കുന്നവർക്കെതിരെ നാറാണത്ത് ഭ്രാന്തനായി റോഡിൽ കല്ലുരുട്ടി പ്രതിഷേധിച്ചു. ഈ സമരവും ഫലംകണ്ടു.
ശിൽപങ്ങളും ചിത്രങ്ങളും പരിസ്ഥിതി പ്രണയവുമായൊക്കെയുള്ള യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോൾ സുരേന്ദ്രന്റെ ഭാണ്ഡത്തിൽ ഒരുപിടി മണ്ണുണ്ടാവും. മറ്റൊന്നിനുമല്ല, കണ്ടുകൊണ്ടിരിക്കെ അപ്രത്യക്ഷമായ കരിവെള്ളൂർ പെരളം പഞ്ചായത്തിലെ പുത്തൂർ കൂക്കാനത്ത് വീടിനടുത്തെ കുറുവൻകുന്നിനുപകരം മറ്റൊരു കുന്ന് ഉണ്ടാക്കാനാണത്. രണ്ടുവർഷം മുമ്പ് തുടങ്ങിയതാണ് രക്തസാക്ഷിയായ കുന്നിനെ പുനർജനിപ്പിക്കാനുള്ള ഈ മണ്ണ് ശേഖരണം.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഒരുപിടി മണ്ണെടുത്തത് സ്വാതന്ത്ര്യസമര സേനാനി വിഷ്ണുഭാരതീയന്റെ സ്മൃതികുടീരത്തിൽനിന്നാണ്. തീർന്നില്ല; ഇനിയും യാത്രയുണ്ട് ഗാന്ധിജിയുടെ, വിവേകാനന്ദന്റെ, ടാഗോറിന്റെയൊക്കെ അന്ത്യവിശ്രമസ്ഥലങ്ങളിലേക്ക്. അവിടെനിന്നെല്ലാം ഓരോ പിടി മണ്ണുമായി വരും. അത് കുന്നിലിടും. അങ്ങനെ കുറുവൻകുന്ന് പുനർജനിക്കുമെന്ന് ഈ പരിസ്ഥിതിസ്നേഹി വിശ്വസിക്കുന്നു.
അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരെയുള്ള കർഷകസമരം കൊണ്ട് ചുവന്ന കരിവെള്ളൂർ കൂക്കാനം ഗ്രാമത്തിൽ കണ്ടത്തിൽ അമ്പുവിന്റെയും നാരായണിയുടെയും നാലു മക്കളിൽ മൂത്തവനാണ് സുരേന്ദ്രൻ. നാട്ടിലെ കർഷക സമരത്തിന്റെ സ്മൃതിയടയാളങ്ങൾ സുരേന്ദ്രന്റെ പോരാട്ടബോധത്തിന് വളമിട്ടു. കാടകം സ്കൂളിലെ ചിത്രകല അധ്യാപകനായി ജോലിയുണ്ടായിരുന്നു. പി.എം. താജിന്റെ 'കുടുക്ക' നാടകം കളിച്ച് മാഷുദ്യോഗം കളഞ്ഞു. അതിൽ സുരേന്ദ്രൻ ഒട്ടും പശ്ചാത്തപിക്കുന്നില്ല. വരകളിലും ശിൽപരചനകളിലൂടെയും സമൂഹത്തെ പഠിപ്പിക്കാൻ അത് സഹായകമായി എന്നു വിശ്വസിക്കാനാണ് അദ്ദേഹത്തിനിഷ്ടം.
ചലച്ചിത്ര മോഹവുമായി ചെന്നൈയിലെത്തിയെങ്കിലും അതുവരെ മാറിനിന്ന മദ്യം ജീവിതചര്യയായി മാറി. എന്നാൽ, അധികം വൈകാതെ യഥാർഥ ലഹരിയെന്തെന്നു തിരിച്ചറിഞ്ഞു. അങ്ങനെ ലഹരിക്കെതിരെയുള്ള പോരാട്ടം ജീവിതചര്യയായി. രണ്ടു പതിറ്റാണ്ടിലധികമായി സുരേന്ദ്രൻ കൂക്കാനം മദ്യവിരുദ്ധ പ്രസ്ഥാനവുമായി ചേർന്നു നടക്കാൻ തുടങ്ങിയിട്ട്. ലഹരിവിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിച്ചത് 2000ത്തിലെ പുതുവർഷ പുലരിയിൽ കണ്ണൂരിൽ മദ്യക്കുപ്പികൊണ്ട് ശരശയ്യതീരത്ത് അതിൽ കിടന്നാണ്. പിലിക്കോട് വിദ്യാലയത്തിൽ മദ്യക്കുപ്പികൾ കൊണ്ട് ശിൽപം തീർത്തു. ഇപ്പോൾ മദ്യത്തിനെതിരെ ഒന്നര ലക്ഷം കുപ്പികൾ കൊണ്ട് കണ്ണൂർ ചാൽ ബീച്ചിൽ ശിൽപം നിർമിച്ചുകൊണ്ടിരിക്കുന്നു.
പൊതുഇടങ്ങളിൽ മുപ്പതോളം പ്രതിഷേധ ശിൽപങ്ങൾ ഇതുവരെ ചെയ്തു. പിലിക്കോട് ഹൈസ്കൂളിൽ കുട്ടികളോടൊപ്പം ചേർന്ന് 25,000 ഒഴിഞ്ഞ മദ്യക്കുപ്പികൾ കൊണ്ട് കരിഞ്ചാമുണ്ടി മുഖമുള്ള കൂറ്റൻ ഗോത്രശിൽപം തീർത്താണ് മദ്യത്തോടുള്ള പ്രതിഷേധമറിയിച്ചതെങ്കിൽ മറ്റു പലയിടത്തും മറ്റു പാഴ്വസ്തുക്കളിലാണ് പ്രതിഷേധമൊരുക്കിയത്.
പാറമലിനീകരണത്തിനെതിരെ മാടായിപ്പാറയിലെ കാവൽശിൽപം, ചീമേനിയിലെ എൻഡോസൾഫാൻ വിരുദ്ധ ശിൽപം, കാഞ്ഞങ്ങാട് മേലാങ്കോട് എ.സി. കണ്ണൻ നായർ സ്മാരക സ്കൂളിൽ ഐതിഹ്യമാല ഉപജീവിച്ചുള്ള ശിൽപകവാടം തുടങ്ങിയവ സുരേന്ദ്രന്റെ സർഗസഞ്ചാരത്തിന്റെ ഈടുവെപ്പുകളാണ്.
മദിരാശിയിൽനിന്ന് മദ്യപാനം മാത്രമല്ല, സിനിമയുടെ ബാലപാഠവും ഗ്രഹിച്ചായിരുന്നു തിരിച്ചു വണ്ടി കയറിയത്. നാറാണത്ത് ഭ്രാന്തന്റെ കഥയിൽ പൊട്ടൻ തെയ്യത്തെ കൂട്ടിച്ചേർത്ത് സിനിമയൊരുക്കിയാണ് തുടക്കം. നാറാണത്ത് ഭ്രാന്തനായി അതിൽ അഭിനയിക്കുകയും ചെയ്തു.
മണക്കാടൻ ഗുരുക്കളുടെ സഹയാത്രികനായ പലിയേരി എഴുത്തച്ഛന്റെ ജീവിതം 1998ൽ സിനിമയാക്കിയപ്പോൾ നടന്മാരായ മധുപാലും ശിവജിയുമൊക്കെ അതിലഭിനയിച്ചു. കോവിഡ് കാലത്ത് പതിനഞ്ചോളം വിഷയങ്ങളിൽ ലഘുചിത്രങ്ങളൊരുക്കി.
മധുവിന്റെ ജീവിതകഥ ലഘുചിത്രമാക്കാനുള്ള ആലോചന നടക്കുന്നതിനിടയിലാണ് സുരേന്ദ്രന്റെ മധുവായുള്ള പകർന്നാട്ടം സംവിധായകൻ സജി ചൈത്രത്തിന്റെ ശ്രദ്ധയിലെത്തുന്നത്. അതോടെ ചിത്രത്തിൽ മധുവായി വേഷമിടുന്നത് ആരായിരിക്കണമെന്ന ആലോചനക്ക് വിരാമമായി. മധുവിനെ മനസ്സിൽ കൊണ്ടുനടക്കുന്ന സുരേന്ദ്രൻ ഒറിജിനലിനെ വെല്ലുന്ന മധുവായിത്തന്നെ കാമറക്കുമുന്നിൽ ജീവിച്ചു. സുരേന്ദ്രന്റെ മധുവേഷം വിശപ്പിന്റെ മരണം (Death of Hunger) എന്ന പേരിലുള്ള ചിത്രമിറങ്ങുന്നതിനുമുമ്പുതന്നെ സമൂഹമാധ്യമങ്ങൾ ആഘോഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.